ദേവർ വില്ലിലെ ടെസ്സ്‌

നിത്യ ദാരിദ്ര്യത്തിന്റെ അഗാധതയിലും അപാരതയിലും മുങ്ങിപ്പോയ ഒരു കുടുംബം. ജീവിത പ്രാരാബ്‌ധത്തിന്റെ തിക്കുമുട്ടലിൽ വളർന്നുവരുന്ന ടെസ്സ്‌ എന്ന അതീവ സുന്ദരിയും നിഷ്‌കളങ്കയുമായ പെൺകുട്ടി. മാതാപിതാക്കൾക്ക്‌ വല്ലാത്ത ഒരാശയുണ്ടായിരുന്നു. കുടുംബം ടെസ്സിലൂടെ വളരുമെന്ന്‌. അഥവാ വളർത്തിയെടുക്കാമെന്ന്‌. ആ ഉദ്ദേശ്യത്തോടെയാണ്‌ അവർ അവളെ തങ്ങളുടെ ഒരകന്ന ബന്ധുവീട്ടിലേക്ക്‌ വിട്ടത്‌. ധനാഢ്യരായിരുന്നു ബന്ധുവീട്‌. അവിടത്തെ ധനാധിപനായ അലകിന്റെ ഭാര്യാപദവും മകൾക്ക്‌ നേടിയെടുക്കാമെന്ന വ്യാമോഹവും മാതാപിതാക്കൾ വച്ചുപുലർത്തി.

ടെസ്സിന്റെ സ്‌നേഹവും പ്രേമവും മുഖവിലക്കെടുത്തുകൊണ്ട്‌ അലക്‌ പെരുമാറിയെങ്കിലും ആ പണക്കാരന്റെ ലക്ഷ്യം മറ്റൊന്നായിരുന്നു; അലക്‌ അവളെ നശിപ്പിക്കുന്നു.

അപമാനഭാരത്തോടെ അവൾ തന്റെ വീട്ടിൽ മടങ്ങിയെത്തി. അവളുടെ ബുദ്ധിമോശത്തിൽ അവർ കുറ്റപ്പെടുത്തലുകളായി. തികച്ചും അവഗണനമാത്രമാണ്‌ അവൾക്ക്‌ സ്വകുടുംബത്തിൽ നിന്നു കിട്ടിയത്‌. അതിനിടയിൽ അവൾ പ്രസവിക്കുകയും ചെയ്‌തു. തന്തയില്ലാത്ത കുഞ്ഞിന്റെ അമ്മയായി കദന സങ്കേതത്തിലേക്ക്‌ അവൾ വഴുതിവീഴുകയാണ്‌.

ടെസ്സിന്റെ ഭാഗ്യമോ നിർഭാഗ്യമോ എന്തുമാവട്ടെ ആ കുഞ്ഞ്‌ മരിക്കുന്നു. പേറ്റുനോവിന്റെ വേദനയറിഞ്ഞ മാതൃഹൃദയം വീണ്ടും ദുഃഖഭാരത്താൽ പിളർക്കപ്പെട്ടു. ടെസ്സ്‌ എന്നന്നേക്കും ഒരു ദുഃഖപുത്രിയായി പരിണമിച്ചു. ഒക്കെ വിധി എന്ന രണ്ടക്ഷരത്തിലേക്ക്‌ അവൾ മനസ്സിനെ കൂട്ടിക്കൊണ്ടുപോയി.

ക്രമേണ അവൾ ജോലിക്കുപോയി തുടങ്ങി. ജീവിത യാത്രയുടെ പരുക്കൻ സ്വാഭാവികതയിൽ അവൾ അറിഞ്ഞോ അറിയാതെയോ ഏഞ്ചൽ എന്ന യുവാവുമായി കണ്ടുമുട്ടി. ആ അടുപ്പം പ്രണയത്തിന്റെ സാന്ത്വനത്തിലേക്ക്‌ നീങ്ങി. താൻ അകന്നകന്നുപോയിട്ടും അയാൾ വലിച്ചടുപ്പിക്കുകയായിരുന്നു അവളെ. പ്രണയത്തിന്റെ താൽക്കാലിക ജ്വരത്തിനപ്പുറത്തേക്ക്‌ അവൾ ആശിച്ചത്‌ ഒരു കുടുംബജീവിതമായിരുന്നു. അതുകൊണ്ട്‌ അവന്റെ നിർബന്ധത്തിനു വഴങ്ങി വിവാഹിതയായി. ജീവിതം സുഖത്തിലേക്കും കാൽപ്പനികതയിലേക്കും നീങ്ങുന്നതിനിടയിൽ തന്റെ കഴിഞ്ഞകാല കഥകൾ ടെസ്സ്‌ ഏഞ്ചലിനെ അറിയിച്ചു. തന്റെ നിഷ്‌ക്കളങ്കത്വത്തെ വെളിപ്പെടുത്തുകയായിരുന്നു അവൾ ആ കുമ്പസാരത്തിലൂടെ. ആ തുറന്നു പറച്ചിൽ ഒരു സ്‌ഫോടനമാകുമെന്ന്‌ പാവം അവൾ വിചാരിച്ചിരുന്നില്ല. ഏഞ്ചലിന്‌ അവളിൽ സംശയങ്ങളുടെ കൂമ്പാരമായി. സ്വപ്‌നത്തിൽ പടുത്തുയർത്തി, അത്‌ നേടിയെടുത്ത ദാമ്പത്യം അകാലത്തിൽ തന്നെ പൊലിഞ്ഞു. ഏഞ്ചൽ അവളെ വിട്ടു.

