അയാൾ പേര്‌ കൊത്തുകയാണ്‌

പളളിയുടെ കിഴക്കുവശത്ത്‌ മത്‌ബഹയ്‌ക്ക്‌ പിറകിലായി ഒരു ചായ്‌പുണ്ട്‌. അതിന്റെ കുറച്ചുഭാഗം ഒരു ഹാളാക്കി തിരിച്ചിരിക്കുന്നു. ബാക്കി തുറസ്സായി കിടക്കുകയാണ്‌. നിത്യോപയോഗത്തിലില്ലാത്ത കുറെ സാധനങ്ങളാണ്‌ തുറന്ന സ്ഥലത്ത്‌ കൂട്ടിയിട്ടിരിക്കുന്നത്‌. ഒരു തടിയൻ ഗോവണി, ഒന്നുരണ്ടു ഏണികൾ, രണ്ടു ചൂരൽക്കൊട്ടകൾ, കുറെ മിറ്റൽ ചീളുകൾ, ഇഷ്‌ടിക, മണൽ…. ചിതലെടുത്തു തുടങ്ങിയ കുറെ വിറകും. വിറക്‌ കുറെ മാറ്റി ഒതുക്കിയിട്ടാണ്‌ ഗ്രാനൈറ്റ്‌ സ്ലാബ്‌ ഇറക്കി വച്ചിരിക്കുന്നത്‌. ഹാളിന്റെ ഭിത്തിയോട്‌ ചേർത്ത്‌ അത്‌ ചാരി വച്ചിട്ടുണ്ട്‌.

അയാൾ ചെല്ലുമ്പോഴേക്കും രാത്രി ഏഴരക്കുളള മണിയടിച്ചുകഴിഞ്ഞ്‌ കപ്യാർ പോയിരുന്നു. അതിനാൽ വെളിച്ചത്തിനുളള സൗകര്യം ഒരുക്കിയിട്ടുണ്ടോ എന്നാണയാൾ ആദ്യം ശ്രദ്ധിച്ചത്‌. പറഞ്ഞേൽപിച്ചിരുന്നതുപോലെ ഹാളിന്റെ പാതി തുറന്ന ജനലിൽകൂടി ഒരു ഹോൾഡർ പുറത്തേക്കിട്ടിട്ടുണ്ട്‌. ഹോൾഡറിന്റെ മുഖം ഒരു കഷണം കടലാസ്‌ ചുറ്റി റബ്ബർ ബാൻഡിട്ടിരിക്കുന്നു. പ്ലഗ്ഗ്‌ കുത്തി സ്വിച്ച്‌ ഓൺ ചെയ്‌തിട്ടിരിക്കുകയാവും. ബൾബിട്ടാൽ കത്തിക്കൊളളുമായിരിക്കും.

അയാൾ സഞ്ചിയിൽ നോക്കി. ഉണ്ട്‌. ബൾബെടുത്തിട്ടുണ്ട്‌. സാധാരണ പുറത്തുപോയി ജോലി ചെയ്യേണ്ടിവരുമ്പോൾ അത്യാവശ്യമുളള എന്തെങ്കിലും മറക്കുക പതിവാണ്‌.

അയാൾ ബൾബെടുത്ത്‌ ഹോൾഡറിൽ ഇട്ടു. കത്തുന്നുണ്ട്‌. ഒരുവേള സ്വിച്ച്‌ ഓൺ ചെയ്യാൻ കപ്യാർ മറന്നിരുന്നെങ്കിൽ… പണി മുടങ്ങിയതുതന്നെ. കത്തിച്ചു കൊണ്ടുവന്ന മെഴുകുതിരി ഊതിക്കെടുത്തി ഒരിടത്തുവച്ചു.

