ചായക്കുറി

വെളുപ്പിന്‌ മക്കാരുടെ പെട്ടിക്കട തുറക്കും; തട്ടുപള്ളിയിലെ ബാങ്ക്‌ കേൾക്കുന്നതിന്‌ മുമ്പായി.

കാതിര്‌ കിടക്കപ്പായിൽ നിന്നും എഴുന്നേറ്റ്‌ മുഖം കഴുകി കടയിലേക്ക്‌ പുറപ്പെട്ടു.

കുറച്ചു ചായവെള്ളം ഉള്ളിലാക്കിയിട്ടുവേണം വള്ളം തള്ളുവാൻ കരീമും ഉസ്‌മാനും മറ്റു കൂട്ടുകാരും കടയിൽ എത്തും.

കുറെ ദിവസങ്ങളായി വള്ളം ഏറ്റിട്ട്‌ ഒന്നും കിട്ടുന്നില്ല. ഇങ്ങനെ പോയാൽ എവിടെചെന്ന്‌ അവസാനിക്കും. ഓർത്തിട്ട്‌ ഒരു അന്തവും ഇല്ല.

ആരിഫയുടെ അസുഖം നാൾക്കുനാൾ കൂടുകയാണ്‌ മാറാത്ത തലവേദന, ആസ്‌മയുമുണ്ട്‌ കൂട്ടിന്‌.

ഡോക്‌ടർ മരുന്ന്‌കൊടുക്കുന്നുണ്ട്‌. പക്ഷെ ഫലിക്കുന്നില്ല.

മൈമൂനയുടെ മൊഞ്ചും മുഖവും വളരുകയാണ്‌! അവൾ തികഞ്ഞ പെണ്ണായി! അതോർത്തിട്ടാണ്‌ ആരിഫയുടെ അസുഖം വർധിക്കുന്നത്‌. തന്റെ ആരിഫക്ക്‌ ഉറക്കം കിട്ടുന്നില്ല! (താനും ഉറങ്ങിയിട്ട്‌ എത്രനാളായി) അതിനാൽ ചുമയും മറ്റ്‌ അസ്വാസ്‌ഥ്യങ്ങളും വർധിക്കുന്നു.

‘കാരുണ്യവാനായ അല്ലാഹു തന്നെ രക്ഷിക്കട്ടെ!’ അയാൾ ആത്‌മഗതപ്പെട്ടു.

അക്കരക്കു ജോലി തേടിപ്പോയ തന്റെ മകൻ ഫൈസലിനും ജോലിയൊന്നും ആയില്ല ഇതുവരെ.

ഏജന്റ്‌ ‘ചതിച്ചു’ ‘വിസ’ ‘വ്യാജനായിരുന്നു’ ഒരു ബന്ധുവിനെ കണ്ടുമുട്ടിയതിനാൽ കേസിൽ പെടാതെ ഒളിവിൽ കഴിയുകയാണ്‌. ഇനി പാസ്‌ കിട്ടും വരെ പോലീസിനെ പേടിച്ച്‌ ഒളിവിൽ കഴിയണം.

ഇതെല്ലാം കഴിഞ്ഞ്‌ എന്നാണാവോ ജോലികിട്ടുക. അയാൾ ആത്‌മഗതപ്പെട്ടു.

‘ഇങ്ങളെന്താ, മനുശ്യ സ്വപ്‌നം കാണാ………’ തട്ടുപള്ളിയിലെ മൂസലിയാൽ തോളിൽതട്ടി ചോദിച്ചപ്പോഴാണ്‌ കാതിരിന്‌ പരിസരബോധമുണ്ടായത്‌

‘അസലാം അലേക്കും’ കാതിർ അഭിവാദ്യം ചെയ്‌തു.

‘വാഅലേക്കും അസലാം’ മുസലിയാർ.

ഞങ്ങൾ വള്ളം ഏറ്റാൻ പോവുകയാണ്‌. ചായകുടിക്കാൻ നിന്നതാണ്‌. കാതിര്‌ മുസലിയാരോട്‌ പറഞ്ഞു.

അന്നും വള്ളം തിരികെ അടുത്തപ്പോൾ. പണം വീതം വെച്ചു. ചായക്കുള്ള വക മാത്രം.

