ഹിമമഴയുടെ കുളിരിൽ നീന്തിക്കളിക്കാനെത്തുന്ന ഉല്ലാസപ്പറവകളുടെ പൊട്ടിച്ചിരികൾ മുഴങ്ങുന്ന സിംല നഗരത്തിൽ നിന്നും വളരെയകലെ, വിദൂരമായൊരു താഴ്‌വരയിൽ മരം വെട്ടുകാരുടേയും ചെമ്മരിയാടിനെ വളർത്തുന്നവരുടേയും ഗ്രാമത്തിലാണ് ശ്യാംസുന്ദർ ജനിച്ചു വളർന്നത്.
പലകപ്പാളികൾ കൊണ്ട് മേഞ്ഞ ഉയരമധികമില്ലാത്ത ഗ്രാമഭവനത്തിലെ എളിയ സൗകര്യങ്ങൾക്കിടയിൽ, മുൻഷിമാർ സമയത്തിനും കാലത്തിനും വരാത്ത സർക്കാർ സ്‌കൂളിൽ പത്താംതരം വരെ വലിച്ചെത്തിച്ച പയ്യൻ.
ക്രൂരനായ ജമീന്ദാറിൽ നിന്നും പാട്ടത്തിന് വളർത്താനെടുത്ത ഒരു പറ്റം ചെമ്മരിയാടുകൾ മാത്രമായിരുന്നു ശ്യാമിന്റെ കുടുംബവരുമാനം. രോമം മുറിക്കാൻ കാലമായാൽ കത്രികയും ചാക്കുമായി ജമീന്ദാറുടെ മേസ്‌ത്രിമാർ വന്നെത്തും. വെട്ടിയെടുത്ത രോമത്തിന്റെ തൂക്കമനുസരിച്ച് പറഞ്ഞുറപ്പിച്ച കൂലി തന്ന് ആടുകളെ തവണ എണ്ണിത്തിട്ടപ്പെടുത്തി മേസ്‌ത്രിമാർ അരങ്ങൊഴിയുമ്പോൾ ചടച്ച്, കവിളെല്ലുകൾ പൊന്തിയ പിതാവിന്റെ മുഖത്ത് അത്ര വലിയ സംതൃപ്തിയൊന്നും ശ്യാമിന് കാണാൻ കഴിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം.
മേൽപ്പഠിപ്പിന് വകയില്ലാഞ്ഞാവണം ടൗണിലെ മിലിട്ടറി കോൺട്രാക്ടർ ധരംസിംഗ് അലുവാലിയയുടെ കൽക്കരി ഗുദാമിൽ ലേബറായി കുറെനാൾ ശ്യാമിന് പണിയെടുക്കേണ്ടിവന്നു. പിശുക്കൻ ഖാൽസ, ശമ്പളം മുറയ്‌ക്ക് തരാത്ത കുടന്തവയറൻ.
പ്രാർത്ഥനാ ദൈവമായ വൈഷ്ണവീ ദേവിയുടെ കടാക്ഷവും കഠിനമായ പരിശ്രമവും കൊണ്ടാവണം മിലിട്ടറി റിക്രൂട്ടിംഗ് ഓഫീസർ, ശ്യാമിനോടു കനിഞ്ഞു. സൈന്യത്തിൽ ശിപായിയായി അവൻ തിരഞ്ഞെടുക്കപ്പെട്ടു.
മലമ്പ്രദേശത്തുകാരനായിരുന്നെങ്കിലും തടിച്ചു വിളറിയ ഒരു കുള്ളനായിരുന്നില്ല ശ്യാം സുന്ദർ. ഒത്ത ഉയരം, തിളക്കമാർന്ന കണ്ണുകൾ, ചൊടിയോടെയുള്ള നടത്തം. ചുണ്ടുകൾ അധികം പിളർത്താതെയുള്ള ഹൃദ്യമായ ചിരി.
മാസങ്ങളോളം നീണ്ട പരുക്കൻ ട്രെയിനിംഗിനുശേഷം യുദ്ധവിജയങ്ങളുടെ പാരമ്പര്യമുള്ള ഡോഗ്ര ബറ്റാലിയനിലേക്കായിരുന്നു ശ്യാമിനെ പറിച്ചു നട്ടത്. സത്യപ്രതിജ്ഞാ മുഹൂർത്തത്തിൽ പടനിലങ്ങളുടെ ദേവൻ ചൊരിഞ്ഞു തന്ന അനുഗ്രഹങ്ങളോടെ കിറ്റും ട്രങ്കുമായി ബാരക്കിലെത്തിയ സൈനികർ.
