ഫ്രാൻസിൽ അതാ ക്ഷയിച്ചുകൊണ്ടിരിക്കുന്നു രാജഭരണം. അതിന്റെ അവസാനത്തെ അവശിഷ്‌ടവും പ്രപഞ്ച സംവിധാനത്തിൽനിന്ന് അകലാൻ ബാധ്യതപ്പെട്ടിരിക്കുന്നു. സ്വന്തം അസ്‌തിത്വത്തിനായി രാജപക്ഷവും അതിന്റെ നാരായവേരുകളും അറുത്തെറിഞ്ഞ് പ്രജാഭരണത്തിനായി എന്തു വിലകൊടുക്കാനും തയ്യാറായിരിക്കുന്ന ജനങ്ങളും. രാജകക്ഷിയുടെ നേതാവ് ലെന്റിനാക് പ്രഭു. ഒടുങ്ങാത്ത ഭൂസ്വത്തും അധികാരവും കൊണ്ട് കളിച്ചു പുളഞ്ഞിരുന്ന ഒരു കാലഘട്ടത്തിന്റെ അവസാനത്തെ കണ്ണി.
ലെന്റിനാകിനു വ്യക്തമായ തിരിച്ചറിവു ലഭിച്ചിരിക്കുന്നു. ഇനിയങ്ങോട്ട് പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടാണ്. അയാൾ പരാജയത്തിന്റെ ഭയവും ജീവിതത്തിന്റെ നിരാശതയും ഏറ്റെടുത്തുകൊണ്ട് കുറച്ച് അനുയായികളോടൊപ്പം നാടുവിട്ടു. ഒരു രക്ഷപ്പെടലിന്റെ ബാക്കിപത്രം എന്ന വണ്ണം ലാതോർഗ് എന്ന കോട്ടയിൽ ചെന്നുപെട്ടു.
ജനകക്ഷിയുടെ നേതാവായ ഗവൈൻ എങ്ങനെയും രാജഭരണം അവസാനിപ്പിക്കാൻ വേണ്ടി ഒത്തിരി ഭടൻമാരോടൊപ്പം കോട്ട വളഞ്ഞുപിടിച്ചു. ചരിത്രത്തിന്റെ അഷ്‌ടദിക്കുകളിൽ മിന്നിപ്പൊലിയുന്ന യാഥാർത്ഥ്യംപോലെ രാജഭരണം അവസാനിക്കേണ്ടിയിരിക്കുന്നു.
ലെന്റിനാക് പ്രഭു തന്റെ യാത്രക്കിടയിൽ ആ ദുർഗത്തിലേക്ക് അന്യരായ മൂന്നുകുട്ടികളെയും പിടിച്ചുകൊണ്ടുപോയി ആ കോട്ടയിലുളള ഒതുങ്ങിയ മുറിയിൽ അടച്ചിട്ടിരിക്കുകയാണ്. അവരുടെ അമ്മ മക്കൾക്കുവേണ്ടി അലമുറയിട്ടു കരയുന്നു. ജനപക്ഷത്തിന്റെ ഇപ്പോഴുളള ആഗ്രഹം കുട്ടികളെ രക്ഷിക്കുക എന്നുളളതാണ്. ഗാവൈൻ ആലോചനയിന്മേൽ ആലോചനയായി. ലെന്റിനാക് യാതൊരു സന്ധിക്കും കീഴടങ്ങുന്നില്ല. കുട്ടികളെ പിടിച്ചുവച്ചുകൊണ്ട് അയാൾ വില പേശുന്നു. ഗവൈൻ തന്റെ സൈന്യബലത്തിൽ കോട്ട പൊളിക്കാൻ ശ്രമം നടത്തി. ഇതി രക്ഷയില്ലെന്നു കണ്ട പ്രഭുവിന്റെ അനുചരരിൽ ഒരുവന് ഒരു ദുർബുദ്ധി തോന്നി. അയാൾ അറ്റകൈക്ക് കോട്ടക്ക് തീവെച്ചു. ഗവൈൻ ഇതറിയാൻ വൈകിയിരുന്നു. കോട്ട അഗ്നിയിൽ ആളിപ്പടരാൻ തുടങ്ങി. അതിന്റെ ഭൂഗർഭത്തിലൂടെ രക്ഷപ്പെടാൻ ലെന്റിനാക് രഹസ്യസങ്കേതം ആദ്യമെ കണ്ടെത്തിയിരുന്നു. അയാൾ അതിലേക്ക് ഊളിയിട്ടു. രക്ഷാസങ്കേതത്തിന്റെ തലത്തിലേക്ക് എത്തിപ്പെടുന്നതിനുമുമ്പേ ലെന്റിനാക്കിന്റെ ആന്തരീകതയിലേക്ക് എന്തോ ഒരു പ്രകാശം അരിച്ചിറങ്ങി. ഹൃദയാജ്ഞാനത്തിന്റെ തിരതളളലിൽ മനുഷ്യത്വം