കലങ്ങിയ പുഴകളും തെളിഞ്ഞ പുഴകളും

 

 

 

 

 

സങ്കല്പിക്കാനും കഥ പറയാനുമുള്ള കഴിവാണ് മനുഷ്യനെ ഇന്നത്തെ
നിലയിൽ എത്തിച്ചതെന്നു യുവൽ നോവ ഹരാരി.

പരസ്പരം കണ്ടിട്ടും കേട്ടിട്ടും അറിഞ്ഞിട്ടുമില്ലാത്ത
കോടാനുകോടി മനുഷ്യരെ കഥകൾ പറഞ്ഞു വിശ്വസിപ്പിച്ചു കൂട്ടിക്കെട്ടുന്ന വലിയൊരു ജാലവിദ്യയാണ് മതവും രാഷ്ട്രസങ്കല്പമുൾപ്പെടെയുള്ള എല്ലാ കൂട്ടായ്മകളുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അങ്ങനെ ജയിക്കാനായി മാത്രം ജനിച്ചവരുടെയും ആര്യരക്തമുള്ളവരുടെയും
വെളുത്ത നിറമുള്ളവരുടെയും വെട്ടിപ്പിടിക്കാൻ
നിയോഗപ്പെടുത്തിയവരുടെയും അവകാശപ്പെട്ട വാഗ്ദത്തഭൂമി
അന്വേഷിക്കുന്നവരുടെയും മർദ്ദകന്റെയും മർദ്ദിതന്റെയും
ചൂഷകന്റെയും ചൂഷിതന്റെയും രമണന്റെയും രമണിയുടെയും
രാവണന്റെയും രാക്ഷസന്റെയുമൊക്കെ മതങ്ങളും രാജ്യങ്ങളും
സംഘടനകളും ഉണ്ടാകുന്നു.

തന്റെ താല്പര്യം ശ്രോതാവിന്റെയും താല്പര്യമാക്കി
മാറ്റുന്നയാളാണ് വിജയിക്കുന്ന കഥാകാരൻ.

വിശ്വസനീയമായ കഥമെനഞ്ഞു മനുഷ്യരെ കൂട്ടിക്കെട്ടി നയിക്കുന്നവർ നല്ല കഥാകാരന്മാരും നല്ല നേതാക്കളുമാകുന്നു.

കഥപറഞ്ഞു ആളെക്കൂട്ടുന്ന കലാപരിപാടിയിൽ ഏറെക്കുറെ
വിജയിച്ചവരാണ് അലക്സാണ്ടർ ചക്രവർത്തിയും ഹിറ്റ്ലറും. എന്നാൽ
അവരുടെ കഥകൾക്ക് തുടക്കത്തിൽ കിട്ടിയ ജനപ്രീതി തുടർന്നു
നിലനിർത്താനായില്ല. കഥാകാരന് ചില താല്പര്യങ്ങളുണ്ട്. അതിനാണ്
അയാൾ കഥപറയുന്നത്. അതു നല്ലതും ചീത്തയുമാകാം. പലപ്പോഴും
അതു നാടുവാഴിക്കെതിരെയും വ്യവസ്ഥക്കെതിരെയുമുള്ള
പ്രതിഷേധവുമാകാം. അതുകൊണ്ട് മിക്ക കഥകളിലും പുറംകഥയും
അകംകഥയുമുണ്ട്

കഥ പറഞ്ഞു ആളെ കൂട്ടുന്നതിന്റെ വലിയ സാധ്യത
മനസ്സിലാക്കിയവരാണ് ഇന്നത്തെ നേതാക്കൾ. നല്ല കഥപറഞ്ഞാൽ
ആളുകൂടും. ആളു കൂടിയാൽ അർത്ഥവും പദവിയും വരും. അങ്ങനെ
അവർ കഥകൾ പറഞ്ഞു തുടങ്ങി; മാറ്റിയെഴുതിത്തുടങ്ങി. ഹിന്ദുവിന്റെ
കഥയിൽ അല്പംപോലും ഹിന്ദുവില്ലാതെയും ക്രിസ്ത്യാനിയുടെയും
മുസ്ലിമിന്റെയും ബുദ്ധന്റെയുമൊക്കെ കഥകളിൽ പേരിനു പോലും
അവരാരുമില്ലാതെയും വരുന്നതും അങ്ങനെയാണ്. മാർക്സ് പറഞ്ഞ
കഥയുടെ തുടർച്ചയാണോ പിന്നാലെ വന്നവർ പറയാൻ ശ്രമിക്കുന്നത്
എന്നും നാം സംശയിക്കുന്നുണ്ട്. പീഡനം അനുഭവിച്ച ഒരു ജനതയെയാണോ ഇന്ന് നാം ഇസ്രായേലിൽ കാണുന്നത്? അവിടെ
പാലും തേനും ഒഴുകുന്നുണ്ടോ എന്നറിയില്ല. എന്നാൽ
അയൽവാസികളുടെ കണ്ണീരും ചോരയും അവർക്ക് ചുറ്റും
ഒഴുകിപ്പരക്കുന്നതു നാം കാണുന്നുണ്ട്.

