കാലം വിധിക്കുന്നു

dali2-ptt

“കാലം” തന്റെ കൊട്ടാരത്തില്‍ ഉച്ചയൂണും കഴിഞ്ഞ് വിശ്രമിക്കുമ്പോഴാണ് മനസ്സാകുന്ന കമ്പ്യൂട്ടറില്‍ ഭൂമിയിലെ ഒരു വിചിത്ര മനുഷ്യന്റെ ചിത്രം തെളിഞ്ഞു വന്നത്!?  പേര് ഉണ്ണിമേനോന്‍.  പ്രായം കിറുകൃത്യം 75 വയസ്സും 7 മാസവും 7 ദിവസവും.  6 അടി ഉയരം.  ഒത്ത ശരീരം.  വട്ട മുഖം.  ഉണ്ട കണ്ണുകള്‍.  ചോരനിറം തൊട്ടെടുക്കാവുന്ന വെളുത്തു ചുവന്ന ശരീരം.  ഇടതൂര്‍ന്ന കറുകറുത്ത ചുരുണ്ട മുടി.  വെളുവെളുത്ത പല്ലുകള്‍.  കപ്പടാ മീശ.

ദീര്‍ഘകാലം പട്ടാളത്തില്‍ ഡ്രൈവറായിരുന്നു മേനോന്‍.  പിന്നെ കെ.എസ്.ആര്‍.ടീ.സി. യില്‍ ഡ്രൈവറായി.  അതിനുശേഷം കുറേകാലം ഏതോ പ്രൈവറ്റ് കമ്പനിയില്‍.  70 വയസു തികഞ്ഞപ്പോള്‍ സ്വയം പിരിഞ്ഞിങ്ങു പോന്നു.

നിയമപ്രകാരമുള്ള ഭാര്യ ഒന്ന്.  ജീവനുണ്ട്.  പക്ഷെ, സ്ഥിരം കിടപ്പിലാണ്.  തളര്‍വാതം!  മക്കള്‍ മൂന്ന്.  എല്ലാം തലതിരിഞ്ഞത്.  വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വേണ്ടാത്തവര്‍.  മക്കളുടെ വളര്‍ച്ചയില്‍ നേരാംവണ്ണം നിയന്ത്രിക്കാന്‍ തക്കസമയത് പിതാവ് സ്ഥലത്തില്ലാതെ പോയി.  അതാ കാരണം.  നിയമപ്രകാരമല്ലാത്ത ഭാര്യ ഒന്ന്.  അതില്‍ രണ്ടു മക്കള്‍.  രണ്ടും ഉദ്യോഗസ്ഥര്‍.  അന്തസ്സോടെ മാന്യമായി  ജീവിക്കുന്നു.

മേനോന്‍റെ മുന്നില്‍ നാട്ടുകാരും കൂട്ടുകാരും പഞ്ചപുച്ഛമടക്കി നില്‍ക്കുകയാണ്.  കാരണം ഇന്ന് മിലിട്ടറി കോട്ട കിട്ടുന്ന ദിവസം.  എല്ലാവരും കുപ്പി വിലകൊടുത്തു വാങ്ങാന്‍ വന്നവര്‍!  അവര്‍ക്ക് മുന്നില്‍ മേനോന്‍ ഞെളിഞ്ഞുനിന്ന് വീരവാദം വിളമ്പുകയാണ്.

“…അല്ലാ.. എന്നെ കണ്ടാല്‍ എത്ര വയസ് തോന്നിക്കും…?”

“…ഒരു…50 – 55….അതിനപ്പുറം തോന്നില്ല..”