ഉണർന്നെഴുന്നേറ്റു. ഇനി അങ്ങോട്ട് തനിക്ക് പഴയതുപോലെ പ്രഭുത്വത്തിന്റെ സുഖസൗകര്യങ്ങളിൽ ഒരിക്കലും ജീവിക്കാനാവില്ല. ചരിത്രത്തിന്റെ ഏതോ അജ്ഞാതകോണിൽമാത്രം ഈ പ്രഭുവിന്റെ നാമധേയം അൽപം ഇരുട്ടായി ചത്തുകിടക്കും. ലന്റിനാക് പ്രഭു ഒരു നന്മയും അവശേഷിപ്പിക്കാതെ കടന്നുപോകും. വാർദ്ധക്യത്തിന്റെ തുരുത്തിൽ ഏകനായ ഈ പ്രഭു തന്റെ രക്ഷക്കുവേണ്ടി മൂന്നു കുഞ്ഞുങ്ങളെ അഗ്നിക്കിരയാക്കുകയോ? അവരുടെ അമ്മയുടെ കരച്ചിൽ ഒരു വലിയ സങ്കടമായി തന്നെ വേട്ടയാടുന്നു. ആ കരച്ചിലും ദുഃഖവും മറ്റൊരു ശാപമായി തന്നെയും തലമുറയേയും പിന്തുടരും. അയാൾ യാത്ര തിരിച്ചു. ധൃതിയിൽ തുരങ്കത്തിലൂടെ പഴയ സ്ഥലത്തേക്ക് ചെന്നു. അഗ്‌നിജ്വാലകളെ വകവയ്‌ക്കാതെ കുട്ടികളെ ഒളിപ്പിച്ചുവച്ച സങ്കേതത്തിലെത്തി ഒരു കോണി കീഴോട്ടിറക്കി കുട്ടികളെ രക്ഷപ്പെടുത്തി. ഒരു വലിയ നന്മ ചെയ്‌ത ചാരിതാർത്ഥ്യത്തോടെ കുട്ടികളെ പ്രഭു മാതാവിനെ ഏൽപ്പിച്ചു.
ശത്രുക്കൾ ലെന്റിനാക്കിനെ ബന്ധിച്ചു. ജയിലിലടച്ചു. അടുത്തദിവസം ജനസഭ കൂടിയാലോചനയായി. പ്രഭുവിനു എന്തു ശിക്ഷ കൊടുക്കണം? എല്ലാവും ഒരേ സ്വരത്തിൽ പറഞ്ഞു. ഗളച്ഛേദനം. അതിനുളള ദിവസവും കണ്ടെത്തി. മരണമെന്ന സത്യത്തെ അംഗീകരിച്ചും അതിന്റെ സുഖത്തെ നെഞ്ചേറ്റിയും ലെന്റിനാക് മനഃസമാധാനം കൈവരിക്കുമ്പോൾ ഗവേനിൽ മറ്റൊരു സമാധാനക്കേട് ഒരു കൊടുങ്കാറ്റിന്റെ വേഗത്തിൽ ചീറ്റിയടിച്ചു. തനിക്കു രക്ഷപ്പെടാൻ വലിയ ഒരവസരം ഉണ്ടായിട്ടും മനുഷ്യത്വത്തെ മാനിച്ചുകൊണ്ട് കുട്ടികളെ രക്ഷിച്ച പ്രഭുവിനെ വധിക്കുവാൻ തനിക്ക് എന്തു യോഗ്യത? എങ്ങിനെ ലെന്റിനാക്കിനെ ഇനി രക്ഷിക്കാൻ കഴിയും? ഗവൈൻ അധികം ആലോചിച്ചില്ല. ശത്രുവിനെ രക്ഷിക്കാനായി അയാൾ തന്നെ കുറ്റവാളിയുടെ സ്ഥാനത്ത് ഇരുപ്പുറപ്പിച്ചു. അതാ ഗളച്ഛേദത്തിനുളള നിർണായക നിമിഷം അടുത്തെത്തിയിരിക്കുന്നു. ഗവൈൻ ശിരഛേദം ചെയ്യപ്പെട്ടിരിക്കുന്നു. ആ കൃത്യം ചെയ്‌തത് ജനപക്ഷത്തിലെ സീമോർദ്ദിൻ എന്ന വ്യക്തിയായിരുന്നു. ഗവൈന്റെ അന്ത്യം സിമോർദ്ദിൻ എന്ന മനുഷ്യനു സഹിച്ചില്ല. തന്റെ ഗുരുവും തനിക്കു വേണ്ടപ്പെട്ടവനുമായ ഗവൈൻ ആരാച്ചാരുടെ കർത്തവ്യത്തിൽ ഒതുങ്ങുമ്പോൾ സിമോർദ്ദിൻ സ്വയം തലയിൽ വെടിവെച്ചു ജീവനൊടുക്കി.
(തയ്യാറാക്കിയത് ഃ ജോയ് നായരമ്പലം)
Generated from archived content: story3_mar21.html Author: victor_hugo