പെൺമണിയെ കണ്മണിയാക്കുവാൻ
കണ്ണിൽ കനവോടെ കാത്തിരുന്നു.
മഴമേഘം പോലെ പ്രതീക്ഷകൾ വിങ്ങി
കണ്ണീരു പെയ്യാതെ കണ്ണിലൊതുക്കി
മൊഴികളിൽ നൊമ്പരം ചിന്തി
കാലത്തിൻ വെയിലേറ്റ് മഴയേറ്റ് കാത്തിരുന്നു
മഴവില്ല് പോലുണ്ട് പെണ്ണ്
ചിന്തയിൽ ചന്തമായ് നിൽക്കുന്നു
ചിറകില്ലാതെത്താത്തുയരത്തിൽ
ജീവിത മോഹങ്ങളോർത്തനേരങ്ങളിൽ
നിറ ഭാവങ്ങളിൽ കാണുന്നു
കൈകളാൽ ചേർത്ത് പിടിക്കാൻ
എല്ലുകൾ നെഞ്ചിൽ പൊന്തികിടക്കുന്നു
ഒട്ടിയ വയറും നേർത്ത ഹൃദയവും
വേളിചെയ്യാനുള്ള ആശയും കൂടെ
കോമളൻമാരുടെ കാമിനിമാരെ
കാണുന്നു നിത്യവും പകൽസ്വപ്നങ്ങളിൽ
പൂകൊണ്ട് മൂടിയ ജീവിതപാതയിൽ
എത്രകാലം ഇനി ഏകനായ് പോകണം
ഇണയുടെ നിഴലാണ് തണലെന്ന് നിനവിൽ
പൊന്നിനെക്കാളും വിലകേൾക്കാം പെണ്ണിന്
വിലയുള്ളോർക്കിക്കാലം താലിചാർത്താം
സ്വന്തം വിലനോക്കിയാണ് വേളി
കലികാലമിത് ഏറെ വിയർത്തിട്ടും
ബാങ്കിൽ പണം പോര
സുന്ദരിതരുണിമാർ സ്വപ്നത്തിൽ മാത്രം
ജീവിത ചൂടിൽ സ്വന്തം നിറം പോയ്
ഏറെ നടന്ന് കാലുകൾ വിണ്ടു
പണിചെയ്ത് കൈവെള്ള തഴമ്പിച്ചു
ആകെ ദരിദ്രനായ്
എന്നിട്ടും അന്ധനാവാതെ കാഴ്ചകൾ ബാക്കി
പാവത്തിനൊരുകാലവും
പെണ്ണില്ലെന്നത് പോലെ
പാപം ചെയ്തത് കാലം