മുകിൽ മേദസ്സു തുളളിത്തുളുമ്പും വിണ്ണിൻ കീഴെ
വിരഹാതുരപോൽ നിരല്ലജ്ജം; പൂനിലാത്തട്ടിൽ-
മലർമുത്തണി മുകുളങ്ങളാം കുചാഗ്രങ്ങൾ,
ചെംതളിർ ചേലത്തുമ്പാലൊട്ടലസം മറച്ചുംകൊ-
ണ്ടിളകിയാടിയ കാടേ! നിന്നങ്കണത്തിൽ ഞാന-
ന്നൊ,രുപെൺകിടാവ,ത്യുദാരമാ ദൃശ്യം വാഴ്‌ത്തീ!
എങ്ങു ഞാനന്നു വാഴ്‌ത്തിക്കൊണ്ടോരപൂർവ്വഭാവം!
എങ്ങുപോയ് നിന്റെ ലീലാഗേഹത്തിൻ വന്യഭംഗി!
പതിതയാം വനകന്യേ! പാടട്ടേ, ഇന്നും ഞാനാ-
പ്പഴകുമോർമകളാം നൽക്കുളിരിറ്റും ഗീതങ്ങൾ!
പുലർമഞ്ഞു ചോലയിൽ മുങ്ങിനീർന്ന,രിയതൻ
പൊന്നിളം വെയിലൊളിപ്പാവാട വിടരുമാറ്,
എന്നു മോമൽത്തെന്നൽ നാട്യമാടാറുളള
പഴയ ശാദ്വല ഭൂവിതഭിശപ്‌ത വികൃതമായ്
വികൃതിയാ,മാക്കുളിർ തെന്നലാമോ, കൊടിയ-
ചുടുമണൽക്കാറ്റായി, വീശുന്നു ചുറ്റിലും!
നിറസന്ധ്യയ്‌ക്കായിരത്തിരി വിളക്കും വെച്ചു;
നവനീരദപ്പട്ടാലലസമുടൽ മൂടീട്ടു;
അഭിനവസുനീലാഭ മംബരാദ്രികള നീളെ-
നവവർണ ധൂളികൾ വിതറിയും; കാറ്റൊത്തു-
പതിയെക്കുണുങ്ങിയും മുന്നോട്ടു നീങ്ങുന്ന-
മതിമുഖത്തിൽ മാത്രം അമൃതൊഴുകുമാനന്ദം.
ഗഗനമെറിയും ഹിമകണങ്ങൾ, ചന്ദ്രാംശുകര-
പരിലാളനങ്ങളാൽ മാണിക്യമണികളായ്
ഇലകളിലുമിളതായ പുൽനാമ്പിലും, കാട്ടി-
ന്നരിയ പൂപ്പാലികകൾ ആമ്പൽക്കുളങ്ങളിലും,
ഇടറി നിൽക്കുന്നൊരാ നീർത്തുളളികൾ-വൈര
മുതിരു,മൊരു സ്വപ്‌നത്തിനേക്കാൾ വിമോഹകം!
നീലവിണ്ണേതോ മഹാശില്‌പി-പരിപൂത
ചാരുഹസ്‌തത്താൽ ചമച്ചൊരത്ഭുത പുരി!
ഇരുളും വെളിച്ചവും, കുളിരുമുഗ്രതപവും,
ഇടനെഞ്ചുടയ്‌ക്കുന്ന കൊടുമയും, ആർദ്രതയും;
അനവരത, മാശ്ചര്യഭരിത സ്വപ്‌നങ്ങൾ പോൽ-
അടിവെച്ചണഞ്ഞു മറയും ഇന്ദ്രജാലം പുരി!
അതിനുടെ ചുവട്ടിലൊരു മലരണി,ക്കൂടയിലെ-
മധുവൂറും സ്വപ്‌നമായ് ശുഭമോഹമായി നീ!
കൊടിയ നിൻ മുറിവുകളിൽ തേൻ പുരട്ടാൻ, കാട്ടു-
മുരളിയായ് കണ്‌ഠമൊരുക്കി ഞാൻ പാടിടാം!
പാടിടാം ശോകാർദ്രഗീതികൾ, നൊമ്പര-
ച്ചൂടലിയുമാഴിയായ് പാരാകെയൊഴുകിടാം!
ദിശകളെത്തഴുകി യുന്നിദ്രമാക്കീടാം; സ്വയ-
മുരുകി, യുയർന്നംബുദപ്പെരും കാടാകാം!
അമൃതായ് പൊഴിഞ്ഞിടാം; മണ്ണിന്നുയിർ കുളിർ-
ത്തൊരു കാടുയർന്ന് അംബരം പുൽകുവോളം ഞാൻ!
പതിതയാം കാടേ! നിൻ കൂട്ടിലൊരു കിളിയായ് ഞാൻ
പാടട്ടേ! വറ്റാത്ത കുളിരിറ്റും പാട്ടുകൾ!
Generated from archived content: poem2_feb12.html Author: vijayakumari_balakishnan
Click this button or press Ctrl+G to toggle between Malayalam and English