ഗായകന്റെ ശബ്ദമാധുരിയെ, കവിയുടെ തൂലികതുമ്പിനെ, ചിത്രകാരന്റെ ചായങ്ങളെ, കലാകാരന്റെ മനസ്സിനെ എന്നും വാചാലമാക്കുന്നതല്ലേ പ്രകൃതി സൗന്ദര്യവും സ്ത്രീ സൗന്ദര്യവും! പുരാണങ്ങളിലും ഇതിഹാസങ്ങളിലും പ്രതിപാദിച്ചിട്ടുള്ള ഓരോ കഥകളിലും, സാഹചര്യങ്ങളിലും വ്യക്തമായ ഒന്നാണ് ആ കാലഘട്ടം മുതലേ സ്ത്രീ സൗന്ദര്യത്തിനുള്ള പ്രാധാന്യം. സ്ത്രീ സൗന്ദര്യത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് വസ്ത്രധാരണം. വസ്ത്രധാരണത്തെ കുറിച്ച് പറയുമ്പോൾ അവിടെ പുരുഷൻ തീർച്ചയായും ഒരു അവിഭാജ്യ ഘടകമാണ്. അറിഞ്ഞോ അറിയാതെയോ സ്ത്രീയുടെ വസ്ത്രധാരണം കേന്ദ്രീകരിയ്ക്കുന്നത് പുരുഷന്റെ ശ്രദ്ധയെ തന്നെയാണ്. പുതിയ വസ്ത്രം ധരിച്ച ഒരു സ്ത്രീയോട് ഒരു സ്ത്രീ അതിനെകുറിച്ച് അഭിപ്രായം പറയുന്നതിലും വിലനൽകപ്പെടുന്നത് അതിനെകുറിച്ച് ഒരു പുരുഷൻ അഭിപ്രായപ്പെടുന്നതാണ്. വെള്ളച്ചാട്ടംപോലെ കണങ്കാൽവരെ നീണ്ടുകിടക്കുന്ന മുടിയിൽ പൂച്ചുടി, കണ്ണിൽ കരിമഷിയെഴുതി, നെറ്റിയിൽ സിന്ധുരം ചാർത്തി, കാതിൽ കമ്മലിട്ട, കഴുത്തിൽ പതക്കനും, കയ്യിൽ മുട്ടിയുരുമ്മി ചിരിയ്ക്കുന്ന വളകളുമിട്ട്, വടിവൊത്ത സാരിയുമുടുത്ത് തന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന നാരീ സങ്കല്പം മനസ്സിലെങ്കിലും ഇട്ട് താലോലിയ്ക്കാത്ത പുരുഷനുണ്ടാകുമോ നമ്മുടെ മലയാളത്തിൽ?
എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ സാരിയെന്ന വസ്ത്രധാരണത്തെ മറികടന്നുകൊണ്ട് വ്യത്യസ്തങ്ങളായ സൽവാർ കമ്മീസ്, ചുരിദാർ ലെഗ്ഗിൻസ്-കുർത്തി ജീൻസ്-ടോപ്പ്, പാന്റും ഷർട്ടും എന്നീ വസ്ത്രധാരണ രീതിയിൽ മാറ്റം വന്നു. എന്നാൽ മുടി മുറിച്ച് ജീൻസും പാന്റും ഷർട്ടും, ടീ ഷർട്ടും ധരിയ്ക്കുന്നവരെ പച്ച പരിഷ്കാരികളായി അല്ലെങ്കിൽ മറ്റുള്ളവരിൽനിന്നും വ്യത്യസ്തമായി കാണാൻ കാരണമെന്താണ്? ആ വസ്ത്രധാരണത്തിനു പുരുഷന്റെ വസ്ത്രധാരണവുമായി സാമീപ്യമുള്ളതുകൊണ്ടാണോ?