സെന്റ് പീറ്റേഴ്സ് ബർഗ് നഗരമാണ് ഡോസ്‌റ്റോവസ്കിയുടെ
‘കുറ്റവും ശിക്ഷയും ‘ എന്ന രചനയുടെ പശ്ചാത്തലം. സ്വജീവിതം
മെച്ചപ്പെടുത്തുന്നതിന്നായി ചേക്കേറിയെത്തുന്ന കച്ചവടക്കണ്ണുള്ളവരുടെയും അപരിചിതരുടെയും ആൾക്കൂട്ടമാണ് നഗരം. മലിനവും ദരിദ്രവും
ശുഷ്കവുമായ കാഴ്ചകളെ പരിഹസിച്ചുയർന്നു നിൽക്കുന്ന ധനികന്റെ
ആർഭാടക്കാഴ്ചകൾ. പണപ്പുളപ്പിലും ദാരിദ്ര്യത്തിലും ഇരുട്ടിലും
ഇടവഴികളിലും നഷ്ടമാകുന്ന സദാചാരവും സന്മാർഗ്ഗവും.

റസ്ക്കോൽനിക്കൊവ് നിയമ വിദ്യാർത്ഥിയാണ് —
വ്യവസ്ഥയുടെ കാവലും നടത്തിപ്പുമാകേണ്ടയാൾ. ദാരിദ്ര്യം അയാളെ
വല്ലാതെ വിഷമിപ്പിക്കുന്നു. അതു മറികടക്കാൻ നേരായ വഴിയൊന്നും
അയാൾക്ക് തെളിഞ്ഞു കാണുന്നില്ല. അയാൾ സന്ദേഹിയും ചഞ്ചലനുമാണ്. പാറപോലെയുറച്ച വിശ്വാസിയായ പത്രോസിനെ പ്രഘോഷിക്കുന്ന സെന്റ് പീറ്റേഴ്സ് ദേവാലയത്തിന്റെ സാന്നിധ്യവും അയാളെ ശുഭചിത്തനാക്കുന്നില്ല. ഉള്ളവനും ഇല്ലാത്തവനും എങ്ങനെയുണ്ടായി; മതവും ദൈവവും വ്യവസ്ഥയെ തുണക്കുന്നുണ്ടോ; ആരാണ് അയാളെ നഗരവാസിയും ദരിദ്രനുമാക്കിയത്; ദാരിദ്ര്യം കുറ്റമാണോ; അയാളെ ശിക്ഷിക്കാൻ ആർക്കാണ് അധികാരം – എന്നൊക്കെയാവാം ഡോസ്‌റ്റോവ്സ്‌കി ഉയർത്തുന്ന ചോദ്യങ്ങൾ.

മനുഷ്യർ കൂട്ടംകൂടി തുടങ്ങിയ സാഹചര്യങ്ങൾ, നഗരം,
രാഷ്ട്രം എന്നിവ പോലുള്ള സമൂഹക്രമങ്ങൾ, കലാകാരന്റെയും
എഴുത്തുകാരന്റെയും ചിന്തകന്റെയും പങ്ക് — ഇവയെക്കുറിച്ച്
പറയുകയാണ് ഡോസ്‌റ്റോവ്സ്ക്കിയും ഹരാരിയും.

നിലനിൽപ്പാണ് ഏറ്റവും വലിയ ശരി എന്നു കരുതുന്നൊരു
ജീവിതപരിസരത്തിൽ മരവും മരംകേറിയും മരണഗന്ധികളായ
മഹാഹിംസ്രങ്ങളുമായി അനുനിമിഷം മല്ലിടേണ്ടി വന്ന മനുഷ്യൻ തന്റെ ജീവിതപരിസരം മെച്ചമാക്കുന്നതിന്റെ ഭാഗമായല്ലേ സമൂഹജീവിതം തിരഞ്ഞെടുത്തത്? അതുവരെ ഒറ്റയൊറ്റയായി കഴിഞ്ഞവരുടെ ഒരു കൂട്ടായ്മ; പൊതുശത്രുവിനെതിരെ ഒന്നിച്ചു നിൽക്കാനുള്ള ഒരു താൽക്കാലിക ഉടമ്പടി; സ്വാർത്ഥപ്രേരിതമായ ഒരു ഒത്തുചേരൽ.

പൊതുശത്രുവിന്റെ നാശമാണത് ലക്ഷ്യമിട്ടത്. അതുകൊണ്ടു തന്നെ
സമൂഹമെന്ന വ്യവസ്ഥയും ഹിംസാധിഷ്ഠിതമല്ലേ?

യഥേഷ്ടമുണ്ടെങ്കിൽ മത്സരമില്ല; സമ്പാദ്യത്തിന്റെ ആവശ്യവുമില്ല. പരിമിതവിഭവയാണ് പ്രകൃതി എന്ന തിരിച്ചറിവല്ലേ
മത്സരമുണ്ടാക്കുന്നത്? സമൂഹജീവിതത്തിനും മത്സരത്തെ
ഒഴിവാക്കാനായില്ല. അതു ചില പേടികളും ആധികളും മാറ്റി; ചില
സുരക്ഷിതത്വങ്ങൾ നൽകി. ഒപ്പം ചില നഷ്ടങ്ങളുമുണ്ടായി: നാടോടിയുടെ
സ്വാതന്ത്ര്യം പോയി; കൂട്ടുത്തരവാദിത്തത്തിന്റെ അധികചുമതലകൾ വന്നു ചേർന്നു; അതൃപ്തമായ പങ്കുവയ്ക്കലുകൾക്കു നിന്നു കൊടുക്കേണ്ടിവന്നു; കൂട്ടംകൂടലും ഒരിടത്തു തങ്ങിനിൽക്കലും വിഭവദാരിദ്ര്യം ഉണ്ടാക്കി. കൂട്ടായ്മ കൊണ്ടു അതിനെ മറികടക്കുന്നതിനു പകരം ഒറ്റയൊറ്റയായി മറികടക്കാനുള്ള സഹജവാസന തിക്കിത്തിരക്കി മുന്നിലെത്തി. സ്വന്തമായ നീക്കിവെക്കലുകളെക്കുറിച്ചു ചിന്തിച്ചു തുടങ്ങി.