തറയിൽ കിടന്ന പൊടിയും കരടും തൂത്തുമാറ്റി കുറെ മണലെടുത്ത്‌ വിരിച്ചു. ആറടി നീളവും മൂന്നടിവീതിയുമുളള ഗ്രാനൈറ്റ്‌ സ്ലാബ്‌ മണലിൽ നിവർത്തിയിട്ടു. കൊളളാം. നല്ല സ്‌റ്റോൺ. ജെറ്റ്‌ ബ്ലാക്ക്‌ തന്നെ വാങ്ങണമെന്ന്‌ പ്രത്യേകം ഓർമ്മിപ്പിച്ചിരുന്നു. കാക്കപ്പൊന്നിന്റെ തരിപോലുമില്ലാത്ത അഞ്ഞ്‌ജനം പോലെ കറുത്ത കല്ല്‌.

കുറെ വെളളക്കടലാസ്‌ കീറി പശ തേച്ച്‌ സ്ലാബിന്റെ മുകളറ്റത്ത്‌ അയാൾ ഒട്ടിച്ചു. അതിൽ സ്ലീബ (കുരിശടയാളം) കൊത്താനുളളതാണ്‌. താഴെ നാലു വരികൾ കൊത്താനുളള സ്ഥലം കണക്കാക്കി അവിടെയും കടലാസ്‌ ഒട്ടിച്ചു. കടലാസ്‌ ഉണങ്ങിയിട്ടേ സ്‌കെച്ച്‌ ചെയ്യാനൊക്കൂ.

സഞ്ചിയിൽ നിന്നും കല്ലുളികളും ചുറ്റികയും എടുത്തു. ഉളികൾ ചാണക്കല്ലിൽ ഉരച്ചു മൂർച്ച കൂട്ടി. അനന്തരം നടുവു നിവർത്താനായി എഴുന്നേറ്റു. ഒരു ബീഡിയെടുത്തു കത്തിച്ച്‌ ചുറ്റുപാടും ഒന്നു കണ്ണോടിച്ചു.

അയാൾക്കു നേരെ മുന്നിലായി അൻപതടിയിലേറെ അകലെയല്ലാതെയാണ്‌ സെമിത്തേരി. പ്രവേശനകവാടം നേരെ മുന്നിലല്ലെങ്കിലും അതിലൂടെ ഒരു ചെരിഞ്ഞ കാഴ്‌ച അകത്തേക്ക്‌ പായിക്കാം. മണ്ണുണങ്ങിയിട്ടില്ലാത്ത ഒരു കുഴിമാടം നാട്ടുവെളിച്ചത്തിൽ അയാൾ കണ്ടു. ഏറിയാൽ ഒരാഴ്‌ചയെ ആയിട്ടുളളൂ. അവിടെയൊരു ശവം അടക്കം ചെയ്‌തിട്ടെന്ന്‌ അയാൾ ഊഹിച്ചു. രാവിനു കനം വച്ചു തുടങ്ങിയിട്ടില്ലാത്തതിനാൽ കുഴിമാടം അരണ്ട വെളിച്ചത്തിൽ അയാൾക്കു കാണാമായിരുന്നു.

താനിതെത്രയോ കണ്ടിരിക്കുന്നു എന്നയാൾ ഓർത്തു. ഉറപ്പിച്ചിട്ടുളള സ്ലാബുകളിൽ സെമിത്തേരിയിൽ പോയിരുന്ന്‌ പേരു കൊത്തേണ്ടിവരുമ്പോൾ പഴയതും പുതിയതുമായ കുഴിമാടങ്ങളല്ലേയുളളൂ കൂട്ടിന്‌?

അയാൾ ഡയറി തുറന്നു. പുതിയ രണ്ടുമൂന്ന്‌ ഓർഡറുകൾക്കു മുമ്പേയാണ്‌ കൊത്തേണ്ട പേര്‌ എഴുതിയിട്ടിരിക്കുന്നത്‌.

