പത്ര വാർത്തകൾ ആശയവിനിമയത്തിനും അഭിപ്രായ രൂപീകരണത്തിനും സഹായിക്കുന്നു എന്ന് പത്രപ്രവർത്തനം പഠിപ്പിക്കുംപോൾ പഠിക്കാറുണ്ട് .പക്ഷെ വാർത്തകൾ കൊടുക്കുമ്പോൾ പലപ്പോളും തന്നെത്തന്നെ മറന്ന് വാർത്തകൾ കൈവിട്ടു പോകുന്നതിലെ അപകടങ്ങൾ പലപ്പോളും മാധ്യമ സുഹൃത്തുക്കൾ ചർച്ച ചെയ്യാറില്ല. പല പത്രങ്ങളും ലേഖകരും ഒരിക്കലും തെറ്റുപറ്റാത്ത വരായി സ്വയം കരുതുന്നു. പലപ്പോളും വട്ടമിട്ടിരുന്നു പടച്ചു വിടുന്ന വാർത്തകൾ വലിയ അപകടങ്ങൾ അഥവാ നഷ്ടങ്ങൾ ഈ രാജ്യത്തിനുണ്ടാക്കുന്നു . കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഷാർജ ചിൽഡ്രൻസ് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ പോയപ്പോൾ എന്റെ സുഹൃത്തും പാം ഐലൻഡിലെ ഹോട്ടൽ മാനേജരുമായ അജിത്, എന്നെയും ഒപ്പമുള്ള ഭാര്യയേയും ഹോട്ടലിലേക്ക് ക്ഷണിച്ചു . അവിടെ വച്ച് ജർമ്മൻകാരനായ ഒരാളെ പരിചയപ്പെട്ടു .
അജിത് അയാൾക്ക് എന്നെ പത്രപ്രവർത്തകൻ ആണെന്ന് പറഞ്ഞു പരിചയപ്പെടുത്തി. ഞാൻ ഇന്ത്യയിൽ നിന്നാണെന്നു പറഞ്ഞപ്പോൾ അയാൾക്ക് സന്തോഷമായി. സംസാരത്തിനിടെ ഇന്ത്യ അയാൾക്ക് വളരെ ഇഷ്ടമുള്ള രാജ്യമാണെന്നും ഗാന്ധിജി ആരാധ്യപുരുഷനാണെന്നും അയാൾ പറഞ്ഞു. സംസാരത്തിനിടയിൽ ഞാൻ ജർമനിയെ കുറിച്ച് അറിഞ്ഞിരിക്കുന്നതിന്റെ എത്രയോ ഇരട്ടി അയാൾ ഇന്ത്യയെ കുറിച്ച് അറിഞ്ഞിരിക്കുന്നു എന്ന് ഞാൻ മനസ്സിലാക്കി . ജീവിതത്തിൽ ദുബായിയെക്കാൾ അയാള് കാണാൻ കൊതിച്ചത് മനോഹാരിത നിറഞ്ഞ ഇന്ത്യയാണ് . പക്ഷെ ഇന്ത്യയിലേക്ക് ഭാര്യയോടൊപ്പം വരാൻ പേടിയാണ് പോലും . കാരണം ഇന്ത്യയിൽ ദിവസേന എത്ര ബലാൽസംഗം ആണ് നടക്കുന്നത് . ഈയ്യിടെയായി ഇന്ത്യയെ കുറിച്ചുള്ള തന്റെ ധാരണ തിരുത്തിക്കുറിക്കുകയാനെന്നും അയാള് പറഞ്ഞു.
” അങ്ങനെയല്ല സത്യം. ജർമനിയെക്കാൾ എത്രയോ വലിയ രാജ്യമാണ് ഇന്ത്യ . ജെർമനിയിലെ ജനസംഖ്യ 8 കോടിയിൽ ഏറെ അല്ലെ? ഇന്ത്യയിൽ 120 കോടിയാണ് . ഈ ജനസംഖ്യ വച്ച് താരതമ്യം ചെയ്യുമ്പോൾ ജർമനിയിൽ നടക്കുന്നതിന്റെ പകുതി ബലാൽസംഗമേ ഇന്ത്യയിൽ നടക്കുന്നുള്ളൂ”, ഞാൻ പറഞ്ഞു.