ശിപായിമാർ എപ്പോൾ തുമ്മണമെന്നും എപ്പോൾ പൊട്ടിച്ചിരിക്കണമെന്നും തീരുമാനിക്കുന്ന പരുക്കൻ ഡിഫൻസ് നിയമങ്ങളുടെ കാവൽപ്പുരകളാണ് ബാരക്കുകൾ. ബാരക്കിന്റെ സർവാധികാരി കമാന്റിംഗ് ഓഫീസറാണ്. ശിപായികളെ ശിക്ഷിക്കാനും രക്ഷിക്കാനും അധികാരമുള്ള യുദ്ധസാരഥി.
“യുദ്ധമില്ലാത്തപ്പോ ഇഷ്ടംപോലെ തിന്നും കുടിച്ചും ഊരു ചുറ്റീം കഴിഞ്ഞാപ്പോരെ നിങ്ങക്ക്? ബാരക്കിൽ നിന്നും ലീവിലെത്തിയ ശ്യാമിനോട് പഴയ ചങ്ങാതിമാർ ചോദിച്ചു.
”നാട്ടിലേതുപോലെ തന്നിഷ്ടത്തിന് ജീവിക്കാനൊന്നും പറ്റില്ല പട്ടാള ബാരക്കില്. അവിടെ മൂർച്ചയൊള്ള കൊറെ നെയ്മങ്ങള്‌ണ്ട് ഞങ്ങളെ നിയന്ത്രിക്കാൻ“ ശ്യാം പറഞ്ഞു.
”അതിർത്തീല് യുദ്ധമൊന്നും ഇല്ലാത്തപ്പോ എന്തു നെയമാടാ രാവും പകലും നിങ്ങടെ പിന്നാലെ ചൂട്ടും കത്തിച്ച് വര്‌ണത്?
“ഏത് നേരത്തും വെടിയുണ്ട പാഞ്ഞ് വര്‌ണ യുദ്ധഭൂമീല് പയറ്റി നിൽക്കാനൊള്ള പരിശീലനത്തിലാ ഞങ്ങളെപ്പോഴും. യുദ്ധദേവന്റെ കനിവ് കിട്ടണോങ്കി ട്രെയിനിംഗ് മൊടക്കാൻ പാടില്ലെന്നാ നിയമം”.
കളിയും ചിരിക്കുമിടയിൽ ചങ്ങാതിമാർ ശ്യാം കൊണ്ടുന്ന നീഗ്രോ ലേബലുള്ള റം കുപ്പി തുറന്നു.
“ഏതു ബോറനാടാ തീ പോലെ പൊള്ളുന്ന ഈ തീർത്ഥത്തിന് നീഗ്രൊ എന്നു പേരിട്ടത്?” റമ്മിന്റെ ലഹരി തലയ്‌ക്കു പിടിക്കും മുൻപേ ഒരുത്തൻ ചോദിച്ചു.
“കരുത്തിന്റെ പ്രതീകമാണ് നീഗ്രൊ. പാറ പോലെ ഓറപ്പ്‌ള്ളോൻ. അവനെ വാറ്റുകാരൻ മൊതലാളി തന്റെ ഉല്പന്നത്തിലൂടെ ഉയർത്തിക്കാട്ടീന്നേള്ളൂ” ശ്യാം വിവരിച്ചു.
‘അപ്പോ ഓരോ ഗ്ലാസ് തീർത്ഥം നുണഞ്ഞ് നീഗ്രൊക്കരുത്തൻമാരാവാം നമുക്ക്. അതും പറഞ്ഞ് കൂട്ടുകാർ ഒന്നിച്ചു കൂവി. ആഹ്ലാദത്തോടെ നൃത്തം ചെയ്തു.
ലീവ് തീർന്ന് ബാരക്കിലെത്തിയ ശ്യാമിന് കമാന്റിംഗ് ഓഫീസറുടെ ബംഗ്ലാവിൽ ഓർഡർലിയായി പോകാനായിരുന്നു കൽപന കിട്ടിയത്. ദാസ്യവേല ശ്യാമിന് ഇഷ്ടമായിരുന്നില്ല. മറ്റു ചെറുപ്പക്കാരെപ്പോലെ മേംസാബുമാരുടെ കൺവെട്ടത്ത് യൗവനം തളച്ചിടാൻ അവനാഗ്രഹിച്ചിരുന്നില്ല.
