ആരോടും പറയരുത്

മഹാനഗരത്തില്‍ ബസുകള്‍ കുറവല്ല. എങ്കിലും തനിക്ക് കയറാനുള്ള ബസ് അന്നു വരാന്‍ വൈകി. ക്ഷമയറ്റ് കാത്തുനില്‍പ്പിന്റെ അവസാനം ബസു വന്നു . ഭാഗ്യത്തിന് ഇരിക്കാന്‍ ഇടം കിട്ടി.

തൊട്ടുമുന്നിലെ ഇരിപ്പിടത്തില്‍ രണ്ടു യുവതികളാണ്. ഓരം ചേര്‍ന്നുള്ള ഇരിപ്പിടത്തിലുള്ളവര്‍ അടുത്തിരിക്കുന്നവളോട് എന്തോ സംസാരിക്കാന്‍ മുഖം തിരിച്ചു. ഹൊ! എന്തൊരു സുന്ദരമുഖം! മുഖത്തിന്റെ പാര്‍ശ്വവീക്ഷണത്തിനു മാത്രമേ യോഗമുണ്ടായുള്ളു. എങ്കിലും നേര്‍ക്കാഴ്ച്ചയുടെ അഥവാ അഭിമുഖക്കാഴ്ചയുടെ അസ്സലറിയാന്‍ ഭാഗീകവീക്ഷണം ധാരാളമായി തോന്നി.

ഭൂമിയില്‍ അഴകിന്റെ മിഴിവു ചേര്‍ക്കാന്‍ അവതരിച്ച അപ്സരസാണോ അവള്‍? ബസ്സെന്ന ചതുര്‍ച്ചക്ര ശകടം സ്വര്‍ഗ്ഗരഥമോ സ്വപ്നരഥമോ? മനോരഥം സങ്കല്‍പ്പവീഥിയിലൂടെ പായുകയായിരുന്നു.

വിടര്‍ന്ന ചുണ്ടിലെ പാലൊളിച്ചിരിയാലും കൊഞ്ചല്‍ ‍മൊഴിയാലും അവള്‍ പൂനിലാവില്‍ പഴയ നാടന്‍ ചിന്തു പാടിക്കൊണ്ടൊഴുകുന്ന ഓര്‍മ്മയുണര്‍ത്തി. ഓളങ്ങള്‍ പോലെ കാറ്റില്‍ അവളുടെ അളകങ്ങളിളകി കാറ്റിനോട് അസൂയ തോന്നി. ആരെയും എപ്പോള്‍ വേണമെങ്കിലും ഉമ്മവയ്ക്കാന്‍ കഴിയുന്ന കാറ്റ്!.

മദന വികാരങ്ങള്‍ മനസിന്റെ തടവറ ചാടാന്‍ വെമ്പി. അവളെ പറ്റി ഒന്നും അറിയില്ലെങ്കിലും മോഹിച്ചു പോയി . പ്രഥമദര്‍ശനത്തില്‍ തന്നെ പ്രണയാഭ്യര്‍ത്ഥന നടത്തുന്നത് ബുദ്ധി മോശമല്ലേ?വെള്ളം കോരിക്കുടിക്കാന്‍ ഉദ്ദേശിക്കുന്നവന്‍ തുടക്കത്തിലേ കുടം ഉടക്കരു‍തെന്നല്ലേ? പിന്നീട് പശ്ചാത്തപിക്കാവുന്ന ഒരു വാക്കോ നോക്കോ തന്നില്‍ നിന്നും ഉണ്ടാവരുതെന്നു പ്രാര്‍ത്ഥിച്ചു.

ഓടുന്ന ബസില്‍ ദൈവം പെട്ടന്ന് പ്രത്യക്ഷപ്പെട്ട് എന്തു വരം വേണമെന്ന് ചോദിച്ചാല്‍ മുന്നിലിരിക്കുന്നവളുടെ ജീവിതം തന്റെ സ്വന്തമായാല്‍ മതീന്നു പറഞ്ഞേനേ. ദൈവം അങ്ങനെ വരുമോ വരം തരുമോ എന്നൊക്കെ വേറെ കാര്യം.

അവള്‍ തന്റെ പ്രാണപ്രേയസിയായാല്‍ ആജീവനാന്തം വര്‍ണവസന്തം അഥവാ മരണം വരെ മധുവിധുകാലം എന്നു പാടിയേനെ. പാടാനറിയുമായിരുന്നെങ്കില്‍ എന്നു ചിന്തിച്ചു കൊണ്ടിരിക്കെ പെട്ടന്ന് അവള്‍ ഛര്‍ദ്ദിച്ചു. ദഹനക്കേടുകൊണ്ടാകാം അല്ലെങ്കില്‍ ബസുയാത്ര ചിലര്‍ക്കുണ്ടാ‍ക്കുന്ന മനം പിരട്ടല്‍ കൊണ്ടാവാം. ഛര്‍ദ്ദിലിന്റെ അവശിഷ്ടങ്ങള്‍ കാറ്റില്‍ തന്റെ മുഖത്തും കുപ്പായത്തിലും തെറിച്ചു വീണു. വൃത്തികേടുമായി താന്‍ എങ്ങിനെ ഓഫീസില്‍ പോകും? കഴുകിയാലും പോകുമോ നാറ്റം? സുന്ദരിപ്പെണ്ണായാലും ഛര്‍ദ്ദിലിനുണ്ടോ സുഗന്ധം?

അവള്‍ തിരിഞ്ഞു നോക്കി ലജ്ജയോടെ പറഞ്ഞു.

‘സോറി’

സാരമില്ലെന്ന് താന്‍. രണ്ടു സ്റ്റോപ്പ് കഴിഞ്ഞപ്പോള്‍ അവളും കൂട്ടുകാ‍രിയും ഇറങ്ങി. പെട്ടെന്നെടുത്ത തീരുമാനത്തില്‍ താനും. അവളുടെ മേല്‍ വിലാസമെങ്കിലും അറിഞ്ഞിരിക്കണമല്ലോ.

അവളും കൂട്ടുകാരിയും കയറിച്ചെന്നത് ഒരു പ്രസവശുശ്രൂഷാലയത്തിലേക്കാണ്.

ഗര്‍ഭാരംഭകാലത്തെ അസ്കിതമൂലമായിരുന്നോ അവളുടെ ഛര്‍ദ്ദി?

അമളിയുടെ കഥ ആരോടും പറയുരുതെന്നാണ് പറയുക. പക്ഷെ, അവളേപറ്റി പറയാതിരിക്കാന്‍ കഴിയുമോ? അപ്പോള്‍ … എങ്കിലും നിങ്ങള്‍ ആരോടും പറയരുത്.

Generated from archived content: story1_feb23_12.html Author: unni_varyathu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English