വെടിയുണ്ടകളുടെ സീൽക്കാരം

ഔറംഗാബാദിന്റെ പ്രാന്തങ്ങളിലെവിടെയോ ആയിരുന്നു. ഭരതന്റെ മിലിട്ടറി ട്രെയിനിംഗ്‌ ക്യാമ്പ്‌. ചുറ്റും വരണ്ട പാറക്കുന്നുകൾ കാവൽ നിൽക്കുന്ന തീക്ഷണമായ വെയിൽച്ചൂടിന്റെ നാട്ടിൽ. നാഗത്തകിടിന്റെ മേൽക്കൂരയ്‌ക്കുളളിൽ മുളയുന്ന ഒരേ തൂവൽപക്ഷികൾ ഹിന്ദുസ്ഥാനി മൊഴിയേ സംസാരിക്കാവൂ എന്നായിരുന്നു നിയമം. ചണക്കയർ വരിഞ്ഞ കട്ടിലിൽ വിരിക്കാൻ കാർമുകിലിന്റെ നിറമുളള കമ്പിളി. കല്ലിലും മുളളിലും ഭയലേശമില്ലാതെ നടക്കാൻ ഇരുമ്പുലാടം തറച്ച ബൂട്ട്‌സ്‌. വിശപ്പിന്‌ പഴക്കച്ചൂരുളള ആട്ടപ്പൊടിയുടെ ചപ്പാത്തിയും പച്ചരിച്ചോറും പാട്ടനെയ്‌ താളിച്ച ഉഴുന്നു ഡാളും പുഴുങ്ങിയ ഉരുളക്കിഴങ്ങും. ഉസ്‌താദുമാർ ഹിന്ദി അറിയാത്ത മദ്രാസി ശിപ്പായികളെ ശകാരിക്കും. അത്താഴത്തിനു ശേഷം സ്‌പെഷൽ ക്ലാസൊരുക്കി കറമ്പൻമാരെ ഹിന്ദി പഠിപ്പിക്കും. കവാത്ത്‌ മുറകളും ഹിന്ദിയും വശമാക്കിയ ഭരതൻ സത്യപ്രതിജ്ഞയ്‌ക്കുശേഷം കൂട്ടുകാരോടൊപ്പം ഇരുമ്പുട്രങ്കും പളളവീർത്ത കിറ്റ്‌ബാഗുമായി ഔറംഗാബാദിൽ നിന്ന്‌ അമൃത്‌സറിലേക്ക്‌ നങ്കൂരമിട്ട ബറ്റാലിയനിലേക്ക്‌ ട്രെയിൻ കയറി. ഭരതൻ അമൃത്‌സറിലെത്തി ഒരുവർഷം കഴിഞ്ഞപ്പോൾ ബ്രിട്ടീഷ്‌ ഭരണത്തിൽനിന്നും രാഷ്‌ട്രം സ്വതന്ത്രയായി. പരിശുദ്ധ രാഷ്‌ട്രത്തിനു വേണ്ടിയുളള ജിന്ന സാഹിബിന്റെ ശാഠ്യം ഫലിച്ചു. ഭാരതത്തിൽ നിന്നും പാക്കിസ്ഥാൻ മുറിഞ്ഞുവീണു. ഉപഭൂഖണ്ഡത്തെ വെട്ടിമുറിച്ചതിന്റെ ഗൂഢാഹ്ലാദവും ഇരുരാഷ്‌ട്രങ്ങളിലേയും മതഭ്രാന്തൻമാർ പരസ്‌പരം കൊന്നും കൊളളിവച്ചും പകതീർത്തും സ്വാതന്ത്ര്യം ആഘോഷിക്കപ്പെട്ടു എന്ന കളളച്ചിരിയുമായി ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ പ്രതിനിധികൾ കപ്പൽ കയറി. ഒരുപാട്‌ ക്രൂരസഹനങ്ങൾക്കു ശേഷം കൈവന്ന സ്വാതന്ത്ര്യത്തിന്റെ ആഹ്ലാദങ്ങളോടൊപ്പം പുതിയ സങ്കടങ്ങളും ഉരുവായി. പുതിയ വെല്ലുവിളികളും പുതിയ ആശയങ്ങളും പൊട്ടിമുളച്ചു.