‘പാവന സ്‌മരണക്ക്‌

കതിരിട്ട കുന്നേൽ

ചാക്കോ ഐപ്പ്‌ (81)’

ജനനം 1.7.1099 (എം.ഇ) മരണം- 2.8.2004)

നാളെ കഴിഞ്ഞ്‌ പരേതന്റെ നാൽപതാം ചരമദിനമാണ്‌. നാളെത്തന്നെ സ്ലാബ്‌ ഉറപ്പിക്കണം. മേസനെ ഏർപ്പാടാക്കിയിട്ടുണ്ട്‌ എന്നാണവർ പറഞ്ഞത്‌. തന്റെ തിരക്കു മൂലമാണ്‌ ഇത്രയും വൈകിയത്‌. കുഴിമാടത്തിന്റെ പണിക്കായിട്ട്‌ മണലും ഇഷ്‌ടകയും മിറ്റലും ഇറക്കിയിരിക്കുന്നു. സ്ലാബ്‌ പണി തീരേണ്ട താമസമേയുളളൂ അതു കുഴിമാടത്തിലുറപ്പിക്കാൻ.

ബീഡിമുറി അകലേക്കെറിഞ്ഞ്‌ സ്ലാബിന്മേൽ കയറിയിരുന്ന്‌ അയാൾ സ്‌കെച്ച്‌ ചെയ്യാനാരംഭിച്ചു. ഇരുവശത്തുനിന്നും തുല്യമായി അളവു പിടിച്ച്‌ കടലാസിൽ രേഖപ്പെടുത്തി. മുകളിൽനിന്നും രണ്ടിഞ്ചു വിട്ട്‌ ബോർഡറിനുളള സ്ഥാനം അടയാളപ്പെടുത്തി. അവിടെനിന്നും മൂന്നിഞ്ചുകൂടി താഴേക്കു മാറ്റിയാണ്‌ സ്ലീബയ്‌ക്കുളള സ്ഥാനം നിർണ്ണയിച്ചത്‌. മൂന്നടി വീതിയുളള സ്ലാബായതിനാൽ എട്ടിഞ്ചു ഉയരത്തിലും അഞ്ചിഞ്ചു വീതിയിലുമുളള സ്ലീബയാണ്‌ സ്‌കെച്ചു ചെയ്‌തത്‌.

സ്ലീബ കൊത്തിയിട്ടാകാം ബാക്കി ചെയ്യാനെന്ന്‌ അയാൾ തീരുമാനിച്ചു. അതൊരു ടെസ്‌റ്റാണ്‌, കല്ലിന്റെ കാഠിന്യമറിയാനുളള ടെസ്‌റ്റ്‌. അതറിഞ്ഞിട്ടു വേണം തുടർന്നുളള വരികളിൽ അക്ഷരങ്ങളുടെ വലിപ്പവും ശൈലിയും നിശ്ചയിക്കാൻ. കടുപ്പം കൂടുതലുളള കല്ലാണെങ്കിൽ അക്ഷരങ്ങളുടെ വലിപ്പം കുറക്കേണ്ടിവരും.

ഒരിഞ്ചു വീതിയിൽ ഇരട്ട വരയായിട്ടാണ്‌ അയാൾ സ്ലീബ കൊത്തിയത്‌. തൃപ്‌തി തോന്നി അടുത്ത വരിയുടെ പണിയിലേർപ്പെട്ടു. ‘പാവന സ്‌മരണക്ക്‌’ എന്ന വരി സ്‌കെച്ചു ചെയ്‌തു കഴിഞ്ഞ്‌ സ്ഥലം ഒന്നുകൂടി നിവർന്നു. പുറം വേദനിക്കുന്നു. ഒരു ബീഡിക്കു കൂടി തീ കൊളുത്തി തീപ്പെട്ടിക്കൊളളി പുറത്തേക്കെറിയാൻ ശ്രമിക്കുമ്പോഴാണ്‌ അയാളതു കണ്ടത്‌.

