കൈതാങ്ങ്

kaithangu

നിശീഥിനി തന്‍ നിശബ്ദതയില്‍

നിദ്രയെത്താത്ത യാമങ്ങളില്‍

തനിച്ചിരുന്നു തേങ്ങിടുമ്പോഴും

കാതോര്‍ത്തിരിക്കുന്നതെന്തിനോ

നിനച്ചിരിക്കാതെയെത്തുന്ന

പദനിസ്വനങ്ങള്‍ക്കോ

കദനങ്ങളേറെയുള്ള കരളില്‍

കര്‍ക്കിടകമാനം കണക്കെ ഇരുള്‍ പരന്നു

കനത്തുവിങ്ങുമ്പോഴും

കാത്തിരിക്കുന്നതെന്തിനോ

കേള്‍ക്കുവാനിടയില്ലാത്ത

പ്രിയതരമൊരു വാക്കിനോ

ദുഃഖഭാരമൊക്കെയും ഒറ്റയ്ക്ക്പേറി

നിറഞ്ഞുതുളുമ്പുന്ന മിഴികുടമാരും

കാണാതെയൊളിപ്പിച്ചുധൃതിപ്പെട്ട്

നടക്കവേ,തേടുന്നതെന്തിനോ

തെളിമാനം കണക്കെ തിളക്കമാര്‍ന്നൊരു

വദനത്തില്‍ പൂത്തുവിരിയുന്നൊരു

കുളിരേകും മന്ദസ്മിതത്തിനോ.

വാഴ്വിനങ്ങേയറ്റംവരെ ചുമടുതാങ്ങി

ചുമലു കഴച്ചിടുമ്പോഴും തേടുന്നതെന്തിനോ

കൊടുംവേനലില്‍ ഒരുമഴ ചാറ്റല്‍പോലെ

എത്തുന്നയൊരുകൈതാങ്ങിനോ.

വാഴ്വില്‍ കയ്പുള്ളതൊക്കെയും

പണിപ്പെട്ട് ചവച്ചിറക്കുമ്പോഴും

അലയുന്നതെന്തിനോ

കിട്ടാകനിയാം ഒരിറ്റുസ്നേഹത്തിനോ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English