ഒരിക്കല്‍ ഒരു ചെറുപ്പക്കാരന്‍ ജോലി അന്വേഷിച്ച് വീട്ടില്‍ നിന്നിറങ്ങി അയാള്‍ യാത്ര പുറപ്പെട്ടപ്പോള്‍ അമ്മ ഇടങ്ങഴി അരി ഒരു സഞ്ചിയിലാക്കി കൊടുത്തയച്ചു.
അയാള്‍ പല സ്ഥലത്തുംജോലി തേടി നടന്നു ഒരിടത്തും ജോലി കിട്ടിയില്ല. നടന്നു നടന്നു ക്ഷീണീച്ചു . വിശപ്പും സഹിക്ക വയ്യാതായി. വിശ്രമത്തിനായി ഒരു സത്രത്തില്‍ ചെന്ന് കയറി.
അവിടെയുണ്ടായിരുന്ന കിണറില്‍ നിന്ന് കുറെ വെള്ളം മുക്കിക്കുടിച്ചു. കലവും വിറകും തീയും കിട്ടിയിരുന്നെങ്കില്‍ അരി വച്ച് കഞ്ഞി കുടിക്കാമായിരുന്നു എന്നയാള്‍ വിചാരിച്ചു.
അയാള്‍ അങ്ങനെ നില്‍ക്കുമ്പൊള്‍ അരിവെക്കാന്‍ പറ്റിയ ഒരു കലവുമായി ഒരു യാത്രക്കാരന്‍ ആ സത്രത്തിലേക്കു കയറി വന്നു. അയാളൂം വിശപ്പടക്കാന്‍ ആഹാരം തേടിയാണ് അവിടെ എത്തിയത്. സത്രത്തില്‍ ആഹാരം ഉണ്ടായിരുന്നില്ല. ആഹാരം കിട്ടാനുള്ള മാര്‍ഗത്തെ പറ്റി അയാള്‍ ആലോചിച്ചു ഒരു വഴിയും കണ്ടില്ല.
കുറെ കഴിഞ്ഞപ്പോള്‍ തലയിലൊരു ചുമടു വിറകുമായി ഒരു വിറകുവെട്ടുകാരന്‍ അവിടെ വന്നു. അയാളും വിശന്നു വലഞ്ഞാണ് വന്നത് ആഹാരം കിട്ടാന്‍ മാര്‍ഗമുണ്ടോ എന്ന് അയാള്‍ ആരാഞ്ഞു ഒരു മാര്‍ഗവും കണ്ടെത്തിയില്ല.
അല്പ്പ സമയം കഴിഞ്ഞപ്പോള്‍ മറ്റൊരു യാത്രക്കാരന്‍ അവിടെ വന്നു. അയാളുടെ കയ്യില്‍ ഒരു തീപ്പട്ടിയുണ്ടായിരുന്നു. അയാളും വിശന്നു വലഞ്ഞാണ് എത്തിയത്. ആഹാരം ലഭിക്കാനുള്ള വഴിയൊന്നും അയാളും കണ്ടില്ല.
നാലു പേരും പരസ്പരം പരിചയപ്പെട്ടു. വിശപ്പുകൊണ്ട് അവശരാണെന്നു ഓരോരുത്തരും തമ്മില്‍ തമ്മില്‍ പറഞ്ഞു.
” ഓ ഇപ്പോഴല്ലേ കുറച്ചു കഞ്ഞി കിട്ടേണ്ടത് എന്റെ കയ്യില്‍ അരിയുണ്ടായിരുന്നു ” ആദ്യം വന്നയാള്‍ പറഞ്ഞു.
” അരിയുണ്ടെങ്കില്‍ എന്റെ കയ്യില്‍ കലമുണ്ട് ഞാന്‍ പോയി സത്രത്തിലെ കിണറ്റില്‍ നിന്നും വെള്ളം കോരിക്കൊണ്ടു വരാം എനിക്കും തരണം കഞ്ഞി” രണ്ടാമന്‍ അഭിപ്രായപ്പെട്ടു.
” നിങ്ങളുടെ കയ്യില്‍ അരിയും കലവും വെള്ളവുമുണ്ടെങ്കില്‍ ഞാന്‍ വിറകു തരാം എനിക്കും തരണം കഞ്ഞി ” എന്നായി മൂന്നാമന്‍.
തീയില്ലാതെ എങ്ങനെ ചോറുണ്ടാക്കും? മൂന്നു പേരും കൂടി ആലോചനയായി.
” എന്റെ കയ്യില്‍ തീപ്പട്ടിയുണ്ട് എനിക്കും കഞ്ഞി തരാമെങ്കില്‍ തീപ്പട്ടി തരാം” നാലാമന്‍ പറഞ്ഞു.
ഒരു തീപ്പട്ടിക്കൊളളി ചെലവഴിക്കുന്നവന് കഞ്ഞീകൊടുക്കുവാന്‍ സാധിക്കില്ലെന്ന് അരിയുടെ ഉടമസ്ഥന്‍ പറഞ്ഞു. ആ അഭിപ്രായത്തോട് മറ്റ് രണ്ട് പേരും യോജിച്ചു.
കഞ്ഞി തന്നില്ലെങ്കില്‍ തീപ്പട്ടിക്കൊള്ളി തരില്ലെന്നു നാലാമന്‍ പറഞ്ഞു .
നാലു പേരും തമ്മില്‍ തര്‍ക്കമായി തര്‍ക്കത്തിന് പരിഹാരമാര്‍ഗം നിര്‍ദ്ദേശിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
തര്‍ക്കം തീരാഞ്ഞത് കാരണം അവര്‍ കഞ്ഞി വച്ചില്ല. ഓരോരുത്തരുടേയും കയ്യിലുണ്ടായിരുന്ന സാധങ്ങള്‍ അവരവരുടെ കയ്യില്‍ തന്നെ ഇരുന്നു.
നാലു പേരും വിശപ്പു സഹിക്കാന്‍ വയ്യതെ പട്ടിണി കിടന്നു.
പരസ്പരം തര്‍ക്കങ്ങള്‍ പറഞ്ഞു കലഹിക്കാതെ സഹകരിച്ചിരുന്നെങ്കില്‍ ആര്‍ക്കും പട്ടിണീ കിടക്കേണ്ടി വരില്ലായിരുന്നു.