മഴ

നിനച്ചിരിക്കാതെയാണ്‌ മഴ പെയ്‌തത്‌. കയ്യിൽ കുട ഉണ്ടായിരുന്നില്ല. മഴ നനയാൻ മടുപ്പുതോന്നി. ഒരു മരച്ചുവട്ടിൽ കുറച്ചുനേരം നിന്നു. കാറ്റുംമഴയും ശക്തിയായി. ഷർട്ടും മുണ്ടും തലയും മേലും നനഞ്ഞു നാശമായി! അടുത്തുകണ്ട ഒരു വീടിന്റെ ഇറക്കാലയിൽ കേറിനിന്നു. കാറ്റും മഴയും ശക്തിയായതല്ലാതെ കുറഞ്ഞില്ല. വല്ലാത്ത തണുപ്പുതോന്നി. കൈകൾ പിണച്ചുകെട്ടി നെഞ്ചിൽ ചേർത്തുവെച്ചുകൊണ്ട്‌ ചുരുണ്ടുകൂടി ആ വീടിന്റെ ഭിത്തിയിൽ ചേർന്നു നിന്നു.

സുന്ദരിയായ ഒരു പെൺകുട്ടി വീടിന്റെ വാതിൽക്കൽ വന്ന്‌ തല പുറത്തേക്കു നീട്ടിയശേഷം ഉടൻ തല അകത്തേക്കു വലിച്ചു. അല്‌പസമയത്തിനുശേഷം അവൾ തല വെളിയിലേക്കു നീട്ടിക്കൊണ്ടു പറഞ്ഞു! ‘അയ്യോ! എന്തിനാ മുറ്റത്തുനിന്ന്‌ മഴ നനയുന്നത്‌? ഇങ്ങോട്ട്‌ ഇറയത്തേക്ക്‌ കേറിനിന്നോളൂ.’

മനമില്ലാ മനസ്സോടെ ചെറുപ്പക്കാരൻ ഇറയത്തേക്ക്‌ കേറിനിന്നു. അകത്തുനിന്നും പെൺകുട്ടി ഒരു തോർത്തെടുത്തു ചെറുപ്പക്കാരന്‌ കൊടുത്തു. തോർത്ത്‌ വാങ്ങി ചെറുപ്പക്കാരൻ തലയും മേലും തോർത്തി. ഷർട്ട്‌ ഊരിപ്പിഴിഞ്ഞു തോളത്തിട്ടു. തോർത്ത്‌ ഉടുത്തുകൊണ്ട്‌ മുണ്ടുകൂടി പിഴിഞ്ഞുടുത്തോളൂ എന്നു പറഞ്ഞുകൊണ്ട്‌ പെൺകുട്ടി കതകടച്ചു.

ചെറുപ്പക്കാരൻ മുണ്ട്‌ പിഴിഞ്ഞുടുത്തു. തോർത്ത്‌ ഒന്നുകൂടി പിഴിഞ്ഞശേഷം തല വീണ്ടും തോർത്തി.

‘കാറ്റുംമഴയും ശക്തിയാകുകയാണല്ലോ? ഇങ്ങോട്ട്‌ അകത്തേക്ക്‌ കേറി നിൽക്കൂ.’ അടച്ച കതകു തുറന്നുകൊണ്ട്‌ പെൺകുട്ടി പറഞ്ഞു.

