പെങ്ങൾ

അവിഹിതമായി ഗർഭിണിയായ സഹോദരി. ആത്‌മഹത്യ ചെയ്‌തപ്പോൾ നാടുവിടണമെന്നു തോന്നി. അപമാനഭാരം പേറിക്കൊണ്ട്‌ അധികനാൾ വീട്ടിൽ നിൽക്കാൻ ജോസഫിനായില്ല. പ്രായമായ അച്ഛനെയും അമ്മയേയും ഉപേക്ഷിച്ചുകൊണ്ട്‌ ജോസഫ്‌ ഒരു ദിവസം നാടുവിട്ടു. പട്ടണങ്ങളിൽ അലഞ്ഞുതിരിഞ്ഞ്‌ ജോലി ചെയ്‌ത്‌ കടത്തിണ്ണകളിലും പളളിവരാന്തയിലും അന്തിയുറങ്ങി. ജോലി ചെയ്‌ത്‌ കൈയിൽ കുറച്ചു കാശുവന്നപ്പോൾ തമിഴ്‌നാട്ടിലേക്കു പോകണമെന്നു തോന്നി. കളളവണ്ടിക്കയറി മദ്രാസിൽ എത്തിയ ഒരു വെളുപ്പാൻ കാലത്താണ്‌ മദ്രാസിൽ ചെന്നത്‌. അപരിചിതമായ പട്ടണത്തിൽ നിന്നപ്പോൾ വൻതിരകൾ ഉയർന്നുപൊങ്ങുന്ന കടലിൽ അകപ്പെട്ടതുപോലെ തോന്നി. എങ്ങോട്ട്‌ പോകണമെന്നറിയാതെ അയാൾ പകച്ചുനിന്നു.

കൈയിൽ കാശുണ്ടായിരുന്നതുകൊണ്ട്‌ ഭക്ഷണത്തിനു ബുദ്ധിമുട്ടിയില്ല. കുറച്ചുദിവസത്തിനുശേഷം ഒരു മലയാളിയുടെ സഹായംകൊണ്ട്‌ ജോസഫിന്‌ പപ്പടകമ്പനിയിൽ ജോലി കിട്ടി. നാലഞ്ചുവർഷം പപ്പടകമ്പനിയിൽ ജോലി ചെയ്‌തപ്പോൾ നല്ലൊരു സമ്പാദ്യമുണ്ടായി. സ്വന്തമായി പപ്പടകച്ചവടം തുടങ്ങണമെന്നു തോന്നി. പരിചയക്കാരുടെ സഹായവുംകൂടി കിട്ടിയപ്പോൾ ജോസഫ്‌ ചെറിയ തോതിൽ സ്വന്തമായി പപ്പടകച്ചവടം തുടങ്ങി. ജോസഫിന്റെ പപ്പടകച്ചവടം ദിനംപ്രതി പുരോഗതിയിലേക്കു നീങ്ങി. ചെറിയ തോതിൽ തുടങ്ങിയ പപ്പടകച്ചവടം ഒരു കമ്പനിയായി വളർന്നു. പപ്പടം വിദേശത്തേക്ക്‌ കയറ്റി അയക്കാൻ തുടങ്ങി. ജോസഫ്‌ തമിഴ്‌നാട്ടിൽ അറിയപ്പെടുന്ന മുതലാളിയായി. നല്ല സാമ്പത്തികശേഷിയുളള വീട്ടിൽ നിന്നും പെണ്ണുകെട്ടി. ഒരു പെൺകുട്ടിയുടെ പിതാവായി. മറ്റു കുട്ടികൾ ഉണ്ടായില്ല. സംതൃപ്‌തമായ ജീവിതവുമായി ജോസഫും കുടുംബവും മുന്നോട്ടുപോയി.