” പക്ഷെ എന്നും പലതരത്തിലുള്ള ബലാൽസംഗ വാർത്തകലാണല്ലോ കേൾക്കുന്നത് . അച്ഛൻ മകളെ.. അയൽക്കാരൻ മൂന്നു വയസ്സുകാരിയെ .. മുതലാളി വൃദ്ധയായ ജോലിക്കാരിയെ.. ഇതൊക്കെ ഇന്ത്യയിൽ നടക്കുന്നതല്ലേ ..” ജർമൻകാരൻ ചോദിച്ചു. ഞാൻ എന്ത് പറയും? നമ്മുടെ പത്രങ്ങൾ ഉണ്ടാക്കുന്ന ഇത്തരം സെൻസേഷൻ വാർത്തകൾ ഉണ്ടാക്കുന്ന അപകടം നോക്കൂ .
വാർത്തകൾ നൽകുന്നതിലല്ല കുഴപ്പം. അതിനെ പെരുപ്പിച്ചു കഥകൾ ചേർത്ത് വിന്യസിക്കുന്നതിലാണ് അപകടം . വിദേശികളുടെ കണ്ണിൽ ഇന്ത്യ ഒരു ബലാൽസംഗരാജ്യമായിരിക്കുന്നു.ഓരോ നാട്ടിലും നൂറുകണക്കിന് ബലാൽസംഗങ്ങൾ നടക്കുന്ന മട്ടിൽ വരുന്ന വാർത്തകൾ സത്യത്തെ കുടത്തിലടച്ചു കാപട്യത്തെ തുറന്നു വിടുന്നു . വാർത്തകൾക്ക് വായനക്കാരെ കൂട്ടാൻ, ഭരണക്കാരെ താറടിക്കാൻ കാണിക്കുന്ന ഈ സാമർഥ്യം എത്രയോ വിദേശികളെ ഇങ്ങനെ തെറ്റായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. ഫലമോ ? ഇന്ത്യയിലേക്ക് വരാനൊരുങ്ങുന്ന നൂറു കണക്കിന് വിദേശികൾ മറ്റു രാജ്യങ്ങൾ തേടി പോകുന്നു. ലക്ഷക്കണക്കിന് രൂപയുടെ വിദേശപ്പണം ഇതുമൂലം നമുക്ക് ഇല്ലാതാകുന്നു. പകരം കിട്ടുന്നത് ചീത്തപ്പേരും ! ഇന്ത്യക്കാർ എവിടെ ചെന്നാലും വിദേശികൾ നമ്മെ ഈ കണ്ണു കൊണ്ടല്ലേ കാണൂ .
ഒരു വാർത്തയിൽ പിടിച്ചു കയറിയാൽ അതിനെ എത്രമാത്രം വളച്ചൊടിച്ചു വൃത്തികേടാക്കി വിളമ്പാം എന്ന് ഇന്ത്യൻ മീഡിയ പഠിച്ചിരിക്കുന്നു . അത് നമുക്കുണ്ടാക്കുന്ന മുറിവുകൾ എത്ര വലുതാണെന്ന് എഴുതുന്നവർക്ക് മനസ്സിലാക്കാനാകുന്നില്ല. അല്ലെങ്കിൽ സ്വയം നിയന്ത്രിക്കാൻ അവർ തയ്യാറാവുന്നില്ല. ലോകത്ത് ഇവിടെ മാത്രമാകും ഈ തെമ്മാടിത്തം അരങ്ങേറുന്നത് , ഇവിടെ കിട്ടുന്ന അമിതമായ സ്വാതന്ത്ര്യം മീഡിയ പരമാവധി ദുരുപയോഗം ചെയ്യുന്നു. സോഷ്യൽ മീഡിയയുടെ കാര്യം പറയുകയും വേണ്ട. ജാതി ഭ്രാന്ത് ബാധിച്ച പേപ്പട്ടികൾ അവിടെ പരസ്പരം കടിച്ചു കീറുന്നു . പലതും വായിക്കുമ്പോൾ ഇന്ത്യ ഒരു വലിയ കലാപത്തിന്റെ വക്കിലാണെന്ന് തോന്നിപ്പോകും . ഒരു ശതമാനം പോലുമില്ലാത്ത ഇവർ ഈ രാജ്യത്തെ വിഷമയമാക്കി ജനങ്ങളെ തമ്മിലടിപ്പിക്കാൻ വഴിമരുന്നിടുന്നു .ചുരുക്കത്തിൽ ഇന്ത്യൻ മീഡിയ കടിഞ്ഞാണില്ലാത്ത കുതിരയായി മാറിയിരിക്കുന്നു.