മുമ്പു കണ്ട കുഴിമാടത്തിനടുത്തുനിന്നും വെളള വസ്‌ത്രം ധരിച്ച ഒരു രൂപം മെല്ലെ അടുത്തടുത്തു വരുന്നു. പാദം വരെ മറയുന്ന വെളളവസ്‌ത്രം. തലമുടി അഴിഞ്ഞുലഞ്ഞു കിടക്കുന്നു. അതൊരു സ്‌ത്രീരൂപമാണെന്ന്‌ അയാൾ അറിഞ്ഞു.

സെമിത്തേരിയുടെ കവാടവും കടന്ന്‌ പത്ത്‌ പതിനഞ്ചടി കൂടി സ്‌ത്രീരൂപം മുന്നോട്ടുവന്നു. പിന്നെ നിന്നു. ഇപ്പോൾ സെമിത്തേരിക്കും അയാൾക്കും ഏറെക്കുറെ മധ്യത്തിലാണ്‌ സ്‌ത്രീരൂപം. വൈദ്യുത ബൾബിന്റെ മുകളിൽ ഷെയ്‌ഡ്‌ ഇട്ടിരുന്നതിനാൽ രൂപത്തിന്റെ മുഖത്തേക്ക്‌ വെളിച്ചം ചെല്ലുന്നുണ്ടായിരുന്നില്ല.

അയാൾ ബൾബ്‌ അവരുടെ നേരെ തിരിക്കാൻ കൈയുയർത്തിയത്‌ മനസ്സിലാക്കിയിട്ടാണെന്നു തോന്നുന്നു, അവർ വിലക്കി.

അരുത്‌. വെളിച്ചം എന്റെ നേരെ തിരിക്കരുത്‌.

അയാൾ തന്റെ ഉദ്യമത്തിൽനിന്നു പിൻവാങ്ങി. ബീഡി ആഞ്ഞുവലിക്കാൻ നോക്കി. അതണഞ്ഞുപോയിരുന്നു. പിന്നീട്‌ തീ കൊടുത്താൻ ശ്രമിക്കാതെ അയാൾ മുറിബീഡി വലിച്ചെറിഞ്ഞു.

പ്രേതമാണല്ലേ? അയാൾ ചോദിച്ചു.

‘അല്ല, പ്രീത.’ സ്‌ത്രീരൂപത്തിന്റെ മറുപടി. ‘പ്രീത കുര്യാക്കോസ്‌. 31.8.2004 ൽ ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ പ്രീത കുര്യാക്കോസ്‌, പുൽപ്പറമ്പിൽ.’

ശരിയാണ്‌. അയാളോർത്തു. അങ്ങനെയൊരു സംഭവം നടന്നതായി കേട്ടിരുന്നു. അയൽപക്കത്തുനിന്നും ആളുകൾ ശവമടക്കിനെത്തിയിരുന്നു. തനിക്കന്നു പിടിപ്പതു ജോലിയുണ്ടായിരുന്നു. അല്ലെങ്കിൽ മരിച്ചവരെ കാണാൻ താൻ പോകാറുമില്ലല്ലോ.

കർണാടകത്തിലെ ഏതോ ഒരു ജില്ലയിൽ -കോലാറിലോ ദാവൺഗരെയിലോ-നഴ്‌സിംഗിനു പഠിച്ചുകൊണ്ടിരിക്കെ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടു എന്നാണു കേട്ടത്‌. സാഹചര്യമെന്തെന്ന്‌ പലരും പലതരത്തിൽ പറയുന്നുണ്ട്‌. അതൊരു പതിവാണെന്നേ അയാൾ കരുതുന്നുളളു. അഭിപ്രായപ്രകടനങ്ങൾ പലതാവാം, അപ്പോഴും സത്യം മറ്റൊന്നായിരിക്കും.

