മുകുന്ദന്‍ മാഷുടെ ജില്ല കിരീടത്തില്‍ മുത്തമിട്ടു എന്ന് കേട്ടപ്പോള്‍ ലേശം വൈക്ലബ്യം തോന്നിയെങ്കിലും മാഷെ പോയിക്കാണാനുള്ള പൂതി കലശലായി. അഭിപ്രായങ്ങളില്‍ വ്യതസ്തയുണ്ടെങ്കിലും കലയുടെ കാര്യത്തില്‍ ഞങ്ങള്‍ സമാനതകള്‍ ഏറെ.
വാതില്ക്കിളിയെ കരയിച്ച് കാത്തിരിക്കുമ്പോള്‍ കാലില്‍ നിന്നും മേലോട്ടൊരു വിറയല്‍ ഇരച്ച് കയറി. വാതില്‍ തുറന്ന സുഭദ്ര ടീച്ചറുടെ വലം കയ്യില്‍ ആവി പാറുന്ന ചട്ടുകം. മനസ്സില്‍ ഒന്നൂടി തീയാളി.
‘ഓ, മാഷായിരുന്നോ.. ഞാന്‍ നിരീച്ചു കലോത്സവത്തില്‍ പങ്കെടുത്ത ഏതെങ്കിലും കുട്ടികള്‍ അവരുടെ സന്തോഷം അറിയിക്കാന്‍ വന്നതായിരിക്കുമെന്ന്..മാഷിരിക്ക്.. ഈടയുള്ളയാള് ആസനത്തിലാ.. ശീര്‍ഷാസനം..അടുത്തയാണ്ടിലേക്കുള്ള തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു..’
കോത്ത് വലിച്ചുടുത്ത കാവിമുണ്ട് ഗുഹ്യഭാഗത്ത് നിന്നും അടര്‍ത്തിമാറ്റി നിറഞ്ഞ ചിരിയോടെ മാഷ് രംഗ പ്രവേശനം ചെയ്തു.
പിന്‍സ്റ്റേജിലേക്ക് എങ്ങനെയോ വലിഞ്ഞു കയറി വന്ന ഒരു വിരുതന്‍ അണിയറയില്‍ നിന്നും ഉടുമുണ്ട് ഉയര്‍ത്തിക്കാട്ടിയത് അപ്പോള്‍ ഓര്‍മ്മ വന്നു.
‘മാഷെന്താ ചിരിക്കുന്നത്…കലോത്സവത്തിന്റെ ഹാങ്ങോവര്‍ ഇപ്പോഴും ദുര്ഭൂതത്തെപ്പോലെ വേട്ടയാടുന്നുണ്ടെന്നു തോന്നുന്നു..’
ഒരുവിധത്തില്‍ ചിരി ഒതുക്കുമ്പോഴേക്കും സുഭദ്ര ടീച്ചര്‍ ചുടുചായയുമായെത്തി. ചൂടാറാത്ത ചട്ടുകം കയ്യിലൊളിപ്പിച്ചിട്ടുണ്ടോ എന്ന് പേടിച്ചു.
‘പ്രാതല്‍ കഴിക്കുന്നതില്‍ വിരോധമില്ലെങ്കില്‍ എടുക്കട്ടെ…’
‘കഴിച്ചു. അത് കഴിഞ്ഞ് എണ്ണ തേച്ച് ഇളം ചൂട് വെള്ളത്തില്‍ സുഖമായൊന്ന് കുളിച്ചു. അത് കഴിഞ്ഞപ്പോഴേക്കും മാഷേ കാണണമെന്ന പൂതി മനസ്സിലുദിച്ചു. നേരെ സ്കൂട്ടിയെടുത്ത് ഇങ്ങട്ട് പോന്നു…കഴിഞ്ഞ ഒരു മാസത്തിലധികമായി കലാഭ്യാസത്തില്‍ കുട്ടികളെ പ്രാപ്തരാക്കിയ മാഷ് അടുത്ത തവണത്തേക്ക് എന്തെല്ലാം വിദ്യകളാ പരിശീലിപ്പിക്കുന്നതെന്നറിയാനുള്ള ഒരാകുലത.. അഭ്യാസന ധനം സര്‍വ്വധനാല്‍ പ്രദാനം എന്ന് നമ്മുടെ പഴഞ്ചൊല്ല് തിരുത്തേണ്ടിയിരിക്കുന്നു മാഷേ..’
