കളഞ്ഞു പോയ വാല്‍

 

 

 

 

 

 

 

 

കിങ്ങിണിക്കാട്ടില്‍ ഒരു വാലാട്ടിക്കുരങ്ങനുണ്ടായിരുന്നു എപ്പോഴും വാലുമാട്ടിയാണു നടപ്പ് . തന്റെ വാലിനെ ജയിക്കാന്‍ പറ്റിയ വാല്‍ ആര്‍ക്കുമില്ലെന്നായിരുന്നു അവന്റെ വിചാരം . ഒരു ദിവസം എല്ലാവരെയും പുച്ഛിച്ചുകൊണ്ട് അവന്‍ പറഞ്ഞു .

” എന്തിനു കൊള്ളാം ചങ്ങാതികളേ

എന്തിനു കൊള്ളാം നിങ്ങടെ വാല്‍?

കപീഷുപോലും തോറ്റോടുന്നൊരു

മാന്ത്രികവാലാണെന്നുടെ വാല്‍”

ഇതു കേട്ടു മൃഗങ്ങളെല്ലാം ഒന്നും മിണ്ടാതെ കടന്നു പോയി . അതോടെ വലാട്ടിക്കുരങ്ങന്റെ അഹങ്കാരം കൂടി.

ഒരിക്കല്‍ വാലാട്ടിക്കുരങ്ങന്‍‍ പാലാട്ടുകടവില്‍ പൂരം കാണാന്‍ പോയി നടന്നു നടന്നു പല്ലിശേരിയിലെത്തിയപ്പോള്‍ അതാ വഴിയില്‍ ഒരു വാല്‍ കിടക്കുന്നു .

വാലാട്ടിക്കുരങ്ങന്‍ പെട്ടന്നു നിന്നു. ആരുടേ വാലാകും ഇത്? വാലുപോയ ജന്തു ഇനി എങ്ങനെ ജീവിക്കാനാണ്? തന്നെപ്പോലെ മരം കയറാനും ചാഞ്ചാടിക്കളിക്കാനും വാലില്ലാതെ പറ്റുമോ ? ഏതായാലും വാലിന്റെ ഉടമസ്ഥനെ കണ്ടു പിടിക്കണമെന്ന് വാലാട്ടിക്കുരങ്ങന്‍ നിശ്ചയിച്ചു.

അവന്‍ വാലുമെടുത്ത്കൊണ്ട് ഉടമസ്ഥനെ തേടി യാത്രയായി കുറെയേറെ ചെന്നപ്പോള്‍ അതാ വരുന്നു പട്ടാണിമുക്കിലെ കിട്ടന്‍ മുയല്‍ ! വാലാട്ടിക്കുരങ്ങന്‍ കിട്ടന്‍ മുയലിനോടു ചോദിച്ചു.

” ഇഷ്ടക്കാരന്‍ കിട്ടന്‍ മുയലേ

നഷ്ടപ്പെട്ടോ വാലെങ്ങാന്‍?

വഴിയില്‍ നിന്നും കിട്ടീട്ടുണ്ടേ

അഴകേറുന്നൊരു പുത്തന്‍ വാല്‍”

ഇതുകേട്ട് കിട്ടന്‍ മുയല്‍ തന്റെ വാല്‍ തപ്പി നോക്കി എന്നിട്ടു പറഞ്ഞു.

” ഇല്ലില്ല എന്റെ വാല്‍ നഷ്ടപ്പെട്ടിട്ടില്ല ‘ കിട്ടന്‍ മുയല്‍ ചാടിച്ചാടി സ്ഥലം വിട്ടു.

വാലാട്ടിക്കുരങ്ങന്‍ കളഞ്ഞു കിട്ടിയ വാലുമായി നടന്നു നീങ്ങി . കുറച്ചു ദൂരം നീങ്ങിയപ്പോള്‍ അതാ വരുന്നു കുതിരവട്ടത്തുകാരന്‍ കുഞ്ചുക്കുതിര.

വാലാട്ടിക്കുരങ്ങന്‍ കുഞ്ചുക്കുതിരയോടു ചോദിച്ചു.

” കുതിച്ചു ചാടും കുഞ്ചുക്കുതിരേ

കിതച്ചുവല്ലോ വല്ലാതെ

വല്ലയിടത്തും വച്ചു മറന്നോ

ചൊല്ലു നിന്നുടേ പുത്തന്‍ വാല്‍?”

ഇതു കേട്ടു കുഞ്ചുക്കുതിര തന്റെ പിന്‍ഭാഗത്തു വാലുണ്ടോ എന്നു പരിശോധിച്ചു നോക്കി എന്നിട്ടു പറഞ്ഞു.

” ഇല്ലില്ല എന്റെ വാല്‍ എങ്ങും കളഞ്ഞു പോയിട്ടില്ല ”

വാലാട്ടിക്കുരങ്ങന്‍ വാലുമായി വീണ്ടും സഞ്ചാരം തുടങ്ങി.