ചലനലോകമാണ് നമുക്ക് ചുറ്റും. അഭംഗുരം ചലിക്കുന്ന
ഭൂമിയും സൂര്യചന്ദ്രന്മാരും ഗ്രഹങ്ങളും നക്ഷത്രങ്ങളും. സദാ ചലിക്കുന്ന
ഭൂമിയെ അക്ഷാംശ രേഖാംശങ്ങളുടെ അഴിക്കുള്ളിലാക്കിയും
മുന്നോട്ടെന്ന നാട്യത്തിൽ പിന്നോട്ടു പോകുന്ന, വൃത്തചലനങ്ങളുടെ
തനിയാവവർത്തനമായ സമയസൂചികയെ വരുതിയിലാക്കിയും ഒഴുകുന്ന നദിയെ തടയണ കെട്ടിത്തടഞ്ഞും ഇണബന്ധങ്ങളെ നിശ്ചലതയോളം നിജപ്പെടുത്തിയും .അസ്ഥിരമായ ഭൂമിയിൽ സ്ഥിരനും നാഗരികനുമാകാൻ തയ്യാറെടുക്കുന്ന നാടോടി. നിശ്ചലതയും നിയന്ത്രണവും ആവർത്തനവും യാന്ത്രികതയും – അതാണ് നഗരത്തിന്റെയും നാഗരികന്റെയും മുഖം.

സമ്പാദ്യവ്യഗ്രരാണിന്നു നമ്മൾ. നാടോടി സമ്പാദിച്ചില്ല.
സമൂഹജീവിതമല്ലേ നമ്മിൽ സമ്പാദ്യത്തെക്കുറിച്ചുള്ള ചിന്തകളും
കൊണ്ടുവന്നത്? നാളേക്കും ക്ഷാമകാലത്തേക്കും വാർധക്യത്തിലേക്കുമുള്ള
കരുതൽ. എത്ര സമ്പാദിക്കണം? അതേക്കുറിച്ചു ആർക്കും അത്ര
നിശ്ചയമുണ്ടായിരുന്നില്ല. ആറടിമണ്ണു മതിയെന്ന് ടോൾസ്റ്റോയ് പറഞ്ഞതു
ആരും മുഖവിലക്കെടുത്തില്ല. മരണത്തെക്കുറിച്ചുള്ള
അനിശ്ചിതത്വമായിരിക്കണം എത്ര സമ്പാദിക്കണം എന്നതിനെക്കുറിച്ചുള്ള
നമ്മുടെ ധാരണകളെയും അനിശ്ചിതമാക്കിയത്. കൂടുതൽ
സമ്പാദിക്കുന്നവൻ കൂടുതൽ കേമനെന്നാണ് നാം പൊതുവിൽ പഠിച്ചത്.
അങ്ങനെ നാം അളവും അതിരുമില്ലാതെ സമ്പാദിച്ചു തുടങ്ങി.
.
വിഭവദാരിദ്ര്യവും മത്സരവും സമ്പാദ്യശീലവും നമ്മെ
കാലുവെന്ത നായകളാക്കി. എങ്ങുമുറയ്ക്കാതെ ഓടിനടന്നു നമ്മൾ.
അന്വേഷണങ്ങൾ, ആരായലുകൾ, കണ്ടെത്തലുകൾ. കടലിലും
കടലിന്നഗാധതകളിലും കരയിലും കാണാക്കരയിലും ആകാശത്തിലും
ആകാശത്തിന്നപ്പുറവും ഗ്രഹങ്ങളായ ഗ്രഹങ്ങളിലും
ഗ്രഹങ്ങൾക്കുമപ്പുറവും നീണ്ടുനീണ്ടു ചെന്ന അന്വേഷണങ്ങൾ.
എവറസ്റ്റിന്റെ മഞ്ഞുമൂടിയ മുകൾപ്പരപ്പിലേക്കും ശാന്തസമുദ്രത്തിന്റെ
അത്യഗാധങ്ങളിലേക്കും അന്റാർട്ടിക്കയുടെയും ആർട്ടിക്കയുടെയും
മഞ്ഞുറഞ്ഞയിടങ്ങളിലേക്കും എത്തിനോക്കുന്നതും ചതുപ്പിലേക്ക്
കാലെത്തിച്ചു നോക്കും പോലെ ചന്ദ്രനിലും ചൊവ്വയിലുമൊക്കെ
യന്ത്രക്കാലുകൾ എത്തിച്ചു നോക്കുന്നതുമൊക്കെ കേവലവിജ്ഞാന
തൃഷ്ണകളെക്കാളേറെ നാടോടിത്തത്തിന്റെ ഗൃഹാതുരതകൾക്കൊപ്പം
ദാരിദ്ര്യനിർമാർജ്ജനത്തിന്റെ അന്വേഷണവഴികളെയും
ഓർമപ്പെടുത്തുന്നില്ലേ? ദാരിദ്രത്തെയും മത്സരത്തെയും മറികടക്കാനുള്ള
മറ്റൊരു വഴിക്കുള്ള ശ്രമമമല്ലേ കോവിഡ്? മനുഷ്യർ മാത്രം കൂട്ടത്തോടെ
ചത്തൊടുങ്ങുന്നു; വിഭവങ്ങൾ യഥേഷ്ടം ബാക്കിയാകുന്നു; മത്സരം
ഇല്ലാതാകുന്നു. അവശേഷിക്കുന്നവർക്കു ബഹുകുശാൽ. സന്തോഷം
നിറഞ്ഞ ജീവിതം!

