വഴിമാറി നടക്കുന്ന കവിയാണ് ശ്രീകുമാർ കരിയാട് .നിശ്ചിത അതിരുകളിൽ ഒതുങ്ങാതെ എപ്പോളും മതിലിന്നപ്പുറത്ത് എന്താണെന്ന് കൗതുകപ്പെടുന്നൊരാൾ. ശ്രീകുമാർ കാരിയാടിന്റെ ഏറ്റവും പുതിയ കവിത സമാഹാരമായ മാഞ്ഞുപോകില്ല വൃത്തങ്ങൾ എന്ന പുസ്തകത്തെപ്പറ്റി കവി കൂടിയായ എം.പി.പ്രതീഷ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം
“ഉള്ളംകൈയിലൊതുക്കിപ്പിടിച്ച
ഈയിരുട്ടിലും വെളിച്ചത്തിലും ഞാൻ ഒറ്റയ്ക്കാണ്. ചൂടിലും മഴയത്തും കാറ്റിലും മിന്നലിലും ഒറ്റയ്ക്ക്. കൂർത്ത
കല്ലെറിഞ്ഞ് ഒരു ചെറു മൃഗത്തെ വീഴ്ത്തുന്ന ,മൂർച്ചയേറിയ കമ്പിനാൽ
അതിന്റെയിറച്ചി തുളച്ചെടുക്കുന്ന, മരങ്ങളിൽ പറ്റിക്കിടക്കുന്ന ,ചോലയിലെ ഒഴുക്കിലേക്ക് ഒച്ചയിലേക്ക് മുഖം പൂഴ്ത്തുന്ന, ചോര പൊടിഞ്ഞകാല്പാപാദങ്ങളിൽ വിരലുരുമ്മുന്ന, മേലുരഞ്ഞ വിഷമുള്ളു പഴുക്കുന്ന, കരച്ചിലുകൾ തുറസ്സിലേക്ക് എയ്യുന്ന , പാറയുടെ വിള്ളലിൽ ചുരുണ്ടു കിടന്നുറങ്ങുന്ന അതേ മനുഷ്യൻ. എനിക്കുള്ളിൽ നിന്നും അയാൾ /അവൾ പുറത്തിറങ്ങി മരങ്ങൾക്കിടയിൽ കാണാതാവുന്നു.
ഈ വീട്ടിനുള്ളിൽ അവളുടെ മണമിപ്പോഴും തങ്ങുന്നുണ്ട്.
പാറയുടെ ഉൾച്ചെരിവിലാകെ ചെറിയ കല്ലുകൊണ്ട് വരയുന്ന ചിത്രങ്ങൾ കാണുന്നു. വൃത്തങ്ങൾ ചതുരം ത്രികോണം നേർ വര വളവു തിരിവുകൾ ചില്ലകൾ ചുറ്റുകൾ മീൻ പക്ഷി പന്നിത്തേറ്റ കണ്ണുകൾ കുടം സൂര്യൻ ചന്ദ്രൻ അമ്പ് തീയ് സർപ്പം എല്ലാം. അതിന്റെയെല്ലാം പൊരുള് പുറത്തെങ്ങോ മറയുന്നു. ഒരേവര പലതാവുന്നു. ഒരേ വാക്കിനെ പലതായിക്കേൾക്കുമ്പോലെ . ഒരേയാളിൽ പലരെക്കാണുമ്പോലെ.
ഈ വരികൾക്കിടയിലൂടെ ചതുപ്പിൽ വീഴുന്ന ഞാൻ .ചോല മുറിച്ചുകടക്കുന്ന ഞാൻ. നിലവിളിക്കുന്ന ,ഓടിയൊളിക്കുന്ന ,ഇണചേരുന്ന ,മരിച്ചു പോവുന്ന ഞാൻ. ഉടലിനും എനിക്കുമിടയിൽ അറ്റമില്ലാത്ത ചെരിവുകൾ , ആഴങ്ങൾ. അതിലൂടെ ഞാനെന്റെ വേരിനറ്റത്തെത്തുന്നു. ആദ്യത്തെ പൊടിപ്പിലേക്ക് , കോശഭിത്തിയിലേക്ക് ചെന്നെത്തുന്നു.
പൂവിന്റെ വിടർച്ചയാദ്യം കാണുന്നു.
കാറ്റാദ്യം തൊടുന്നു. വെള്ളത്തിൽ കുതിരുന്നു . വെളിച്ചത്തിൽ വിറയ്ക്കുന്നു ,ആദ്യത്തെ ഞാൻ.
എനിക്കുള്ളിൽ മൊഴി മുളയ്ക്കുന്നു. വിരലിൻ തുമ്പത്ത് ആകൃതി ഉണ്ടായി വരുന്നതു കാണുന്നു . പതിനായിരം കൊല്ലം മുമ്പേ പിറന്നു മണ്ണടിഞ്ഞ എന്റെ തന്നെ വിരലറ്റങ്ങളെ ഞാനിപ്പോൾ തൊട്ടു നോക്കുകയാണ്.
കല്ലിന്റെ ഉള്ളിൽ നിന്നുള്ള ഒച്ച കേൾക്കുന്നുണ്ട്.”
(ശ്രീകുമാർ കരിയാടിന്റെ ‘മാഞ്ഞു പോയില്ല വൃത്തങ്ങൾ’ എന്ന കവിതയുടെ വായനയ്ക്കു ശേഷം..)