മങ്കമ്മ

കുറെ നാടോടികള വന്ന്‌ പഞ്ചായത്തു വളപ്പിൽ താവളമടിച്ചു. ആദ്യമായിട്ടല്ല ഇവർ വരുന്നത്‌. എല്ലാവർഷവും വരാറുണ്ട്‌. അടുത്തുളള കുളത്തിൽനിന്ന്‌ ആമയെ പിടിച്ചു തിന്നുന്നതിനും നല്ല കളളുകുടിക്കുന്നതിനുമാണ്‌ വരുന്നത്‌.

ആമ മാത്രമല്ല, കോഴി, താറാവ്‌, താറാവുമുട്ട തുടങ്ങിയ വിലപിടിപ്പുളള സാധനങ്ങളും ഇവർ ആഹാരമാക്കാറുണ്ട്‌. അടുത്ത സ്ഥലത്തുനിന്നും ഓട്ടോയിലാണ്‌ സാധനങ്ങൾ വാങ്ങിക്കൊണ്ടുവരുന്നത്‌.

നേരം വെളുക്കുമ്പോൾ കുട്ടികൾപോലും നൂറിന്റെ നോട്ടും കൊണ്ടാണ്‌ ചായക്കടയിൽ വരുന്നത്‌. ഈ നാടോടികൾക്ക്‌ എന്താണ്‌ പണിയെന്ന്‌ ആർക്കും ഒരു എത്തും പിടിയുമില്ല. ഇവരിൽ ആണുങ്ങൾക്ക്‌ കഞ്ചാവ്‌ വിൽപ്പനയും സ്‌ത്രീകൾക്ക്‌ ബസിൽ കേറി അന്യരുടെ മാലപൊട്ടിക്കലുമാണ്‌ പണിയെന്ന്‌ ചിലർ പറയാറുണ്ട്‌. ഇവരുടെ തകർപ്പൻ ജീവിതം കാണുമ്പോൾ അതു വിശ്വസിക്കാതിരിക്കാൻ തരമില്ല.

പഞ്ചായത്തു വളപ്പിനോടു ചേർന്നുളള റോഡരികിൽ വണ്ണമുളള കുറെ വാട്ടർ പൈപ്പ്‌ അട്ടിവെച്ചിട്ടുണ്ടായിരുന്നു. ആ പൈപ്പിൽ ചാരിനിന്നുകൊണ്ട്‌ രാമകൃഷ്‌ണൻ പഞ്ചായത്തു വളപ്പിലേക്ക്‌ നോക്കി. കഴുത്തിൽ കിടക്കുന്ന വണ്ണമുളള സ്വർണമാല പുറത്തുകാണത്തക്ക വിധത്തിൽ ഷർട്ടിന്റെ ബട്ടണുകളെല്ലാം ഊരിയിട്ടുകൊണ്ടാണ്‌ അയാൾ നിന്നത്‌.

പഞ്ചായത്തുവളപ്പിലെ ഒരു മരച്ചുവട്ടിൽ ഇരുന്ന കറുത്ത സുന്ദരിയെ രാമകൃഷ്‌ണൻ കണ്ടു. അയാൾ അവളെ തുറിച്ചു നോക്കി. രാമകൃഷ്‌ണന്റെ തുറിച്ചുനോട്ടം ഇഷ്‌ടപ്പെട്ടില്ലെന്ന മട്ടിൽ അവൾ എഴുന്നേറ്റ്‌ കെട്ടിടത്തിന്റെ പുറകുവശത്തേക്ക്‌ പോയി. അവൾ മുൻവശത്തു വരുന്നതുവരെ രാമകൃഷ്‌ണൻ നിന്നനിൽപു നിന്നു. അവൾ തിരിച്ചു വന്നപ്പോൾ കറുത്തസുന്ദരിയെ പ്രതിഷ്‌ഠിച്ച മനസുമായി രാമകൃഷ്‌ണൻ കൂട്ടുകാരന്റെ ബൈക്കിന്റെ പുറകിൽ കേറിപ്പോയി.