സമ്പാദ്യമൊരു നഗരചിന്തയാണ്. ഒരു വളഞ്ഞുവയ്ക്കലും
മറ്റുള്ളവർക്കു നിഷേധിക്കലുമാണത്. ഒരു സ്വർത്ഥത.
സമൂഹജീവിതത്തിന്റെ മൂർദ്ധന്യതയിൽ സമ്പാദ്യചിന്തയും
സ്വകാര്യസ്വത്തും ഇല്ലാതാകുമെന്നും എല്ലാവർക്കും ഒരേ പാത്രത്തിൽ
ഭക്ഷണം കഴിക്കാനാകുമെന്നും മാർക്സ് കരുതി. എന്നാലിന്ന്
സമ്പാദ്യത്തോടും അണുകുടുംബത്തോടുമൊക്കെയുള്ള ആഭിമുഖ്യം കൂടി
വരികയാണ്. കൂട്ടായ്മയിലെ ഒറ്റതിരിയൽ. നാടോടിയിൽ നിന്നു
നാഗരികനിലേക്കും നേരേതിരിച്ചും ഊയലാടുന്ന പെൻഡുലം.

മരത്തണൽ ഒരോർമ്മയാണ് — നാടോടിത്തത്തിന്റെ ഓർമ്മ.
പിന്നിട്ട കാഴ്ചകളും മണവും ശബ്ദങ്ങളും സ്വസ്ഥനിമിഷങ്ങളിൽ വീണ്ടും
മനസ്സിലേക്കെത്തുന്നു. നാടോടി തങ്ങിനിന്നില്ല; സ്വസ്ഥനായില്ല. അതുകൊണ്ട്
ഓർമ്മയും ഇല്ല. ഓർമ്മ ഒരു നഗരസൃഷ്ടിയാണ്. ബഷീറും
കുഞ്ഞിരാമൻനായരും ജോസ് ആർക്കേഡിയോ ബുവേണ്ടിയയും
മരത്തണലിലിരുന്നു പഴയ നാടോടിജീവിതം ഓർക്കുകയാവും. വിലാസം
മറ്റൊരു നഗരസൃഷ്ടിയാണ്.’ കുളങ്ങര’ യെന്ന വിലാസവുമായി നാടായ
നാടെല്ലാം ചുറ്റുന്ന സന്തോഷ് ജോർജ്ജ് നാടോടിയെ ഉള്ളിൽപ്പേറുന്ന
നാഗരികനാണ്.

നാടോടിയുടെ കുപ്പായത്തിന് മേൽ നഗരവാസിയുടെ കുപ്പായമിട്ടപ്പോളുള്ള വിയർക്കലും വീർപ്പുമുട്ടലും. നഗരവാസിയുടെ
കുപ്പായം ചിലപ്പോഴൊക്കെ അഴിച്ചുവെച്ചു നാടോടിയുടെ കുപ്പായം
ധരിച്ചു നാം. മാർക്കോപോളോയും ഫാഹിയാനും ഷുവാൻസാങ്ങും
ഇബ്നുബത്തൂത്തയും ഡേവിഡ് ലിവിങ്സ്റ്റനും യൂറിഗഗാറിനും
ആംസ്ട്രോങ്ങും ഖസാക്കിലെ രവിയും പൊറ്റക്കാടും സന്തോഷ് ജോർജ്
കുളങ്ങരയുമൊക്കെ അങ്ങനെ നാടോടിക്കുപ്പായം ഇടക്കിടെ
ധരിക്കുന്നവരാണ്. മെൽക്വിയാഡിസ് നാടോടിയായിരുന്നു. ജോസ്
ആർക്കേഡിയോ ബുവേണ്ടിയാകട്ടെ നാടോടിക്കും നാഗരികനും ഇടയിൽ
കുഴങ്ങി. അവരെ നമുക്ക് പരിചയപ്പെടുത്തിയ മാർകേസിന് അത്തരം
കുഴക്കങ്ങൾ ഒന്നുമില്ലായിരുന്നു. പ്രകൃതിയിലെ മത്സരത്തെക്കുറിച്ചും
സമ്പാദ്യശീലത്തെക്കുറിച്ചും നന്നായി മനസ്സിലാക്കിയ മഹാജ്ഞാനിയായ
അദ്ദേഹത്തിനും പക്ഷെ സ്വന്തം മരണത്തെക്കുറിച്ചോ എത്ര
സമ്പാദിക്കണമെന്നതിനെക്കുറിച്ചോ മുൻകൂട്ടി അറിയാൻ കഴിഞ്ഞില്ല.
അദ്ദേഹത്തിന്റെ മരണശേഷവും വലിയൊരു സമ്പാദ്യം അവശേഷിച്ചു.