ഹരിതസാന്ദ്രമായ പഞ്ചാബിന്റെ അതിർത്തി തീരങ്ങളിൽ പലായിനികളുടെ ദുഃഖവിലാപങ്ങൾ ഉയർന്നു. സിക്കുകാരന്റെ വിള വയൽ മുസ്ലിം തീവ്രവാദികൾ അഗ്നിക്കിരയാക്കി. സിക്കുകാരും ഹിന്ദുക്കളും ഒത്തൊരുമിച്ച്‌ മുസ്ലീങ്ങൾ തിങ്ങിപ്പാർക്കുന്ന ഗ്രാമം വളഞ്ഞ്‌ നാശംവിതച്ചു. കൊലയും കൊളളയും കളവും തുടർക്കഥയായി. മതസ്പർധകൾ ആളിക്കത്തി. കൃപാണങ്ങളും കഠാരികളും പുളഞ്ഞു. സ്വത്തിനും ജീവനും വിലയില്ലാതായി. ഭാണ്ഡങ്ങളും പേറി അതിർത്തി മുറിച്ചു പോകുന്ന പലായിനികളുടെ കൂട്ടത്തിൽ നിന്ന്‌ തോക്കുചൂണ്ടി സുമുഖികളായ യുവതികൾ അപഹരിക്കപ്പെട്ടു.ജീവനും കൊണ്ടോടുന്ന വളർത്തുമൃഗങ്ങൾ തെരുവീഥികളെ കണ്ണീരിലാഴ്‌ത്തി. പട്ടാളക്യാമ്പുകൾ സജിവമായി. മിലിട്ടറി ഡോക്‌ടർമാരും നഴ്‌സുമാരും രോഗവും പരിക്കും പറ്റിയ അഭയാർത്ഥികളുടെ രക്ഷക്കെത്തി. മുറിവുകളിൽ മരുന്നുവച്ചുകെട്ടി. അവശരായ സ്‌ത്രീജനങ്ങളെ പ്രത്യേകമൊരുക്കിയ ടെന്റുകളിൽ പാർപ്പിച്ച്‌ ശുശ്രൂഷിച്ചു. അഭയാർത്ഥികൾക്ക്‌ ഭക്ഷണം നൽകാനും കമ്പിളിപ്പുതപ്പുകൾ വിതരണം ചെയ്യാനും സൈനികവളണ്ടിയർമാർ ഓടി നടന്നു. കോളറ പടരാതിരിക്കാൻ കുടിവെളളം തിളപ്പിച്ചു. നൂറുകണക്കിന്‌ കുഴിക്കക്കൂസുകൾ വെട്ടിയുണ്ടാക്കി. ഛർദിയും മലേറിയയും ബാധിച്ചവരെ മാറ്റിപ്പാർപ്പിച്ചു. ഏതു നാട്ടിലായാലും ഏതു കാലത്തായാലും യുദ്ധങ്ങൾ പലായനങ്ങളും വിലാപങ്ങളും വറുതിയും മാത്രമേ സൃഷ്ടിച്ചിട്ടുളളൂ എന്ന്‌ ഭരതൻ ഓർക്കാറുണ്ട്‌. നാടിന്റെയും ജനതകളുടെയും ഏതുതരത്തിലുളള പ്രശ്‌നങ്ങളാണ്‌ നിറതോക്കുകൾ കൊണ്ടും വാളുകൾകൊണ്ടും പരിഹൃതമായിട്ടുളളത്‌? അരുംകൊലയുടെയും കണ്ണീരിന്റെയും കഥയല്ലാതെ പടയോട്ടങ്ങൾക്ക്‌ പറയാൻ ഒന്നുമില്ല, ഒന്നും! മറ്റു ചില സൈനികരെപ്പോലെ വഴിതെറ്റി വന്നതാണ്‌ പട്ടാളത്തിൽ, ബാരക്ക്‌ ജീവിതം മടുത്തു, മതിയാക്കാം എന്നൊന്നും ഭരതൻ പറഞ്ഞിട്ടില്ല. ഫീൽഡ്‌ ഏരിയകളിൽ നിന്ന്‌ പീസ്‌ ഏരിയയിലേക്ക്‌ സ്ഥലം മാറ്റം തരണമെന്ന്‌ ഓഫീസറോട്‌ ഒരിക്കലും അപേക്ഷച്ചിട്ടില്ല. അപകടങ്ങളെ വെല്ലുവിളിച്ച്‌ ബോർഡർ ഏരിയകളിൽ ജീവിക്കാനായിരുന്നു എന്നും ഭരതന്‌ താൽപര്യം. മഞ്ഞുമഴയെയും മരുഭൂമിയുഷെ സീൽക്കാരങ്ങളെയും കൂസാതെ മുന്നോട്ട്‌ കുതിക്കണമെന്ന വീറുംവാശിയും.

