കലിയുഗമാതാവ്‌

unnamed-1

ഓര്‍മ്മയായ കാലം മുതല്‍ അമ്മയുടെ കഴുത്തില്‍ അഞ്ച് പവന്റെ സ്വര്‍ണ്ണമാലയുണ്ട്. അമ്മയ്ക്ക് സ്ത്രീധനമായി കിട്ടിയതാണ് ആ മാല.

സാമ്പത്തിക പ്രതിസന്ധികള്‍ പലത് ഉണ്ടായപ്പോഴും മൂന്ന് മക്കള്‍ വിവാഹിതരായപ്പോഴും അമ്മ ആ മാല അഛന് ഊരി കൊടുത്തിരുന്നില്ല. ഇപ്പോഴും ആ മാല അമ്മയുടെ കഴുത്തില്‍ ഭദ്രമായുണ്ട്!

അച്ചന്‍ മരിച്ചു. അമ്മ വൃദ്ധയുമായി. ഒറ്റയ്ക്ക് കുടുംബ വീട്ടില്‍ കഴിയാന്‍ അമ്മയ്ക്ക് വല്ലാത്ത ഭയം!? കള്ളന്മാരെ പേടിക്കണമല്ലോ? അതുകൊണ്ട് അമ്മ ഓരോ മക്കളുടെയും വീട്ടില്‍ ഓരോ മാസവും താമസിക്കാന്‍ തീരുമാനിച്ചു.

മൂത്ത മകള്‍ വാസന്തിയുടെ വീട്ടില്‍ താമസിക്കുമ്പോള്‍ അമ്മ പറഞ്ഞു: “വാസന്തീ..ഞാന്‍ മരിച്ചാല്‍ ഈ മാല നീ എടുത്തോളണം. മറ്റുള്ളവരോട് ഞാന്‍ പറഞ്ഞോളാം..”

രണ്ടമത്തെ മകള്‍ വസുമതിയുടെ വീട്ടില്‍ താമസത്തിനെത്തി.

“മോളെ വസുമതീ. ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ ഈ മാല നിനക്കുള്ളതാണ്..”

“അപ്പൊ മറ്റുള്ളവര്‍ വഴക്കുണ്ടാക്കില്ലേ..?”

“അവരോട് ഞാന്‍ പറഞ്ഞോളാം…”

മൂന്നാമത്തെ മകള്‍ വിലസിനിയോട്: “മോളെ..ഞാന്‍ മരിച്ചാല്‍ ഈ മാല നിനക്ക്…”

“ചേച്ചിമാര്‍ വഴക്കിനു വരില്ലേ..?”

“ഇല്ല മോളെ. അവരോടു ഞാന്‍ പറഞ്ഞിട്ടുണ്ട്..”

അങ്ങനെ യാതൊരു മുട്ടുമില്ലാതെ സുഖസമൃദ്ധിയായി അമ്മ ജീവിച്ചുപോന്നു.

ഇളയ മകള്‍ വിലാസിനിയുടെ വീട്ടില്‍ വച്ചാണ് അമ്മ മരിച്ചത്.

കരഞ്ഞ്പിഴിഞ്ഞ് മൂത്തവര്‍ രണ്ടുപേരും ഓടിയെത്തി. അവര്‍ ആദ്യം നോക്കിയത് അമ്മയുടെ കഴുത്തിലേയ്ക്കാണ്. അവിടം ശൂന്യമായിരുന്നു!??

“എടീ വിലാസിനീ.. അമ്മയുടെ മാല എവിടെ?”

“അത് ഞാന്‍ ഊരി എടുത്തു. മരിക്കുമ്പോള്‍ മാല ഞാനെടുത്തോളാന്‍ അമ്മ പറഞ്ഞിരുന്നു..”

“മാല ഞാനെടുത്തോളാനാ അമ്മ പറഞ്ഞിരുന്നേ..?” വാസന്തി ഒച്ച വച്ചു.

“എന്നോടും അമ്മ പറഞ്ഞിരുന്നു മാല എനിക്കാണെന്ന്…” വസുമതി ചൂടായി.

മൂന്നു പേരും തമ്മില്‍ വഴക്കായി. അടിപിടിയായി.

നാട്ടുകാര്‍ സമാധാനിപ്പിച്ചു.

“ഒരു കാര്യം ചെയ്യാം. മാല വിറ്റു മൂന്ന് പേരും തുല്യമായി വീതിച്ചെടുത്തോ..?”

“ശരി. സമ്മതിച്ചു..”

മൂന്നു പേരും നാട്ടുകാരോടോത്ത് മാല വില്‍ക്കാന്‍ പോയി.

മാല പരിശോധിച്ച് ജുവലറി ഉടമസ്ഥന്‍ പറഞ്ഞു: “ഇത് മുക്കുപണ്ടമാ. വിലയൊന്നും കിട്ടത്തില്ല..”

“…അഛനേം മക്കളേം പറ്റിച്ചു ജീവിച്ച ഒരമ്മ..? ഫൂ…!??” മൂവരും സ്വന്തം അമ്മയെ പ്രാകിക്കൊണ്ട്‌ തിരിച്ചുപോയി.

അപ്പോഴും കൗശലക്കാരിയായ ആ “അമ്മ” ഉള്ളാലെ ചിരിച്ചുകൊണ്ട് നിശ്ശബ്ദമായി കിടക്കുകയായിരുന്നു….

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here