കുറെച്ചെന്നപ്പോള്‍ അതാ വരുന്നു അമ്പാട്ടുകാവിലെ പാല്‍ക്കൊമ്പനാന വാലാട്ടിക്കുരങ്ങരന്‍ ചോദിച്ചു.

” അമ്പട കൊമ്പാ ! വമ്പച്ചാരെ

നിന്നുടെ പ്പിന്നില്‍ വാലുണ്ടോ ?

ഇല്ലാന്നാകില്‍ ചൊല്ലുക വേഗം

മതെന്നുടെ കയ്യിലിരിപ്പുണ്ടേ !”

ഇതു കേട്ടു പാല്‍ക്കൊമ്പനാന പിന്നിലേക്കു തിരിഞ്ഞു നോക്കിയിട്ടു പറഞ്ഞു.

‘എന്റെ വാല്‍ കൃത്യമായി തന്നെ പിന്നിലുണ്ട്” പാല്‍ക്കൊമ്പനാന നടന്നു നീങ്ങി.

വാലാട്ടിക്കുരങ്ങന്‍ വാലും കൊണ്ട് വീണ്ടും നടന്നു. കുറെയേറേ ചെന്നപ്പോള്‍ അതാ വരുന്നു കിടുങ്ങന്‍ കടുവ ! വാലാട്ടിക്കുരങ്ങന്‍ കിടൂങ്ങന്‍ കടുവയോടു ചോദിച്ചു.

” കണ്ണൂമിഴിക്കും വണ്ണന്‍ കടുവേ

പൊണ്ണന്‍ കടുവേ നിന്നാട്ടെ

പറിഞ്ഞുപോയോ വല്ലയിടത്തും’

മുറിഞ്ഞു വീണോ നിന്നുടെ വാല്‍?”

ഇതുകേട്ടു കിടുങ്ങന്‍ കടുവ ഞെട്ടിത്തിരിഞ്ഞ് പിന്നിലേക്കു നോക്കി എന്നിട്ടു പറഞ്ഞു ” എന്റെ വാല്‍ മുറിഞ്ഞൊന്നും പോയിട്ടില്ല”
കടുവ മീശ വിറപ്പിച്ചുകൊണ്ടു കടന്നു പോയി. വാലാട്ടിക്കുരങ്ങന്‍ വാലും കൊണ്ട് പിന്നെയും യാത്രയായി.

കുറെയേറെ ചെന്നപ്പോള്‍ അതാ വരുന്നു പല്ലിശേരിക്കാരന്‍ ചെല്ലന്‍ പല്ലി.

വാലാട്ടിക്കുരങ്ങന്‍ ചോദിച്ചു

” ചെല്ലന്‍ പല്ലി വില്ലന്‍ പല്ലി

വഴിയില്‍ പോയോ വാലെങ്ങാന്‍ ?

പോയെന്നാകില്‍ കിട്ടീട്ടുണ്ടേ

പെട്ടന്നതു ഞാന്‍ തന്നേക്കാം ”

ഇതുകേട്ട് ചെല്ലന്‍ പല്ലി ഒന്നുറക്കെ ചിരിച്ചു എന്നിട്ടു പറഞ്ഞു .

” ശരിയാണ് വഴിയില്‍ കിടന്ന വാല്‍ എന്റേതാണ് പക്ഷെ ഇനി അതെനിക്കു വേണ്ട നീ തന്നെ അതെടുത്തോളു ”

” എന്ത്? തനിക്കു വാല്‍ വേണ്ടെന്നോ ? വാലില്ലാതെ എങ്ങിനെ കഴിഞ്ഞു കൂടും ”?

” ഞങ്ങടെ വാല്‍ ശത്രുക്കളീല്‍ നിന്നും രക്ഷപ്പെടാനുള്ളതാ ശത്രു വന്നാല്‍ ഞങ്ങള്‍ വാല്‍ മുറിച്ചിട്ടു തടി തപ്പും !”

” അപ്പോ ശത്രു ഇനിയും വന്നാലോ ? വാലാട്ടിക്കുരങ്ങന്‍ അന്വേഷിച്ചു.

ചെല്ലന്‍ പല്ലി പറഞ്ഞു ”ഞങ്ങള്‍ക്ക് ഒരു വാല്‍ പോയാല്‍ വീണ്ടും പുതിയതു വരും. അതു പോയാല്‍ പിന്നെയും വരും ”

ചെല്ലന്റെ മറുപടീ കേട്ട് വാലാട്ടിക്കുരങ്ങനു നാണക്കേടു തോന്നി. തന്റെ വാലിനേക്കാള്‍ അത്ഭുതശക്തിയുള്ളതാണ് പല്ലിയുടെ വാലെന്നു അവനു മനസിലായി. പിന്നെ വാലാട്ടിക്കുരങ്ങന്‍ ഒരിക്കലും വാലിനെക്കുറിച്ചോര്‍ത്ത് അഹങ്കരിച്ചിട്ടില്ല.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here