മറ്റൊരു വിഷയം കൂടി പറയാം .
കേരളത്തിൽ ഇപ്പോൾ നടക്കുന്നത് നായ മാഹാത്മ്യം ആട്ടക്കഥയാണ്.ദിവസങ്ങളായി അത് തകർത്താടുകയാണ് . പലപ്പോളും പട്ടിയെക്കാൾ പേപിടിച്ചത് ഇതു എഴുതുന്നവർക്കാണെന്നു തോന്നും. മുഴുപ്പേജ് നായപുരാണം ഇല്ലാത്ത പത്രങ്ങൾ ഇപ്പോ കാണാനേ ഇല്ല.പട്ടികടിയുടെ വാർത്ത ഇല്ലെന്കിക്ൽ പത്രാധിപർ സ്വയം കടിച്ചു വാർത്ത ഉണ്ടാക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു ബലാത്സംഗ വാർത്തകളിൽ നിന്ന് കുറച്ചു മുക്തമായപ്പോൾ നമ്മെ പട്ടി കടിച്ചു . കൂട്ടത്തിൽ ഒരു വിദേശ വനിതക്കും കടി കിട്ടി . അതോടെ കേരളത്തിലെ പട്ടികൾ ജർമൻ പത്രങ്ങളിലും കിടന്നു കുരക്കാൻ തുടങ്ങി . കുരകേട്ട് ചെവി പൊട്ടുമെന്നായപ്പോൾ അവിടത്തെ സർക്കാർ ഇങ്ങോട്ട് വരാനൊരുങ്ങുന്ന സഞ്ചാരികൾക്ക് മുന്നറിയിപ്പ് നല്കി .കേരളം പട്ടികളുടെ നാടാണ് . കടി കിട്ടാതെ സൂക്ഷിക്കണം ! ഇതിന്റെ ഫലം ഊഹിക്കാമല്ലോ. ഇനി കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും നായയുണ്ട് , സൂക്ഷിക്കുക എന്ന ബോർഡ് തൂക്കിയിടാം . അതായത് കൂട്ടിൽ കിടക്കുന്ന നായയുടെ അവസ്ഥയിലേക്ക് കേരളം മാറിയിരിക്കുന്നു. നമ്മുടെ മീഡിയ ഇതറിയുന്നുണ്ടോ ? തിരിച്ചറിവില്ലാത്ത ഈ പോക്ക് നമുക്ക് ഒരുപാട് ദൂഷ്യം ചെയ്യും.
നല്ലൊരു മീഡിയ സംസ്കാരം ഇവിടെ ഉണ്ടാകുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ അത് വേണ്ട. അതുണ്ടാകില്ല .കാരണം പത്രങ്ങൾ തമ്മിലുള്ള മത്സരത്തിൽ പൊതുജനം എന്ന പാവം കഴുതക്ക് നോക്കുത്തിയായി നില്ക്കാനല്ലേ കഴിയൂ.നമ്മൾ നമ്മുടെ രാഷ്ട്രീയക്കാരെ സഹിക്കുന്നതു പോലെ ഏവരെയും സഹിക്കണം , ഈ എന്നെ അടക്കം !