ചെസ്സ് ബോർഡിൽ കരുക്കൾ നിരത്തി കളിയിൽ ലയിച്ചിരിക്കുകയാണ് ആമിയും നന്ദുവും.
‘ആഹാ… രാവിലെ തന്നെ കളി തുടങ്ങിയല്ലോ കൊതികൂട്ടി തമ്മിൽ തല്ലാവരുത് കേട്ടോ. പിടിച്ചുമാറ്റാൻ ഞങ്ങളെ കിട്ടില്ല പറഞ്ഞേക്കാം.
യാദൃച്ഛികമായി അവിടെയെത്തിയ അമ്മായി പറഞ്ഞു.
’അമ്മായിക്കറിയോ ചെസ്സു കളിക്കാൻ?‘ കളിയിൽ രസം പിടിച്ച നന്ദു ആരാഞ്ഞു.
’അതല്ലേ നിങ്ങൾ കളിക്കുന്നത്?‘ അമ്മായി പുഞ്ചിരിച്ചുകൊണ്ട് പഴയകാലത്തേക്ക് ഓർമ്മയെ നയിച്ചു. ’പണ്ട് ഈ കളിയുടെ പേര് ചതുരംഗം എന്നായിരുന്നു.‘
’ഹായ് നല്ല പേര്.‘ ആമി പറഞ്ഞു.
’അതൊന്ന് വിശദീകരിക്കാമോ അമ്മായിക്ക്? പണ്ടുപണ്ടത്തെ കളിരീതികൾ ഞങ്ങളുമറിയട്ടേ‘ നന്ദുവിന്റെ മോഹം പുറത്തുവന്നു.
’അതൊരു യുദ്ധമാണ്. ബുദ്ധിപരമായ യുദ്ധം. സൈന്യത്തിൽ ആന, തേര്, കുതിര, കാലാൾ എന്നീ വിഭാഗങ്ങളുണ്ടാകും. ചതുരംഗപ്പട എന്നു പറയാം. ഒരുപോലെ ഭഗവാൻമാരായ രണ്ടു രാജാക്കൻമാർ തമ്മിലുള്ള ധർമ്മയുദ്ധം. അതാണ് ചതുരംഗപ്പോര്.‘
’മുഴുവൻ പിടികിട്ടിയില്ല അമ്മായി‘ നന്ദു പറഞ്ഞു.
’മേൽപറഞ്ഞ വിഭാഗങ്ങൾ കൂടാതെ രാജാവും മന്ത്രിയും കളിയിലുണ്ടാകും. രാജാവിനെ എങ്ങോട്ടും പോവാനാവാതെ തടയുക എന്ന ലക്ഷ്യമാണ് കളിയിലുള്ളത്. നല്ല ഓർമ്മശക്തിയും ഭാവനയും വേണ്ട കളിയാണിത്.
‘വിശ്വനാഥൻ ആനന്ദ് ലോകചെസ്സ് ചാമ്പ്യനായി എന്ന് പത്രത്തിൽ വയിച്ചല്ലോ’ ‘അതു ശരിയാണ് എത്രമിടുക്കൻ അല്ലേ?’
‘ഈ കളിയെപ്പറ്റി ഒരു കഥ കേട്ടിട്ടുണ്ടല്ലോ’ അമ്മായിക്കറിയോ അത്?‘ ആമിയുടെ ചോദ്യം.
’അറിയാമല്ലോ. വളരെപ്പണ്ട് ചെറുശ്ശേരി നമ്പൂതിരിയും കോലത്തുനാട് രാജാവും തമ്മിൽ ചതുരംഗം കളിക്കുകയായിരുന്നു. അടുത്ത് രാജ്ഞി തന്റെ കുഞ്ഞിനെ താരാട്ടിയും കളികണ്ടും നിന്നിരുന്നു. ചതുരംഗക്കളിയിൽ സമർത്ഥയായിരുന്നു അവർ. രാജാവ് തോൽവിയുടെ വക്കിൽ എത്തി എന്നു തോന്നിയപ്പോൾ റാണിഃ
‘ഉന്തുന്തു ന്തുന്തുന്തുന്തുന്തുന്തു ന്തുന്തുന്തുന്താളെയുന്ത്’ എന്നു നീട്ടിപ്പാടുകയും ബുദ്ധിമാനായ രാജാവ് ഒരു ആളിനെ ഉന്തി നമ്പൂതിരിയെ തോൽപ്പിക്കുകയും ചെയ്‌തു.
തന്റെ പ്രിയതമ മൂളിയ രാഗത്തിൽ രാജാവിന്റെ നിർദ്ദേശപ്രകാരം ചെറുശ്ശേരി കൃഷ്‌ണഗാഥ രചിച്ചു എന്നാണ് ഐതിഹ്യം.
‘ഇനി കളി തുടർന്നോളു. അടുക്കളയിൽ അൽപം കൂടി ജോലിയുണ്ട്’ അവർ അകത്തേക്കു പോകുമ്പോൾ കുട്ടികൾ ചെസ്സിലേക്കു മടങ്ങുകയായിരുന്നു.
Generated from archived content: story3_dec9_10.html Author: ushadevi_marayil