( മയക്കു മേശയില്‍ അര്‍ദ്ധബോധാവസ്ഥയിലാക്കി കിടത്തി ,അപ്പോള്‍ മാറിക്കിടക്കുന്ന വസ്ത്രത്തിനുള്ളില്‍ വെളിപ്പെടുന്ന അവളുടെ നഗ്നത കാണാന്‍ , അവളുടെ ഉള്ളുകള്ളികളെക്കൂറിച്ചു , അവള്‍ക്കുള്ളില്‍ അഴുകുന്ന സത്യാസത്യങ്ങളെക്കുറിച്ചു , അവളിലുള്ള ഹിംസ്രജീവിയെക്കുറിച്ചു നിറഞ്ഞ ആകാംക്ഷയോടെ ചുറ്റിനും നിന്നു ഉറ്റുനോക്കുന്നവര്‍ ഓരോരുത്തരുമാണു അവളുടെ അവസ്ഥയ്ക്ക കാരണമെന്നു നമ്മെ ബോധ്യപ്പെടുത്തുന്ന , അവരിലെ ഹിംസാത്മകത തന്നെയാണു അവളിലേക്കും പകര്‍ന്നിരിക്കുന്നതെന്ന തിരിച്ചറിവ് നമുക്ക് തരുന്ന , അവളുടെ ചരിത്രം അവളുടെ മാത്രം ചരിത്രമല്ലെന്നും അവള്‍ ചെന്നുപെടുന്ന സാമൂഹികാവസ്ഥകള്‍ക്ക് നാമോരുത്തരും ഉത്തരവാദികളാണെന്നും , അവളെ ആ നിലയില്‍ കാണാനിടയായതിന്റെ ഉത്തരവാദികള്‍ നാമോരോരുതത്തരും ആണെന്നും പറയുന്ന ‘ നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ‘ എന്ന വാചകം ഇക്കഥയിലുടനീളം മുഴങ്ങുന്ന , ഉദാത്തമെന്നും ഉത്തരവാദിത്വം നിറഞ്ഞതെന്നും നാം കരുതുന്ന പദവികളുടെ പിന്നാമ്പുറങ്ങളിലേക്കും ജീവിത പരിസരങ്ങളിലേക്കും ഒരെത്തിനോട്ടം..)
ദുഷിച്ച ചോരയുടെ ഗന്ധമാണതിനു. ജീവപര്യന്തം തടവു പോലെ കാലമെത്രയായി ഞാനിതനുഭവിക്കുന്നു. ആ ഗന്ധം എന്നെ അസ്വസ്ഥയാക്കി. നെഞ്ചിടിപ്പു കൂടി. ശ്വാസം വേഗത്തിലായി. ഒരപസ്മാര രോഗിയേപ്പോലെ വിറച്ചു തുടങ്ങി ഞാന്‍.
പേക്കാഴ്ചകളുടെ ലോകത്തേക്കു പതിവു പോലെ, അതെന്നെയും കൊണ്ടു പോയി. കാഴ്ചയുടെ ഒടുക്കം അതു ചോദിക്കും.
” എന്തു കണ്ടു നീ?”
പേടിച്ചു വിറച്ചു കണ്ടതൊക്കെയും പറഞ്ഞു തുടങ്ങും ഞാന്‍.
” കണ്ണെത്താദൂരം പരന്നു കിടക്കുന്ന ഒരു രക്തതടാകം. അതു നിറയെ കോടാനു കോടി കബന്ധങ്ങള്‍ ശിരസു ഛേദിച്ചവ, കൈകാലുകള്‍ ഛേദിച്ചവ, കണ്ണുകള്‍ ചൂഴ്ന്നെടുത്തവ… അഴുകിയ മാംസത്തിന്റെയും ദുഷിച്ച ചോരയുടേയും ഗന്ധം. ദീനം ദീനം നിലവിളിക്കുകയാണവര്‍. ചോരയൊലിക്കുന്ന വാളുമായി കരയില്‍ അനേകം പേര്‍ …”
” പിന്നെ….?”
”… അക്കൂട്ടത്തില്‍ കായേനും, മോശയും, ദാവീദുമൊക്കെയുണ്ടായിരുന്നു..”
എന്റെ തൊണ്ട വരണ്ടു തുടങ്ങിയിരുന്നു. കൊച്ചുന്നാളില്‍ മിശിഖാ ചരിത്രം സിനിമ കണ്ടു പേടിച്ചു പനിച്ചു കിടന്നതോര്ത്തു ഞാന്‍. ചോര കാണുന്നതു അത്ര പേടിയായിരുന്നെനിക്ക് ..
