ചെപ്പടിവിദ്യക്കാരന്‍

ഗള്‍ഫ് ജീവിതത്തെക്കുറിച്ച് സ്വപ്നങ്ങളില്ലായിരുന്നു.

പക്ഷെ … വിവാഹാലോചന..

ഗള്‍ഫില്‍ ജോലിയുള്ളയാളാണെന്നു പറഞ്ഞു കേട്ടു.

പിന്നെ മരുഭൂമിയിലെ, സ്വര്‍ണ്ണമലകള്‍ക്കിടയിലൂടെ അത്തറരുവികള്‍ പതഞ്ഞൊഴുകുന്ന ഒരു സ്വപ്നലോകത്തായി മനസ്സ്..

സുഗന്ധത്തിന്റെയും …സമ്പത്തിന്റെയും ..മാസ്മരലഹരി പകരുന്ന സ്വപ്നഭൂമിയില്‍ ഒരു സ്പര്‍ശത്തിനു വേണ്ടിയുള്ള അടങ്ങാത്ത മോഹമായിരുന്നു.

ഒരു നെടുവീര്‍പ്പോടെ ഒന്നോര്‍ത്തു നോക്കി.

ഒമാനിലെ റൂവിസ്ട്രീറ്റില്‍ ഹോണ്ടാറോഡിനടുത്തുള്ള പഴഞ്ചന്‍ കെട്ടിടത്തിലെ ഈ കൊച്ചുമുറിയില്‍ ജീവിതം തളച്ചിട്ട വര്‍ഷങ്ങള്‍…!

പാവം വിശ്വേട്ടന്‍ …ഒരു പാടു കഷ്ടപ്പെടുന്നുവെന്ന സഹതാപം നൊമ്പരം തന്നെയാണ്.

എങ്കിലും ..വെറുതെ …ചിന്തകള്‍..

ജന്‍മനാട്ടില്‍ …ഗ്രാമാന്തരീക്ഷത്തിലെ ദേവീക്ഷേത്രവും…പുഴയും തെങ്ങിന്‍ തോപ്പിന്റെ പച്ചപ്പും നാട്ടുവഴികളുമൊക്കെ , ഫോണ്‍ വിളിയിലൊതുക്കുന്ന ഈ സൗഭാഗ്യം വേദന തന്നെയല്ലേ?

മോന്റെ ചിരിയും കോലാഹലവുമൊഴിച്ചാല്‍ ടി. വി യിലേക്കു കണ്ണുനട്ടിരിക്കുന്ന പകലുകള്‍.

കൊട്ടിയടച്ച ചുവരുകള്‍‍ക്കുള്ളിലെ ശ്വാസനിശ്വാസവും മൗനനൊമ്പരങ്ങളും ചേക്കേറുന്ന ഏകാന്തത…

‘ പ്രിയപ്പെട്ടവന്‍ അകലങ്ങളിലെ ഓര്‍മ്മയാകുന്ന ഈ ജീവിതം മടുത്തു ‘ വിശ്വേട്ടാ… ഇവിടെ വര്‍ഷങ്ങളായില്ലേ ..ഇനി നമുക്ക് നാട്ടിലേക്ക്…’

പറഞ്ഞു തുടങ്ങിയപ്പോഴേ വിശ്വേട്ടനെന്റെ വായ്മൂടി.

‘ പോകാമെടോ…’

‘മക്കളേയും കൂട്ടി നമ്മള്‍…നാട്ടിലേക്ക് പറക്കും പിന്നെ തിരിച്ചിവിടേക്കില്ല …’

എന്നോ മുതല്‍ കേട്ടു തുടങ്ങിയ ആവര്‍ത്തനം എന്നില്‍ ഒരു വികാരവും പ്രതിഫലിച്ചില്ല. ഇനിയും വര്‍ഷങ്ങള്‍ തുടരുകയേ നിവൃത്തിയുള്ളുവെന്നറിയാമായിരുന്നതുകൊണ്ട്.

‘ സുമംഗലീ നീ ഓര്‍മ്മിക്കുമോ സ്വപ്നത്തിലെങ്കിലും ഈ ഗാനം ഒരു ഗദ്ഗദമായ്…’

മൊബൈലില്‍ ഒരു കോള്‍.

വിശ്വേട്ടന്റെ ഇഷ്ടഗാനം റിംഗ്ടോണ്‍ ആക്കിയിരിക്കുന്നു.

