കളി നിയമങ്ങൾ

 

 

 

 

“ഇതൊരു പുതിയ കളിയാണ്. കളി നിയമങ്ങൾ പറയാം.”

മുതിർന്ന കുട്ടി , ചുറ്റും നിൽക്കുന്നവരോട് പറഞ്ഞു. അവർ ആകാംക്ഷയോടെ കാതു കൂർപ്പിച്ചു.

അവൻ തുടർന്നു:

” എല്ലാവരും വട്ടത്തിൽ നിൽക്കണം. ഒരാൾ മുത്തശ്ശിയോ മുത്തശ്ശനോ ആവണം. മുത്തശ്ശിയെ അല്ലെങ്കിൽ മുത്തശ്ശനെ കളത്തിനു നടുവിൽ ഇരുത്തണം. ഒരു കുട്ടി ചോദ്യക്കാരനാവണം. ചോദ്യക്കാരൻ വട്ടത്തിൽ നടന്ന് എല്ലാവരോടുമായി ഇങ്ങനെ ചോദിക്കണം.

കണ്ടോ കണ്ടോ മുത്തശ്ശിയെ?
ഉത്തരം: കണ്ടില്ല ഞങ്ങൾ കണ്ടില്ല.

”ചോദ്യം പല തവണ ആവർത്തിക്കുന്നു. ഒടുവിൽ , കണ്ടൂ കണ്ടൂ മുത്തശ്ശിയെ എന്നു പറയണം.അപ്പോൾ മുത്തശ്ശി എണീറ്റു നിൽക്കണം. ഒരാൾ വന്ന് മുത്തശ്ശിയെ കൈ പിടിച്ച് പുറത്തേയ്ക്കു കൊണ്ടുപോകാൻ ശ്രമിക്കണം. മറ്റുള്ളവർ തടയണം. അവർ കൂട്ടത്തോടെ – വിട്ടുതരില്ല മുത്തശ്ശിയെ, വിട്ടുതരില്ല മുത്തശ്ശിയെ എന്നു പറയണം. വഴികൊടുക്കാതിരിക്കാൻഎല്ലാവരും കൂടി കൈകോർത്തു പിടിച്ച് നിൽക്കണം.”

“ഒരു സംശയം, മുത്തശ്ശിയെ എങ്ങോട്ടാണ് കൊണ്ടുപോകാൻ ശ്രമിച്ചത് ” – ഒരു കുട്ടി ചോദിച്ചു.

” വൃദ്ധസദനത്തിലേക്ക്. ഈ കളിയുടെ പേരും അതു തന്നെ “- മുതിർന്ന കുട്ടി പറഞ്ഞു. അവർ കളി തുടങ്ങി.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here