എല്ലാവർക്കും മനോവിഷമമായി. അങ്ങനെ കുടുംബം കൂടുതൽ വിഷമാവസ്‌ഥയിലായപ്പോഴാണ്‌, കൂട്ടുകാരുടെ പ്രേരണയാൽ ഒരു ചായക്കുറി നടത്തുവാൻ കാതിര്‌ തീരുമാനിച്ചത്‌.

കുറഞ്ഞത്‌ അഞ്ഞൂറ്‌ലക്കോട്ട്‌ വാങ്ങണം. അത്‌ പ്രസിൽ അടിപ്പിക്കണം. നൂറുറുപ്പേന്റെ കാശുവേണം ചായപ്പൊടിയും പാലും പഞ്ചസാരയും വാങ്ങാനുള്ള ചെലവ്‌ ബിരിയാണിക്കുള്ള ചെലവ്‌, പാചകക്കാർക്കുള്ള വക, പന്തൽകാർക്കുള്ള വാടകയും കൂലിയും എന്നാലും എല്ലാ ചെലവും കഴിഞ്ഞ്‌ ബാക്കി നല്ലൊരു സംഖ്യ അയാൾ സ്വപ്‌നം കണ്ടു.

കുറച്ചുനാൾ കുടുംബത്തിന്റെ പ്രാരാബ്‌ധത്തിൽ നിന്നും കരകയറാം. കൂട്ടത്തിൽ മൈമൂനയുടെ ചെറിയ പെരുന്നാളിനുള്ള പുത്തനുടുപ്പ്‌, ആരിഫയുടെ മരുന്ന്‌ ഗൾഫിൽ ക്ലേശിക്കുന്ന മകന്‌ ബന്ധുവഴി കുറച്ചുപണം എത്തിക്കൽ അങ്ങനെപോയി അയാളുടെ മനക്കോട്ടകൾ!

കുറി അടിപ്പിച്ചു വിതരണം തുടങ്ങി.

ഒരു കല്യാണക്കുറിയുടെ വീറും വാശിയും ഉണ്ടായിരുന്നു ആ ചായക്കുറിക്ക്‌! കൂട്ടുകാരും അയൽവാസികളും മഹല്ലിലെ ജനവും വളരെയേറെ സഹകരിച്ചു.

ഗ്രാമത്തിലും നാലു പള്ളികളുടെ മഹല്ലിലും കത്തുകൾ വിതരണം ചെയ്‌തു പണ്ഡിതനും പാമരനും ഹാജിയാർക്കും മുസലിയാർക്കും എന്നുവേണ്ട മറ്റു സമുദായക്കാർക്കുവരെ കത്തുകൾ കൊടുത്തു.

ഒരുക്കങ്ങൾ തലേദിവസം തന്നെ ആരംഭിച്ചു. പന്തൽ ഇടാനും പാചകത്തിനും മറ്റുമൊക്കെ ശ്രമദാനമായി വള്ളത്തിലെ പണിക്കാരും അയൽവാസികളും തലേദിവസം തന്നെ വന്നുചേർന്നു.

പിറ്റെദിവസം നാലു മണിക്കാണ്‌ കുറി!

ഉച്ചയൂണ്‌ കഴിഞ്ഞപ്പോൾ തന്നെ വിഭവങ്ങൾ ഉണ്ടാക്കുവാനും ചായയുടെ വെള്ളം തിളപ്പിക്കാനുമുള്ള ഒരുക്കങ്ങൾ തുടങ്ങി.

കുറഞ്ഞത്‌ നൂറുപേർക്ക്‌ ഇരിക്കാനുള്ള പന്തലാണ്‌, പറമ്പിലും മുറ്റത്തും കൂടി ഉയർന്നത്‌!

മണി നാലുകഴിഞ്ഞിട്ടും കൂട്ടുകാരായ വള്ളക്കാരും തൊട്ട്‌ അയൽവാസികളും അപൂർവം ഹാജിമാരും കൂടാതെ ആരെയും കാണുന്നില്ല.

കാതിരിന്‌ ഭയപ്പാടായി.