ഞാന്‍ ബട്ടണില്‍ വിരലമര്‍ത്തി.

‘ ഹലോ മാഡം ഗുഡ്മോര്‍ണിംഗ്’

പരിഹാസത്തിന്റെ ധ്വനിയിലെത്തിയ ഗുഡ്മോര്‍ണിംഗിനെ സാദരം വരവേറ്റുവെങ്കിലും അപരിചിതമല്ലാത്ത ഉടമയില്‍ ജിജ്ഞാസ വളര്‍ന്നു. ഒരിക്കല്‍ കൂടി കാതോര്‍ത്തു.

‘ ആശക്കുട്ടിക്കു സുഖമല്ലേ…!’

ഹൃദയതംബുരുവില്‍ വിരല്‍തട്ടിയ നാദത്തിന്റെ കുളിര്‍മ്മയായി ഒരു നേര്‍ത്ത വിങ്ങല്‍.

ശബ്ദം തിരിച്ചറിഞ്ഞു. ഫോണ്‍ ചെവില്‍ നിന്നകത്തി. ഒരു മന്ദസ്മിതം ചുണ്ടുകള്‍ അടക്കം പറഞ്ഞു.

‘ ചെപ്പടി വിദ്യക്കാരന്‍’

വല്ലാത്തൊരാകാംക്ഷ ഫോണ്‍ ചെവിയോടടുപ്പിച്ചു.

‘ അജയാ എവിടായിരുന്നു ഇത്ര നാള്‍?… ഈ നമ്പറെങ്ങനെ കിട്ടി? നീ കട്ടു ചെയ്തോ ഞാനങ്ങോട്ടു വിളിക്കാം’ പക്ഷെ മറുപടി പെട്ടന്നായിരുന്നു.

‘ വേണ്ട നിന്നോടു സംസാരിക്കാനുള്ള പണം എന്റെ ഫോണിലുണ്ട്’

പരിഭവമാണെന്നറിയാവുന്ന പരുഷം പറച്ചില്‍…!

ഞാന്‍ തന്നെ ഓഫ് ബട്ടണില്‍ വിരലമര്‍ത്തി.

ഓര്‍മ്മയില്‍ മറഞ്ഞു പോയ ഒരു കാലത്തിന്റെ രേഖാചിത്രങ്ങളിലേക്ക് മനസിന്റെ മടക്കയാത്ര.

അയജനും വിഷ്ണുവും ആശയും അനിതയും ചേര്‍ന്ന സുഹൃദ് ബന്ധം.

വികൃതിത്തരങ്ങളും കളി ചിരി നൊമ്പരങ്ങളും പങ്കുവയ്ച്ച കൗമാര സ്മരണകള്‍. ‍ എവിടെ നിന്നോ പകര്‍ന്നു കിട്ടിയ ചെപ്പടി വിദ്യ അജയനെ ഞങ്ങള്‍ക്കിടയിലെ ഹീറോയാക്കി.

ശൂന്യതയില്‍ നിന്നടര്‍ത്തിയെടുക്കുന്ന റോസാപ്പൂവും നടപ്പാതയിലെ കുത്തുകല്ലുകള്‍ ചോക്കലേറ്റുകളാക്കിമാറ്റിയുള്ള സമ്മാനവും.

ക്ഷേത്രക്കുളത്തില്‍ മണിക്കൂറുകളോളം മലര്‍ന്നു കിടന്നുള്ള പത്രം വായനയുമൊക്കെ അജയന്റെ ഇഷ്ടവിനോദങ്ങള്‍.

എനിക്ക് നല്ല ഓര്‍മ്മയുണ്ട്.

ഒരിക്കല്‍ ഒരു രാത്രി.

അടുത്തെത്ത ക്ലാസ്സ് പരീക്ഷയുടെ നോട്സ് കുറിച്ചു വയ്ക്കുന്ന ശ്രദ്ധയിലായിരുന്നു ഞാന്‍.

വേഗത കൂട്ടിനോക്കിയിട്ടും വേനല്‍ ചൂടിന്റെ കാഠിന്യം കുറയാതെ, ഫാന്‍ തിരിഞ്ഞുകൊണ്ടേയിരുന്നു.

ജനല്‍ പാളി മലര്‍ക്കെ തുറന്നിട്ട് വെളിലേക്കു നോക്കി.