” …പിന്നെയെന്തു കണ്ടു …?”
” … തേനും പാലുമൊഴുകുന്ന വാഗ്ദത്ത ഭൂമിയിലേക്കു പോകുന്ന ഇസ്രായേല്‍ മക്കള്‍ കര്‍ത്താവായിരുന്നു അവരെ വഴി നയിച്ചിരുന്നത് . വഴിയില്‍ കണ്ട പാലസ്തീന്കാരേയും ഈജിപ്തുകാരേയും സിറിയാക്കാരെയുമൊക്കെ കുഞ്ഞു കുട്ടിയടക്കം , തങ്ങളുടെ വാളിനിരയാക്കി ആ തടാകത്തിലേക്കു വലിച്ചെറിയുന്നുണ്ടായിരുന്നു അവര്‍.
”…പിന്നെ?”
”….കുന്നിറങ്ങി പോകുന്ന ഒരു കൊച്ചു പെണ്കുട്ടി…” – ഞാന്‍ പറഞ്ഞു.
സ്ലേറ്റും കല്ലുപെന്‍സിലും മഷിപ്പച്ചയും മഞ്ചാടിക്കുരുവുമൊക്കെ അവളുടെ കുഞ്ഞിക്കയ്യിലും പിടിച്ചു തുടങ്ങിയിരുന്നോ ..? – ഞാനോര്‍ത്തു.
ആ കുന്നിറങ്ങുമ്പോള്‍ അവളുടെ കാഴ്ചയുടെ ലോകവും വളര്‍ന്നു. അവിടത്തെ മരങ്ങളും പൂക്കളും കാട്ടു ചെടികളും എങ്ങും പച്ചപ്പായിരുന്നു. മഞ്ഞും തണുപ്പും ചുളു ചുളാ കാറ്റും. ഏതോ ഗന്ധര്‍ വനെ കാത്തു മുഷിഞ്ഞതു പോലായിരുന്നു പ്രകൃതി. പശ്ചാത്തല സംഗീതം പോലെ മുഴങ്ങിയിരുന്ന പള്ളി മണീ. ദൂരെ താഴെ കൊച്ചേന്തയങ്ങാടി, പള്ളി, എന്റെ കൊച്ചു പള്ളിക്കൂടം, മിശിഖാചരിത്രം സിനിമ കണ്ട വിമലഹൃദയ ടാക്കീസ്, വര്‍ണ്ണക്കടലാസൊട്ടിച്ച ക്രിസ്തുമസ് നക്ഷത്രങ്ങള്‍ പെട്രോമാക്സ് വെളീച്ചത്തില്‍ നീങ്ങുന്ന റാസ, വണക്കമാസ സന്ധ്യകള്‍.
” അതാണു വെളുത്ത മാലാഖ, കര്‍ത്താവിന്റെ മണവാട്ടി …”
ദൂരെ പള്ളിമുറ്റത്തു കണ്ടയാ വെളുത്ത രൂപത്തെ കുറിച്ചു പറഞ്ഞു തന്നതു ചേച്ചിമാരായിരിക്കണം. ദൂരെക്കാഴ്ചയ്ക്കു എന്തു ഭംഗിയായിരുന്നു. പിന്നീട് ദിവസങ്ങളൊളം അമ്മച്ചിയുടെ ചട്ടയും മുണ്ടും ധരിച്ച് വെളുത്ത മാലാഖ കളിച്ചതു ഇന്നും ഓര്‍ക്കുന്നു. ബാല്യത്തിന്റെ ഓരോ കൗതുകം.
ചേച്ചിമാരായിരുന്നു എനിക്കെല്ലാം. ഞങ്ങള്‍ എട്ടു പെണ്ണുങ്ങളില്‍ ഏറ്റവും ഇളയതായിരുന്നു ഞാന്‍. ഓര്‍മ്മ വച്ചതു മുതല്‍ പ്രായം ചെന്നു അവശയായൊരു രൂപമായിരുന്നു അമ്മച്ചിയെനിക്ക്. കൊച്ചാങ്ങള പിറക്കുമ്പോള്‍ അമ്മച്ചിയുണ്ടായിരുന്നോ ? ഓര്‍മ്മയില്ല.
” പിന്നെ , പിന്നെ നീയെന്തു കണ്ടു…?”
തന്റെ ചോദ്യത്തിനുത്തരം തരാത്തതിലുള്ള ദേഷ്യത്തോടേ ആ ഹ്രിംസജീവി പരുഷമായി ചോദിച്ചു.
