ഭാരതീയ ആത്മീയസൗന്ദര്യശാസ്ത്രത്തെ മനോഹരമായി പരിചയപ്പെടുത്തുന്ന കാമാഖ്യ എന്ന പുസ്തകം ഒക്ടോബർ എട്ടിന് കൊച്ചിയിൽ വെച്ച് പ്രകാശിതമാവുകയാണ്.പുസ്തകത്തിന്റെ പ്രകാശനത്തെപ്പറ്റി എഴുത്തുകാരൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് വായിക്കാം :
കാമാഖ്യ സ്വതന്ത്രയാവുകയാണ്
ഡി. സി. കിഴക്കേമുറിയെ സ്മരിക്കുന്നു.
വൈക്കം മുഹമ്മദ് ബഷീറിനെ നമിക്കുന്നു.
ജോർജ് ഓർവെലിനെ ബഹുമാനത്തോടെ ഓർക്കുന്നു.
അപ്പോൾ തോന്നുമായിരിക്കും കാമാഖ്യ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് മുൻപറഞ്ഞ മൂന്നു പേരെ കുറിച്ച് എന്തിന് ഓർത്തെടുത്തെന്ന്. അതിനൊരു കാരണമുണ്ട്. ഉപജീവനാർത്ഥം ഞാനൊരു പുസ്തകക്കച്ചവടക്കാരനാണ്. ഒരു പുസ്തക പ്രസാധന-വിപണന സ്‌ഥാപനത്തിലാണ് എനിക്ക് ജോലി. മേൽപ്പറഞ്ഞ മൂന്നു പേരും പുസ്തകക്കച്ചവടക്കാരായിരുന്നു. ഒപ്പം എഴുത്തുകാരും. ഡി. സി. കിഴക്കേമുറി കോട്ടയത്തു നിന്നുള്ള പുസ്തകവ്യവസായിയും എഴുത്തുകാരനുമായിരുന്നു. എഴുത്തുകാരനായ ബഷീർ എറണാകുളത്ത് പുസ്തകക്കട നടത്തിയിരുന്നു. എഴുത്തുകാരനായ ഓർവെൽ ലണ്ടനടുത്തുള്ള ഹാംപ്സ്റ്റെഡിലെ ഒരു സെക്കൻഡ് ഹാൻഡ് പുസ്തകക്കടയിലെ ജീവനക്കാരനായിരുന്നു. അപ്പോൾ പറഞ്ഞു വന്നത് എന്താണെന്ന് വച്ചാൽ, ഒരു നല്ല കാര്യം തുടങ്ങുന്നതിന് മുന്നോടിയായി മുൻപേ നടന്നു പോയവരെ ഓർക്കുന്നത് ഭാരതീയമായ ഒരാചാരമാണ്. ആ ആചാരം ഞാൻ തെറ്റിച്ചില്ല എന്നു മാത്രം.
അപ്പോൾ ഇനി കാര്യത്തിലേക്ക് കടക്കാം.
അങ്ങനെ പറഞ്ഞുപറഞ്ഞവസാനം കാമാഖ്യ അതിന്റെ യാത്ര തുടങ്ങുകയാണ്. വലിയ കാത്തിരിപ്പുകൾക്കൊടുവിൽ, ആശങ്കകൾക്കും അനിശ്ചിതത്വങ്ങൾക്കുമൊടുവിൽ, സങ്കടങ്ങളുടെ നടുക്കടലിൽ നിന്നാണ് കാമാഖ്യ വരുന്നത്. പലപ്പോഴും വലിയ സന്തോഷങ്ങൾക്ക് മുന്നോടിയായി ചെറിയ സങ്കടങ്ങളും ഉണ്ടാവാറുണ്ടെന്ന് അറിയാഞ്ഞിട്ടോ മറന്നിട്ടോ അല്ല. എങ്കിലും പറഞ്ഞെന്ന് മാത്രം. നടന്ന വഴി മറക്കുന്നത് ശരിയല്ലല്ലോ.
