മാനസമണിത്തട്ടിൻ വർണ്ണരാജികൾ വിരി-
ച്ചാമോദം പകർന്നൊരാ മോഹന സായാഹ്നമേ,
കവിയരങ്ങിൻ ഭാവഭംഗിയിൽ ലയിക്കവേ
അഭൗമമേതോ ലോകത്തേറ്റിയ പ്രതീതിയായ്.
മാനസം പ്രസാദത്തിൻ ദീപ്‌തിയിൽ ജ്വലിക്കയും
ചേതനയോലും കാവ്യശീലുകളൊഴുകിയും
ആത്മനൊമ്പരങ്ങളായുൾപ്പുളകങ്ങൾ ചിന്താ-
ധാരയായ്, പരിഹാസനോവുകൾ, ഇന്നിന്റെയീ-
ലോകപതനങ്ങൾ, കുന്തിയും ശ്രീയേശുവും
കവിമാനസം-വിരഹാഗ്നിയും-മാതൃത്വത്തിൻ
മോഹനപ്രതീക്ഷകൾ ഈ വിധമലതല്ലി-
യെത്രകാവ്യശീലുകൾ അത്യന്തം മനോജ്ഞമായ്.
ഞാനുമാസുമോഹനമാനന്ദക്കടലിലെ
വെൺനുരയൊന്നായലതല്ലിയും രസിച്ചീലേ?
അവിടെ പ്രശോഭിച്ച ഭാവസൗന്ദര്യകാന്തി-
ക്കൊത്തീയുലകവും മാറുകിൽ സ്വർഗ്ഗം ഭൂവിൽ.
ശ്രവണപഥത്തിലൂടെത്തിമാനസത്തിലും
പതിഞ്ഞെന്നാലും നമ്മൾ നടപ്പൂ വഴിതെറ്റി.
എങ്കിലും സർഗ്ഗാത്മകഭാവങ്ങളെക്കാലവും
മർത്യചേതസ്സുക്കളെത്തെളിപ്പൂ വിശുദ്ധിയിൽ.
അക്ഷരമല്ലോ അർഥകാന്തിയിൽ വിശ്വത്തിന്റെ
ഹൃത്തടം ജ്വലിപ്പിച്ചു അമരത്വമായ് നിൽപ്പൂ.
അക്ഷരമെക്കാലമുൾക്കണ്ണുകൾ ജ്വലിപ്പിച്ചും
ചിന്താധാരയിൽ ദീപനാളമായ് വിളങ്ങിയും
ഇരുളും വെളിച്ചവും തങ്ങുമീയുലകത്തി-
ലാത്മഹർഷത്തിൻ ഗന്ധസൂനങ്ങളുതിർത്തുന്നു.
അന്നത്തെ സായാഹ്നത്തിൽ കാവ്യരസാമൃത-
ധാരയിൽക്കുളിർപ്പിച്ച കവിമിത്രങ്ങൾ ചിത്തേ,
കരയിപ്പിച്ചും, ഹർഷലീലയിൽ രസിപ്പിച്ചും
കാരുണ്യ-രൗദ്ര-വീരരസത്താൽത്തരിപ്പിച്ചും
സാർഥരായ്-സംതൃപ്‌തരായ്-നന്മതൻ വക്താക്കളായ്
ഇപ്പോഴും നിന്നു സർഗ്ഗഗീതമാലപിക്കുന്നു.
സ്വാനുഭൂതിതൻ ദിവ്യലോകത്തേറ്റിയ കാവ്യ-
സംഗമത്തിനു ഹൃദ്യം ചാർത്തുന്നു സ്‌മൃതീമാല്യം
ഭാവഭാസുരകാന്തിയേറ്റേറ്റു പ്രബുദ്ധമായ്
വീണ്ടും വന്നണയുക മോഹന സായന്തനം.
Generated from archived content: poem3_sept22_05.html Author: theresa_peeter