അതുവേണോ? എന്ന്‌ ചെറുപ്പക്കാരൻ ഒന്നിലധികം പ്രാവശ്യം ചിന്തിച്ചു. ആരെങ്കിലും കണ്ടാലുളള ഭവിഷ്യത്തിനെക്കുറിച്ചും ആലോചിച്ചു. കോരിച്ചൊരിയുന്ന മഴയിലൂടെ അയാൾ പുറത്തേക്ക്‌ നോക്കി. റോഡിലും പരിസരത്തും ഒരു ജീവിയുമില്ല. മടിച്ചുമടിച്ച്‌ അകത്തേക്ക്‌ കേറിയ ചെറുപ്പക്കാരനെ പെൺകുട്ടി കട്ടിലിൽ പിടിച്ചിരുത്തി. പുറത്ത്‌ തകർത്തു പെയ്യുന്ന മഴ, ആഞ്ഞടിക്കുന്ന കാറ്റ്‌, ഇടിമിന്നൽ! പെട്ടെന്നു കറന്റുപോയി! മുറിക്കകത്ത്‌ കൂരിരുട്ട്‌! മണിക്കൂറുകൾക്കു ശേഷമാണ്‌ മഴ തോർന്നത്‌. ചെറുപ്പക്കാരൻ കട്ടിലിൽ കിടന്നു മയങ്ങിപ്പോയി. മയങ്ങിക്കിടന്ന ചെറുപ്പക്കാരനെ വിളിച്ചുണർത്തിക്കൊണ്ട്‌ പെൺകുട്ടി പറഞ്ഞു. ‘അച്‌ഛനും അമ്മയും ഓഫീസിൽനിന്നും വരാറായിട്ടുണ്ട്‌.’ ചെറുപ്പക്കാരൻ പിടഞ്ഞെണീറ്റ്‌ നനഞ്ഞ മുണ്ടിന്റെ തല വലിച്ച്‌ മുഖം തുടച്ചു. അല്പസമയം പരസ്‌പരം നോക്കിനിന്നശേഷം ഇറങ്ങി നടന്നു. റോഡിലൂടെ തിടുക്കത്തിൽ നടന്നുപോകുന്ന ചെറുപ്പക്കാരനെ പെൺകുട്ടി കണ്ണിമക്കാതെ നോക്കിക്കൊണ്ടുനിന്നു.

വിവാഹത്തിന്റെ ഏഴാം ദിവസം പെണ്ണിനെ കാണാതായി. സുഗുണന്‌ ജീവിതത്തിൽ ഏറ്റ ഏറ്റവും വലിയ ആഘാതമായിരുന്നു അത്‌.

അച്ഛനും അമ്മയും പെങ്ങമ്മാരും അമ്പരന്നു. നാട്ടുകാർ ഓരോന്ന്‌ കുശുകുശുക്കാൻ തുടങ്ങി.

വിവാഹം ശരിയായതിൽ ഏറ്റവും അധികം ആനന്ദിച്ചത്‌ സുഗുണനായിരുന്നു. മാൻകിടാവുപോലെ ഒരു പെൺകിടാവ്‌. സ്വപ്‌നങ്ങൾ പീലിവിരിക്കുന്ന മിഴികൾ. ആരെയും കൊതിപ്പിക്കുന്ന കാർമുകിൽ കാന്തിയാർന്ന മുടിച്ചാർത്ത്‌. തക്കാളിപ്പഴഭംഗിയുളള ചുണ്ടുകൾ. സന്ധ്യാശോണിമയാർന്ന കവിളുകൾ, എല്ലാംകൊണ്ടും തനിക്ക്‌ യോജിച്ച ഒരു പെണ്ണാണവളെന്ന്‌ സുഗുണനു തോന്നി.

അവാച്യമായ മധുരിമയുളള ഏതാനും ശ്യാമരാവുകൾ കടന്നുപോയി. ആദ്യരാത്രിയെ വരവേറ്റത്‌ ആനന്ദനിർഭരമായ ഹൃദയത്തോടെയായിരുന്നു.

വാതിൽ മെല്ലെ അടച്ച്‌ വാതിലിന്‌ അഭിമുഖമായി അവൾ നിന്നു, വിളിച്ചിട്ടും കേൾക്കാത്ത ഭാവത്തിൽ. നാണം അവൾക്ക്‌ പുതിയ ശോഭയരുളുന്നു എന്നു തോന്നിയിരുന്നു. അല്ലെങ്കിൽ പെണ്ണുങ്ങൾക്ക്‌ ലജ്ജയാണല്ലോ ഏറ്റവും വലിയ അലങ്കാരം. തന്റേടികളായ പെണ്ണുങ്ങളെ പുരുഷന്മാർ ഇഷ്‌ടപ്പെടുകയില്ല സാധാരണഗതിയിൽ. ഇവളെ താൻ വശത്താക്കിയെടുക്കാൻ പെട്ടപാട്‌! ഒന്നും പറഞ്ഞാൽ തീരുകയില്ല. ആയിരം താവുകളിലെ ആനന്ദം മുഴുവൻ ഒറ്റനിമിഷംകൊണ്ട്‌ അനുഭവിച്ചു. അതെല്ലാം പറഞ്ഞുതീർക്കാൻ അറബിക്കഥകളിലെ സുന്ദരിക്കുപോലും കഴിയുകയില്ല.