”.. കുന്നിന്പുറത്തുള്ള എന്റെ കൊച്ചു വീട്. മൂകമായൊരു സന്ധ്യ. വീടിന്റെ പിന്നില്‍ കുന്തിച്ചിരുന്നു മീന്‍ വെട്ടുന്ന എന്റെ മൂത്ത ചേച്ചി. അരികില്‍ മണത്തു മണത്തു, സ്വന്തം കുഞ്ഞുങ്ങളെ തിന്നുന്ന ആ കണ്ടന്‍ പൂച്ചയും…”
പാവം ചേച്ചി എന്തു സുന്ദരിയായിരുന്നു – ഞാനോര്‍ത്തു.
” ഗുണ്ടു മണീ….”
ദൈവമേ അതവനാണ് ! അവനു മാത്രം സ്വകാര്യമായ വിളീയായിരുന്നു അത്. വളരെ ദൂരെ നിന്നു വിളീക്കുകയാണ്. എങ്ങനെ കിട്ടിയോ ഇവിടുത്തെ നമ്പര്‍. ഇവിടെ അതിനൊക്കെ വിലക്കുകളുണ്ട് ചെറുപ്പത്തില്‍ പിരിഞ്ഞതാണ്. വിദേശത്തു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍, അവനെല്ലാം അറിഞ്ഞിരിക്കുന്നു. അത്ഭുതം തോന്നിയില്ല. എല്ലാവരും ആഘോഷിക്കുകയല്ലേ ടി വി യിലും പത്രങ്ങളിലും ഒക്കെ. കരഞ്ഞും പറഞ്ഞും ഒരു പാടു നേരം പോയി. അവന്റെ ഭാര്യയും കുഞ്ഞുങ്ങളുമായും ഒക്കെ സംസാരിച്ചു. എന്തു സന്തോഷമാണവര്‍ക്കെല്ലാം. കഷ്ടം, ഒരു നൂലിഴ വ്യത്യാസത്തില്‍ വിധി എന്നെയുമവനേയും രണ്ടു ലോകങ്ങളിലാക്കി.
” നിന്റെ കാലിനെന്തു ഭംഗിയാണ്”
ആദ്യത്തെ അനുമോദനം. അംഗീകാരം. പള്ളിക്കൂടത്തിലേക്കുള്ള വഴിയില്‍ , കൈത്തോട്ടില്‍ കാല്‍ കഴുകുമ്പോഴായിരുന്നോ അവനതു പറഞ്ഞത്?
” ഛീ പോടാ”
സ്ത്രീസഹജമായ പ്രതിരോധം.
അതൊക്കെ കണ്ടും, കേട്ടും തലയാട്ടിനിന്നിരുന്ന സൂര്യ കാന്തിപ്പൂക്കള്‍ ഉദിച്ചുയരുന്ന സൂര്യനെ കാണുമ്പോള്‍ അവയുടെ ഒരു ഇളക്കം.
നാളുകള്‍ പിന്നെയും കഴിഞ്ഞായിരുന്നില്ലേ കല്യാണ സൗഗന്ധികത്തെക്കുറിച്ചു കേട്ടത്. അതുകൊണ്ടു വരുന്നവനാണെത്രെ യോഗ്യനായ പുരുഷന്‍. ആ പേരു എനിക്കു വളരെ ഇഷ്ടമായി. കല്യാണത്തെക്കുറിച്ചു സുഗന്ധമുള്ള ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന പൂവ്. ഏതു പെണ്ണീനാണു ആ സുഗന്ധം ഇഷ്ടമല്ലാത്തത്?
” നീയെനിക്കു കല്യാണ സൗഗന്ധികം കൊണ്ടെത്തരുമോ?”
അവനത് കൊണ്ടു വന്നിരുന്നോ ? ഓര്‍മ്മയില്ല.
ഒട്ടും ഓര്‍മ്മയില്ലെന്നായി. ശരീരവും മനസും കെട്ടു പോയിരിക്കുന്നു. നൂറു കൂട്ടം മരുന്നുകളാണു ജീവന്‍ നില നിറുത്തുന്നത്.
” പോയി ചാകരുതോ…?”
അര്‍ത്ഥം വച്ച നോട്ടങ്ങള്‍
”ചാകാം, ചാകം, ചാകാം”
-പ്രതീകാത്മക നാടകത്തിലെ കഥാ പാത്രത്തെ പോലെ മനസില്‍ ഉത്തരം തയാറായിരുന്നു. അല്ലെങ്കില്‍ തന്നെ ഇതാണോ ജീവിതം. ഇന്നു ജീവിക്കുന്നതു പോലും മറ്റാര്‍ക്കോ വേണ്ടി.