അവസാനമായി പങ്കെടുത്ത യുദ്ധത്തിൽ ശങ്കർ സെക്‌ടറിർൽ വച്ച്‌ ശത്രുവിന്റെ വെടിയുണ്ടക്കിരയായവരിൽ മൂന്നുപേർ ഭരതനോടൊപ്പം ബേസിക്‌ ട്രേയിനിംഗ്‌ ചെയ്‌തവരായിരുന്നു. ശിപായി നാഗഭൂഷണരും ശിവഗംഗനും ആനന്ദനും. ശിവഗംഗൻ കലാകാലൻ കൂടിയായിരുന്നു. പെൺവേഷം കെട്ടി ആടിയും പാടിയും ബറ്റാലിയനിലെ ബഡാഘാനകളെ കൊഴുപ്പിച്ചിരുന്ന സോൾജർ. കവിയോ ഗായകനോ ആവാനല്ല, ഭീരുമായൊരു കാമുകനോ ചിത്രകാരനോ ആവാനല്ല ഭരതൻ കനോലിക്കനാലിന്റെ തീരത്ത്‌ അടയ്‌ക്കാമരങ്ങളും വാളൻപുളി മരങ്ങളും തണൽവിരിച്ച പറമ്പിലെ ചുവന്നവെട്ടുകല്ല്‌ കൊണ്ടു പണിത വീട്ടിൽ ജനിച്ചത്‌. ഹൈസ്‌കൂളിലായിരുന്നപ്പോൾ തന്നെ ഭരതന്റെ മനസിലൊരു പട്ടാളക്കാരനുണ്ടായിരുന്നു. യുദ്ധകഥകൾ തേടിപ്പിടിച്ച്‌ വായിച്ചിരുന്ന ചെറുപ്പക്കാരൻ. ഹിമക്കാറ്റ്‌ വീശുന്ന അതിർത്തി സ്ഥലികളിൽ ജീവിക്കുമ്പോൾ ഭരതൻ ആവേശഭരിതനായിരുന്നു. മലയടുക്കുകളിലും മരുഭൂമിയിലെ ബങ്കറുകളിലും ഒളിച്ചിരിക്കുന്ന ശത്രുനിരയിലേക്ക്‌ ഇരച്ചുകയറിയ സൈനികരുടെ ലീഡർ. അൻപതാം വയസിലും ഒരു ബറ്റാലിയൻ യംഗ്‌ സോൾജേഴ്‌സിനെ നയിക്കാനുളള ലീഡർ പവർ തനിക്കുണ്ടെന്നാണ്‌ ഭരതന്റെ വിശ്വാസം. വ്യായാമം ചെയ്‌ത്‌ വടിവാർന്ന പേശികൾ. ഉരുക്കിന്റെ ശക്തിയുളള ബാഹുക്കൾ, ബാരക്കിനോട്‌ വിടപറഞ്ഞ്‌, സിവിലിയൻ പ്രജയുടെ അലസയാമങ്ങളിലേക്കും സ്വാതന്ത്ര്യത്തിന്റെ വെളിമ്പറമ്പുകളിലേക്കും തിരിച്ചുചെല്ലാൻ ഇഷ്ടമില്ലാത്ത പടയാളി! ബുളളറ്റുകൾ ചീറിവരുന്ന ബോർഡർ ഏരിയകളിൽ ജീവിച്ച നീണ്ട ഇരുപത്തെട്ട്‌ വർഷക്കാലത്തെ രക്ഷാകവചമായിരുന്നു ഒലീവ്‌ഗ്രീൻ യൂണിഫോം. വാർമുദ്രകൾ കോർത്തിട്ട അതഴിച്ച്‌വച്ച്‌ നടകൊളളാൻ ഓർഡർ വന്നപ്പോൾ ഉയർന്നു നിന്നിരുന്ന ശിരസ്‌ താണു! വിശാലമായ ആകാശങ്ങൾ കയ്യടക്കിയിരുന്ന ബലമുളള ചിറകുകൾക്ക്‌ വെടിയുണ്ടയേറ്റതുപോലെ തോന്നി!

