കന്യകേ നാടും വീടും നാമവുമറിയാതെ
കണ്ടതും നിന്നിലനുരക്തനായ് ചമഞ്ഞു ഞാൻ
കരളിൻ കിളിവാതിൽ മന്ദം തുറന്നു വെയ്‌ക്കൂ
കാണാത്ത സ്നേഹത്തിന്റെ കാഴ്‌ചയെനിക്കു കാണാൻ
കിന്നാരം പറയുവാൻ മോഹമുണ്ടെന്നാകിലും
കിട്ടുന്നില്ലൊരു വാക്കും കളിയാക്കരുതെന്നെ
ഒരിക്കൽ മണിയക്കുള്ളിൽ നീ വരുന്നേര-
മൊന്നല്ല നൂറായിരം കാര്യങ്ങൾ പറയാം ഞാൻ
കിനാവിലെന്നേവരെ കണ്ടിട്ടില്ല ഞാൻ നിന്നെ
കിനാവിലിനിയെന്നും കാണും ഞാൻ നിന്നെത്തന്നെ
പുഷ്പകിരീടം ചൂടും വസന്ത ഋതുകന്യ
പുണ്യദർശനം തന്നു നിൻ സ്വരൂപത്തിൽ പെണ്ണേ
നിലാവിൽ നികുഞ്ജത്തിൽ നിത്യസൗന്ദര്യമേ നിൻ
നിഴലായിരിക്കുവാനെനിക്കു ദാഹമോഹം
കോരിത്തരിപ്പുണർത്താനൊന്നു വാരിപ്പുണരൂ
കൊതി തുള്ളുമെൻ ചുണ്ടിലൊരു ചുംബനം തരൂ.
Generated from archived content: poem2_nov20_07.html Author: unni_varyathu