ഇന്നത്തെ കുറ്റത്തിന് ഇന്നു തന്നെ ശിക്ഷിക്കണം. നാളെയല്ല. അല്ലെങ്കില്‍ നാളെ നാളെ. .നീളെ നീളെയെന്നാകും. ശിക്ഷിക്കപ്പെടാതെയുമിരിക്കാം. ഇതു കണ്ടും കേട്ടും വായിച്ചും അറിഞ്ഞ പാഠം.
രണ്ടാനമ്മ ചെയ്ത തെറ്റിന് പ്രതികാരം നിര്‍വഹിക്കാനാണ് താന്‍ നഗരത്തില്‍ നിന്നു തിരിച്ചുവന്നത്.
നഗരത്തില്‍ ചെന്നതോ? റോഡ് സൈഡ് റോമിയോ ആയി സമയം കളയാനോ, ബാല്‍ക്കണി കാഴ്ച നോക്കി നേരം കൊല്ലാനോ ആയിരുന്നില്ല. എത്രയും വേഗം എത്രയും അധികം സമ്പാദിക്കാനായിരുന്നു. അത്ര വേഗത്തിലല്ലെങ്കിലും ലക്ഷ്യം നിറവേറ്റി.
തിരിച്ചുവരവ് പ്രതികാരവഹ്നിയെപ്പോലെ. പെട്ടെന്നു കെട്ടടങ്ങാത്ത പൊട്ടിപ്പൊട്ടി പടരുന്ന കാട്ടുതീ പോലെ. തന്റെ നല്ല കാലം രണ്ടാനമ്മയുടെ ചീത്തക്കാലമാക്കാനുള്ള ആവേശത്തോടെ.
എല്ലാം ഓര്‍മയിലുണ്ട്…
അമ്മയുടെ മരണം പെട്ടെന്നായിരുന്നതിനാല്‍ തനിക്കു സ്‌നേഹവാത്സല്യങ്ങള്‍ക്ക് പഞ്ഞം അനുഭവപ്പെട്ടു. അച്ഛന്‍ പുനര്‍വിവാഹം ചെയ്തു രണ്ടാനമ്മയാക്കിയ സ്ത്രീ തന്നെ ദ്രോഹിച്ചതിനു കണക്കില്ല. കണ്ടിട്ടും കാണാത്തതു പോലെയായിരുന്നു അച്ഛന്റെ നിലപാട്.
രണ്ടാനമ്മയ്ക്ക് ഒരു മകള്‍ ജനിച്ചപ്പോഴാണ് ദ്രോഹം കൂടുതലായത്. അങ്ങനെ താന്‍ പതിനഞ്ചാം വയസില്‍ വീടും നാടും വിട്ടോടി. ദിശ ഏതെന്നു നോക്കിയില്ല. പക്ഷെ, ലക്ഷ്യം എന്തെന്നു നിശ്ചയിച്ചിരുന്നു. ലക്ഷങ്ങള്‍ സമ്പാദിക്കുക, എങ്ങനെയെങ്കിലും. എന്നിട്ടു തിരിച്ചുവരിക. പക വീട്ടാന്‍….
ശാരീരികമായും മാനസികമായും നോവിച്ച രണ്ടാനമ്മയെ കരയിക്കാന്‍ പോകുന്നുവെന്ന് സ്വയം മൗനപ്രഖ്യാപനം നടത്തിയാണ് താന്‍ വന്നത്. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം.
അന്വേഷണത്തില്‍ അറിഞ്ഞു അച്ഛന്‍ മരിച്ചെന്ന്. രണ്ടാനമ്മ തളര്‍വാതം പിടിച്ചു കിടപ്പാണെന്ന്.
ചിരിച്ചു… പൊട്ടിപ്പൊട്ടിച്ചിരിച്ചു. പക്ഷെ, രണ്ടാനമ്മയുടെ മകള്‍ ജീവിക്കാന്‍ പകലന്തിയോളം പണിയെടുത്തു ബുദ്ധിമുട്ടുന്നതു കണ്ടപ്പോള്‍ വല്ലായ്മ തോന്നി. രണ്ടാനമ്മയുടെ വയറ്റില്‍ പിറന്നതാണെങ്കിലും അവള്‍ തന്റെ പെങ്ങളാണ്. അവള്‍ക്ക് നല്ലൊരു ജീവിതം നല്‍കേണ്ടത് തന്റെ കടമയാണ്. രണ്ടാനമ്മ ചെയ്ത തെറ്റിന് മകള്‍ ശിക്ഷിക്കപ്പെടരുതല്ലോ..
രണ്ടാനമ്മയെ തളര്‍വാതത്താല്‍ വിധി ശിക്ഷിച്ചിരിക്കുന്നു. ഇനി മറ്റെന്തു ശിക്ഷയും നിരര്‍ഥകം. അതു കൊണ്ടു മാപ്പു കൊടുക്കാം. അതും ഒരു ശിക്ഷയാണല്ലോ….
Generated from archived content: stori1_may29_13.html Author: unni_variath