ഒരു ദിവസം ചായക്കടയിൽ പോയപ്പോൾ അമ്പലപ്പറമ്പിനോട്‌ ചേർന്നുളള റോഡിൽ വെച്ച്‌ കറുത്ത സുന്ദരിയെ രാമകൃഷ്‌ണൻ കണ്ടു. അവൾ അടുത്തുവന്നപ്പോൾ രാമകൃഷ്‌ണൻ ചോദിച്ചു. ‘എന്താ പേര്‌.’

ഇതൊക്കെ അറിഞ്ഞിട്ട്‌ എന്തുവേണമെന്ന ഭാവത്തിൽ കണ്ണുവെട്ടിച്ച്‌ തുറിച്ചുനോക്കിക്കൊണ്ട്‌ അവൾ കടന്നുപോയി.

വിലപ്പെട്ടതെന്തോ കൈമോശം വന്നതായി രാമകൃഷ്‌ണന്‌ തോന്നി. അവൾ കണ്ണിൽ നിന്നും മറയുന്നതുവരെ അയാൾ നോക്കിക്കൊണ്ടുനിന്നു.

പിറ്റേദിവസവും അതേ റോഡിൽവച്ച്‌ രാമകൃഷ്‌ണൻ അവളെ കണ്ടു. അന്ന്‌ അവൾ അകലെനിന്നും പുഞ്ചിരിച്ചുകൊണ്ടാണ്‌ വന്നത്‌. രാമകൃഷ്‌ണന്‌ സ്വർഗം കയ്യിൽ വീണു കിട്ടിയ അനുഭവം. അടുത്തുവന്നപ്പോൾ രാമകൃഷ്‌ണൻ ചോദിച്ചു. ‘എന്താ പേര്‌?’

‘മങ്കമ്മ’ കണ്ണുകൾ നിലത്തൂന്നി നിന്നുകൊണ്ട്‌ അവൾ പറഞ്ഞു.

‘നിന്നെ എനിക്ക്‌ ഇഷ്‌ടമാണ്‌.’

അവൾക്കും ഇഷ്‌ടമാണെന്ന്‌ അവൾ കണ്ണുകൊണ്ടാണ്‌ പറഞ്ഞത്‌.

‘ഒരുദിവസം നീ എന്റെ വീട്ടിലേക്കൊന്നു വരാമോ?’

‘എന്തിനാ?’

‘ഒന്നിനുമല്ല, ഒന്നു അടുത്തിരുത്തി കാണാൻ.’

‘വീട്ടുകാര്‌.’

‘അച്ഛനും അമ്മയും ജോലിക്കുപോകും.’

‘ഞാൻ വീടറിയില്ലല്ലോ’

രാമകൃഷ്‌ണൻ വീട്ടിലേക്കുളള വഴി പറഞ്ഞുകൊടുത്തു. പിറ്റേദിവസം ചെല്ലാമെന്നു വാക്കു പറഞ്ഞുകൊണ്ട്‌ അവൾ പിരിഞ്ഞുപോയി. രാമകൃഷ്‌ണൻ മനസു നിറച്ചു സന്തോഷവുമായി ചായക്കടയിലേക്ക്‌ പോയി.

പിറ്റേദിവസം തന്നെ അവൾ രാമകൃഷ്‌ണന്റെ വീട്ടിലേക്കു ചെന്നു. ഹസ്‌തരേഖാ ശാസ്‌ത്രക്കാരിയായിട്ടാണ്‌ ചെന്നത്‌. രാമകൃഷ്‌ണൻ ഇറയത്തുതന്നെ ഇരിപ്പുണ്ടായിരുന്നു. ചെന്ന ഉടനെ അവൾ ഇറയത്തിരുന്നു. കസേരയിൽ കേറിയിരിക്കാൻ എത്ര നിർബന്ധിച്ചിട്ടും അവൾ വഴങ്ങിയില്ല.

‘എവിടെയാ സ്വന്തം നാട്‌?“

’മലയാള നാടു മുഴുക്കെ ഞങ്ങളുടെ സ്വന്തമാണ്‌.‘

’വിവാഹം കഴിഞ്ഞോ?‘

’എന്നെ കണ്ടാൽ തോന്നുമോ?‘

’ഇല്ലില്ല… ചുമ്മാ ചോദിച്ചതാ. മങ്കമ്മാ നിന്നെ ഞാൻ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നു.‘

’വിവാഹം ചെയ്യുമെന്ന്‌ എന്തുറപ്പ്‌?”