‘ഞാൻ മാത്രം ശരി’ എന്നു ചിന്തിക്കുന്നവരുടെ ലോകമാണിത്.
ഞാൻ ശരി, അതുകൊണ്ടു എന്നോടു ചേർന്നു നിൽക്കുന്നതൊക്കെയും —
എന്റെ വീടും കുടുംബവും ജാതിയും മതവും ഞാൻ വിശ്വസിക്കുന്ന
ദൈവവും എന്റെ നാടും നാട്ടാരും ഭാഷയും വേഷവും
കക്ഷിരാക്ഷ്ട്രീയവും എന്റെ പ്രിയപ്പെട്ട രാജ്യവുമെല്ലാം — എനിക്ക്
ശരിയിൽ കുറഞ്ഞു ഒന്നുമല്ലാതെ വരുന്നു

ഒരാൾ മാത്രമേയുള്ളപ്പോൾ ശരി മാത്രമേയുള്ളൂ. ഒന്നിലേറെപ്പേർ
ഒത്തു കൂടുമ്പോഴാണ് ശരിതെറ്റുകളെക്കുറിച്ചുള്ള ചിന്തയും വരുന്നത്.
ശരിതെറ്റുകളെക്കുറിച്ചുള്ള ഒരു സുദീര്ഘ ചർച്ചയല്ലേ മനുഷ്യചരിത്രം —
ക്രിസ്തുവും നബിയും അരിസ്റ്റോട്ടിലും പ്ളേറ്റോയും സോക്രട്ടീസും
വോൾട്ടയറും റൂസൊയും മാർക്സും എംഗൽസും ഗാന്ധിജിയും
ഐൻസ്റ്റീനും ടോൾസ്റ്റോയിയും ദോസ്റ്റോവ്സ്കിയും ടാഗോറും
ശ്രീനാരായണ ഗുരുവും അലക്സാണ്ടർ ചക്രവർത്തിയും നെപോളിയനും
ഹിറ്റലറും കൊളംബസും വാസ്കോ ഡി ഗാമയും ഒ. വി. വിജയനും
എം.ടി.യുമൊക്കെ പങ്കെടുത്ത ഒരു ചർച്ച? ശരിതെറ്റുകളുടെ
തീർച്ചപ്പെടുത്തലിനാണ് നാം ജനാധിപത്യം കൊണ്ടു വന്നത്.
ഭൂരിപക്ഷത്തിന്റെ ശരി (തെറ്റുമാകാം) ന്യൂനപക്ഷത്തിന്റെ മേൽ
ആധിപത്യമുറപ്പിക്കുന്നതിനല്ലേ ജനാധിപത്യം എന്നു പറയുന്നത്?
‘ഭൂരിപക്ഷത്തിന്റെ ശരി’ ‘തങ്ങളുടെ ശരി’ അല്ലെന്നറിഞ്ഞും
അംഗീകരിക്കേണ്ടി വരുന്നവർ അറിഞ്ഞു കൊണ്ടു വിഷം പാനം
ചെയ്യുന്നവരെപ്പോലെയല്ലേ? രണ്ടു കലങ്ങിയ പുഴകൾ ഒത്തുചേർന്നു ഒരു തെളിഞ്ഞപുഴയെ കലക്കുന്നതാണ് ജനാധിപത്യം എന്നു കരുതുന്ന
ഒട്ടേറെപ്പേരുണ്ട്. ഹിംസാധിഷ്‌ഠിതമായ ഒരു സമൂഹത്തിന്റെ
ചാലകസംവിധാനം എന്ന നിലയ്ക്കും ഭൂരിപക്ഷം ന്യൂനപക്ഷത്തേ
ഹിംസിക്കുന്നു എന്ന നിലയ്ക്കും ജനാധിപത്യവും ഹിംസാത്മകമല്ലേ?

സമൂഹജീവിതത്തോട് ചേർന്നു വന്ന സമ്പാദ്യശീലം ഹിംസയുടെ
തോത് കൂട്ടി. പ്രകൃതി പരിമിതവിഭവയായതിനാൽ ഒരാൾ എത്ര കൂടുതൽ സമ്പാദിക്കുന്നുവോ അത്ര കണ്ടു അപരന് കുറയുകയും അത്ര കണ്ടു അയാൾ മരണത്തോട് അടുക്കുകയും ചെയ്യും.

എല്ലാ ഉടമ്പടികളും ത്യാഗങ്ങളും വിട്ടുവീഴ്ചകളുമാണ്.
സമൂഹമെന്ന ഉടമ്പടിയും അങ്ങനെ തന്നെയല്ലേ? അതുവരെ
ഒറ്റയൊറ്റയായി നിന്നവർ ഒന്നിച്ചു നിൽക്കാൻ തീരുമാനിക്കുന്നു; ‘തന്റെ
ശരി’ യുടെ മേൽ ‘സമൂഹത്തിന്റെ ശരി’ യെ പ്രതിഷ്‌ഠിക്കാൻ
സന്നദ്ധനാകുന്നു; അതുവരെ അക്രമിയായി നടന്നവൻ ക്രമത്തിന്റെ
മൂശയിലേക്ക് സ്വയംവാർന്നു വീഴാൻ പാകത്തിൽ ദ്രവരൂപിയാകുന്നു ;
അതുവരെ അഴിഞ്ഞു നടന്നവൻ ബന്ധനത്തിന്റെ നുകംപേറാൻ സ്വയം
നിന്നുകൊടുക്കുന്നു; അതുവരെ കൊന്നുംതിന്നും നടന്ന മാംസാഹാരി
രായ്ക്കുരാമാനം സസ്യാഹാരിയാകുന്നു. അതാണോ സത്യം?