ടെസ്സ്‌ വീണ്ടും തന്റെ സ്വഗൃഹത്തിലേക്ക്‌ തിരിച്ചു. മാതാപിതാക്കൾ അവളെ ഏറെ വെറുക്കാൻ തുടങ്ങി. കഷ്‌ടകാലത്തിന്റെ ആ ദുർഘടത്തിൽ വച്ച്‌ ടെസ്സിന്റെ പിതാവ്‌ മരിച്ചു. വാടക കുടിശ്ശിക കൂടിയതിനാൽ വീട്ടിൽ നിന്നു പുറത്തായി.

അവസാനത്തെ പ്രകാശബിന്ദു അന്വേഷിച്ചിറങ്ങിയതുപോലെ അൽപ്പം പ്രത്യാശ അവൾ ബാക്കി വച്ചിരുന്നു. ടെസ്സ്‌ ഏഞ്ചലിനെ കാത്തിരിപ്പായി. വരും… ഒരു ദിനം അവൻ എത്തും.

ആ കാത്തിരിപ്പ്‌ ആറേഴു വർഷത്തോളം നീണ്ടു. കണ്ണീരും ദാരിദ്ര്യവും മാത്രമായിരുന്നു അപ്പോൾ അവളുടെ സ്വകാര്യ സ്വത്തുക്കൾ.

കാലം കടന്നുപോകവേ അവൾ അതാ തന്റെ ജീവിതത്തെ തകർത്ത അലകിനെ കാണാനിടയായി. പശ്ചാത്താപവിവശനായി അയാൾ അവളുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. അവളെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാൻ ആ ധനവാൻ ശ്രമിച്ചു. അവൾ ഒന്നിനും വഴങ്ങിയില്ല. അവന്റെ നിരന്തര നിർബന്ധവും കുറ്റമേറ്റുപറച്ചിലിലും സ്‌നേഹസാന്ത്വനങ്ങളിലും അവൾ തകിടം മറിഞ്ഞു. പക്ഷേ മനസ്സും ശരീരവും അലകിനു വിട്ടുകൊടുത്തില്ല. തന്നെ നിയന്ത്രിക്കാൻ പാകത്തിൽ അവൾ വളർന്നിരിക്കുന്നു. സർവവിവരങ്ങളും കാണിച്ച്‌ അവൾ ഏഞ്ചലിനെഴുതി. മറുപടിയും കാത്തിരുന്നു. ജീവിതം കാത്തിരിപ്പിന്റെ മാത്രമായ ഒരുതരം നിരർത്ഥകതയിലെത്തി. മറുപടി ഇല്ല.

അവസാനം അലക്‌ അവളെ വിവാഹം കഴിച്ചു.

നാളുകൾ നീങ്ങുകയായിരുന്നു.

പശ്ചാത്തപിച്ച്‌ ഏഞ്ചൽ മടങ്ങിയെത്തിയപ്പോൾ സമയം അതിന്റെ യാത്ര തീർത്തിരുന്നു. വഞ്ചകിയും ക്രൂരയും എന്ന ശാപത്തോടെ ഏഞ്ചൽ തിരിച്ചുപോയി. ഏഞ്ചലുമായി കണ്ടതിനും സംസാരിച്ചതിനും അതാ ടെസ്സിനു അലകിൽ നിന്നു സമ്മാനം ലഭിക്കുന്നു. ശാസനകൾ പീഡനങ്ങൾ… ദുഃഖദുരിതങ്ങൾ… തന്നെ എത്ര വിശകലനം ചെയ്‌തിട്ടും അവൾക്ക്‌ പിടികിട്ടുന്നില്ല. അർഥരഹിതമാണല്ലോ ഈ ജീവിതം…

പിന്നെ അവൾ മറ്റൊന്നും ചിന്തിക്കാൻ കൂട്ടാക്കിയില്ല. അലക്കിന്റെ ക്രൂരത ഏറിയതോടെ അവൾ അയാളെ കൊന്നുകൊണ്ട്‌ ഏഞ്ചലിനെ തേടിയിറങ്ങി. എല്ലാറ്റിനും മാപ്പുചോദിച്ച്‌ വീണ്ടും ജീവിതം തുടരാനുളള അഭിനിവേശം അവളിൽ വാശിപോലെ തുടർന്നു.

താനാണല്ലോ അവളെ അത്രയ്‌ക്ക്‌ വിഷമിപ്പിച്ചത്‌ എന്നു വിചാരിച്ച്‌ ഏഞ്ചൽ ടെസ്സിനെ സ്വീകരിച്ചപ്പോഴേക്കും വിധി മറ്റൊരു വഴിയിലൂടെ ടെസ്സിലെ കൊലപാതകിയെ കണ്ടുമുട്ടി. നിയമം അവളെ കൈയാമം വച്ചു.

കൊലപാതകക്കുറ്റത്തിനു തൂക്കിലേറാൻ വിധിക്കപ്പെട്ട അവൾ അവസാനമായി ഏഞ്ചലിനോട്‌ ഒരപേക്ഷ നടത്തി.

തന്റെ അനുജത്തിയെ വിവാഹം കഴിക്കണമെന്നും അവൾക്ക്‌ ഒരു ജീവിതം കൊടുക്കണമെന്നും.

ഏഞ്ചൽ അവളുടെ ആഗ്രഹം സാധിച്ചു കൊടുത്തു.

Generated from archived content: story2_july9_05.html Author: thomas_hardi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English