മഹാത്മൻ തിരുസന്നിധാനത്തിൽ
വന്നിന്നു കരംകൂപ്പിടുന്നൂ ഞാൻ
ഹൃദ്‌സുമമാല്യം ചാർത്തി സാദരം
വണങ്ങിടുന്നിതാ തവ പാദാംബുജം.
യാതനാമുൾക്കിരീടമേന്തിയും
കാഷ്‌ടനഷ്‌ടദുരിതങ്ങളേൽക്കയും
ഭാരതാബയെ വിമുക്തയാക്കുവാൻ
മാറുകാട്ടിപ്പൊരുതി നിൽക്കയും
അഹിംസയും ശുദ്ധസമരപാതയിൽ
അജയ്യനായുറച്ചുനിൽക്കയും
ആത്മവീര്യം ജ്വലിച്ചുനിന്നിടും
നായകൻ ദൃഢചിത്തനായതും
സമരകാഹളജ്വാലയിൽ സഹി
കെട്ടുവിദേശികൾ വിട്ടുപോയതും
‘രാഷട്രതാത’നായുയർന്നു ഗാന്ധിജി
ഭാരതത്തിൽ വിളങ്ങി നിൽപതും
ഓർത്തുപവിത്ര സേനാനായകാ
വണങ്ങിടുന്നു തവപുണ്യസന്നിധേ
സത്യമൂർത്തി അതിഭാസുപ്രഭോ
ജ്വലിച്ചീടട്ടേ ദേശസ്‌നേഹഗീതികൾ.
ഭാരതം കണ്ടുപോന്ന പുണ്യരിൽ
ഗാന്ധിജി സ്‌നേഹപ്രദീപനെങ്കിലും
ജനതയിന്നാ പാവനാത്മനെ
മറന്നിടുന്നുവോ? അവഗണിപ്പതോ?
ക്ഷണിക്കണം വിഭോ, പുണ്യതേജസ്സേ
കാട്ടിടുന്നൊരി നികൃഷ്‌ട ചെയ്‌തികൾ
താവക തിരുവചനകാന്തികൾ
വിസ്‌മരിച്ചു; പതനപാതയിൽ ഗുരോ.
ധന്യതാതാ, തവസന്നിധാനത്തിൽ
വന്നിന്നു കരം കൂപ്പിടുന്നൂ ഞാൻ
ഹൃദ്‌സുമമാല്യം ചാർത്തിസാദരം
വണങ്ങിടുന്നിതാ തവപാദാംബുജം.
Generated from archived content: poem5_jan24_09.html Author: theresa_peeter