പ്രീത തന്നെ നേരിക്ക്‌ പ്രത്യക്ഷപ്പെട്ട സ്ഥിതിക്ക്‌ സത്യാവസ്ഥ തിരക്കിയാലോ എന്നയാൾ ചിന്തിച്ചു. പെട്ടെന്ന്‌ വേണ്ടെന്നുവച്ചു. അവർ തന്നെ ദുരൂഹസാഹചര്യമെന്ന്‌ പറഞ്ഞിരിക്കുന്ന സ്ഥിതിക്ക്‌ സത്യം വെളിപ്പെടുത്താൻ ഉദ്ദേശ്യമില്ലെന്നു വ്യക്തം. അയാളുടെ മനോഗതി അവർ മനസ്സിലാക്കിയെന്നു തോന്നുന്നു, ആത്മാക്കൾക്ക്‌ അതിനു കഴിയുമല്ലോ.

‘എന്റെ മരണം എങ്ങനെയായിരുന്നു എന്നറിയണമെന്നുണ്ട്‌ അല്ലേ?“

അയാളൊന്നും മിണ്ടിയില്ല.

ക്ഷമിക്കണം. ആ സത്യം എന്നോടുകൂടി മണ്ണടിയട്ടെ.’

‘നിങ്ങളുടെ മരണം സംശയാസ്‌പദമായിരുന്നെങ്കിൽ ഉടയവരാരും പരാതിപ്പെട്ടില്ലേ?’ അയാൾ തിരക്കി.

‘എന്തിന്‌? എന്റെ ശവം മാന്തിയെടുത്ത്‌ വീണ്ടും കീറിമുറിക്കാനോ? ശവക്കുഴിയിലും എന്നെ വെറുതെ വിടില്ലേ?’

പിന്നീടെന്തു ചോദിക്കണമെന്ന്‌, എന്തു പറയണമെന്ന്‌-അയാൾക്കു നിശ്ചയമില്ലാതായി. ഇരുവർക്കുമിടയിൽ നീണ്ട മൗനം. ഒരു വവ്വാൽ ചിറകടിച്ചുപറന്നുപോയി. രാത്രിയുടെ നിശബ്‌ദതയിൽ അതിന്റെ ചിറകടിയൊച്ച ഭയാനകമായി അയാൾക്കു തോന്നി.

‘നിങ്ങളിപ്പോൾ എന്താണു ചെയ്യുന്നത്‌?’ അവൾ ചോദിച്ചു. അത്‌ വിഷയം മാറ്റാനാണെന്ന്‌ അയാൾ ഊഹിച്ചു.

‘ഞാനൊരു പേരു കൊത്തുകയാണ്‌. കതിരിട്ട കുന്നേൽ ഐപ്പ്‌ ചേട്ടന്റെ. നാളെ ഇതുറപ്പിക്കേണ്ടതാണ്‌. മറ്റന്നാളാണ്‌ അദ്ദേഹത്തിന്റെ നാൽപതടിയന്തിരം.’

‘നിങ്ങൾ ഐപ്പ്‌ ചെട്ടനെ അറിയുമോ?”

’ഞാനെന്തിനറിയണം? മരണപ്പെട്ടവരെല്ലാം എനിക്കൊരുപോലെയാണ്‌. സ്ലാബിൽ ഞാൻ പേരുകളാണ്‌ കൊത്തുന്നത്‌. പരിചയമുളളവരുടെയായാലും അല്ലെങ്കിലും എനിക്കെന്തു വ്യത്യാസം?‘

’ഐപ്പ്‌ ചേട്ടനെന്നു പറഞ്ഞുകേട്ടപ്പോ പരിചയമുണ്ടായിരിക്കുമെന്നു തോന്നി.“

‘പ്രായത്തെ ബഹുമാനിച്ചെന്നേയുളളൂ.’