‘ചില വിവരദോഷികളുടെ അടതടവുകള്‍ കണ്ടപ്പോള്‍ എളുപ്പത്തില്‍ ഇങ്ങനെ തലയൂരിപ്പോരുമെന്ന്‍ സ്വപ്നേപി നിരീച്ചതല്ല..?’
നമ്പൂരി മാഷ് വിസ്തരിച്ചൊന്നു ചിരിച്ചു.
‘എന്റെ കളി കൂടുതലും അണിയറയിലായിരുന്നല്ലോ..അതിനാല്‍ അത്രയധികം ദുശ്ശീലങ്ങള്‍ രക്ഷിതാക്കളില്‍ നിന്നും ഇരന്ന് വാങ്ങേണ്ടി വന്നില്ല..’
‘അടുത്ത ആണ്ടുകളില്‍ ഇത്തരം ആക്ഷേപങ്ങളുടെ അതിപ്രസരങ്ങളില്‍ നിന്നും രക്ഷനേടാന്‍ മാഷ്ക്കെന്തെങ്കിലും അടവുകള്‍ നിര്‍ദ്ദേശിക്കാനുണ്ടോ..?’
‘അതിനുള്ള തയ്യാറെടുപ്പുകള്‍ ഞാനിപ്പോഴേ ആരംഭിച്ചു കഴിഞ്ഞു.. സ്വയരക്ഷക്കുള്ള ചില പദ്ധതികളൊക്കെ മനസ്സിലുണ്ട്..അവയില്‍ ചിലത് താഴെ അക്കമിട്ടെഴുതാം..’
1)കളരിയും കരാട്ടെയും നിര്‍ബന്ധമായും നാം പരിശീലിക്കണം.
2)പോലീസുകാരെപ്പോലെ കുറുവടി ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിക്കും. വല്ലഭനും പുല്ല് ആയുധമെന്നപോലെ അത്യാസന്ന ഘട്ടത്തില്‍ എടുത്ത് പ്രയോഗിക്കാന്‍ തോക്കും കഠാരയും വേണമെങ്കിലാവാം.
3)വാഹനമോടിക്കുന്നവര്‍ക്ക് മാത്രമല്ല കലോത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്കും ഹെല്‍മെറ്റ് സംവിധാനം വേണം.
4)കലോത്സവത്തിനെത്തുന്ന ജഡ്ജസിന് ഇന്ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കും.
ഇത്രയുമായപ്പോഴേക്കും മുകുന്ദന്‍ മാഷുടെ ഞരമ്പുകളില്‍ നിര്‍ലോഭമായ ഒരു ഉത്സാഹം നുരഞ്ഞു. ദിവാസ്വപ്നങ്ങള്‍ പറ പറന്നു.
‘വിദ്യ കുറഞ്ഞാലും നമ്മുടെ കുട്ടികള്‍ അഭ്യാസത്തിന്റെ കാര്യത്തില്‍ മുന്നോക്കക്കാരായിത്തീരും..അല്ലെ മാഷേ..?’’
‘അതിലെന്താ ഇത്ര സംശയം?’
എന്‍റെ കണ്ണുകള്‍ അടുക്കള ഭാഗത്തേക്ക് പാളി.
‘ഇനി വരുമ്പം സുഭദ്ര ടീച്ചറുടെ കയ്യില്‍ ചൂടുള്ള ചട്ടുകമോ..അതോ ചൂലോ..?’
കലഹ കലാപ കോലാഹലങ്ങളുടെ വേദിയൊഴിയാത്ത ആരവവും അലയൊലിയും നിറഞ്ഞ തുടര്‍രാവുകളെക്കുറിച്ച് മുകുന്ദന്‍ മാഷ് പിന്നെയും ഒരുപാട് സ്വപ്നങ്ങള്‍ നെയ്തു.