യൂണിഫോം ധരിച്ച കുഞ്ഞാടിന്റെ ഇഷ്ടക്കേടുകൾ പട്ടാളനിയമം തുറുകണ്ണോടെയാണ് കാണാറ്. കമാന്റിംഗ് ഓഫീസറുടെ ഓർഡറുകൾ അനുസരിക്കാത്തവരെ കോർട്ട് മാർഷൽ ചെയ്ത് വേരോടെ പിഴുതു കളയുന്നതാണ് ബാരക്കിന്റെ ശീലം.
വാമൊഴിയായും വരമൊഴിയായും കിട്ടുന്ന ശാസനകൾ സൈനികർ ശിരസാ വഹിക്കണം. ’മനസിനിണങ്ങുന്നത് മാത്രമേ ചേരൂ‘ എന്ന രീതി നടപ്പില്ല. യുദ്ധദേവന്റെ മക്കൾ അനുസരിക്കേണ്ടവരാണ്. യൂണിഫോമിന്റെ പാരമ്പര്യം. ചോദ്യങ്ങളില്ലാത്ത പടനിലത്തിന്റെ ആചാരം.
മനസ്സില്ലാമനസ്സോടെയാണെങ്കിലും ശ്യാം ബോസിന്റെ ബംഗ്ലാവിൽ ഓർഡർലിയായി പോകാൻ നിർബന്ധിതനായി. കുശിനിയിൽ മേംസാബിനെ സഹായിക്കണം. കാലത്ത് കേണലിന്റെ മകളെ സൈക്കിളിൽ സ്‌കൂളിലെത്തിക്കണം. പൂന്തോട്ടം നനയ്‌ക്കണം. ഞായറാഴ്‌ചകളിൽ തടാകത്തിൽ മീൻ പിടിക്കാൻ പോകുന്ന കേണൽസാബിനെ ചൂണ്ടയും അനുസാരികളും ചായഫ്ലാസ്‌ക്കുമായി അകമ്പടി സേവിക്കണം.
മാൻ ഈറ്റർ എന്നാണ് പട്ടാളക്കാർ കേണലിനെപ്പറ്റി രഹസ്യമായി പിറുപിറുത്തിരുന്നത്. എത്ര ചെറിയ തെറ്റിനും കടുത്ത ശിക്ഷ വിധിക്കുന്ന, ഇൻസ്‌പെക്ഷനിലും നൈറ്റ് പരേഡിലും സൈനികരെ കെട്ടിയിടുന്ന കിരാതൻ.
ഔട്ട് പാസ്സില്ലാതെ ബസാറിൽ കറങ്ങുന്ന ശിപായിമാർക്ക് മിലിട്ടറി ജയിൽ. ആഴ്‌ചയിൽ മുടിയിറക്കാൻ മടിക്കുന്നവർക്ക് മൂന്നു നാൾ തുടർച്ചയായി ട്രഞ്ച് കീറൽ. ലീവ് കഴിഞ്ഞെത്താൻ വൈകുന്ന പട്ടാളക്കാരെ കോർട്ട് മാർഷൽ ചെയ്ത് വീട്ടിലേക്ക് ട്രെയിൻ കയറ്റി ബാരക്ക് ശുദ്ധമാക്കൽ.
കേണലിന്റെ ഏകമകളാണ് ഐശ്വര്യ. ഒമ്പതാം ക്ലാസുകാരി. കാലത്ത് എട്ട് മണിക്ക് ഐശ്വര്യക്ക് സ്‌കൂളിലെത്തണം. വളരെ നേരത്തെ വരുന്ന സ്‌കൂൾ ബസ് പല പോയന്റുകളിൽ നിന്ന് കുട്ടികളെ ശേഖരിച്ച് തടാകം ചുറ്റി വളയുമ്പോൾ സമയം നഷ്ടപ്പെടും. അപ്പോൾ ഓർഡർലികളുടെ കൂടെ സൈക്കിളിന്റെ പിന്നിലിരുന്ന് പോകുന്നതാണ് സൗകര്യം.
ഐശ്വര്യയെ സൈക്കിളിൽ കൊണ്ടുപോകുന്നത് ആദ്യമൊക്കെ ശ്യാമിന് ബോറായി തോന്നിയിരുന്നെങ്കിലും, പിന്നെ പിന്നെ ആ ഭാരം മധുരമായി മനസ്സ് സ്വീകരിക്കാൻ തുടങ്ങി.
യാത്രയ്‌ക്കിടയിൽ ശ്യാം മൂളിപ്പാട്ട് പാടും. സിനിമാക്കഥകൾ പറയും.