പുഴയോരത്തെ കറങ്ങിയടിച്ച ഇളം കാറ്റ് മുറിക്കകത്തേക്ക് തള്ളിക്കയറിയപ്പോള്‍‍ വല്ലാത്ത കുളിര്‍മ്മ തോന്നി.

നിലാവെളിച്ചത്തില്‍ പുഴയുടെ ഭംഗിയുള്ള തിളക്കം ദൂരെ മീന്‍പിടിത്തക്കാരന്റെ തുഴയെറിച്ചിലില്‍ പാഞ്ഞുപോകുന്ന ചെറുവഞ്ചി.

ലക്ഷ്യം തേടിയലയുന്ന മേഘപാളികള്‍ അന്ധകാരത്തിന്റെ ഭീകരത.

മേഘമൊഴിഞ്ഞാല്‍ പിന്നെയും നിലാവ്.

തൈത്തെങ്ങുകളുടെ ഓലക്കീറുകള്‍ക്കിടയിലൂടെ അരിച്ചിറങ്ങിയ വെളിച്ചം ചലിക്കുന്ന നിഴല്‍ ചിത്രങ്ങള്‍ തീര്‍ത്തു.

പുഴയിലേക്ക് ചാഞ്ഞുവളര്‍ന്ന തൈത്തെങ്ങില്‍ ചാരിയുള്ള ഏകാന്ത ചിന്തകള്‍ അജയന്റെ ശീലമാണ്.

ജനല്‍ പാളികള്‍ ചേര്‍ത്തടച്ച് ഞാന്‍ ‍പുഴയോരത്ത് നടന്നെത്തി.

‘ അച്ഛന്റെ മദ്യലഹരി ..ഇന്നും വഴക്കിലായല്ലേ?

‘ തന്റെ ശബ്ദം അവന്‍ അപ്രതീക്ഷിതമായിരുന്നു.’

‘ ഊം..’

ആ മൂളലിലും വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങിയ വേദനയുണ്ടായിരുന്നു.

‘ ആശേ .. ഞാന്‍ പോവാണ്.. എവിടേക്കെങ്കിലും എനിക്ക് ഒരു ജോലി വേണം എന്റെ വീട് നോക്കാന്‍’

തണുത്തു മരവിച്ചു അവന്റെ വിരലുകള്‍ മുറുകിയമരുന്നത് ഞാനറിഞ്ഞു.

എന്നിലെ വിദ്വേഷത്തിന്റെ ഭാവപ്പകര്‍ച്ചയറിയാതെ ആ കണ്ണൂകളില്‍ നിന്നുരുകിയൊലിച്ച തുള്ളികള്‍ എന്റെ കൈത്തണ്ടയില്‍ തീക്കട്ടയേറ്റ പൊള്ളലുണ്ടാക്കി.

ആ ദു:ഖത്തില്‍ ഞാനും ഉരുകിത്തുടങ്ങുമോയെന്ന് ഭയപ്പെട്ടു.

നനവാര്‍ന്ന അവന്റെ ചുണ്ടുകളെന്റെ നെറ്റിയില്‍ സ്നേഹചുംബനമായെന്നറിഞ്ഞിട്ടും നിര്‍വികാരയായി നിന്നതേയുള്ളു.

അവന്‍ മോഹങ്ങള്‍ക്ക് പാവൊരുക്കുകയാണെന്നു തോന്നി.

‘ ഞാന്‍ വരും..’ അന്നും എന്റെ ചെപ്പടിവിദ്യകള്‍ എന്നോടൊപ്പമുണ്ടാകും ..നീ കാത്തിരിക്കും അല്ലേ ആശേ…’

എന്റെ മറുപടി വാക്ക് കാത്തു നില്‍ക്കാതെ ആ വിരലുകള്‍ ഇഴപിരിയുന്നത് ഞാനറിഞ്ഞു. ഒരു നിഴലുപോലെ ഇരുലിലേക്ക്.

‘ സുമംഗലീ നീ ഓര്‍മ്മിക്കുമോ സ്വപ്നത്തിലെങ്കിലും’

തിടുക്കത്തില്‍ ഫോണെടുത്ത് ബട്ടണില്‍ വിരലമര്‍ത്തി.

മുഖവുരകളില്ലാതെ അവന്‍ പറഞ്ഞു തുടങ്ങിയിരുന്നു.

