ജീവിതം നീളുമീകർമ്മഭൂമിയിൽ
നിത്യവും പദമൂന്നുന്നു നാമിതാ
ഇരുളും വെളിച്ചവുമീവഴിത്താരയിൽ
മാറിമറിഞ്ഞും നിഴലിപ്പൂ നിത്യവും
ഘോരമാരിയിടിമുഴക്കങ്ങളും
കാറ്റുംകോളുമാഞ്ഞുപതിക്കിലും
ആശിപ്പതെന്തും കരഗതമാകണ
മെന്ന ചിന്തയും മൗഡ്യമതല്ലയോ?
കുന്നും മലയും മുൾപ്പടർപ്പേവതും
താണ്ടി ലക്ഷ്യം വരിക്കുവാനല്ലയോ
മർത്ത്യജന്മത്തെ സാക്ഷാത്‌കരിക്കുവാൻ
വിഘ്‌നങ്ങളേതും കടക്കണം ധീരരായ്.
ജീവിതത്തിന്നിടമയക്കങ്ങളിൽ
പേടിപ്പെടുത്തും ദുഃസ്വപ്‌നങ്ങളൊത്തിരി
വന്നു ശല്യപ്പെടുത്തുന്നുവെങ്കിലും
കടമ്പയേതും കടക്കാൻ ശ്രമിപ്പൂനാം.
ജീവിതകാല കൽച്ചുവരിങ്കലായ്
കോറിയിട്ടയനുഭവചിത്രങ്ങൾ
മോഹിച്ചതാകണമെന്നില്ല; പിന്നെയോ
ജീവിതം വരപ്പിച്ചതാണേറെയും.
എന്നും ഒഴുക്കിനെതിരെ നീന്തുന്നവർ-
ക്കൊത്തിരി പാഠങ്ങളോതുവാനുണ്ടാകാം
പാഠങ്ങളല്ല; ഗുണപാഠങ്ങളേറെയും
ജീവിതത്തിന്നനർഘമാം മുത്തുകൾ.
നമ്മുടെ ചെറുജീവിതാന്ത്യത്തിലായ്
മാനസച്ചെപ്പുലരുമയായ് സൂക്ഷിക്കാൻ
ഒന്നുമില്ലാതെ വന്നാലതു കഷ്‌ടമായ്
ജന്മം നിരർഥം ശൂന്യമായി ജീവിതം.
വിസ്‌തൃതമീ പാരിന്റെ മാറിലായ്
കിട്ടിയ മൂല്യമേറുമീ ജീവിതം
ഒരു ചെറുമിന്നലാട്ടമായെങ്കിലും
സർവേശനു സമർപ്പിക്കാൻ ശ്രമിച്ചിടാം.
Generated from archived content: poem1_june17_08.html Author: theresa_peeter