അഴിച്ചിട്ട മുടിയും, ജീൻസും, പാന്റും, ഷർട്ടും, ടീ ഷർട്ടും ധരിച്ച പോക്കറ്റിൽ മൊബയിൽ ഫോണും, തൂവാലയുമായി ക്രിസ്‌തീയ ദേവാലയത്തിൽ പ്രാർത്ഥിയ്‌ക്കാൻ എത്തുന്ന മോഡേൺ പെണ്കുട്ടികളെക്കണ്ട് താൻ അതിശയിച്ചുപോയി എന്ന് കേരളത്തിലെ ഒരു വൈദികൻ നടത്തിയ പ്രസംഗം ഷാരോൺ ചാനലിലൂടെ പ്രക്ഷേപണം ചെയ്തപ്പോൾ, ഫെയ്‌സ് ബുക്കിലൂടെയും, വാട്സാപ്പിലൂടെയും എല്ലാറ്റിനെയും പ്രതികരിച്ചു ശീലിച്ച ജനം അതിനെയും പ്രതികരിയ്ക്കാതിരുന്നില്ല. പുതിയ തലമുറയുടെ വസ്ത്രധാരണത്തിനുമേൽ വൈദികൻ നടത്തിയ പരാമർശത്തിന്റെ അല്ലെങ്കിൽ വിമർശനത്തിന്റെ യഥാർത്ഥ പൊരുൾ എന്തായിരുന്നു!
‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന് അഭിമാനത്തോടെ പറഞ്ഞു തന്റെ സംസ്കാരത്തെ അനാഥമാക്കി, വിദേശ സംസ്കാരത്തെ ദത്തെടുത്ത് ലാളിച്ച് വളർത്തുന്ന മലയാളിയുടെ മനോഗതത്തെ എടുത്തുകാണിയ്ക്കാനോ, അതോ സ്വന്തം നാട്ടിൽ പണിയെടുത്ത് വിയർപ്പുപൊടിയുന്നത് അപമാനമെന്ന് കരുതി അന്യരാജ്യങ്ങളിൽ പോയി അവരുടെ അടിമപ്പണിയാണെങ്കിലും ചെയ്ത കൈനിറയെ പണവുമായി തിരിച്ചെത്തുമ്പോൾ തന്റെ മാതാപിതാക്കളെ ‘അച്ഛൻ’ ‘അമ്മ’ എന്ന് വിളിയ്ക്കുമ്പോൾ തന്നിലെ മലയാളിയെ ജനം തിരിച്ചറിയുമോ എന്ന് ഭയന്ന് ‘മമ്മി ഡാഡി’ സംസ്കാരത്തെ ഉരുവിടുന്ന മലയാള മക്കളുടെ വളർച്ചയോ? അതോ ലംഗിക പീഢനങ്ങൾക്കെതിരെ ശക്തമായി നേരിടാൻ ശക്തി സംഭരിച്ച് നിൽക്കുന്ന സ്ത്രീ സമൂഹത്തിനോട് ഇത്തരം സാഹചര്യത്തിൽ നിങ്ങളിൽ ചിലർക്കും ഇതിൽ ചെറിയ പങ്കുണ്ടെന്നു ഓർമ്മിപ്പിയ്ക്കാനോ?
കാലത്തിനൊത്ത കോലം എന്ന് പഴമക്കാർ പറഞ്ഞിട്ടില്ലേ? കേരളത്തിലെ കാര്യം തന്നെ നോക്കാം. ആദ്യം സ്ത്രീയുടെ വസ്ത്രധാരണം ഒറ്റമുണ്ടും മാറുമറയ്ക്കാൻ ഒരു മേല്മുണ്ടും ആയിരുന്നു. പിന്നീടത് മുണ്ടും ബ്ളൗസുമായി മാറി, പിന്നീടത് സൽവാർ കമ്മീസ്, ചുരിദാർ എന്നിങ്ങനെ മാറി. ഓരോ കാലഘട്ടത്തിലും സ്ത്രീകളുടെ വസ്ത്രധാരണത്തിൽ വന്ന മാറ്റമാണ്, മുടിയും മുറിച്ച്, ജീൻസും- ടോപ്പും അല്ലെങ്കിൽ പാന്റും- ഷർട്ടും ഇട്ട് ചെത്തിനടക്കുന്ന യുവതികൾ എന്ന് കണക്കാക്കിക്കൂടെ!