‘ നമ്മുടെ പ്രദേശനിവാസികളെ കാഴ്ചക്കാരാക്കി എന്റെ ഏറ്റവും പുതിയ മാജിക്കുണ്ട്. വിജയിക്കാന്‍ നിന്റെ പ്രാര്‍ത്ഥനയുണ്ടാകണം’

അവിശ്വസനീയമായ ആ വാക്കുകേട്ട് അഭിമാനം തോന്നി.

‘ ഓ ചെപ്പടി വിദ്യകളൊന്നും ഉപേക്ഷിച്ചിട്ടില്ല അല്ലേ?

എന്റെ പ്രാര്‍ത്ഥനയും വിജയാശംസകളും കേള്‍ക്കാന്‍ കാതൊരുക്കുന്നതിനു മുമ്പേ അവന്‍ പറഞ്ഞു തുടങ്ങിയതുപോലെ തോന്നി.

‘ഗ്രാമവാസികള്‍ കാഴ്ചക്കാരായി നിറഞ്ഞ നമ്മുടെ വലിയ പാലത്തിനു താഴെ ഫിഷിംങ് ബോട്ടുകള്‍ തിരയിളക്കി പ്രക്ഷുബ്ധമാക്കിയ ആഴമേറിയ പുഴ… സഹപ്രവത്തകരുടെ വാച്ചില്‍ സമയം മൂന്നു മണി. ഇരുമ്പു ചങ്ങലയില്‍ കൈകാലുകള്‍ ബന്ധസ്ഥനായ എന്നെ നൂറുകണക്കിനു കാഴ്ചക്കാര്‍ നോക്കി നില്‍ക്കേ പാലത്തിന്റെ കൈവരിയില്‍ നിന്ന് പുഴയിലേക്ക് കെട്ടിയിറക്കും. കയര്‍ ബന്ധനം വിഛേദിക്കപ്പെട്ടാല്‍ ഞാന്‍ അടിത്തട്ടിലേക്ക് മുങ്ങിത്താഴുന്നു. നിമിഷങ്ങളോളം നിശബ്ദത. ഭയവും ആകാംക്ഷയും നിറഞ്ഞ കാഴ്ചക്കാരുടെ കണ്ണുകളില്‍ വിസ്മയത്തിന്റെ പ്രകാശം കാണാന്‍ ആഴങ്ങളില്‍ നിന്നേ ചങ്ങലക്കെട്ടുകളഴിച്ചുമാറ്റി അജയ്യനായി ഞാന്‍ ജലനിരപ്പിലെത്തും’

ഫോണിലെ ശബ്ദം നിലച്ചു. ഇനിയും അറിയാന്‍ കൊതിച്ചു. ആ മ്പറിലേക്ക് തിരിച്ചു വിളിച്ചുകൊണ്ടിരുന്നു. സ്വിച്ചോഫ് ചെയ്തിരിക്കുകയാണെന്ന മറുപടിയല്ലാതെ പ്രതികരണമില്ലായിരുന്നു.

ഒരു പക്ഷെ നടക്കാനിരിക്കുന്ന വിസ്മയക്കാഴ്ചയുടെ കലുഷമായ പുഴയുടെ ഓളങ്ങളില്‍ മനസ്സ് അസ്വസ്ഥമായി പിടയുകയായിരുന്നു.

ഒരു നിമിഷം നാട്ടിലെത്താനുള്ള മോഹമുണ്ടായിരുന്നു.

അനുമോദനത്തിന്റെ പൂച്ചെണ്ടുകളേറ്റു വാങ്ങുന്ന അജയന്റെ ചിത്രം മനസ്സില്‍ തെളിഞ്ഞുവെങ്കിലും വല്ലാത്തൊരു പേടി പോലെ.

ഒരു തലവേദനയുടെ പേരില്‍ വിശ്വേട്ടനു മുഖം കൊടുക്കാതെ പുലരാന്‍ വൈകുന്ന രാത്രിയെ ശപിച്ച് നിദ്രയറിയാതെ കിടന്നു. വെളിച്ചം മണ്ണിലിറങ്ങുന്നതിനുമുമ്പ് ദിനചര്യകളുടെ തുടക്കമായി.

വിശ്വേട്ടന്‍ ഒരുക്കത്തിലാണ്. ആ കൈത്തലം ഒരു സമാശ്വാസമായി നെറ്റിയില്‍ പതിച്ചപ്പോള്‍‍ കൃത്രിമമായി ചിരിക്കാന്‍ ശ്രമിച്ചു.