“ശ്യാമെപ്പോഴും പ്രേമഗാനങ്ങളാണല്ലോ മൂളുന്നത്…!” ഒരിക്കൽ ഐശ്വര്യ ശ്യാമിനെ കളിയാക്കി.
“പ്രേമം മധുരമാണെന്നല്ലേ കവി വചനം” ശ്യാം പെൺകുട്ടിയുടെ മുൻപിൽ മനസു തുറന്നു.
“ഓ! ശ്യാമൊരു കവിയായി ജനിക്കേണ്ടതായിരുന്നു” ഐശ്വര്യ ചിരിച്ചു. അപ്പോഴവർ കറുത്ത പഴങ്ങൾ കുലകുലയായി തൂങ്ങുന്ന ഞാവൽ മരങ്ങളുടെ ചോട്ടിലൂടെയായിരുന്നു പോയിരുന്നത്.
“എന്നുമുള്ള ഈ സൈക്കിൾ യാത്ര ശ്യാമിന് ബോറായി തോന്നുന്നില്ലേ?”
’ആദ്യമൊക്കെ ബോറായിരുന്നു. ഇപ്പോൾ ഐശ്വര്യയുടെ ഡാഡിക്ക് സ്ഥലം മാറ്റം വന്ന് ഈ പറുദീസ നഷ്ടപ്പെടരുതേ എന്നു മാത്രമാണ് പ്രാർത്ഥന‘.
“ഡാഡിക്ക് സ്ഥലം മാറ്റം വന്നാലെന്താ”?
“ഡാഡിയുടെ പിന്നാലെ ഐശ്വര്യയും പോകും. പിന്നെ ഞാനാരെ സൈക്കിളിന്റെ പിന്നിലിരുത്തി കൊണ്ടുപോകും?”
കാര്യം ശരിയാണ്. ശ്യാമിനെ പിരിയുന്നത് അവൾക്കും അത്രയ്‌ക്കിഷ്ടമുള്ള കാര്യമായിരുന്നില്ല.
“സ്ഥലം മാറ്റം കിട്ടിപ്പോകുമ്പോ ശ്യാമിനെക്കൂടി കൊണ്ടോണോന്ന് ഡാഡിയോട് പറഞ്ഞാലോ?”
“അത് നടക്കില്ല. കേണൽ സാബിനോട് പറഞ്ഞാൽ ആകെ ഗുലുമാലാകും. എന്നെയദ്ദേഹം ഇവിടെ നിന്ന് പുകച്ച് പുറത്തു ചാടിക്കും. ’മനസിൽ ഭയം തോന്നിയ ശ്യാം പറഞ്ഞു.
‘എന്തിനാ ഡാഡിയെ ശ്യാമിത്ര ഭയപ്പെടുന്നത്? ഡാഡീടെ ഏക മോളാ ഞാൻ. മമ്മിക്ക് എന്നെ ജീവനാ. എന്റെ ഇഷ്ടങ്ങളാ അവര്‌ടേം ഇഷ്ടം!’ ഐശ്വര്യ ശ്യാമിനെ സാന്ത്വനിപ്പിച്ചു.
”ആർമി നെയമത്തിന് കണ്ണും കാതൂല്ല ഐശ്വര്യ! ഓഫീസറുടെ പിന്നാലേം മുന്നാലേം പോവര്‌തെന്നാ ഓസ്‌താദ്‌മാർ പറയാറ്“ ശ്യാം പറഞ്ഞു.
അതുപറയുമ്പോൾ ബാരക്കിന്റെ പറഞ്ഞുകേട്ടിട്ടുള്ള ദുരന്തകഥകൾ ശ്യാമിന്റെ മനസ്സിലുണ്ടായിരുന്നു. ഓഫീസർമാരുടെ പുത്രിമാരെ പ്രേമിച്ച യുവാക്കളായ ഓർഡർലികൾ സഹിച്ചിട്ടുള്ള പീഡനങ്ങൾ. ദുരന്തമരണങ്ങൾ. ദുരൂഹത നിറഞ്ഞ തിരോധാനങ്ങൾ. മേംസാബിന് ഇഷ്ടപ്പെടാത്ത ഓർഡർലികളെ നോട്ടപ്പുള്ളികളാക്കി ബാരക്കിലേക്ക് മാറ്റാറാണ് ഓഫീസർമാരുടെ പതിവ്. വിഷയം ഒളിസേവയോ പ്രേമമോ ആണെങ്കിൽ കുറ്റവിചാരണ അതീവ ഗോപ്യമായിരിക്കും എന്നുമാത്രം.