വസ്ത്രം ഏതുതന്നെയായാലും തന്റെ ശരീരഘടനനയ്ക്കു അനുയോജ്യമായതും, തന്റെ സൗന്ദര്യത്തിനു മാറ്റു കുട്ടുന്നതുമാണെങ്കിൽ അത് സ്ത്രീയുടെ ആത്മവിശ്വാസം കുട്ടുന്നതിനോടൊപ്പം തീർച്ചയായും ഉചിതം തന്നെ. അതുമല്ല ഇനി ശരീര പ്രദർശനമാണ് ലക്ഷ്യമെങ്കിൽ കേരള തനിമയുടെ നാരീ സങ്കൽപ്പത്തിലെ സാരി ധരിയ്ക്കുന്ന രീതിയിലൂടെയോ, നേർത്ത സുതാര്യമായ സൽവാർ കമ്മീസിലൂടെയോ ആകാമല്ലോ. അതെല്ലാം ധരിയ്ക്കുന്ന ആളിന്റെ അഭിരുചിയെ ആശ്രയിച്ചിരിയ്ക്കുന്നു. എന്തുതന്നെയായാലും, മാധ്യമങ്ങളിലൂടെ സ്ഥിരമായി കാണുകയും, കേൾക്കുകയും ചെയ്യുന്ന സ്ത്രീകളോടുള്ള പുരുഷന്റെ മോശമായ പെരുമാറ്റത്തിൽ ഒരു ചെറിയ പരിധിവരെയെങ്കിലും സ്ഥാനമുള്ള വസ്ത്രധാരണത്തെ ഒരിയ്ക്കലും പ്രോത്സാഹിപ്പിയാതിരിയ്ക്കാം.
പണ്ട് കാലങ്ങളിൽ പാചകം, കുട്ടികളുടെയും, ഭർത്താവിന്റെയും പരിചരണം എന്നീ കടമകൾ മാത്രമുള്ള വീട്ടമ്മ എന്ന സ്ഥാനം മാത്രം അവകാശപ്പെട്ടിരുന്ന, സ്ത്രീയ്ക്ക് ഇന്ന് ഉത്തരവാദിത്വങ്ങൾ പലതാണ്. പുരുഷന് തുല്യമായി, ചില സന്ദർഭങ്ങളിൽ പുരുഷനേക്കാൾ കൂടുതൽ കുടുമ്പത്തിന്റെ, സമൂഹത്തിന്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ പാകപ്പെടുത്തിയിരിയ്ക്കുകയാണ്, അകത്തളങ്ങളിൽ നിന്നും വെളിച്ചം, മുക്തി, അല്ലെങ്കിൽ അറിവ് തേടി പുറത്തിറങ്ങിയ സ്ത്രീ. കുടുമ്പത്തിന്റെ സാമ്പത്തിക ഭദ്രതയിലും, കുടുമ്പത്തിന്റെ ആരോഗ്യത്തിലും, സുരക്ഷിതത്വത്തിലും പുരുഷനൊപ്പം തന്നെയുണ്ട് ഇന്നത്തെ സ്ത്രീ. കുടുമ്പകാര്യങ്ങൾ, കുട്ടികളുടെ പഠനം, സമൂഹത്തിൽ തനിയ്ക്കുള്ള സ്വാഭിമാനം, വ്യക്തിത്വം, സ്വയം നിലനിൽപ്പ് തൊഴിൽ എന്നീ പല ഉത്തരവാദിത്വങ്ങളും ശ്രധ്ധിയ്ക്കപ്പെടേണ്ട സ്ത്രീ അവളുടെ ജീവിത സാഹചര്യത്തിനൊത്ത വസ്ത്രം ധരിയ്ക്കാനും അവകാശപ്പെട്ടവൾ തന്നെ.
സാരിയായാലും, സൽവാർ കമീസായാലും, ജീൻസായാലും, ഷർട്ടും പാന്റും, ടീ ഷർട്ടും ഏതുതന്നെയായാലും തന്റെ ശരീരഘടനയ്ക്കനുയോജ്യമായ വസ്ത്ര ധാരണം സ്ത്രീയ്ക്ക് ഉചിതം തന്നെ. കാലത്തിനൊത്തുതന്നെ സ്ത്രീയുടെ കോലം മാറിക്കോട്ടെ, ആ കോലം പൊതുവേദികളിൽ പ്രകൃതി പുരുഷന് നൽകിയിട്ടുള്ള മൃദുല വികാരത്തെ ഉത്തേജിയ്പ്പിയ്ക്കുന്നത് ആകാതിരുന്നാൽ ഇതിൽ നിന്നും അശ്ലീന സമൂഹത്തിന്റെ ഉദ്ദാരണം ഒഴിവാക്കുന്നതോടൊപ്പം ‘ഇലയ്ക്കും മുള്ളിനും കേടാകാതെ സൂക്ഷിയ്ക്കാം.
Click this button or press Ctrl+G to toggle between Malayalam and English