സ്വതന്ത്രഭാരതം നമുക്ക് ജന്മമേകും ഭാരതം
ജയജയ നീണാൾ ജയ! ശാന്തിതൻ കൊടിക്കീഴിൽ
മുക്തിതൻ സുഖം നുകർന്നയെത്രയെത്രയാണ്ടുകൾ
കഴിച്ചുധന്യഭൂവിതിൽ ഭാരത തനയർ നാം.
സ്വതന്ത്രശാന്തി കൈവരിച്ചു നിർഭയം വസിക്കുവാൻ
എണ്ണമറ്റ ജീവിതങ്ങൾ ബലി കഴിച്ച ഭാരതം.
അഹിംസതൻ പതാകയേന്തി സഹനസത്യപാതയിൽ
സുധീരരായ്‌പ്പോരാടിയ ധന്യരേ, നമോവാകം
ഭാരതം പതാകനാട്ടി സ്വതന്ത്രഗീതം പാടവേ,
അശാന്തിതന്നിരുളകത്തിലുൾത്തടങ്ങൾ തേങ്ങുന്നു.
ഭാരത പതാക പാറിയോതിടുന്ന മന്ത്രണം
ധന്യരാഷ്‌ട്രശില്‌പികൾ കൊളുത്തിവച്ച മൂല്യങ്ങൾഃ-
സമൃദ്ധി-ശാന്തി-സ്‌നേഹ-കരുണ-കാന്തിയിൽ അഹിംസതൻ-
പാതയിൽ വിളങ്ങിടേണം ഭാരതാംബ നാൾക്കുനാൾ
ഭാരതപതാകയെന്നുമോതിടുന്നീ മന്ത്രണം
നെഞ്ചിലേറ്റി കർമ്മപൂർത്തിനേടുവാനശക്തർ നാം.
ശാന്തിയിൽ രമിക്കുവാൻ സ്വാഭിമാനമോർക്കുവാൻ
നിർഭയം വസിക്കുവാൻ സ്വതന്ത്രമണ്ണിലാകുമോ?
വർഗ്ഗസമരഭീതികൾ, രാഷ്‌ട്രതന്ത്രവൈരികൾ
പട്ടിണിവിലാപങ്ങൾ പെരുകിടുന്നു ഭാരതേ
ഭാരതാംബ തേങ്ങിടുന്ന ‘കലിയുഗ’ത്തിലാണു നാം
അതൃപ്‌തരായി ജനതയിന്നുഴറിടുന്ന നാളുകൾ.
പ്രബുദ്ധത-സമത്വ-ശാന്തിയെന്നുറക്കെപ്പാടവേ,
പ്രാകൃതം മൃഗീയത-ംലേഛത പെരുകുന്നു.
മൂല്യമറ്റു കാടുകയറി കെട്ടിടുന്ന ചേതന
വീണ്ടെടുത്തു ഹൃദയമന്ദിരം വിശുദ്ധമാക്കിടാം.
കർമ്മശുദ്ധിയിൽ വിരിഞ്ഞ നവ്യഗന്ധസൂനങ്ങൾ
ജന്മഭൂവിതിൽപ്പടർന്നു ശാന്തികൈവരിച്ചിടാം
‘ഇക്കലിയുഗ’ത്തിൻ തേങ്ങൽ മാറ്റുവാൻ ‘കൃതയുഗം’
ആഗമിക്കും നവജനത മാറ്റിടുമശാന്തികൾ.
മാറ്റിടാം നമുക്കും നമ്മെ നന്മയോലും ചെയ്‌തിയാൽ
തെളിച്ചിടാമീ ജന്മഭൂവിൽ സുകൃത കർമ്മകാന്തികൾ.
ജനിച്ചിടട്ടെ സത്തയാർന്ന മാനവപ്രതിഭകൾ
ഭാരതം വിളങ്ങിടട്ടെ ഭാവഭംഗിയിൽ ജയ!!
Generated from archived content: poem6_aug27_05.html Author: theresa_peeter