സങ്കടങ്ങളെക്കുറിച്ച് പറഞ്ഞപ്പോൾ ഒരു പഴയ കഥയാണ് പെട്ടെന്ന് ഓർമ്മ വന്നത്. ശിവന്റെ കണ്ഠാഭരണമായ സർപ്പരാജാവാണ് വാസുകി. ആ വാസുകിയെ ചരടാക്കി, മന്ഥര പർവതത്തെ കടകോലാക്കി, ക്ഷീരസാഗര മഥനം നടത്തിയ കഥയാണത്. ആ സമുദ്രമഥനത്തിനിടയിൽ അമൃതിന് മുന്നോടിയായി കാളകൂടവിഷം ഉയർന്നു വന്ന കഥ കേട്ടിട്ടില്ലേ? അമൃതിന് മുൻപ് ഉയർന്നു വന്ന, സകലലോകത്തെയും ചുട്ടെരിക്കാൻ തക്ക ശേഷിയുള്ള മഹാവിഷമായ കാളകൂടം സത്യമാണ്. അമരത്വം സാദ്ധ്യമാക്കുന്ന അമൃതും സത്യമാണ്. അമൃത് കഴിക്കാൻ ആർക്കുമാകും. പക്ഷേ, കാളകൂടത്തിന്റെ കാര്യം അങ്ങനെയല്ലല്ലോ. അവസാനം ശിവൻ വരേണ്ടി വന്നു കാളകൂടം കുടിച്ച് ലോകരക്ഷ നടത്താൻ.
ശിവനെത്തന്നെ ഓർത്തതിനും ഒരു കാരണമുണ്ട്.
അദ്വൈതികളെ സംബന്ധിച്ച് ശിവൻ മാത്രമാണ് സത്യം.
എല്ലാം ശിവൻ തന്നെയാണ്.
ശിവോഹം! ശിവോഹം!
കാടുകയറുന്നില്ല;
എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 15 വരെ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര പുസ്തകോത്സവത്തിൽ വച്ച് കാമാഖ്യ സ്വതന്ത്രയാവുകയാണ്. ഈ സ്വാതന്ത്ര്യത്തിന് മധുരം അൽപ്പം കൂടുതലാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഇക്കാര്യം കുറച്ചു നാൾ നിങ്ങളിൽ നിന്നും മറച്ചു വയ്ക്കേണ്ടി വന്നതിൽ എനിക്ക് സങ്കടമുണ്ട്. പക്ഷേ, എന്തു ചെയ്യാനാണ്! ഇങ്ങനെയൊരു ഒളിപ്പിക്കൽ നടത്തിയതിൽ ഞാൻ നിങ്ങളോട് ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു.
കൂടെ നിന്ന എല്ലാ നല്ല മനുഷ്യർക്കും സ്നേഹപൂർവ്വം നന്ദി പറയുന്നു, കെട്ടിപ്പിടിക്കുന്നു.
അവനവന്റെ പരിമിതികൾ മൂലം മിണ്ടാതായവർക്കും വിളിക്കാതായവർക്കും ഒഴിഞ്ഞുമാറി നടന്നവർക്കും ഓരോ ഷെയ്ക്ക് ഹാൻഡ് തരുന്നു. നിങ്ങളെ എനിക്ക് കെട്ടിപ്പിടിക്കാനാകില്ല. എന്തെന്നാൽ, നിങ്ങൾക്കെന്നെ ഭയമുള്ളതിനേക്കാൾ എനിക്ക് നിങ്ങളെ ഭയമാണ്!
2017 ഒക്ടോബർ എട്ടാം തീയതി, ഞായറാഴ്ച്ചയാണ് കാമാഖ്യയുടെ ദിവസം.
വൈകുന്നേരം 5.30 ആണ്സമയം.
കഥാകൃത്ത് ഉണ്ണി. ആർ പുസ്തകപ്രകാശനം നിർവ്വഹിക്കും.
നിരൂപകനും എഴുത്തുകാരനുമായ അജയ് പി. മങ്ങാട്ട് പുസ്തകം സ്വീകരിക്കും.
വൈക്കം മുരളിയും ചടങ്ങിൽ സംബന്ധിക്കും.
എല്ലാവരും കൂടെയുണ്ടാകണം.
ഓർമ്മപ്പെടുത്തൽ:
കരുതിയിരിക്കേണ്ട കാലമാണിത്.
വിപണി അരങ്ങുവാഴുന്ന ഈ പുതിയകാലത്ത് സ്വാതന്ത്ര്യത്തിന്റെ വില വളരെ വലുതാണ്.
അത് കാത്തു സൂക്ഷിക്കുമെന്ന് കരുതിയവർ നിശ്ശബ്ദരായിരിക്കുമ്പോൾ, പ്രത്യേകിച്ചും!
Click this button or press Ctrl+G to toggle between Malayalam and English