“സത്യം…?  എന്നാല്‍ ഞാന്‍ ശരിക്കുള്ള വയസ്സ് പറയാം.  എനിക്ക് 75 കഴിഞ്ഞു.  എന്റെ ഒറ്റ മുടിപോലും നരച്ചിട്ടില്ല.  പല്ല് ഒറ്റെണ്ണം കൊഴിഞ്ഞിട്ടില്ല.  ഓര്‍മ്മയില്‍ എനിക്കൊരു പനിപോലും വന്നിട്ടില്ല.  ഇത് കണ്ടോ എന്റെ കൈയിലേം നെഞ്ചിലേം മസിലുകള്‍!   ഉരുക്ക് ശരീരമാ എന്റേത്.  ഞാന്‍ ഇറച്ചി കഴിക്കും.  മുട്ട കഴിക്കും.  മീന്‍ വറുത്തു കരിച്ച് കഴിക്കും.  കള്ള് കുടിക്കും.  പുക വലിക്കും.  എന്നിട്ടും ഒരസുഖവും എനിക്കില്ല.  പ്രഷറില്ല.  ഷുഗറില്ല.  കൊളസ്ട്രോളില്ല…”

“സമ്മതിച്ചിരിക്കുന്നു.  മേനോന്‍ ചേട്ടന്‍ ഒരത്ഭുത മനുഷ്യന്‍ തന്നെ!?…ചേട്ടാ നേരം പോകുന്നു.  ആ കുപ്പി ഇങ്ങു തന്നാല്‍ ഞങ്ങള്‍ക്ക് പോകാമാരുന്നു..?”

“ഓ.  ഞാനത് മറന്നു.  ഇതാ പിടിച്ചോ…”  ജനം പിരിഞ്ഞു പോയി.

“കാലം” ചിന്തിക്കുകയാണ്.  ആ മേനോന്റെ സംസാരത്തില്‍ ഒരിത്തിരി അഹങ്കാരം കയറിക്കൂടിയിട്ടില്ലേ..?  ഉണ്ട്.  ഇത്തിരിയല്ല. ഇത്തിരി കൂടുതലുണ്ട്?  അതങ്ങ് അനുവദിച്ചു കൊടുക്കാന്‍ പറ്റുമോ?  പറ്റില്ല..?

“..കാലാ….?”  “കാലം” തന്റെ മനസ്സാകുന്ന മൊബൈലില്‍ കൂടി “കാല” നെ വിളിച്ചു.

“എന്താ “കാലം”..?” “കാലന്‍” ചോദിച്ചു.

“ഞാന്‍ അല്‍പ്പം മുന്‍പ് കണ്ട ആ ഉണ്ണി മേനോനില്ലേ?  അവന്റെ “സമയം” എന്നാ…?”

“ഇപ്പൊ പറയാം..”  “കാലന്‍”  കമ്പ്യൂട്ടറില്‍ നോക്കി.

“ഇന്ന് തന്നെ.  ഇന്ന് രാത്രി കൃത്യം 10.30 ന്”

“ഒരു കാര്യം ചെയ്യ്.  ഇന്നവനെ എടുക്കണ്ട.  അവനു അല്‍പ്പം തലക്കനമുണ്ട്.  അഹങ്കാരം.  അതുകൊണ്ട് അവനെ ഒരു പാഠം പഠിപ്പിച്ചിട്ട് എടുത്താല്‍ മതി.”

“ശരി. “കാല”ത്തിന്റെ ഇഷ്ടം.  എന്നത്തേയ്ക്ക് കൊടുക്കണം ഡേറ്റ്?”

“ഒരു മൂന്നു മാസം കഴിയട്ടെ.  മൂന്നാം മാസം ഇതേ ദിവസം ഇതേ സമയം.  ഓക്കേ?”

“ഓക്കെ.  പുതിയ ഡേറ്റ് കൊടുത്തിരിക്കുന്നു”

അന്ന് രാത്രി മൃഷ്ടാന്ന ഭോജനം കഴിഞ്ഞ് പതിവ് “കോട്ടാ”യും വിട്ട് കിടക്കാനുള്ള വട്ടം കൂട്ടുകയാണ് മേനോന്‍.  പെട്ടെന്ന് അടിവയറ്റില്‍ ഒരു ഉരുണ്ടുകേറ്റം!?  വേദന ക്രമേണ കൂടികൂടി വന്ന് ശിരസ്സിലേക്ക് ഇടിച്ചു കയറുന്നു!!?