”കുഞ്ഞേ, നീയെങ്കിലും രക്ഷപ്പെടു”
ബാല്യത്തിന്റെയാ കൗതുകം ജീവ രക്ഷക്കായി നിര്‍ദ്ദേശിച്ചതു ചേച്ചിമാരായിരുന്നു. ജീവിതത്തിന്റെ ഗതികേടു ബോധ്യപ്പെട്ട ചേച്ചിമാരുടെ വാക്ക്. ഇതാണോ രക്ഷ? പാവം ചേച്ചിമാര്‍ ജീവിച്ചിരിപ്പുണ്ടാവുമോ…?
” പറയെടീ, നീയെന്തു കണ്ടു?”
കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചുകൊണ്ടായിരുന്നു ഇത്തവണ ആ നികൃഷ്ട ജീവി ചോദിച്ചത്. ദൈവമേ, ഇതെന്നെ കൊല്ലും – ഞാനോര്‍ത്തു.
”…. ഒരു മതില്‍. ഉയര്‍ന്ന ഒരു ചുറ്റു മതില്‍ കാണുന്നു ഞാന്‍ ..”
അപ്പോഴേക്കും ശ്വാസം മുട്ടി കിതച്ചു തുടങ്ങി ഞാന്‍.
നാളുകളെടുത്തു അവിടുത്തെ കാഴ്ചകളും രീതികളും മനസിലാക്കാന്‍. ഞാനോര്‍ത്തു ജയിലിലടച്ച പോലെ ഉയര്‍ന്ന ചുറ്റു മതില്‍, വെളീച്ചം കുറഞ്ഞ അകത്തളങ്ങള്‍, മൂകത, കര്‍ക്കശ ഭാവം ജീവിതത്തില്‍ അതുവരെ കണ്ടതും കേട്ടതുമൊന്നുമല്ല വേറൊരു ലോകം അതൊക്കെ കണ്ടു പകച്ച കുറെ കണ്ണുകള്‍ അക്കൂട്ടത്തിലായിരുന്നു എന്റേതും.
” പറയടീ , പറയെടി കൂത്തിച്ചി …?
ആ നികൃഷ്ട ജീവി എന്റെ കരണത്തടിച്ചു ഞാനാകെ പെരുത്തു പോയി. അതിന്റെ രീതികളറിയാവുന്നതു കൊണ്ടു പേടിച്ചു ഞാന്‍ തുടര്‍ന്നു.
” ഒരു മതില്‍ ഉയര്‍ന്ന ഒരു ചുറ്റു മതില്‍ അതിനുള്ളില്‍ കുറെ യുവതികള്‍ ഒരേ വേഷം, തുറന്നു വച്ച പ്രാര്‍ത്ഥനാ പുസ്തകം, കൈകളില്‍ ജപമാല, ഒരനുഷ്ഠാനം പോലെ അവര്‍ പ്രാര്‍ത്ഥിക്കുന്നു …”
എന്റെ തൊണ്ട വരണ്ടു ശ്വാസം മുട്ടി തുടര്‍ന്നു പറയാന്‍ ആവുമായിരുന്നില്ല.
എല്ലാവരും, പലപ്പോഴായി, അതു കേട്ടതായി പറഞ്ഞു – ഞാനോര്‍ത്തു – മന്ദസ്മിതത്തോടെ കണ്ണുറുക്കി കാണിച്ചു ‘ പ്രേമത്തിന്റെ പതാക എന്നില്‍ പാറി ‘ എന്നു പാടി കടന്നു പോയൊരു രൂപം. ഉത്തമ ഗീതത്തിലെ വരികള്‍. ക്രമേണ മനസിലായി ഒന്നല്ല, പല രൂപങ്ങളാണതെന്ന്. അവിടുത്തെ നിഷേധികളാണ്. വിപ്ലവകാരികള്‍. അവരുടെ മന്ദസ്മിതത്തിന്റെ സൗഹൃദഭാവം മടക്കിക്കൊടുത്തു ഞങ്ങളും ഒപ്പം പാടിത്തുടങ്ങി. പ്രേമവും പ്രതിഷേധവും കോപവും താപവുമൊക്കെ ഞങ്ങളതിലൂടെ പ്രകടിപ്പിച്ചു. വാക്കുകളില്‍ സന്ദര്‍ഭാനുസരണം ഊന്നല്‍ കൊടുത്തും, വള്ളിപുള്ളികളില്‍ വ്യത്യാസം വരുത്തിയുമൊക്കെ ഞങ്ങളതിനെ പ്രയോഗക്ഷമമായ ഒരു ഗൂഡ
ഭാഷയാക്കി. ഒരു വിപ്ലവ ഭാഷ. പ്രായമതായിരുന്നതുകൊണ്ട് അശ്ലീലത്തിനും അതുപയോഗിച്ചു ഞങ്ങള്‍. അവിടെ അതും വിപ്ലവമായിരുന്നല്ലോ.