‘എന്തുറപ്പാണ്‌ വേണ്ടത്‌?“

അവൾ അർഥം വെച്ച്‌ രാമകൃഷ്‌ണന്റെ കഴുത്തിലേക്കു നോക്കി. മാലക്കാണെന്ന്‌ രാമകൃഷ്‌ണന്‌ മനസിലായി. അഞ്ചു പവന്റെ മാല ഊരി ഒരു മടിയും കൂടാതെ രാമകൃഷ്‌ണൻ അവളുടെ കഴുത്തിൽ ഇട്ടുകൊടുത്തു.

മാലയുടെ തലയെടുത്തു ഭംഗിനോക്കിയശേഷം മാല ഊരി അവളുടെ കൈയിലുണ്ടായിരുന്ന സഞ്ചിൽ ഇട്ടു.

’എന്തിനാ അത്‌ ഊരിയത്‌? നിനക്കു നല്ല ഭംഗിയായിരുന്നു.‘

’ഇവിടുന്ന്‌ പുറത്തുപോയിട്ട്‌ ഞാൻ മാല ഇട്ടുകൊളളാം.‘ രാമകൃഷ്‌ണന്റെ കൈപിടിച്ച്‌ അവൾ ചുണ്ടോട്‌ ചേർത്ത്‌ അമർത്തി. രാമകൃഷ്‌ണൻ അവളുടെ നെറുകയിൽ ചുംബിച്ചു. രണ്ടുദിവസം കഴിഞ്ഞ്‌ വീണ്ടും ചെല്ലാമെന്ന്‌ പറഞ്ഞുകൊണ്ട്‌ അവൾ അവിടെ നിന്നും തിരിച്ചുപോന്നു. അതിനുശേഷം കുറെ ദിവസം അവളെ പഞ്ചായത്തുവളപ്പിൽ കണ്ടില്ല. രാമകൃഷ്‌ണന്‌ വേവലാതിയായി. ഒരു ദിവസം റോഡരികിൽ പെട്ടിക്കട നടത്തുന്ന ലീനയോടു രാമകൃഷ്‌ണൻ അവളെപ്പറ്റി തിരക്കി.

’ചേച്ചീ, ഈ പറമ്പിലുണ്ടായിരുന്ന കറുത്ത പെണ്ണിനെ കാണുന്നില്ലല്ലോ, എവിടെപ്പോയി?‘

രാമകൃഷ്‌ണന്റെ ചോദ്യം കേട്ട്‌ ലീന ഊറിച്ചിരിച്ചുകൊണ്ട്‌ ചോദിച്ചു. ’നീയെന്തിനാ അവളെ തിരക്കുന്നത്‌. നിനക്ക്‌ അവളോട്‌ വല്ല പ്രേമവും ഉണ്ടോ? ഉണ്ടെങ്കി മനസിൽ വെച്ചാൽ മതി. അവളെ കല്യാണം കഴിച്ചതാ. മുറുക്കിചുവപ്പിച്ചു നടക്കുന്ന ആ കറുത്ത ചെറുക്കനാ അവളുടെ കെട്ടിയോൻ. തന്നെയുമല്ല, ബസീക്കേറി ആരുടെയോ മാല പൊട്ടിച്ചെന്നും പറഞ്ഞ്‌ പോലീസ്‌ പിടിച്ച്‌ അവളെ തടവിൽ വെച്ചിരിക്കുകയാണ്‌.”

ലീന ഇത്രയും പറഞ്ഞു നിർത്തിയപ്പോൾ രാമകൃഷ്‌ണൻ പെട്ടെന്ന്‌ കഴുത്തിൽ തപ്പി നോക്കി. രാമകൃഷ്‌ണൻ തളർന്ന്‌ തലയ്‌ക്കു കൈയും കൊടുത്ത്‌ അവിടെ കിടന്ന ബഞ്ചിൽ ഇരുന്നു.

Generated from archived content: story1_july7_06.html Author: tg_ayyappan_karumaloor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English