എവിടെയാണു മറഞ്ഞിരിക്കുന്നു നീ
ഇവിടെ നിന്നെ ഞാൻ തേടുന്നു നായകാ..
കരളിലഗ്നി പടർന്നു കേറുമ്പൊഴും
ചിറകുവീശിത്തളർന്നു വീഴുമ്പൊഴും
കയ്യിലൊലീവിലക്കൊമ്പുമായ് നീ വരൂ
ശാന്തിമന്ത്രവും ചുണ്ടിൽക്കരുതിനീ
പാതിവക്കിൽ പതുങ്ങുന്നു കശ്‌മലർ
ഭീതിയോടെ മിഴിക്കുന്നു മൂങ്ങകൾ
പാതിവെന്ത ജഡങ്ങൾ ഭക്ഷിക്കുവാൻ
പാഞ്ഞടുക്കുന്നു നായും നരികളും
എവിടെയാണു മറഞ്ഞിരിക്കുന്നുനീ
ഇവിടെയവതാരം ചെയ്യുവാൻ നേരമായ്
തെരുവിലന്തിയിൽ ഗുണ്ടകൾ മേയുന്നു
ലഹരിയോടവർ വടിവാളുവീശുന്നു
ഇരയെനോക്കി നടക്കുന്നു കിട്ടിയാൽ
ഉടനെതന്നെ ഗളഛേദം ചെയ്യുന്നു
എവിടെയാണു മറഞ്ഞിരിക്കുന്നു നീ
ഇവിടെയവതാരം ചെയ്യുവാൻ നേരമായ്.
[ഏതു ചിന്തയാൽ വെന്തു സനാതനം?
ഏതു കൈകളിൽ രക്തം മണക്കുന്നു?
അണിയിൽ നിന്നുമകന്നുവോ നേതാക്കൾ?
ഭരണചക്രം തിരിക്കുന്നതാരൊക്കെ?]
ആർത്തനാദം മുഴക്കുന്നു ചുറ്റിലും
വീർത്ത പളളയും താങ്ങി, വിധവകൾ
കരുണയോടൊന്നു നോക്കുവാനാളില്ല
കവികൾക്കിന്നലെ കടമകൾ നഷ്‌ടമായ്!
എവിടെയാണു മറഞ്ഞിരിക്കുനീ
ഇവിടെ നിന്നെ ഞാൻ തേടുന്നു നായകാ…
സത്യനായകാ-ധർമ്മവും-നീതിയും
നിത്യവും ഭൂവിലേകുവാൻ നീ വരൂ
എവിടെയാണു മറഞ്ഞിരിക്കുന്നു നീ
ഇവിടെയവതാരം ചെയ്യുവാൻ നേരമായ്.
Generated from archived content: poem2_oct29_05.html Author: vivekanandan_munambam