അന്നത്തെ യൂറോപ്പിലെ ദുരിതമനുഭവിക്കുന്ന തൊഴിലാളികളോട് ചൂഷണത്തെക്കുറിച്ചും വർഗ്ഗസ്നേഹത്തെക്കുറിച്ചും
മാർക്സ് പറഞ്ഞു. തുടർന്ന് നടന്ന ലോകയുദ്ധത്തിൽ അതേ
തൊഴിലാളികൾ താന്താങ്ങളുടെ രാജ്യത്തെ സൈന്യത്തിൽ ചേർന്നു
പരസ്പരം കൊന്നൊടുക്കിയത് കാണാൻ അദ്ദേഹം ജീവിച്ചിരുന്നില്ല.
അദ്ദേഹത്തിന്റെ ആശയങ്ങളിൽ പ്രചോദിതരായി ഒരു നവരാഷ്ട്രം തന്നെ യഥാര്ഥമാക്കിയ റഷ്യ, വർദ്ധിതവീര്യത്തോടെ അയൽരാജ്യങ്ങളിക്കൊക്കെ ഇരച്ചുകയറി. രണ്ടാം ലോകയുദ്ധത്തിലെ കൊലകളിൽ ഗണ്യമായ പങ്ക് അവരുടെതായിരുന്നു. പത്തുലക്ഷത്തിലധികം പേരെ കൊന്നൊടുക്കി
ചൈനയിൽ ചുവന്നപൂക്കൾ വിരിയിച്ച മാവോയുടെ പിൻഗാമികൾ
സാമ്രാജ്യത്വത്തിന്റെയും ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും
അധിനിവേശത്തിന്റെയും ആയുധ ഇടപാടുകളുടെയും
അസഹിഷ്ണുതകളുടെയും ഹിംസകളുടെയും പേരിലല്ലേ
ഇന്നറിയപ്പെടുന്നത്? രണ്ടാം ലോകയുദ്ധത്തിൽ ഏറ്റവും ദുരിതമനുഭവിച്ച
ഒരു ജനത പിന്നീട് ഇസ്രായേൽ എന്ന രാജ്യമായി ലോകത്തിലെ ഏറ്റവും വലിയ ആയുധക്കച്ചവടക്കാരായി; അയൽരാജ്യങ്ങളിലെ ജനങ്ങളെ അങ്ങോളമിങ്ങോളം പീഡിപ്പിക്കുന്നവരായി. അഹിംസ പറഞ്ഞ ഗാന്ധിജി പറഞ്ഞു വായ്പൂട്ടും മുമ്പേ ലോകയുദ്ധത്തിന്റെ ബോംബ് അദ്ദേഹത്തിന്റെ കാൽകീഴിൽ വീണുപൊട്ടി. സ്നേഹമെന്നും
കരുണയെന്നും സമാധാനമെന്നുമുള്ള വാക്കുകൾ ഏറ്റവും കൂടുതൽ
ഉപയോഗിച്ച ക്രിസ്തുവിന്റെ അനുയായികളാണ് ലോകത്തെ വലിയ
യുദ്ധങ്ങളുടെയും അധിനിവേശങ്ങളുടെയും വെട്ടിപിടുത്തങ്ങളുടെയും
ഹിംസകളുടെയും ചൂഷണങ്ങളുടെയും പിന്നിലെന്നാണ് ചരിത്രം
പറയുന്നത്.

സമൂഹജീവിതം നമുക്ക് വിശ്രമവേളകൾ തന്നു. നമ്മൾ
പാട്ടുപാടി, കൂത്തടിച്ചു. പ്രമാണികൾക്കാണ് അതിനുള്ള സമയം കൂടുതൽ
കിട്ടിയതു. അവരെ രസിപ്പിക്കാൻ കലാകാരൻ വന്നു. അയാൾ
പ്രമാണിയുടെ ആശ്രിതനായി. തനിക്കു ഇഷ്ടപ്പെട്ട കലാകാരന് പ്രമാണി
പട്ടുംവളയും പാരിതോഷികങ്ങളും കൂടുതൽ നൽകി. അങ്ങനെ കിട്ടാത്ത
ശുഷ്‌കജീവിയും ഭീരുവുമായ കലാകാരൻ തന്റെ വിഷമങ്ങൾ പറയാൻ
കലയിൽ ഒരു ഗൂഢഭാഷയുണ്ടാക്കി. പ്രത്യക്ഷത്തിൽ ഒളിയുന്ന
അപ്രത്യക്ഷം. അതു പലപ്പോഴും പ്രമാണിക്കും വ്യവസ്ഥക്കുമെതിരെയള്ള
പ്രതിഷേധങ്ങൾ തന്നെയായിരുന്നു. വ്യവസ്ഥക്കെതിരെ പറയുന്ന
കലാകാരൻ മാറ്റത്തിന്റെയും മാർഗദർശനത്തിന്റെയും
വക്താവായി.(വിപണനതന്ത്രമെന്ന നിലയിൽ ഇടയ്ക്കെപ്പോഴോ
കലാകാരൻ സ്വയമെടുത്തണിഞ്ഞ ഒരു കുപ്പായമായിരിക്കണമത്.)
പ്രത്യക്ഷത്തിൽ ഒളിക്കുന്ന അപ്രത്യക്ഷമാണ് നല്ല കലയെന്നും
നമ്മുക്കിടയിൽ ഒരു ധാരണയുമുണ്ടായി.

