കമല്‍ എന്ന വിസ്മയം അഥവാ സകല കലാ വല്ലഭന്‍

kamal

കമല്‍ ഹാസന്‍ എന്ന പേരും പരിപൂര്‍ണ്ണത എന്ന വാക്കും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. നാലാം വയസ്സില്‍ തുടങ്ങിയ ആ അഭിനയ സപര്യയില്‍ അദ്ദേഹം അവതരിപ്പിക്കാത്ത കഥാപാത്രങ്ങളില്ല, കൈ വക്കാത്ത സിനിമാ മേഖലകളുമില്ല. ബാല താരമായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച കമല്‍ പിന്നീട് നൃത്ത സംവിധായകനും ഗായകനും ഗാന രചയിതാവും തിരക്കഥാകൃത്തും നിര്‍മ്മാതാവും സംവിധായകനുമൊക്കെയായി തിളങ്ങി. തമിഴിലും മലയാളത്തിലും കന്നടയിലും തെലുഗുവിലും ഹിന്ദിയിലും ഒരുപോലെ വിജയിച്ച ഒരു നടന്‍ കമലല്ലാതെ വേറാരുമല്ല. സിനിമയോടുള്ള ആ കലാകാരന്‍റെ പ്രണയം വിശ്വരൂപം 2 വിനുശേഷം തുടങ്ങാനിരിക്കുന്ന ഹോളിവുഡ് സിനിമയില്‍ വരെ എത്തിനില്‍ക്കുന്നു.

1954 നവംബര്‍ 7 നു ജനിച്ച കുഞ്ഞു കമല്‍ 1958ല്‍ തന്നെ സിനിമയിലെത്തി. ആദ്യ സിനിമയായ കളത്തൂര്‍ കണ്ണമ്മയിലൂടെ രാഷ്ട്രപതിയുടെ സ്വര്‍ണ്ണ മെഡല്‍ നേടിയ അദ്ദേഹത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അഭിനയത്തികവിലും ബോക്സ് ഓഫീസ് വിജയത്തിലും ഒരുപോലെ മികവ് കാട്ടിയ കമല്‍ ഇതുവരെ തമിഴ്നാട് സര്‍ക്കാരിന്‍റെ മികച്ച നടനുള്ള അവാര്‍ഡ് എട്ടു തവണയും ദേശീയ അവാര്‍ഡ് നാലു തവണയും നേടിയിട്ടുണ്ട്.

അപൂര്‍വ രാഗങ്ങള്‍, മൂന്നാം പിറൈ, പതിനാറു വയതിനിലെ, സത്യ, മദനോല്‍സവം, നായകന്‍, മന്‍മദ ലീലൈ, കാക്കി ചട്ടൈ, കന്യാകുമാരി, ഏക് തുജെ കേലിയേ, രാജ പാര്‍വൈ, തേവര്‍ മകന്‍, നമ്മവര്‍,കല്യാണരാമന്‍ തുടങ്ങീ അനവധി ചിത്രങ്ങളിലെ വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ അദ്ദേഹത്തെ ഇന്ത്യന്‍ സിനിമയുടെ സകല കലാ വല്ലഭനാക്കി. അപൂര്‍വ സഹോദരങ്ങളിലെ കുള്ളന്‍ വേഷവും സാഗര സംഗമത്തിലെ മദ്യപാനിയായ ക്ലാസിക്കല്‍ നര്‍ത്തകനും ഗുണയിലെ കാമുകനും കുരുതിപുന്നലിലെ പോലിസ് വേഷവും ഇന്ത്യനിലെ എണ്‍പതുകാരനും അവൈ ഷണ്‍മുഖിയിലെ സ്ത്രീ വേഷവും പ്രേക്ഷകരെ ആസ്വാദനത്തിന്‍റെ പുതിയ തലങ്ങളിലെത്തിച്ചു.

പതിവ് നായക വേഷങ്ങളില്‍ നിന്ന് കമലിന്‍റെ കഥാപാത്രങ്ങള്‍ എന്നും വേറിട്ടു നിന്നു. ക്ലൈമാക്സില്‍ മരിച്ചു വീഴുന്ന നായകനിലെയും കുരുതിപുന്നലിലെയും ചാണക്യനിലെയും സാഗര സംഗമത്തിലെയും വേഷങ്ങളിലൂടെ അതുവരെ നിലനിന്നിരുന്ന നായക സങ്കല്‍പങ്ങളെ കമല്‍ വെല്ലുവിളിച്ചു. മൂന്നാം പിറെയിലെ പരാജയപ്പെടുന്ന നായകനും നമ്മവറിലെ മരണത്തിലേക്ക് നടന്നടുക്കുന്ന കോളേജ് പ്രൊഫസറും അന്‍പേ ശിവത്തിലെ കമ്മ്യൂണിസ്റ്റും ഗുണയിലെ അനന്തതയിലേക്ക് പലായനം ചെയ്യുന്ന മാനസിക രോഗിയും തമിഴ് സിനിമയെ മാറ്റത്തിന്‍റെ പാതയിലേക്കാണ് കൊണ്ടുവന്നത്.

