ആലപ്പാട് ഇപ്പോൾ സാംസ്കാരിക പ്രവർത്തകരുടെ ശ്രദ്ധ പതിയുന്ന സാഹചര്യമാണ് ഉള്ളത്. പ്രധാന മാധ്യമങ്ങൾ വാർത്ത പൂഴ്ത്തുമ്പോൾ സാമൂഹിക പ്രവർത്തകരും സോഷ്യൽ മീഡിയയും ആരുമില്ലാത്ത ഒരു കൂട്ടം ജനതക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. ഈ ഒരു സാഹചര്യത്തിൽ വേണം രാജീവ് ശിവശങ്കറിന്റെ കൽപ്രമാണം ശ്രദ്ധേയമാകുന്നത്, പരിസ്ഥിതിയെ സ്വാർത്ഥത കൊണ്ടു പീഡിപ്പിക്കുന്നതിന്റെ ദൃശ്യമാണ് ഇവിടെ വായനക്കാർക്ക് കാണാനാവുന്നത്. 2014ൽ പുറത്തിറങ്ങിയ ഈ പുസ്തകം ഇപ്പോൾ വീണ്ടും ലോഗോസിലൂടെ ഇറങ്ങുമ്പോൾ പരിസ്ഥിതിയോടുള്ള കരുതൽ എന്ന നിലയിൽ പകർപ്പവകാശവും റോയൽറ്റിയും എഴുത്തുകാരൻ ഉപേക്ഷിച്ചിരിക്കുകയാണ്.
കൽപ്രമാണത്തെക്കുറിച്ച് നോവലിസ്റ്റ്
കേരളത്തിൽ പരിസ്ഥിതിലോലമെന്നു കണ്ട 123 വില്ലേജുകളിൽ പാറമടകളുടെ അനുമതി നടപടി നിലയ്ക്കുകയാണ്. പക്ഷേ, എനിക്കുറപ്പാണ് പാറമടലോബി ഇതു മറികടക്കാൻ പുതിയ തന്ത്രം മെനയുമെന്ന്.
പാറമടഖനനവും അതുയർത്തുന്ന പ്രശ്നങ്ങളും ഉയർത്തി 2013ൽ ഞാനെഴുതിയ നോവലാണ് ‘കൽപ്രമാണം.’ ഇതു കഥയല്ല. നേരിൽക്കണ്ട ജീവിതമാണ്. പാറമടലോബി ജീവിതം കുരുക്കിട്ടുപിടിച്ച ഒരു ഗ്രാമം മുഴുവൻ അന്ന് ഈ പുസ്തകം വായിക്കുകയും പരിസ്ഥിതി മുന്നേറ്റത്തിന്റെ ഭാഗമായി ഓരോ വീട്ടിലും പുസ്തകമെത്തിക്കുകയും ചെയ്തു. എന്നാൽ ചർച്ചകളും പഠനവും ഏറെ വന്നെങ്കിലും എൻബിഎസിന്റെ പ്രചരണരീതിയുടെ പ്രശ്നങ്ങൾ കാരണം പുസ്തകം വേണ്ടത്ര ആളുകളിലേക്കെത്തിയില്ല. ഇപ്പോൾ ‘കൽപ്രമാണം’ ലോഗോസ് പുന:പ്രസിദ്ധീകരിക്കുകയാണ്. നോവൽ ഉയർത്തിപ്പിടിച്ച പ്രശ്നങ്ങൾ ഇപ്പോഴും സജീവമാണ്. പരിസ്ഥിതി മുന്നേറ്റത്തിൽ പങ്കുചേർന്ന് ഈ പുസ്തകത്തിന്റെ റോയൽറ്റിയും ഞാൻ വേണ്ടെന്നു വച്ചിരിക്കയാണ്. പരമാവധി പേരിലേക്ക് പുസ്തകമെത്താൻ എല്ലാവരുടെയും സഹായം അഭ്യർഥിക്കുന്നു