മീനാക്ഷി മീനങ്ങാടിയില്‍ മീനുവിന്റെ കല്യാണത്തിനു പോയി. കൂട്ടിനു കുട്ടപ്പന്റെ ഭാര്യ മാളുവും ഉണ്ടായിരുന്നു. അവര്‍ ബസ്സിലാണു പുറപ്പെട്ടത്. വീട്ടു വിശേഷങ്ങളും നാട്ടുവിശേഷങ്ങളും പറഞ്ഞ് യാത്ര തുടര്‍ന്നു.
മീനങ്ങാടിയില്‍ ബസില്‍ നിന്നിറങ്ങിയപ്പോള്‍ മീനാക്ഷിയുടെ മാല ബൈക്കില്‍ വന്ന കള്ളന്‍ പൊട്ടിച്ചു കൊണ്ടു പോയി. കൂടെ ഉണ്ടായിരുന്ന കുട്ടപ്പന്റെ ഭാര്യ കുട്ടിമാളു ഉച്ച വച്ചു കരഞ്ഞു ” ദാ കള്ളന്‍ മാല പൊട്ടിച്ചുകൊണ്ട് ഓടുന്നേ”.
കരച്ചില്‍ കേട്ട് കവലയിലെ ഓട്ടോറിക്ഷക്കാര്‍ ഓടി എത്തി. ഹെല്‍മറ്റ് വച്ച കള്ളനാണ് മാല പൊട്ടിച്ചതെന്ന് മീനാക്ഷി പറഞ്ഞു.
ഓട്ടോറിക്ഷക്കാര്‍ കള്ളന്‍ പോയ വഴിയേ അന്വേഷിച്ചു പോകാന്‍ ഒരുങ്ങി. അപ്പോള്‍ മീനാക്ഷി വളരെ കൂളായി പറഞ്ഞു.
” പോയതു പോകട്ടെ ഇനി അതിന്റെ പിന്നാലെ പോയി സമയം കളയണ്ട. കള്ളനെ കിട്ടാന്‍ പോകുന്നില്ല. ബൈക്ക് ഇപ്പോള്‍ അങ്ങ് ദൂരെ എത്തിക്കാണും”
മീനാക്ഷിയുടെ പ്രതികരണം കേട്ടപ്പോള്‍ ഓട്ടോ തൊഴിലാളികള്‍ പറഞ്ഞു ” ആ സ്ത്രീയുടെ ധൈര്യം കണ്ടില്ലേ? മാല പോയിട്ട് ഒരു കൂസലുമില്ല. നിങ്ങള്‍ ഏതായാലും പോലീസ് സ്റ്റേഷനില്‍ പോയി ഒരു പരാതി എഴുതികൊടുത്തിട്ടു പോകു. ഓട്ടോറിക്ഷയില്‍ കയറു. ഞാന്‍ സ്റ്റേഷനില്‍ കൊണ്ടു ചെന്നാക്കാം ” ഒരു റിക്ഷാക്കാരന്‍ പറഞ്ഞു.
” വേണ്ടാ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കണ്ടാ ആ പുലിവാലിനൊന്നും എന്നെക്കൊണ്ടു വയ്യ ” മീനാക്ഷി പറഞ്ഞു.
” അതെന്താ നിങ്ങള്‍ കാശു കൊടുത്തു വാങ്ങിയതല്ലേ? നിങ്ങളുടെ മാല നഷ്ടപ്പെട്ടതില്‍ നിങ്ങള്‍ക്കു സങ്കടമില്ലേ? നിങ്ങള്‍ക്ക് മാല വേണ്ടേ?” ഒരു ഓട്ടോക്കാരന്‍ ചോദിച്ചു.
”ഇനി ആ മാലയുടെ പിന്നാലെ പോകാന്‍ എനിക്കു വയ്യ. പോയത് പോകട്ടെ പോയതിനെക്കുറിച്ച് ചിന്തിച്ചു ദു:ഖിച്ചിട്ടു എന്തു പ്രയോജനം?” മീനാക്ഷി പറഞ്ഞൂ.
” അത് എത്ര പവന്റെ മാലയാണ്?” ഒരു ഓട്ടോക്കാരന്‍ ചോദിച്ചു.
” അത് ഇന്നലെ അന്‍പതു രൂപക്കു വാങ്ങിയ മാലയാണ് ” മീനാക്ഷി പറഞ്ഞു.