‘ തലവേദന കുറഞ്ഞില്ലെങ്കില്‍ വിളിക്കണം ഞാന്‍ നേരെത്തെയെത്താം ഡോക്ടറെക്കാണാം’

വിശ്വേട്ടന്റെ കാര്‍ അകന്നു പോയിക്കഴിഞ്ഞപ്പോള്‍‍ ഫോണില്‍ നിന്നും അനിതയുടെയും വിഷ്ണുവിന്റെയും നമ്പര്‍ കണ്ടെത്തി മാറി മാറി വിളിച്ചുകൊണ്ടിരുന്നു.

റിംടോണ്‍ കേള്‍ക്കുന്നുണ്ടായിരുന്നു ഒടുവില്‍, ദയവായി അല്‍പ്പം കഴിഞ്ഞു വിളിക്കാനുള്ള അറിയിപ്പ് മാത്രം.

ഹൃദയമിടിപ്പിന്റെ താളത്തിനൊപ്പം ശരീരവും വിറയല്കൊണ്ടു തുടങ്ങുന്നുവെന്നു തോന്നി.

അകാരണമായ ഭീതിയില്‍ മനസു പിടഞ്ഞു.

ഒരു കുറ്റബോധം പോലെ വല്ലാത്ത നിസ്സഹായത.

ഉറക്കെ കരയണമെന്നു തോന്നിയെങ്കിലും ആത്മനിയന്ത്രണത്തോടെ മൊബൈലില്‍ മുഖം നോക്കിയിരുന്നു.

സ്ഥലകാലബോധമറിയാതെ മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനു ശേഷം പ്രതീക്ഷിച്ചപോലെ ഫോണില്‍ വെളിച്ചം പരന്നു.

‘ സുമംഗലി നീ ഓര്‍മ്മിക്കുമോ…’ പെട്ടന്നു കയ്യിലെടുത്തു സൂക്ഷിച്ചു നോക്കി. അനിതയുടെ നമ്പര്‍.

‘ അനിതേ..’ ഹൃദയത്തിന്റെ പിടച്ചില്‍ അടങ്ങാത്ത തേങ്ങലായി.

‘ ഹലോ അനിതേ .. ഞാനെത്ര വിളിച്ചൂന്നറിയോ…?

അപ്പോഴേക്കും മറുതലയ്ല്‍ നിന്ന് അനിതയുടെ വാക്കുകള്‍‍ ഫോണില്‍ കേട്ടുതുടങ്ങിയിരുന്നു.

‘ ആശേ ഞാന്‍ പറയുന്നത് കേള്‍ക്കു’

‘ ഞാന്‍ നമ്മുടെ അജയന്റെ ഒരു മാജിക്ക് കണ്ട് നില്‍ക്കുകയായിരുന്നു’

ഒരു നിമിഷം അനിതയുടെ ശബ്ദം വെളിയിലേ‍ക്കെത്തിയില്ല. ആ വാക്കുകള്‍ പതറിയോ? അതോ അവള്‍ കരയാന്‍ തുടങ്ങിയിരുന്നോ?

അനിതാ ഞാന്‍ കേള്‍ക്കുന്നുണ്ട് നീ പറഞ്ഞോളൂ’

അനിത ഒരു വിധം പറഞ്ഞൊപ്പിക്കുകയായിരുന്നു.

‘ എവിടെയോ പിഴച്ചു മോളേ നിമിഷങ്ങള്‍ക്കകം ചങ്ങലക്കെട്ടുകള്‍‍ അഴിച്ച് ജലനിരപ്പിലെത്താമെന്നവകാശപ്പെട്ട അജയന്‍ മണിക്കൂറുകള്‍ കഴിഞ്ഞു. പോലീസുകാരും നാട്ടുകാരും ചേര്‍ന്നു തിരച്ചിലിലാണ്’

ഭ്രാന്തമായ അലര്‍ച്ചയോടെ ആശ തളര്‍ന്നു വീണു.

കിടക്കവിരിയിലേക്ക് തെറിച്ചുവീണ ഫോണില്‍ നിന്നും

‘ ആശേ ആശേ നീ കേള്‍ക്കുന്നുണ്ടോ..’ എന്ന ശബ്ദം അപ്പോഴും ഏറെ നേരം പുറത്തുവന്നുകൊണ്ടിരുന്നു.

Generated from archived content: story1_feb22_13.html Author: vinayakan_cherai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here