മഞ്ഞുപെയ്യുന്ന കാർഗിൽ മലനിരകൾ മുതൽ ഉപ്പുപാടങ്ങളുളള കച്ച്‌ തീരം വരെ നീണ്ടുകിടക്കുന്ന അതിർത്തി മണ്ണിന്റെ ചൂടും വേവുമറിഞ്ഞ സുബേദാർ ഭരതന്‌ ബറ്റാലിനിൽ ആർഭാടമായ യാത്രയയപ്പ്‌ വിരുന്നൊരുക്കിയിരുന്നു. ശെഹ്‌നായി സംഗീതത്തോടൊപ്പം മധുചഷകങ്ങളുടെ സീൽക്കാരംന്ന. യുദ്ധവിജയങ്ങളുടെ കഥകൾ, കഥയില്ലാമകൾ, മദ്യലഹരിയിൽ കുതിർന്ന പൊട്ടിച്ചിരികൾ, സഹപ്രവർത്തകരുടെ ആശംസാവചനങ്ങൾ. മെസിന്റെ മുന്നിലെ ഗുൽമോഹറിൽ നക്ഷത്രഹാരങ്ങൾ കോർത്തിട്ടിരുന്നു. അകത്ത്‌ സൈനികരുടെ ശൗര്യഭാവങ്ങൾക്ക്‌ ചേർന്ന അലങ്കാരങ്ങൾ, പിച്ചളവാളുകൾ, പരിചകൾ, വെളളമെറ്റലിൽ തീർത്ത പീരങ്കികൾ, വാർ ഹീറോകളുടെ കളർചിത്രങ്ങൾ. ശത്രുപാളയങ്ങളിൽ അഗ്‌നി വിതച്ചും കൊന്നും വെട്ടിപ്പിടിച്ചും ജീവിക്കേണ്ട സൈനികർക്ക്‌ വിശുദ്ധപ്രണയത്തിലും ആദർശത്തിലും പൊതിഞ്ഞ കവിതകൾ പാടാൻ നേരമില്ലെന്ന്‌ ഭരതൻ ഓർത്തു. മഞ്ഞുമഴയെ തുളച്ചുവരുന്ന ശത്രുവിന്റെ ഒളിക്കണ്ണുകളെ നേരിടാൻ നൈറ്റ്‌ പട്രോളിംഗ്‌ നടത്തുന്ന സൈനികർ ഭൂമിയിലൊരു സ്വർഗമുണ്ടെങ്കിൽ അതിവിടെയാണ്‌…………..എന്നൊന്നും പാടാറില്ല. നിലാക്കുളിരും മാലാഖമാരുമല്ല യുദ്ധമുറകളും അതിജീവന യന്ത്രങ്ങളുമാണ്‌ അവർക്ക്‌ തുണയാവുന്നത്‌. വിടപറയുന്ന ചീഫ്‌ ഗസ്‌റ്റിന്റെ വൈൻഗ്ലാസിൽ ആചാരപ്രകാരം അവസാനം ലവ്‌ലി പെഗ്‌ പകർന്നുകൊണ്ട്‌ സുബേദാർ മേജർ പറഞ്ഞുഃ “നമുക്കേറ്റവും സന്തോഷകരമായ മുഹൂർത്തമാണിത്‌. സുബേദ്‌ർ ഭരതൻ സാഹിബ്‌ നാളെ മുതൽ പടനിലകൾക്ക്‌ അന്യനാവുകയാണ്‌. ബാരക്കിന്‌ അന്യനായാലും പടനിലങ്ങളിൽ നിന്ന്‌ അടർന്ന്‌ പോകാത്ത നസാണദ്ദേഹത്തിന്റേത്‌. ബറ്റാലിയന്റെ പോരാട്ടങ്ങളിലെല്ലാം മുൻപന്തിയിലുണ്ടായിരുന്ന, മെഡലുകളും സ്‌റ്റാറുകളും കൊണ്ട്‌ അഭിഷിക്തനായ ഭരതൻ സാഹിബിനെ നമുക്കെല്ലാവർക്കും കൂടി വിരുന്നുമേശയിലേക്ക്‌ ആനയിക്കാം…….