“..അ..യ്യ്..യ്യോ…!?…ആരെങ്കിലും ഓടിവായോ..?”  അടിവയര്‍ നെക്കിപ്പിടിച്ചു പുളയുകയാണ് മേനോന്‍.  അടുത്ത മുറിയില്‍ ചുരുണ്ടുകൂടി കിടക്കുന്ന സ്വന്തം ഭാര്യ നിലവിളി കേട്ടെങ്കിലും എണീറ്റ്‌ വരാന്‍ അവര്‍ക്ക് കഴിയില്ലല്ലോ?  പാവം! തളര്‍വാതം!  മക്കളാണെങ്കിലോ ഒറ്റെണ്ണം വീട്ടിലില്ല.  ഊര് ചുറ്റാന്‍ പുറത്ത് പോയിരിക്കുവാ.  നിലവിളി അത്യുച്ചത്തിലായി.  അയല്‍വീടുകളില്‍ നിന്നും ആരൊക്കെയോ ഓടിവന്നു.  പൊക്കിയെടുത്ത് ആശൂത്രീലെത്തിച്ചു.  തല്‍ക്കാലം വേദനയ്ക്കുള്ള ഇന്‍ജെക്ഷന്‍ കൊടുത്തു.  പാവം ഉറങ്ങിപ്പോയി.

പിറ്റേ ദിവസം ബ്ലഡ്‌,  യൂറിന്‍ തുടങ്ങി പലപല ടെസ്റ്റുകളും നടത്തി.  പിന്നെ സ്കാന്‍ ചെയ്തു.  രോഗം സ്ഥിരീകരിച്ചു.  “ആമാശയ ക്യാന്‍സര്‍”!!

അതിനുള്ള ചികില്‍സ ആരംഭിച്ചു.  ആദ്യം റേഡിയേഷന്‍. റേഡിയേഷന്റെ ഫലമായി ഛര്‍ദ്ധിയും വയറിളക്കവും.  രണ്ടാഴ്ച കൊണ്ട് അജാനബാഹുവായിരുന്ന മേനോന്‍ അവശഗാത്രനായി!!  മെലിഞ്ഞു മെലിഞ്ഞ് അശുവായി!  പിന്നെ ശിശുവായി!!

അടുത്ത ചികിത്സ കീമോത്തെറാപ്പി.  ഫലം കറുകറുത്ത മുടികള്‍ കൊഴിഞ്ഞു.  വെളുവെളുത്ത മേനി കറുകറുത്തു.  പല്ലുകള്‍ കൊഴിഞ്ഞു.  പ്രെഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ ഇവയെല്ലാം കളിക്കൂട്ടുകാരായി.  വെറും വെള്ളംപോലും കുടിക്കാന്‍ പറ്റാത്ത അവസ്ഥ!  പിന്നെങ്ങനെ മദ്യം വലിച്ചുകേറ്റും?  കഞ്ഞിപോലും കഴിക്കാന്‍ വയ്യ.  പിന്നെങ്ങനെ ഇറച്ചിയും മുട്ടയും മീനും വെട്ടിവിഴുങ്ങും?

അവസാനം നാട്ടുകാരുടെയും കൂട്ടുകാരുടെയും വീട്ടുകാരുടെയും മുന്നില്‍ വെറുമൊരു “കോമാളി”യായി കിടന്നു മേനോന്‍!!

അങ്ങനെ കിറുകൃത്യദിവസം കിറുകൃത്യസമയത്ത് ഉണ്ണിമേനോന്‍   നിലം പതിച്ചു!!

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here