അമേരിക്കയോട്‌

അന്യദേശത്തേക്കാളേറെ മൃഗീയത-

യ്‌ക്കമേരിക്ക നീ മുൻഗണനയർഹിപ്പൂ

നീ കൊല്ലുന്നതാരെ-? സ്വരൂപമർത്ത്യനെ

നീചകത്യമിതിൽപ്പരം മറ്റെന്തുള്ളൂ

ഒരു പട്ടാളത്തെ ഞൊടിയിടയിൽ കൊല്ലുവാ

നൊരു വിരലൊരു ബട്ടൺ തൊട്ടാൽ മതി

ഒരിക്കലും കൊല്ലാനാവില്ലൊരാശയം

മരിക്കാം മാനുഷൻ, മരിക്കില്ല ലക്ഷ്യം.

ധനസ്ഥിതി നിന്റെ പെരുകിയ നേരം

മനസ്ഥിതിയെന്തേ ചുരുങ്ങിപ്പോകുവാൻ?

ശിലായുഗത്തിലെ മനോഭാവം വെച്ചു

പുരോഗമിക്കുമോ ഭൂവിയിലാരാനും?

നിറതോക്കുകളാലലംകൃതമല്ലോ

നിൻ ദർബാറിനേറെ കനത്ത ഭിത്തികൾ

നിറഞ്ഞിരിക്കുന്നു നിന്നാത്മാവിലാകെ

നിറഭേദമെന്ന കരിവിഷധൂമം.

അതിപരിഷ്‌കൃതാധികാരികൾ നിങ്ങ-

ളപരിഷ്‌കൃതരാമകംകൊണ്ടിപ്പോഴും

അറ്റ്‌ലാന്റിക്കിന്നഗാധതയിലായണു-

വായുധങ്ങളെല്ലാം വലിച്ചെറിഞ്ഞാട്ടെ

മഹാനുഭാവന്മാർ ലിങ്കണെപ്പോൽ വീണ്ടു

മവതരിക്കട്ടെ അമേരിക്കേ നിന്നിൽ

അപഹാസ്യവർണവിവേചനങ്ങളെ-

യകറ്റാൻ നിങ്ങൾക്കു പാഠം കൽപ്പിക്കട്ടെ.

Generated from archived content: poem1_oct15_07.html Author: unni_varyathu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here