ഇൻഷ്വറൻസ്‌

കോടക്കരിമ്പടം പുതച്ചുറങ്ങിയുണരുന്ന

മകരത്തിന്നതിശൈത്യമുറഞ്ഞ പ്രഭാതത്തിൽ

ചൂടുള്ള കട്ടൻചായ മേശമേൽ വച്ചിട്ടത്ര

പന്തിയില്ലാതെ പോകും ഭാര്യയെ ശ്രദ്ധിച്ചയാൾ

സൈക്കളിലെത്തി പത്രം ചുഴറ്റിയെറിഞ്ഞു, ബിൽ

നീട്ടിപ്പിടിച്ചു പയ്യൻ ചൊല്ലുന്നു ‘പണം വേണം’

വടിയുമൂന്നി ദിനകൃത്യങ്ങൾ തുടരവെ

അച്ഛനോർമിപ്പിച്ചു ‘മോനേ മരുന്നുകളെല്ലാം തീർന്നു’

കയ്യിലെടുത്ത ചായക്കോപ്പയിൽ നോക്കീടവേ

കത്തുന്ന പ്രശ്‌നങ്ങൾ തൻ പ്രതിബിംബങ്ങൾ മാത്രം

ലോക്കൗട്ടിലായ തന്റെ കമ്പനി-പ്രരാബ്‌ധങ്ങൾ-

ക്കടയിരിക്കുന്ന തന്റെ പ്രിയയാം മനസ്വിനി

ഫീസിനുകാശില്ലാഞ്ഞ്‌ ക്ലാസിനു പുറത്തായ

പുത്രിതൻ കണ്ണീർ കവിഞ്ഞൊഴുകും കവിൾതടം

സ്‌ത്രീധനത്തുക പോരാഞ്ഞളിയൻ കൊണ്ടുവിട്ട

സാധുവാം സഹോദരിതൻ ശോകസാന്ദ്രമാം മുഖം

അലസം പത്രത്താളിൽ കണ്ണുകൾ പരതവെ

അമ്മതൻ സ്വരം ‘നീയിങ്ങിരുന്നാലെന്തു ചെയ്യും

അഷ്‌ടിക്കു വകകാണാതിരുന്നു രാപ്പകൽ

അക്ഷരം വിഴുങ്ങിയാൽ വിശപ്പു ശമിക്കുമോ?!

ഉത്തരമില്ലാത്തൊരു ചോദ്യശരം തറച്ചു

ഉൾത്തടം പിടക്കുന്നു യന്ത്രംപോലെതിദ്രുതം

കാരിരുമ്പഴിക്കുള്ളിൽ കഴിയും കാരാഗാര

വാസമാണിതിൽഭേതം ജീവിതം ഭയാനകം!

അശുഭചിന്തകളന്തമില്ലാതെ കുതിക്കുന്ന

അശ്വങ്ങളായി മാറുന്നു കടിഞ്ഞാൺ കൈവിടുന്നു

ഇത്തിരി സ്വാസ്ഥ്യം തേടിയിറങ്ങി നടക്കവെ

മന്ത്രിച്ചു സ്വയമയാൾ ’ഒക്കയും ശരിയാകും‘

ആ ദിനം കണ്ണുചിമ്മിയുണർന്നു പിറ്റേന്നയാ-

ളില്ലാത്ത കസേരയിൽ പറന്നുവീണു പത്രം

മോളത്‌നോക്കി ഭയന്നുച്ചത്തിൽ കരഞ്ഞവൾ

’അച്ഛന്റെ പടമമ്മേ‘ ഇൻസെറ്റിൽ റെയിൽവെട്രാക്ക്‌

കൂട്ടക്കരച്ചിൽ പൊങ്ങി അയൽക്കാർ സ്വന്തബന്ധു-

ജനമൊക്കയും വന്നുച്ചേർന്നു ഞൊടിക്കുള്ളിൽ

അതിലൊരാൾ പത്രം നോക്കി സാഹ്ലാദം മൊഴിയുന്നു

’ഭാഗ്യവാനാണ്‌ വാസു വരിക്കാർകുണ്ടിൻഷ്വറൻസ്‌‘.

Generated from archived content: poem7_apr20_07.html Author: venu_poothottu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here