തമിഴ്നാട്ടുകാര്‍ക്ക് ഈശ്വര വിശ്വാസം കൂടുതലാണെന്ന ധാരണ പൊതുവേയുണ്ട്. പക്ഷേ തന്‍റെ സിനിമകളിലൂടെ കമല്‍ ഭാരതീയരുടെ പതിവ് ഈശ്വര സങ്കല്‍പങ്ങളെ പലപ്പോഴും ചോദ്യം ചെയ്തു. ആദ്യ കാല സിനിമകളില്‍ തുടങ്ങി അടുത്തിടെ പുറത്തിറങ്ങിയ ദശാവതാരത്തിലെയും വിശ്വരൂപത്തിലെയും വരെ നായകന്‍മാര്‍ അമാനുഷിക ശക്തികളെ കുറിച്ച് ഗൗരവകരമായ ചില സംശയങ്ങള്‍ ഉന്നയിക്കുന്നുണ്ട്. 13 എന്ന ‘നിര്‍ഭാഗ്യ’ ദിനത്തില്‍ ദശാവതാരം റിലീസ് ചെയ്യരുതെന്ന അടുപ്പക്കാരുടെയും സുഹൃത്തുക്കളുടെയും മുന്നറിയിപ്പ് അവഗണിച്ച ഉലക നായകന്‍റെ ദൃഡ നിശ്ചയവും തെറ്റിയില്ല. സിനിമ കലാപരമായി മികച്ചു നിന്നില്ലെങ്കിലും നിര്‍മ്മാതാവിന് വന്‍ ലാഭമാണ് നേടിക്കൊടുത്തത്.

സിനിമയോടൊപ്പം ആതുര സേവന രംഗത്തും ശ്രദ്ധ പതിപ്പിച്ച കമല്‍ ജന്മദിന ആഘോഷങ്ങളിലും പരമ്പരാഗത മാര്‍ഗ്ഗങ്ങളെ അവഗണിച്ചു. കേക്ക് മുറിക്കല്‍ പാര്‍ട്ടികള്‍ക്കു പകരം ആ തുക ഉപയോഗിച്ച് പാവങ്ങള്‍ക്ക് സഹായമെത്തിക്കാനാണ് അദ്ദേഹം താല്‍പര്യപ്പെട്ടത്. കമല്‍ ആരാധകരുടെ സംഘടനയായ കമല്‍ നര്‍പണി ഇയക്കത്തില്‍ അംഗമാകണമെങ്കില്‍ മരണാനന്തരം അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സമ്മതപത്രം ആദ്യം നല്‍കണം. അല്ലാത്തവര്‍ എത്ര വലിയ കമല്‍ രസികനാണെന്ന് പറഞ്ഞാലും പടിക്ക് പുറത്തായിരിക്കും.

പരീക്ഷണ സിനിമകളുടെ വിവിധ പകന്നാട്ടങ്ങളിലൂടെ തമിഴ് സിനിമയെ ആഗോള പ്രശസ്തിയിലെത്തിച്ച കമല്‍ പക്ഷേ അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരെ തീര്‍ത്തും നിരാശപ്പെടുത്തി. ദശാവതാരം പത്തു വേഷങ്ങളിലൂടെ റെക്കോര്‍ഡ് സൃഷ്ടിക്കാനുള്ള ചിത്രം മാത്രമായി ഒതുങ്ങിയപ്പോള്‍ വിശ്വരൂപം വിവാദങ്ങള്‍ മൂലം മാത്രം രക്ഷപ്പെട്ട സിനിമയായി. തീവ്രവാദത്തിനെതിരെ വ്യക്തമായ സന്ദേശം നല്‍കിയ സിനിമയായിരുന്നുവെങ്കിലും വിശ്വരൂപത്തില്‍ കമല്‍ ഒരു അനിവാര്യതേയായിരുന്നില്ല.. ഇന്ത്യനിലെ സേനാപതിയും നായകനിലെ വേലു നായ്ക്കരും അവൈ ഷണ്‍മുഖിയിലെ സ്ത്രീ വേഷവും കമലിന് മാത്രം ചെയ്യാന്‍ പറ്റുന്നതാണെന്ന് ആസ്വാദക ലോകം അടിവരയിട്ടു പറഞ്ഞെങ്കിലും അദ്ദേഹം ഒടുവില്‍ സംവിധാനം ചെയ്ത വിശ്വരൂപത്തില്‍ കാര്യങ്ങള്‍ നേരെ തിരിച്ചായിരുന്നു. ഉലക നായകന്‍റെ സാന്നിധ്യം പതിവ് മസാല പടമെന്ന വിളിപ്പേര് ഒഴിവാക്കിയെങ്കിലും നടന്ന വൈഭവം പ്രതീക്ഷിച്ചെത്തിയ നല്ല സിനിമയുടെ ആരാധകരെ ചിത്രം നിരാശപ്പെടുത്തി.

സിനിമാ ജീവിതത്തിന്‍റെ 56 ആണ്ടുകള്‍ പിന്നിടുമ്പോഴും കമല്‍ ഇന്നും ഇന്ത്യന്‍ സിനിമയുടെ അനിവാര്യതയാണ്. എംജിആറിന്‍റെ വണ്‍മാന്‍ ഷോ സിനിമകളില്‍ നിന്നും ശിവാജിയുടെ പുരാണ-സെന്‍റിമെന്‍റ്സ് സിനിമകളില്‍ നിന്നും തമിഴകത്തെ മോചിപ്പിച്ച അതുല്യ പ്രതിഭ. അതിനു വേണ്ടി വന്ന കഠിനാധ്വാനത്തിനും പരിശ്രമങ്ങള്‍ക്കും ഒരുപാട് ആഴവും ദൂരവുമുണ്ട്. ഇന്നത്തെ രാമനാഥപുരം ജില്ലയിലെ പരമക്കുടി എന്ന കുഗ്രാമത്തില്‍ നിന്നും ഇന്ത്യന്‍ സിനിമയുടെ പരമോന്നതിയിലേക്കുള്ള ദൂരം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English