കുമിഞ്ഞുകൂടിയ പണത്തിനു മുകളിൽ വളർന്ന മകൾ ഹെന്നയ്‌ക്ക്‌ വയസ്‌ ഇരുപത്തിയൊന്ന്‌. നല്ല വിദ്യാഭ്യാസവും. വിവാഹാലോചനകൾ പലതും വന്നു. പറ്റിയ കാര്യമല്ല എന്നു തോന്നിയതുകൊണ്ട്‌ എല്ലാം വേണ്ടെന്നുവെച്ചു. ഒരു ദിവസം ജോസഫും ഭാര്യയും ഞെട്ടിക്കുന്ന ഒരു വിവരം അറിഞ്ഞു. കമ്പനിയിലെ ഒരു ജോലിക്കാരനുമായി മകൾ അടുപ്പമാണെന്ന്‌. ഭാര്യ നെഞ്ചത്തടിച്ച്‌ നിലവിളിച്ചുകൊണ്ട്‌ അകത്തേയ്‌ക്ക്‌ പോയി. ജോസഫ്‌ തളർന്ന്‌ കസേരയിലിരുന്നു. അൽപനേരത്തിനുശേഷം മകളെ വിളിച്ചു വിവരം ചോദിച്ചു. ഏറെ നേരത്തെ ചോദ്യം ചെയ്യലിനുശേഷം മകൾ കാര്യം ശരിയാണെന്നു സമ്മതിച്ചു. മകളെ നെഞ്ചോടു ചേർത്തു നിർത്തി ചുംബിച്ചുകൊണ്ട്‌ ജോസഫ്‌ പൊട്ടിക്കരഞ്ഞു.

ജോസഫിന്റെ മനഃസമാധാനം നഷ്ടപ്പെട്ടു. ബിസിനസിൽ ശ്രദ്ധയില്ലാതായി. മദ്യപാനം കൂടി. തന്റെ മനോവിഷമം ആരെയും അറിയിക്കാതെ തകർന്ന മനസുമായി അയാൾ മുന്നോട്ടുപോയി.

ഒരു ഞായറാഴ്‌ച ജോസഫ്‌ ആട്ടിറച്ചിയും കുറെ പലഹാരങ്ങളും ബ്രാണ്ടിയും വാങ്ങിക്കൊണ്ടുവന്നു. ഇറച്ചി പാകപ്പെടുത്തി വെച്ച്‌ കതകടച്ചിരുന്ന്‌ കണക്കിലധികം കുടിച്ചു. കർത്താവിന്റെ ചിത്രത്തിൽ നോക്കിയിരുന്നു കരഞ്ഞു. എന്തോ തീരുമാനിച്ച്‌ ഉറച്ച പോലെ ജോസഫ്‌ മകളുടെ കാമുകനെ വിളിച്ചുവരുത്തി. മുറിക്കുളളിൽ മകളേയും കാമുകനേയും ഒന്നിച്ചു നിറുത്തി. മേശപ്പുറത്ത്‌ വിവിധതരം പലഹാരങ്ങളും ബ്രാണ്ടിക്കുപ്പികളും ഒരു കൈത്തോക്കും ഇരിപ്പുണ്ടായിരുന്നു. ജോസഫ്‌ കസേരയിൽ ചാരിക്കിടന്ന്‌ കാല്‌ കാലിൻമേൽ കേറ്റിവച്ചു.. പയ്യനോടു ചോദിച്ചു.

‘നീയാണല്ലേ എന്റെ മകളെ പ്രേമിക്കുന്ന കാമുകൻ?’ ജോസഫ്‌ വികൃതമായി ചിരിച്ചു.!!

പയ്യൻ ഭയന്നുവിറച്ച്‌ മിണ്ടാതെ നിന്നു.

‘എന്റെ മകളെ പ്രേമിക്കാൻ തന്റേടമുളള നിനക്ക്‌ ചോദിച്ചതിന്‌ മറുപടി പയാൻ കഴിയില്ലേടാ?’ ജോസഫ്‌ കണ്ണുതുറുപ്പിച്ച്‌ പയ്യന്റെ മുഖത്തുനോക്കി. ‘എന്റെ മകളെ നീ കൊണ്ടുപോയാൽ എങ്ങനെ ജീവിക്കുമെടാ? ഓ – കൂലിപ്പണി ചെയ്യുമല്ലേ? എന്റെ മകൾക്കു ജീവിക്കാൻ നീ കൂലിപ്പണി ചെയ്യുന്ന കാശുവേണോ? ജോസഫ്‌ കസേരയിൽ നിന്നും ചാടി എഴുന്നേൽക്കാൻ നോക്കി. എഴുന്നേൽക്കാൻ കഴിയാതെ കസേരയിൽ തന്നെയിരുന്നു.