‘പ്രായമായവർ മരിച്ചാലെ നിങ്ങൾ ബഹുമാനിക്കൂ എന്നുണ്ടോ? ഇരുപത്തിരണ്ടാമത്തെ വയസ്സിൽ മരിച്ച എന്നെ നിങ്ങൾ ബഹുമാനിക്കുമോ?”

“പ്രായത്തെ ബഹുമാനിക്കുന്നത്‌ മരണപ്പെട്ടവരോടുമാത്രമല്ലല്ലോ. പിന്നെ മരണപ്പെട്ടവരോടെല്ലാം എനിക്കു ബഹുമാനമാണ്‌. അവർ മോക്ഷം പ്രാപിച്ചു എന്നാണെന്റെ പക്ഷം. നിങ്ങളോടെനിക്ക്‌ ബഹുമാനമുണ്ട്‌. ഒരിറ്റു സഹതാപവും.’

അവൾ നിശബ്‌ദയായി. സഹതാപം എന്ന വാക്കുപയോഗിച്ചത്‌ അബദ്ധമായോ എന്തോ. ചിലപ്പോഴെങ്കിലും തനിക്ക്‌ അബദ്ധം പിണയാറുണ്ടെന്ന്‌ അയാൾ ഓർത്തു. മറ്റുളളവരുടെ മനസ്സിന്‌ പോറലുണ്ടാക്കുന്ന വാക്കുകൾ അറിയാതെ വീണുപോവും.

‘ക്ഷമിക്കണം’. അയാൾ പറഞ്ഞു.

‘എന്തിന്‌?’ അവളുടെ മറുചോദ്യം.

‘നിങ്ങളെ വേദനിപ്പിച്ചതിന്‌.’

‘വേദനയോ?’ അവളൊന്നു ചിരിച്ചു. എനിക്കു മരിക്കേണ്ടി വന്ന സാഹചര്യത്തിനപ്പുറം ഒരു വേദനയും ശാരീരികമായും മാനസികമായും-പുതുതായി ഞാനിനി അനുഭവിക്കാനില്ല.‘

’നിങ്ങളുടെ അനുഭവം- അതെങ്ങനെയുളളതായിരുന്നാലും-ഒരു പുതിയ സംഭവമല്ല. നിങ്ങൾക്ക്‌ സ്വയം മരിക്കേണ്ടി വന്നതായാലും ആരെങ്കിലും അപായപ്പെടുത്തിയതായാലും അതും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കഴിയുമെങ്കിൽ ആശാസ്യമല്ലാത്ത ചുറ്റുപാടിൽ ചെന്നു ചാടാതിരിക്കുകയാവും നല്ലത്‌.”

‘ഹേ! മനുഷ്യാ, നിർത്തുന്നുണ്ടോ നിങ്ങളുടെ പ്രസംഗം? ഈ മധുരവാക്കുകൾ ചൊരിയുന്ന നിങ്ങളെയും എനിക്കിപ്പോൾ വിശ്വാസമില്ല. പെണ്ണിനെക്കണ്ടാൽ ഭ്രാന്തിളകുന്ന പുരുഷലോകത്ത്‌ ആരെയാണ്‌ വിശ്വസിക്കേണ്ടത്‌? ആരെയാണ്‌ അവിശ്വസിക്കേണ്ടത്‌? അവളൊന്നു നിർത്തി. എന്നിട്ടു തുടർന്നു.

ഒരു പെണ്ണിന്‌ ആരെയും വിശ്വസിക്കാതിരിക്കാൻ കഴിയുമോ? അന്യനാട്ടിലാവുമ്പോൾ ഒരു സ്‌ത്രീയെങ്കിലും വിശ്വസിക്കാവുന്നതായി ഉണ്ടാകുമെന്ന്‌ കരുതി. പക്ഷേ…’

‘എനിക്കിപ്പോൾ ഏതാണ്ടെല്ലാം മനസ്സിലായി. നിങ്ങൾ വിശ്വസിച്ച ഒരു സ്‌ത്രീയാൽ വഞ്ചിക്കപ്പെട്ടു. അതു നിങ്ങളുടെ മരണത്തിനിടയാക്കി. ഒന്നു മാത്രമേ എനിക്കു പറയാനുളളൂ. കഷ്‌ടമായിപ്പോയി. തികച്ചും കഷ്‌ടമായിപ്പോയി.’