ത്രി എക്‌സ്‌ റമ്മിന്റെ ചൊരുക്ക്‌ ഇനിയും വിട്ടുമാറാത്ത സഹമുറിയൻമാരും ശിഷ്യരും സിനിയർ ഉസ്‌താദിനെ യാത്രയയക്കാൻ പിറ്റേന്ന്‌ കാലത്ത്‌ റെയിൽവേസ്‌റ്റേഷനിലെത്തി. തിളങ്ങുന്ന ഗിൽറ്റ്‌ഹാരങ്ങളിൽ അവർ ഭരതൻ സാഹിബിനെ പൊതിഞ്ഞു. ആലിംഗനങ്ങളാൽ വീർപ്പുമിട്ടിച്ചു. താങ്കളുടെ ഗൃഹാങ്കണത്തിൽ ശുഭ്രനക്ഷത്രങ്ങൾ നൃത്തം വെക്കട്ടെ, വസന്തം പൂക്കൾ ചൊരിയട്ടെ എന്നൊക്കെയുളള ആചാരമൊഴികൾ വായുവിൽ തുളുമ്പി നിന്നു. മദ്രാസ്‌ മെയിൽ ചൂളംവെളിയോടെ പറക്കാൻ തുടങ്ങിയപ്പോൾ നാലുപേർക്ക്‌ കിടക്കാവുന്ന ഫസ്‌റ്റ്‌ക്ലാസ്‌ കൂപ്പയിൽ ഉറക്കംതൂങ്ങുന്ന ഏതോ മാർവാടി വൃദ്ധദമ്പതികളുടെ ഇടയിൽ ഭരതന്‌ വീർപ്പുമുക്കി. നാലാമത്തെ യാത്രക്കാരൻ നോവൽ വായനയിൽ മുഴുകിയ തടിയനായൊരു പഞ്ചാബിയായിരുന്നു. അക്ഷരങ്ങളുടെ ലോകത്ത്‌ നഷ്ടപ്പെട്ട സർദാർജി. വന്നുകയറിയ പാടെ പൂരിയും ജിലേബിയും ഫ്ലാസ്‌കിൽ നിന്നും പകർന്ന പാലും അകത്താക്കി നീണ്ടുനിവർന്നു കിടക്കുന്ന മാർവാഡി ദമ്പതിമാരുടെ ഉറക്കെയുളള കൂർക്കംവലി കേട്ട്‌ ഭരതന്‌ ചൊടിച്ചു. മിണ്ടാനും പറയാനും തീവണ്ടിയിൽ അവശേഷിച്ച സർദാർജി ആപ്പിൾ കടിച്ചു തിന്നുന്നതിനിടയിലും വായനയിൽത്തന്നെയായിരുന്നു. വരണ്ടതും ശൂന്യവുമായ ഏകാന്തതയിൽ മടുപ്പു തോന്നിയ ഭരതൻ ബാഗുതുറന്ന്‌ രണ്ടുപെഗ്‌ നൂണഞ്ഞാലോ എന്നോർത്തു. വേണ്ട! ബാരക്കിന്റെ മുറകൾ തെറ്റിക്കണ്ട! യാത്രാവേളയിൽ മദ്യം തൊടരുത്‌ എന്ന നിയമം മറന്ന്‌ പ്രവർത്തിക്കുന്നത്‌ സൈനികന്‌ നിരക്കുന്നതല്ല! തീവണ്ടിക്കെന്തിനാണിത്ര വേഗം? യുദ്ധമെഡലുകളും സ്‌റ്റാറുകളുമായി മടങ്ങുന്ന സുബേദാർ ഭരതനെ ദെവത്തിന്റെ സ്വന്തം നാട്ടിലെത്തിച്ച്‌ സ്വസ്ഥയാവാൻ ധൃതിയായോ​‍ാ ആയിരം കുതിരശക്തിയുളള തീവണ്ടിയെഞ്ചിന്‌?