’പയ്യനും ജോസഫിന്റെ മകളും വിറക്കാൻ തുടങ്ങി. ജോസഫ്‌ കൈത്തോക്കും എടുത്തുകൊണ്ട്‌ കാലുറക്കാതെ മുറ്റത്തേക്കിറങ്ങി. നടക്കല്ലിൽ കിടന്ന പട്ടിയുടെ പുറത്തു ചവിട്ടി. ജോസഫിന്റെ കാലിൽ പട്ടി കടിച്ചു! സ്‌നേഹിച്ചു വളർത്തിയ പട്ടി കാലിൽ കടിച്ചപ്പോൾ സഹിച്ചില്ല. അകത്തേക്ക്‌ കേറി ഒരു പാത്രത്തിൽ കുറെ പലഹാരങ്ങളും എടുത്ത്‌ ജോസഫ്‌ മുറ്റത്തേക്കിറങ്ങി. പട്ടിയെ മുറ്റത്തേക്ക്‌ വിളിച്ചു വരുത്തി പാത്രത്തിലെ പലഹാരം പട്ടിക്ക്‌ വെച്ചുകൊടുത്തു. പലഹാരം പട്ടി തിന്നു കഴിഞ്ഞപ്പോൾ ജോസഫ്‌ പട്ടിയെ വെടിവെച്ച്‌ വീഴ്‌ത്തി!! ജോസഫ്‌ ഇറയത്തേക്ക്‌ കേറി നിന്ന്‌, ചോരയിൽ കിടന്നു പിടയുന്ന പട്ടിയെ പൈശാചികമായി നോക്കി. അയാൾ വേച്ചുവേച്ച്‌ അകത്തേക്കു കേറി. അലമാരയിൽ നിന്നും കുറെ മെഴുകുതിരി എടുത്തുകൊണ്ടുവന്ന്‌, കത്തിച്ച്‌ മാതാവിന്റെ ചിത്രത്തിൽ നോക്കി നിന്ന്‌ മൗനമായി പ്രാർത്ഥിച്ചു. മകളേയും കാമുകൻ പയ്യനേയും ജോസഫ്‌ അടുത്തു വിളിച്ചു. രണ്ടുപേരും കഴുമരത്തിൽ കേറാൻ പോകുന്ന കുറ്റവാളികളെപ്പോലെ ജോസഫിന്റെ അടുത്തു ചെന്നുനിന്നു.

മുറ്റത്തു രക്തത്തിൽ കിടക്കുന്ന പട്ടിയെ അവർക്ക്‌ കാണാമായിരുന്നു. ജോസഫ്‌ കൈത്തോക്ക്‌ കൈയിലെടുത്തു. പയ്യനും ജോസഫിന്റെ മകളും വിറച്ച്‌ തുളളിക്കുത്തി വിയർത്തു! ഒരു ദീർഘനിശ്വാസം വിട്ടുകൊണ്ട്‌ ജോസഫ്‌ കൈത്തോക്ക്‌ മുറ്റത്തേക്കെറിഞ്ഞു. വിറയ്‌ക്കുന്ന കൈകൊണ്ട്‌ ജോസഫ്‌ മകളുടെ കൈപിടിച്ച്‌ പയ്യന്റെ കയ്യിലേക്ക്‌ വെച്ചുകൊടുത്തു. വഴിപിഴച്ചു ഗർഭിണിയായി ആത്മഹത്യ ചെയ്‌ത സഹോദരിയുടെ കാര്യമോർത്ത ജോസഫിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകി!!!!

Generated from archived content: story1_dec7_06.html Author: tg_ayyappan_karumaloor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here