‘ആളുകൾ പല തരക്കാരാണ്‌. കല്യാണങ്ങളും ഉള്ള ദിവസമാണ്‌. സമയമുണ്ടല്ലോ ആറുവരെ’ കൂട്ടുകാർ അയാളെ ആശ്വസിപ്പിച്ചു.

ആദ്യപന്തിയിൽ ചായകുടിച്ച്‌ എഴുന്നേറ്റ്‌ കുറെപ്പേർ നൽകിയ കവറുകൾ അയാൾ അകത്തെ മുറിയിൽ വീഞ്ഞപ്പെട്ടിയിൽ കൊണ്ടുപോയി വച്ചശേഷം, പുറത്തിറങ്ങി നോക്കിക്കൊണ്ടിരുന്നു. വലിയ പ്രതീക്ഷയോടെ.

കരീമിക്ക അപ്പോൾ, നല്ല കടുപ്പത്തിൽ ഒരു ചായകൂട്ടി അയാൾക്ക്‌ കൊടുത്തു.

എന്നിട്ട്‌ ‘നിങ്ങവെഷമിക്കാതെ മനുശ്യാ……….’ എന്നു പറഞ്ഞിട്ട്‌ കലവറയിലെ ഇറച്ചിപ്പാത്രത്തിന്‌ അൽപം ചൂടുവെക്കാൻ വേണ്ടിപോയി.

കൂട്ടിവെച്ച ചായ ചൂട്‌ ആറുന്നതുകണ്ട്‌ സപ്ലൈക്കാരൻ ചെറുക്കൻ ഒന്നെടുത്തു മോന്തി. പിന്നെ അകത്തുപോയി മൈമൂനക്കും ആരിഫക്കും ഓരോന്നു കൊടുത്തു.

മൈമൂനയെ ഒന്നു കാണുകയും ചെയ്യാമല്ലോ എന്ന മോഹവും അവനുണ്ട്‌.

സമയം പറന്നു പോവുകയാണ്‌.

കാതിർ ഉരുകുകയാണ്‌

ആയിടക്ക്‌ കാനഡയിൽ നിന്നും വന്ന ഡേവിഡ്‌ മാനേജരും ഭാര്യ ഇറ്റലിക്കാരി മെർലിനും വീട്ടിലേക്ക്‌ കയറിവന്നപ്പോൾ കാതിരിന്റെ കണ്ണുകൾ ഈറനണിഞ്ഞു.

മാനേജരെയും മദാമ്മയെയും അയാൾ സ്വീകരിച്ചിരുത്തി.

ഡേവിഡ്‌ മാനേജർ തട്ടിൽ എസ്‌റ്റേറ്റ്‌ ഉടമയാണ്‌ ഉഷായുടെ വലിയൊരു സുഹൃത്താണ്‌.

മാനേജർ യാത്രപറഞ്ഞു പോയപ്പോൾ ഒരു കവർ അയാൾക്കുനൽകി.

മണി ആറ്‌ കഴിഞ്ഞിട്ടും ഒന്നും ഒറ്റയും ആളുകൾ വന്നത്‌ അല്ലാതെ തിരക്കൊട്ടും ഉണ്ടായില്ല.

അവസാനം. ആ തണുത്ത സായാഹ്‌നത്തിൽ, കിട്ടിയ കവർ പൊട്ടിച്ച്‌ പണം എണ്ണിതിട്ടപ്പെടുത്തിയപ്പോൾ അയാൾ വിയർപ്പിൽ കുളിച്ചു.

പിന്നീട്‌ ബാക്കിയായ ഭക്ഷണ സാ​‍ാധനങ്ങൾ അയാൾതന്നെ പള്ളിയിലെ യത്തീംഖാനയിലേക്ക്‌ ചുമന്നുകൊണ്ടുപോയി!

(ചായക്കുറി സാമ്പത്തിക പിന്നോക്കാവസ്‌ഥയിൽ കുടുംബത്തിന്റെ ആശ്വാസത്തിന്‌ മലബാർഭാഗത്ത്‌ നടത്തുന്ന ചായ സൽക്കാരം).

Generated from archived content: story1_jan14_10.html Author: thalappilli_viswanathan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English