ഒക്കെയും ഞങ്ങള്‍ക്ക് സംശയങ്ങളായിരുന്നു. ഏദന്‍ തോട്ടത്തില്‍ ഹവ്വയില്‍ മാത്രം കുറ്റം കണ്ടു പിടിച്ചത് ഞങ്ങള്‍ക്കിഷ്ടമായില്ല. വീഞ്ഞു കുപ്പിയെയും പെണ്‍മക്കളെയും പഴി ചാരിയ ലോത്തിനെ ഞങ്ങള്‍ വെറുത്തു. സ്വരക്ഷയോര്‍ത്തു സാറയെ അന്യപുരുഷനു കൊടുത്ത അബ്രഹാമിനെ ഞങ്ങള്‍ക്കു പുച്ഛമായിരുന്നു . ഒരു സാധാരണ മനുഷ്യനേപ്പോലെ പെരുമാറുന്ന കര്‍ത്താവിനെയാണു ഞങ്ങള്‍ കണ്ടത്. മതിലിനു വെളിയില്‍ എല്ലാവരും തിന്നും കുടിച്ചും ആനന്ദിച്ചും കഴിയുന്നതും കണ്ടു. ഏതാണു സത്യം? ഏതാണു മിഥ്യ? അതോ, സഭാ പ്രസംഗകന്‍ പറയും പോലെ എല്ലാം മിഥ്യയും പാഴ്വേലയുമാണോ? ആശയകുഴപ്പത്തിലായി ഞങ്ങള്‍……
തടകാത്തില്‍ നിന്നാരോ വിളിച്ചു. നോക്കിയപ്പോള്‍ അതെന്നെ നോക്കുന്നു. ആ ഹിംസ്ര ജീവിയാണ്. ഞാനതിനെ അടിക്കാനോങ്ങി. അതെന്നെ അനുകരിച്ചു. ഞാനതിന്റെ കഴുത്തിനു പിടിക്കാനാഞ്ഞ അതേ നിമിഷം അതിന്റെ കയ്യ് എന്റെ കഴുത്തിനു നേര്‍ക്കു നീണ്ടു വന്നു …
” ഹോ..” – ഒരലര്‍ച്ചയോടെ പുറകോട്ടു മറിഞ്ഞു ഞാന്‍.
മയക്കമുണര്‍ന്നപ്പോള്‍ എനിക്കു ചുറ്റും ഒരു പാടു പേര്‍. എല്ലാവരും എന്നെ നോക്കി ആര്‍ത്തു ചിരിക്കുകയാണ്. ഞാന്‍ നഗ്നയാക്കപ്പെട്ടതു പോലെ . എന്റെ സത്യമെല്ലാം അവര്‍ അറിഞ്ഞതു പോലെ. ഞാനവരെ ശ്രദ്ധിച്ചു. ആ തടാകക്കരയില്‍ അവരെയൊക്കെ കണ്ടതായി ഞാനോര്‍ത്തു. അവരെയും അവരുടെ പൂര്‍വികരേയും .
തര്‍ക്കിക്കാന്‍ പോയില്ല തര്‍ക്കം സ്ത്രീയുടെ ഭാവമല്ലല്ലോ.
” അരുതേ, അരുതേ…”
അങ്ങനെ യാചിച്ചുകൊണ്ടിരിക്കുന്ന അനേകം സ്ത്രീ ശബ്ദങ്ങളുടെ കൂടെ എന്റെ ശബ്ദവും ചേര്‍ന്നു.
വര്‍ഷങ്ങള്‍ക്കു ശേഷം , ഇവിടെ , ഈ നഴ്സറി സ്കൂളിലെ കുഞ്ഞുങ്ങളോടു സൂര്യകാന്തിപൂക്കളെക്കുറിച്ചും കല്യാണ സൗഗന്ധികത്തെക്കുറിച്ചുമൊക്കെ പറഞ്ഞു കൊടുക്കുന്ന കൂട്ടത്തില്‍ ഞാന്‍ ചോദിക്കും :
”’ വലുതാകുമ്പോള്‍ കുഞ്ഞാരാവും…..?”
അതു ചോദിക്കാനും, വേണ്ടതു പറഞ്ഞു കൊടുക്കാനും എന്നേക്കാള്‍ നന്നായി ആര്‍ക്കാണു കഴിയുക?