അവൾ

ഉരുകുന്ന ചിന്തയായ്‌

വരളുന്ന നെഞ്ചുമായ്‌

ഒരുതുളളി ദാഹജലംതേടി

അവൾ, അലയുകയായിരുന്നു

ശപിക്കപ്പെട്ട ജന്മത്തിന്റെ

ദുഃഖഭാരവും പേറി

കനിവിന്റെ ഇത്തിരിവെളിച്ചത്തെ

അവൾ, തിരയുകയായിരുന്നു

അവഗണനയുടെ അഗ്നിയിൽ

വാടിവീണപ്പോഴും

സ്വപ്നങ്ങളുടെ ഹരിതവർണങ്ങൾ

അവൾ, തേടുകയായിരുന്നു

നിയമം നിർമ്മിച്ച

ചങ്ങലവലയിൽ

ഒരു മത്സ്യകന്യകയെപ്പോലെ

അവൾ, പിടയുകയായിരുന്നു.

നീതിബോധത്തിന്റെ ഉച്ചിയിൽ

ഉൽക്കയായ്‌ പതിച്ചപ്പൊഴും

സ്വാശ്രയത്തിനൊരു ബലിയായ്‌

അവൾ, തീരുകയായിരുന്നു

അധമൻമാരുടെ ചിന്തയിൽ

അർബുദത്തിന്റെ വിത്തുകൾ പാകി

പണവും പദവിയുമില്ലാത്തൊരു ലോക

ത്തിലേക്ക്‌

അവൾ, യാത്രയായി

‘മഹാന്മാ’രായ ചില അധികാരികളെങ്കിലും

മഹാദുഷ്ടന്മാരായ കാലത്ത്‌

അറിവിനെ തിരിച്ചറിവാക്കാൻ

അവൾ, ഒരു വിളക്കായ്‌ പ്രകാശിച്ചു.

Generated from archived content: poem1_nov25_06.html Author: vivekanandan_munambam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here