ദോസ്‌റ്റോവ്സ്‌കിക്കു കലാപ്രവർത്തനം ഒരു ശുദ്ധീകരണമായിരുന്നു:
സ്വയംശുദ്ധീകരിക്കാനും സമൂഹത്തെ ശുദ്ധീകരിക്കാനും അതു
അദ്ദേഹത്തിന് ഉപകരിച്ചു. അക്കാലത്ത് കല ഒരു ധനസമ്പാദനമാർഗവും
അല്ലായിരുന്നു. ചുറ്റുമുള്ള ദാരിദ്ര്യം അദ്ദേഹത്തിനും അകമ്പടിയായി.

കാലം പോയി. കലാപ്രവർത്തനം ധനസമ്പാദനത്തിനുള്ള
വലിയൊരു മാർഗമാണിന്നു. തന്റെ കലാസൃഷ്ടിയെ ചൊല്ലി വലിയ
വിലപേശൽ നടത്തുന്ന കലാകാരനെ നാമിന്നു കാണുന്നു.
കലാപ്രവർത്തനം സമൂഹത്തിനു വേണ്ടിയാണെങ്കിൽ എന്തിനതിന്
വിലയിടുന്നു, എന്തിനു അതിന്മേൽ വിലപേശൽ നടത്തുന്നുവെന്നും
വ്യവസ്ഥയെ മാറ്റാൻ കലാപ്രവർത്തനം നടത്തുന്നു എന്ന്
അവകാശപ്പെടുന്ന കലാകാരൻ എന്തിനു വ്യവസ്ഥാ ബന്ധിത
വിപണിയെ ഇത്രയധികം പ്രോത്സാഹിപ്പിക്കുന്നുവെന്നും നമ്മൾ
ആശയക്കുഴപ്പത്തിൽപ്പെടുന്നു.

അപ്പൻ ക്രമമാണ് നമ്മുടെ വ്യവസ്ഥ. വ്യവസ്ഥാബന്ധിത
സമൂഹത്തിന്റെ തുടക്കം മുതലുള്ളൊരു ഗോത്രാചാരം. പള്ളിയായാലും
പള്ളിക്കൂടമായാലും പഞ്ചായത്തായാലും പാര്‍ലമെന്റായാലും അപ്പൻ
തന്നെ മുഖ്യകർമ്മി. ക്രമം കൊണ്ടുവരാനുള്ളോരു ഏർപ്പാട്. അപ്പന്
മാത്രം അരിയാഹാരമെന്നും അപ്പന് അടുപ്പിലും തൂറാമെന്നും
കേട്ടുവളർന്നു നാം. അപ്പനായാൽ കിട്ടുന്ന
അധികതുംഗപദവികളെക്കുറിച്ചു എല്ലാവരും നമ്മോടു പറഞ്ഞു.
അതെക്കുറിച്ചു സ്വപ്നം കാണാൻ പരിശീലിപ്പിക്കുന്നതായി നമ്മുടെ
വിദ്യാഭ്യാസം. പ്രഥമസ്ഥാനീയനാകാനും നോട്ടം കിട്ടുന്നിടത്തു നിൽക്കാനും — നോട്ടം കിട്ടുന്നിടത്തു നിന്നാലെ നേട്ടം കിട്ടൂ — അതു നമ്മെ ഉപദേശിച്ചു. നമ്മോടൊപ്പം ഒരേ ബെഞ്ചിലിരുന്ന കലാകാരനും
മറ്റൊന്നായിരിക്കില്ലല്ലോ പഠിച്ചിട്ടുണ്ടാവുക?

അതിനകം നിഗൂഢഭാഷയിൽ മാത്രം പറഞ്ഞു പരിശീലിച്ച,
സമ്പാദ്യത്തിൽ അതിജാഗ്രത കാണിച്ചു തുടങ്ങിയിരുന്ന കലാകാരൻ
കാലത്തിനൊത്തു വീണ്ടും മാറി. മൊത്തം സമൂഹത്തോടായി അയാളുടെ
ആശ്രിതത്വം. മൊത്തം സമൂഹവും അയാളുടെ വിപണിയായി. മൊത്തം
സമൂഹത്തെയും പ്രീണിപ്പിക്കുന്ന ഒരു വിപണനതന്ത്രം അയാൾ
ആവിഷ്കരിച്ചു. അയാളുടെ കല കൂടുതൽ നിഗൂഢമായി. അയാൾ
മത്സരങ്ങളുടെയും സമ്പാദ്യത്തിന്റെയും ഭാഗമായി; അപ്പനാകാനുള്ള
പരിശീലനത്തിൽ ഏർപ്പെട്ടു; വ്യവസ്ഥാവിധേയനായി. പട്ടും വളയും
മോഹിച്ചു. തനിക്കു ചുറ്റും നടക്കുന്ന പലതും കാണാതെയും
കേൾക്കാതെയുമായി. കാതലായ ഒന്നിനോടും പ്രതികരിക്കാതെയായി.
തന്റെ കലയുടെ കാശ് കണക്കു പറഞ്ഞു വാങ്ങാനല്ലാതെ
വായ്തുറക്കില്ലെന്നായി.

