എന്റെയും നിന്റെയും പൂമുഖത്ത്
വീണ്ടുമൊരു പുതുവര്‍ഷം.
നാമിവിടെ ജീവിക്കുകയായിരുന്നു….എന്തിനോ..
ജന്മം എന്ന സമസ്യാപൂരണത്തിന്…?
ഇനിയെന്തിനു ഖേദിക്കുന്നു ,
നേരമ്പോക്കില്‍ തുടങ്ങി നേരായിത്തീര്‍ന്ന
ജീവിതമെന്ന മഹാമേരുവിനെ
ജീവന്റെ ഉള്‍പ്രേരണയില്‍ ബന്ധിപ്പിച്ചു
നാമെവിടെയൊക്കെയോ പായുന്നു .
എന്റെയും നിന്റെയും നിശ്വാസത്തില്‍
ഉരുകിയൊലിച്ചുപോയ കാലം ..
എന്നിട്ടും എന്തോ , അറിയാത്തതെന്തോ
ഈണം നഷ്ടപ്പെട്ട ഈണത്തില്‍ നാമറിഞ്ഞു.
അര്‍ത്ഥമില്ലാത്ത സ്നേഹ ഗാഥയുടെ ഈരടികള്‍.
മുജ്ജന്മങ്ങള് ശവതാളം ആടിതിമിര്‍ക്കുന്നതും
നാമറിഞ്ഞിട്ടും ഒരുമിച്ചാടുകയായിരുന്നു….
നമ്മുടെ കണ്ണുകളുടെ തീക്ഷ്ണ ഗര്‍ത്തങ്ങളില്‍
സ്നേഹത്തിന്റെ നീര്‍ച്ചാലുകള്‍ വരണ്ടുണങ്ങി…..
മനസ്സെന്ന മഹാ പ്രഹേളികയുടെ ഈര്‍പ്പം…
നഷ്ടപ്പെട്ട ജന്മങ്ങള്‍ക്ക് നനവേകിയില്ല..
പാഥേയം നഷ്ടപ്പെട്ട തളര്‍ന്ന പഥികനെപ്പോലെ
സ്നേഹത്തിന്റെ വറുതിയില്‍
ഹൃദയം പൊള്ളിപിടഞ്ഞു …..ജീവിതം
കയ്യാലകള്‍ തകര്‍ന്നു വീണ വഴിയമ്പലം.
കരുണയുടെ കയ്യൊപ്പുകള്‍ കാത്തു
കാലത്തിന്റെ പടിപ്പുരവാതിലില്‍
കൊടും മഴയത്ത് ഇരുളില്‍,
ഇടിമിന്നലിന്റെ
സാന്ത്വന വെട്ടത്തിനായ് ,മരവിച്ച
ആത്മാവിനോട് സംവദിക്കാനാവാതെ
തരിച്ചു നിന്നു…..
ഒരിക്കലും അണയാത്ത ,
രാക്കാറ്റ് ഊതി കെടുത്താത്ത
യാഗാഗ്നിയായ്.
nice