സുഗന്ധവല്ലി

ഒരു കല്‍പവൃക്ഷത്തിന്റെ സമീപം ചേതോഹര
ദാരുശില്‍പം പോല്‍ നിന്ന നിന്നെ ഞാന്‍ കണ്ടനേരം
മോഹദാഹത്തോടൊപ്പം നിമിഷ കവിതയും
മനസില്‍ മുളപൊട്ടി ശേഷം പൂങ്കിനാക്കളും
നവീന നാഗരിക യുവതികള്‍ക്കു തോല്‍വി
ഗ്രാമീണ കന്യേ നിന്റെ സൗകുമാര്യത്തിന്‍ മുന്നില്‍
നീലക്കാര്‍മിഴിക്കോണാല്‍ നീയൊന്നു കടാക്ഷിച്ചാല്‍
ലോലഹൃദയരാകും മുനിപുംഗവര്‍ പോലും
ചുണ്ടിലൂറും നിന്‍ മന്ദസ്മിതം പൂവെന്നു തോന്നി
വണ്ടുകള്‍ വീണ്ടും വീണ്ടും ശല്യം ചെയ്യുന്നുണ്ടാവാം
ഭാവഹാവാദിയാല്‍ നീ മാരിവില്ലില്‍ വിടര്‍ത്തുന്നു
ഭവനാനന്താകാശച്ചെരുവില്‍ നിരന്തരം
നീയനുപമ ഗുണഗണദേവതയല്ലോ
നീയനഘ്രത സുമ സുഗന്ധവല്ലിയല്ലോ..

Generated from archived content: poem2_july11_13.html Author: venu_warriyath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here