കൊടുംതമസ്സൊരു ഗിരിയായ്‌പ്പൊങ്ങി മൂടീടുമെന്നോയെൻ
ജീവിതമഖിലം ഇവിടെ ശൂന്യം, നിഷ്‌ഫലമായ് വരുമോ?
കരേറ്റമില്ലേ? പാപച്ചുഴിയിൽ വിവശൻ ഞാനിന്ന്
മുക്തിക്കായിതാ കേണീടുന്നു, ഞാനൊരപരാധി.
മധുരം കിനിയും ജീവിതചഷകം ആസ്വദിച്ചീടാൻ
പാപം കുമിയും നിബിഡവനത്തിൽ മുരണ്ടിരുന്നു ഞാൻ.
പണക്കൊഴുപ്പിൽ മദിരാക്ഷികളിൽ കൂത്താടീടാനായ്
ഓഹരിവാങ്ങി വീടുവിട്ടൊരു കടുത്ത താന്തോന്നി
‘അരുതേ, അരുതേ….’ അന്തഃകരണം വിലക്കിയ നിമിഷങ്ങൾ
പുച്ഛപുരസ്സരം തള്ളിയകറ്റി അടച്ചു ഉൾകൺകൾ
മദിച്ച നാളുകൾ ക്ഷണികം ക്ഷണികം പാപ്പരത്തത്തിൻ
നെറുകയിലെത്തി, ദുരിതത്തിൻ നാൾ കറുത്തകൊടി വീശി
വീടുവിട്ട് താന്തോന്നിത്തം കാട്ടിയ പുത്രനിവൻ
വിശപ്പടക്കാൻ വഴിയില്ലാതെയിന്നീ ദുർഗതിയിൽ
യജമാനന്റെ പന്നിക്കേകിയ തവിടുഭുജിച്ചു ഞാൻ
പിതൃഗൃഹത്തിൽ നിരുപമസൗഖ്യം നുകർന്നു വാണസുതൻ
കരേറ്റമില്ലേ? പാപച്ചുഴിയിൽ വിവശൻ ഞാനിന്ന്
മുക്തിക്കായിതാ കേണീടുന്നു കണ്ണീർപ്പുഴയിങ്കൽ
സ്നേഹപിതാവിൻ സവിധേയെത്താം ചൂടുകണ്ണീർ തൂകി
കൃപാവരത്താലീസുതനേ തവചാരേ ചേർക്കില്ലേ?
അനുതാപത്താൽ കഴുകിക്കഴുകി തെളിച്ചിടാമേ ഞാൻ
തമസ്സുറഞ്ഞോരെന്നുടെ പിഴവുകൾ, പൊറുക്കണേ താതാ
സ്‌തുതിച്ചിടുന്നു വത്സലതാതാ തവതിരുസ്‌നേഹത്തെ
രാജസുതനായ് വാണൊരാ നാളിൽ മധുരം തിരുമധുരം
അകനേത്രങ്ങൾ തുറന്നിഹ! കണ്ടു ജീവിതസത്യങ്ങൾ
കൊണ്ടുപഠിച്ചു ജീവിതപാഠം അനുഭവതീച്ചൂടിൽ
തിരിച്ചു ഞാൻ പോരുന്നു, പൈതൃക നിറവാത്സല്യത്താൽ
സ്വീകരിപ്പാൻ കനിയണേ കരുണാമയനേ, മാപ്പേകി.
Generated from archived content: poem4_jan24_07.html Author: theresa_peeter