മറ്റന്നാൾ നനുത്ത ഇളവെയിൽ പരക്കാൻ തുടങ്ങുന്ന ഇളംകാലത്ത്‌ ചുവന്ന ചരൽപ്പാതയിലൂടെ നീണ്ട പ്രവാസത്തിന്റെ ഭാണ്ഡങ്ങളും പേറിയെത്തുന്ന തന്നെ കാത്ത്‌ പാത്തിവച്ച്‌ പണിത പഴയ മട്ടിലുളള വീട്ടുമുറ്റത്ത്‌ ആരാണുണ്ടാവുക? ആദ്യ പ്രസവത്തോടെ സ്വർഗ്ഗത്തിലേക്ക്‌ യാത്രയായ ഭാര്യ സുമതിയുടേയും ആയുസി​‍്സല്ലാതെ പോയ മകളുടേയും സ്‌മരണകളിൽ ഭരതന്റെ മനം ദുഃഖഭാരംകൊണ്ടു. മഹാമൗനങ്ങളിലേക്കാണ്‌ ശബ്‌ദമുഖരിതമായ മിലിട്ടറി ബാരക്കിൽ നിന്ന്‌ തന്റെ വരവ്‌ എന്നോർത്ത്‌ അയാൾ ഖിന്നനായി. സുമതിയെ താലികെട്ടി മണവാട്ടിയായി സ്വീകരിച്ച ശുഭമുഹൂർത്തത്തിൽ നാട്ടുകാരിപ്പെണ്ണുങ്ങൾ മുഖംകൂട്ടി നിന്ന്‌ കുരവയിട്ടിരുന്നു. ഒരു ചങ്ങാതി മംഗളപത്രം വായിച്ച്‌ അനുഗ്രഹം ചൊരിഞ്ഞിരുന്നു. ദാമ്പത്യദിനങ്ങളിൽ ദൈവം നിങ്ങളിൽ നൻമചൊരിയട്ടെ, ഹൃദയചഷകങ്ങളിൽ മധു നിറയട്ടെ എന്നൊക്കെ എഴുതിയാലപിച്ച ആ സുഹൃത്ത്‌ പ്രമേഹം ബാധിച്ച്‌ വലതുകാൽ മുട്ടുവരെ മുറിച്ചു കിടപ്പിലാണ്‌ എന്നാണറിവ്‌. വിധിഹിതം! അല്ലാതതേപ്പറ്റി എന്തു പറയാൻ? ഭാര്യയുടെ ഗർഭത്തിൽ വളരുന്ന ശിശുവിനെ തഴുകിയും താലോലിച്ചും ഉറക്കേണ്ട ധന്യനാളുകളിൽ ദൂരെയെങ്ങോ ഹിമക്കാറ്റ്‌ മൂളുന്ന അതിർത്തിയിലേക്കായിരുന്നു ഭരതന്റെ ക്യാമ്പ്‌. ആഹ്ലാദസന്ദേശത്തിനു പകരം ഹൃദയം പിളരുന്ന കത്ത്‌ കിട്ടിയപ്പോൾ തളരാതെ പിടിച്ചു നിന്നു. റമ്മിന്റെ ലഹരിയിൽല രാവുകളെ കഴുകിതോർത്തി. യൂണിഫോമിനുളളിൽ ഇരമ്പുന്ന സാഗരത്തെ അണകെട്ടി നിർത്തി. നഷ്ടപ്പെട്ട പ്രിയതമയ്‌ക്കു പകരം മറ്റൊരുത്തിയെ നെഞ്ചിൻ ചൂടിലേക്ക്‌ ക്ഷണിക്കാൻ തോന്നിയില്ല. അത്‌ മാത്രം മനസ്സനുവദിച്ചില്ല!!. സൈന്യചമയങ്ങളും കവാത്തുമുറകളും പടനിലങ്ങളുടെ ഗന്ധവും മതി ജീവിതം പൂർണമാവാനെന്നു കരുതിയ, പ്രായത്തിന്റെ പ്രലോഭനങ്ങൾക്ക്‌ കീഴ്‌പ്പെടാത്ത, വ്രതശാഠ്യം!

സുബേദാർ ഭരതൻ എങ്ങനെയാവാം സിവിലിയൻ ജീവിതം അനുഭവിച്ചു തീർക്കാൻ പോകുന്നത്‌? ശത്രുനിരകളെ വെടിയുണ്ടക്കിരയാക്കിയ വീരകഥകളും നെഞ്ചിനഭിമാനമായ യുദ്ധമുദ്രകളും നര ചൂടിയ ഒരാൾക്ക്‌ എത്രകാലം ഉപകരിക്കും? യൗവനത്തിൽ വിതക്കാനും കൊയ്‌ത്‌ ശേഖരിക്കാനും മറന്നുപോയ ഒരാളുടെ വയസ്സ്‌കാലം സങ്കടകരമായിരിക്കും എന്നു പറയാറുണ്ട്‌. നഷ്ടപ്പെട്ട ദിനങ്ങൾക്ക്‌ പകരം വയ്‌ക്കാൻ നെടുവീർപ്പുകളല്ലാതെ മറ്റൊന്നും ഭൂമിയിലില്ല. മഞ്ഞ ഇലകൾ വീണ്ടും പച്ച പിടിക്കുകയില്ല.

Generated from archived content: story2_nov25_06.html Author: tk_gangadharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English