സങ്കല്പലോകമാണ് നമുക്ക് ചുറ്റും. സദാ ചലനനിരതനായ
നാടോടിയിൽ നിന്നും സ്വസ്ഥനായ നാഗരികനിലേക്ക്
മാറിയപ്പോഴായിരിക്കണം നാം സങ്കല്പിക്കാൻ തുടങ്ങിയത്. മാനത്തെ
അമ്പിളിമാമനെ എത്തിപ്പിടിക്കുന്നതും പുഷ്പകവിമാനമേറിപ്പറക്കുന്നതും
വിദൂരഗ്രഹങ്ങളിൽ കൂടുകൂട്ടുന്നതുമൊക്കെ നാം സങ്കല്പിച്ചു. അജയ്യമായ നമ്മുടെ ഇച്ഛാശക്തി അതൊക്കെ നമുക്ക് സാധ്യമാക്കിത്തന്നു. സമത്വസുന്ദരവും സ്നേഹപൂർണ്ണവുമായൊരു ക്ഷേമലോകസങ്കല്പമാണ് ക്രിസ്തുവും നബിയും ബുദ്ധനും മാർക്സും ഗാന്ധിജിയുമൊക്കെ വിഭാവനം ചെയ്തത്. ഓരോരുത്തരും അവരവർക്ക് ആവശ്യമുള്ളത് മാത്രമെടുത്താൽ ദാരിദ്ര്യം മാറിപ്പോകുമെന്നു പറഞ്ഞ ഗാന്ധിജിയും അഞ്ചപ്പം കൊണ്ടു അയ്യായിരം പേർക്ക് തൃപ്തിപ്പെടാം എന്നു നമുക്ക്
കാണിച്ചു തന്ന ക്രിസ്തുവും ഒരു സമത്വസുന്ദര ലോകം വിഭാവനം
ചെയ്ത മാർക്സുമൊക്കെ നമ്മെ ഒന്നിച്ചിരുത്തി
കൊണ്ടുപോകാവുന്നൊരു സങ്കല്പരഥത്തെക്കുറിച്ച് പേർത്തും പേർത്തും
ആലോചിച്ചവരാണ്.

ആളുകൾ ആവശ്യമുള്ളതിലും കൂടുതൽ എടുക്കുന്നതാണ്
ദാരിദ്ര്യത്തിന് കാരണമെന്നു റസ്ക്കോൽനിക്കോവിന് തോന്നുന്നുണ്ടാവും .

അയാൾ വ്യവസ്ഥക്കെതിരെ പ്രതിഷേധിക്കുന്നു. വ്യവസ്ഥയെ കൊല്ലാൻ
ശ്രമിക്കുന്നു. ഡോസ്‌റ്റോവസ്കിയും റസ്ക്കോൽനികോവും വ്യവസ്ഥയിലേക്ക് മടങ്ങിവരുന്നുണ്ട്. വ്യവസ്ഥയില്ലാതെ ഇനി ജീവിക്കാനാവില്ല എന്നാവാം ഉദ്ദേശിക്കുന്നത്.

അടിത്തട്ടിലെ വെള്ളാരങ്കല്ലുകൾ കാണാവുന്ന തെളിഞ്ഞപുഴ ഇപ്പോഴും നമ്മെ കൊതിപ്പിക്കുന്നുണ്ടു. സ്നേഹമെന്നും കരുണയെന്നും വിശ്വാസമെന്നും ത്യാഗമെന്നും സഹവർത്തിത്തമെന്നും
സമാധാനമെന്നുമൊക്കെ ആവർത്തിച്ചു പറഞ്ഞ ക്രിസ്തുവിനെയും
നബിയെയും ബുദ്ധനെയും മാർക്സിനേയും ഗാന്ധിജിയേയുമൊക്കെ നാം
കൂടെക്കൂടെ ഓർക്കുന്നുമുണ്ട്. സമൂഹജീവിതത്തിൽ നിന്നൊരു
മടങ്ങിപ്പോക്കില്ലെന്നു നമുക്കറിയാം. എന്തൊക്കെ കുറവുകളുണ്ടെങ്കിലും
ജനാധിപത്യമാണ് നിലവിൽ സമൂഹത്തിന്റെ ശരിതെറ്റുകളെ
കണ്ടെത്താനുള്ള ഏറ്റവും നല്ല വഴിയെന്നും നാം മനസിലാക്കിയിട്ടുണ്ട്.
ചരിത്രത്തിലേക്ക് നോക്കി നാം ആരെന്നും എന്തെന്നുമൊക്കെ കുറെ
ധാരണകളും രൂപപ്പെടുത്തിയിട്ടുണ്ട്. ജീവിതത്തെക്കുറിച്ചും
മരണത്തെക്കുറിച്ചും കുറച്ചൊക്കെ നമുക്ക് മനസ്സിലായിട്ടുണ്ടെന്നും
തോന്നുന്നു.

വലിയ അർത്ഥങ്ങളുള്ള ചെറിയൊരു വാക്കാണ് ‘
മതി’ നമ്മുടെ നാവിനു എളുപ്പത്തില്‍ വഴങ്ങുന്നൊരു വാക്ക് .

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here