ബാരക്കിലെ മൂട്ടകളിഴയുന്ന ചണക്കട്ടിലിലേയ്‌ക്കും, നൈറ്റ് ഡ്യൂട്ടിയിലേക്കും തിരിച്ചുവന്ന ശ്യാമിനെ യൗവനസഹജമായ കളിയാക്കലോടെയാണ് കൂട്ടുകാർ എതിരേറ്റത്.
”മേംസാബിൻ മണം പിടിച്ചുള്ള പൊറുതി മതിയാക്കടാ മോനേ“
”കൊച്ചു മദാമ്മേടെ കൊഞ്ചല് കേട്ടും അഴകൊള്ള മേനി കണ്ടും അവന് മടുത്തുകാണും“ കൂട്ടുകാരുടെ നിർദോഷങ്ങളായ പതിവ് വാചകമേളകൾ.
ശ്യാമിന് ഉറക്കം നഷ്ടപ്പെട്ട രാവുകൾ. ഓർഡർലിയുടെ കുപ്പായമിട്ടുചെന്ന് കേണലിന്റെ മകളുടെ മനസ്സിൽ കൂട് കൂട്ടിയതിന്റെ കുറ്റബോധം!
ഗൺട്രെയിനിംഗും ആംഡ് ഡ്രില്ലും ചെയ്തു തളരുന്ന വെയിൽച്ചൂടുള്ള പകൽവേളകളിൽ കേണൽ തന്നെ ഓഫീസിലേക്ക് വിളിപ്പിക്കുമോ, കടിച്ചുകീറുമോ എന്നൊക്കെയായിരുന്നു ശ്യാമിന്റെ ഭയം.
ആയിടയ്‌ക്കൊരു ദിവസം രാത്രി ബാരക്കിൽ ഒരു ദുഃഖവാർത്ത കേട്ടു. ‘കേണൽ സഞ്ചരിച്ചിരുന്ന ജീപ്പ് അപകടത്തിൽപ്പെട്ടുവത്രേ!
ഓഫീസേഴ്‌സ് മെസിൽ നിന്ന് രാത്രി പാർട്ടി കഴിഞ്ഞ് പോകുമ്പോൾ കലുങ്കിൽ തട്ടിയായിരുന്നു ജീപ്പു മറിഞ്ഞത്. കേണലും ഡ്രൈവറും മിലിട്ടറി ഹോസ്‌പിറ്റലിലാണ്.
കേണലിന്റെ വലത്തെ കവിളും കണ്ണും ചതഞ്ഞുവെന്നും പേന പിടിക്കുന്ന കൈവിരലുകൾ അറ്റുപോയന്നും കേട്ടപ്പോൾ ശിപായിമാർ ചിലർ ഉള്ളാലെ സന്തോഷിച്ചു.!
ഹോസ്‌പിറ്റലിലെ ഓഫീസേഴ്‌സ് വാർഡിൽ ഡാഡിയുടെ അരികിൽ ഈറൻ മിഴികളോടെ നിൽക്കുന്ന ഐശ്വര്യയുടെയും, വാക്കിനും നോക്കിനും ഒരു രാജ്ഞിയുടെ അധികാരഭാവമുണ്ടായിരുന്ന അവളുടെ അമ്മയുടേയും വാടിയ മുഖമായിരുന്നു ശ്യാമിന്റെ മനസ്സിൽ.
ബാരക്കിൽ രാത്രി പത്തിനുള്ള ലൈറ്റ് ഔട്ട് നിയമം കൃത്യമായി പാലിച്ചില്ലെങ്കിൽ സൈനികർക്ക് മാസ്സ് പണിഷ്‌മെന്റ് നൽകുന്നവനാണ് കേണൽ.
ബാരക്കിനെ വാൾമുനയിൽ നിർത്തിയിരുന്ന ആ മനുഷ്യനോട് ഭയവും വെറുപ്പുമായിരുന്നെങ്കിലും ഐശ്വര്യയ്‌ക്കു വേണ്ടി അദ്ദേഹത്തിന് കാവലായിരിക്കണേ എന്നായിരുന്നു ദൈവത്തോടുള്ള ശ്യാമിന്റെ പ്രാർത്ഥന!
ഏകാന്തരാത്രികളിലെ വിരസമായ കാവൽയാമങ്ങളിൽ എടുത്തോമനിക്കാൻ ഹൃദയം പകുത്തു തന്ന പ്രേമവതിയുടെ ആത്മനൊമ്പരം സ്വീകരിക്കുന്ന ദേവതകളെയായിരുന്നു അവനേറ്റവും ഇഷ്ടം!
Generated from archived content: story1_may15_07.html Author: tk_gangadharan