മാമകനാടേ, വെൽക

എത്രമേൽ വന്ദിക്കേണ്ടൂയെത്രമേൽ പുകഴ്‌ത്തേണ്ടൂ

മാമകനാടിൻ പുകൾ പാടിയാടിടേണ്ടനാൾ.

അമ്പതിൻ തിരുമുറ്റത്തെത്തിയ മമനാടേ,

ജനനീ, ജയജയ! നേരുന്നൂ സ്‌തുതിപ്പുകൾ

മാബലിമന്നൻ വാണ; മാമുനീവിശുദ്ധിക-

ളുൾക്കൊണ്ടു പ്രസാദങ്ങൾ ചൊരിഞ്ഞ മലയാളം

കണ്ണിനും മനസിന്നുമിമ്പമായ്‌-കുളിർമ്മയായ്‌

സർഗാത്മസൗന്ദര്യങ്ങൾ വഴിക്കും മലയാളം

തുഞ്ചൻകിളിക്കൊഞ്ചൽ-ശ്രീശങ്കരാചാര്യർത-

ന്നാത്മ പ്രബോധനമുൾക്കൊണ്ട മമനാടേ,

വിജ്ഞാനപ്പടവിങ്കൽക്കുതിച്ചുവളർന്നിന്ന്‌

വിജയം വരിപ്പതിലഭിമാനികൾ നമ്മൾ

ശാസ്‌ത്രത്തിൽ മുന്നേറ്റങ്ങളറിവിൻ മികവുകൾ

കമ്പ്യൂട്ടർ-ഇന്റർനെറ്റ്‌-സാറ്റലൈറ്റ്‌ യുഗത്തിലാ-

യെത്തി നിൽക്കുന്നൂയിന്ന്‌, ഇക്കൊച്ചുമലയാള-

മാവഹച്ചീടുന്നതിൻ ഫലമേൻമകൾ നിത്യം

അമ്പതിൻ തേരോട്ടത്തിൽപ്പിന്നെയും മാറ്റങ്ങളുമായ്‌

രാഷ്‌ട്രീയമുഖങ്ങളിൽ, പത്രമാധ്യമങ്ങളിൽ

നാട്ടിലും നടപ്പിലും, വേഷഭൂഷാദികളിൽ

മാറ്റേറ്റിയിട്ടും നിലവാരങ്ങളിടിച്ചിട്ടും

എങ്കിലും കഥിക്കുവാനുണ്ടൊരീ നീറ്റങ്ങളും

മാമനകജനനിയെ നോവിക്കും യാഥാർഥ്യങ്ങൾ

മോഹിനീ ഗുണവതിയാഹ്ലാദതരളയായ്‌

നൃത്തമാടിയ മലയാളമേ, പൊറുത്താലും

കണ്ണിന്നും മനസിന്നുമിമ്പമായ്‌ വിളങ്ങിയ

നാടിന്നു ദുഃഖാർത്തയായ്‌ ഗദ്‌ഗദം കൊളളുന്നീലേ?

ശാന്തിയും സൗന്ദര്യവും കെടുത്തുക്കരിവാരി-

ത്തേക്കുവോർ നാടിൻ മക്കളല്ലാതെതെന്തോതീടുവാൻ

അകക്കാമ്പിൻ മേൻമയിരുണ്ടു വികൃതമായ്‌

നേരുകൾ നെറിവുകൾ കെട്ടടങ്ങുന്നു നാട്ടിൽ

രോഗപകർച്ചകൾ, പ്രകൃതി വികൃതികൾ

ചതിയുമനമിതിയും നടമാടുകയല്ലോ?

ശാന്തിയെക്കെടുത്തുന്ന ദുഷ്‌ക്കർമ്മഫലങ്ങൾ നാം

നെഞ്ചിലേറ്റുന്നു കഷ്ടം! ദൈവത്തിൻ സ്വന്തം നാട്ടിൽ

മാനസനഭസിലായ്‌ സാരസത്തകളൊത്ത

ഭാവദീപങ്ങൾ തെളിയിച്ചിരുൾ മാറ്റാമിനി

ഭാവചിന്തകളല്ലോ കർമ്മപ്രകാശത്താൽ

നാടിനെയുത്ഥാനത്തിന്നുത്തുംഗത്തേറ്റുന്നതും

പൊയ്‌പ്പോയ പൊൽക്കാലങ്ങളോർത്തഭിമാനിച്ചിടാം

മൺമറഞ്ഞ ധന്യർക്കുമാദരമർപ്പിച്ചിടാം

ഇസ്സുവർണ്ണനാളിതിൽ ചേതനയുറ്റ ചിന്താ-

ധാരയും കർമഫലകാന്തിയും നേരും മക്കൾ

ഈയൊരു പ്രതിജ്ഞയാം സുവർണ്ണമാല്യം ചാർത്തി

യാദരസ്‌തുതിപ്പുകൾ! മാമകനാടേ, വെൽക!

Generated from archived content: poem2_dec7_06.html Author: theresa_peeter

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here