അവൾ കണ്ണു തുടച്ചെന്നു തോന്നുന്നു, നല്ലതുപോലെ കാണാൻ വയ്യ.

‘നിങ്ങൾ മുമ്പു പറഞ്ഞില്ലേ എന്നോടു സഹതാപമുണ്ടെന്ന്‌. സഹതാപം എനിക്കാവശ്യമില്ല. പകരം ഒരിറ്റു സ്‌നേഹമുണ്ടെങ്കിൽ ഒരുപകാരം ചെയ്യണം.“

’തീർച്ചയായും. എന്താണു ഞാൻ ചെയ്യേണ്ടതെന്നു പറയൂ.‘

’എന്റെ പേരും ഒരു ചെറിയ കല്ലിൽ രേഖപ്പെടുത്തി എന്റെ മാതാപിതാക്കളെ ഏൽപ്പിക്കണം. അവർ താല്‌പര്യമെടുത്ത്‌ അതു ചെയ്യുമെന്ന്‌ എനിക്കു തോന്നുന്നില്ല. എന്റെ ജീവിതം ഒരടഞ്ഞ അധ്യായമായി കാണാനാണ്‌ സാധ്യത. പിന്നെയുളളത്‌ ഒരനുജത്തിയാണ്‌. അവളെക്കൊണ്ട്‌ എന്തു സാധിക്കും! കരഞ്ഞു തളർന്ന്‌ അവളിപ്പോഴും കിടപ്പിലായിരിക്കും. അവൾക്കെന്നെ അത്രയ്‌ക്കു കാര്യമായിരുന്നു.

അവൾ മുഖം പൊത്തി തേങ്ങി. വന്നതിന്റെ ഇരട്ടിവേഗത്തിൽ അവൾ തിരിച്ചുപോയി.

അയാൾ ഡയറിയെടുത്ത്‌ അവൾ പറഞ്ഞ വിവരങ്ങൾ കുറിച്ചിട്ടു. ഒന്നും ചോദിക്കാനുണ്ടായിരുന്നില്ല. എല്ലാ വിവരങ്ങളും അവൾ പറഞ്ഞിരുന്നല്ലോ.

*******************************************************************

ആരോ തട്ടിവിളിച്ചത്‌ കേട്ടാണ്‌ അയാളുണർന്നത്‌. വിളിച്ചുണർത്തിയവർ അയാൾക്കു നേരെ കയർക്കുകയായിരുന്നു. ‘നിങ്ങളെന്താണീ കാണിച്ചുവച്ചിരിക്കുന്നത്‌!’ മൂന്നോ നാലോ കണ്‌ഠങ്ങളിൽ നിന്നും ഒരേ സ്വരം. ഉറങ്ങാതിരുന്ന്‌ ജോലി ചെയ്‌തതിന്റെ ആലസ്യം മൂലം തെല്ലു സമയമെടുത്തു അയാൾക്കു പരിസരബോധം വീണ്ടുകിട്ടാൻ. നേരം പുലർന്നിരിക്കുന്നു. ഒരാൾ സ്ലാബിലേക്കു വിരൽചൂണ്ടി.

‘പാവന സ്‌മരണക്ക്‌

പുൽപ്പറമ്പിൽ

പ്രീത കുര്യാക്കോസ്‌ (22)

മരണം – 31.8.2004’

എന്ന അക്ഷരങ്ങൾ അയാളെ നോക്കി മന്ദഹസിക്കുന്നുണ്ടായിരുന്നു.

Generated from archived content: story2_apr21.html Author: venu_malippara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here