പൂവുപോലെ മനോഹരമായിടും
ഭൂതകാലമുണ്ടോരോമനുഷ്യനും
ബാല്യമെ മനോരഞ്ഞ്‌ജകസുന്ദര
കാലമെ നീയനശ്വരം ഭൂമിയിൽ
ആരുമായും സഹകരിച്ചീടുമീ
നേരു മാത്രമറിഞ്ഞിടും സന്ധിയിൽ
അല്ലലേതുമറിയാതനാരതം
ചെല്ലമായി വളരുമാവേളയിൽ
ഇല്ല തെല്ലുമഹന്തയും ഗർവവും
തുല്യരായിക്കരുതുമെല്ലാവരും
കൂട്ടുകാരൊത്തുകേളികളാടിടും
നാട്ടിടകളിൽ നിമ്‌നോന്നതങ്ങളിൽ
ആർക്കുമാരോടുമില്ലപകർഷത
നോക്കിലാകട്ടെ വാക്കിലുമവ്വിധം
ഒറ്റഞ്ഞെട്ടിലെ മുന്തിരിമാതിരി
യൊട്ടിയൊന്നിച്ചുമേവുന്നനുദിനം
ഭക്ഷണമെന്തു കിട്ടിയാലുമതു
ഭക്ഷതയോടു പങ്കിട്ടുതിന്നിടും
നല്ലകാലമേ ബാല്യമേ നീയൊരു
ഫുല്ലസൂനമായ് മേവിടുന്നോർമ്മയിൽ
Generated from archived content: poem3_aug31_06.html Author: thottappally_bhaskarannair