എല്ലാ വർഷത്തേക്കാളും അതിഗംഭീരമായിത്തന്നെ ഈ വർഷവും ഉത്സവം ഗംഭീരമാക്കണമെന്ന് ഉത്സവകമ്മിറ്റിക്കാർ കൂടിയിരുന്നാലോചിച്ചു. അതിനായവർ രശീതു കുറ്റികളും നോട്ടീസും പരസ്യം പിടിച്ച് അച്ചടിപ്പിച്ചു. പിരിവു തുടങ്ങിയപ്പോൾ തന്നെ നല്ല പ്രതികരണമായിരുന്നതിനാൽ ആഘോഷക്കമ്മിറ്റിയംഗങ്ങൾക്ക് പതിവിലും ഉത്സാഹത്തോടെ തുടർന്നുളള ഈ ദിവസങ്ങളിലും ഭംഗിയായി പിരിവു നടത്തുവാൻ കഴിഞ്ഞു. ഒന്നാം ദിവസം ഗാനമേള, രണ്ടാം ദിവസം മിമിക്രി, മൂന്നാം ദിവസം ബാലെ, ഏറ്റവുമൊടുവിലത്തെ ദിവസം ഗംഭീര നാടകം.
എല്ലാറ്റിനുമവസാനം കണക്കുകൾ നോക്കിയപ്പോൾ പിന്നെയും ബാക്കി. നാടിന്റെ ക്ഷേമത്തിനായി അവർ അടുത്തുളള ബാറിൽ ഒത്തുകൂടി. വീണ്ടും കണക്കുനോക്കിയപ്പോൾ പിന്നെയും ബാക്കി. ഒടുവിലവർ വട്ടമിട്ടിരുന്ന് പങ്കിട്ടെടുത്തു. അപ്പോഴവശേഷിച്ചത് കുറച്ചു നാണയത്തുട്ടുകൾ. അതവർ ഭണ്‌ഡാരത്തിലിട്ട് സന്തോഷത്തോടെ പിരിഞ്ഞുപോയി.
Generated from archived content: story4_july20_05.html Author: toms_konumadom