ഇപ്പോൾ സുഗുണന്റെ മനസ്സ്‌ എത്രമാത്രം വ്രണിതവും നിസ്സഹായവുമായിരിക്കുന്നു. ദൈവം നമുക്ക്‌ സുഖം തരുന്ന അളവിൽത്തന്നെ ദുഃഖവും നൽകുന്നുണ്ട്‌ എന്നത്‌ എത്ര പരമാർത്ഥമാണ്‌. അല്ലെങ്കിൽ ഇങ്ങനെയൊരു അവസ്ഥയുണ്ടോ? തന്റെ അവസ്ഥ ലോകത്തിൽ ഒരു പുരുഷനും വരല്ലേ എന്ന്‌ അയാൾ ആഗ്രഹിച്ചു.

സ്വർഗ്ഗത്തിൽ പൂങ്കാവനിയിൽ ഉല്ലസിച്ചിരുന്ന താൻ നരകത്തിന്റെ മരുഭൂവിലേക്ക്‌ എടുത്തെറിയപ്പെട്ടിരിക്കുന്നു. പൂന്തേൻ പൊഴിക്കുന്ന എന്തെല്ലാം കിനാവുകളാണ്‌ താൻ നെയ്‌തുകൂട്ടിയത്‌. ഇപ്പോൾ എല്ലാം വെളളത്തിൽ വരച്ച വരപോലെ.

അവൾ എവിടെയായിരിക്കും? എവിടെയായാലും അവൾ മടങ്ങി വരില്ലേ?

അല്‌പസമയം കൊണ്ട്‌ ഞങ്ങൾ എവിടെയെല്ലാം ചുറ്റിത്തിരിഞ്ഞു. കടൽത്തീരങ്ങളിൽ, പാർക്കിൽ, സിനിമാതിയേറ്ററിൽ.

ഒരുദിവസം രാത്രി നഗരത്തിലൂടെ ഞങ്ങൾ നടക്കുകയായിരുന്നു. നല്ല നിലാവുളള രാത്രിയായിരുന്നു. ലോഡ്‌ജിന്റെ നേർക്കുളള റോഡിലൂടെയാണ്‌ ഞങ്ങൾ നടന്നിരുന്നത്‌. അപ്പോഴാണ്‌ പിന്നിൽ ഒരു കാർ ബ്രേക്കിട്ടത്‌. ഞങ്ങൾ തിരിഞ്ഞുനോക്കി. അതൊരു കറുത്ത കാറായിരുന്നു. അതിൽ നിന്ന്‌ നാല്‌ മുട്ടാളന്മാർ ചാടിയിറങ്ങി. അവർ അവളെ പിടിച്ച്‌ കാറിൽ കയറ്റി. കാർ അതിവേഗം ഓടിച്ചുപോയി.

പിന്നെയും കുറച്ചുദിവസം കഴിഞ്ഞുകാണണം. സുഗുണൻ വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്നു. അപ്പോഴാണ്‌ അവൾ പാറിപ്പറന്ന മുടിയുമായി മുഷിഞ്ഞ വേഷത്തിൽ അങ്ങോട്ട്‌ കയറിവരുന്നത്‌.

അമ്മയും പെങ്ങമ്മാരും അവളെ സ്‌നേഹത്തോടെ ഉളളിലേക്ക്‌ ക്ഷണിച്ചു. കുളിമുറിയിൽ കൊണ്ടുപോയി എണ്ണതേച്ച്‌ കുളിപ്പിച്ചു. ഭക്ഷണം കൊടുത്തു.

ഈ രീതിയിലുളള അവളുടെ അപ്രതീക്ഷിതമായ കടന്നുവരവ്‌ സുഗുണനെ അസ്വസ്ഥനാക്കിയിരിക്കുന്നു. ഇങ്ങനെയൊരു അഗ്നിപരീക്ഷണം സുഗുണന്റെ ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. വിശുദ്ധി തെളിയിക്കേണ്ട അഗ്നിപരീക്ഷണം!

Generated from archived content: story2_july20_05.html Author: tg_ayyappan_karumaloor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here