രാജഗോപാലന് രണ്ടു ശത്രുക്കൾ മാത്രമാണ് ഉളളതെന്ന് അയാൾ പറയാറുണ്ട്. ഒന്നാമത്തെ ശത്രു ഭാര്യ. രണ്ടാമത്തേത് ടി.വി. കഥയെഴുത്തുകാരനായ രാജഗോപാലന് വല്ലപ്പോഴും വീണുകിട്ടുന്ന ആശയം കടലാസിൽ പകർത്താൻ ഇരിക്കുമ്പോഴായിരിക്കും ഭാര്യ വായ തുറക്കുന്നത്. അപ്പോൾ എഴുത്തു നിറുത്തി എവിടെയെങ്കിലും ചുരുണ്ടുകൂടിയിരിക്കണം. ചിലപ്പോൾ ടിവിയായിരിക്കും വായ തുറക്കുന്നത്. അപ്പോഴും ഫലം മേപ്പടി തന്നെ. ചില സമയങ്ങളിൽ ടിവിയും ഭാര്യയും ഒന്നിച്ചു വായതുറക്കും. അപ്പോൾ പിന്നെ എഴുത്തുനിറുത്തി മസാലാ മറിയത്തിന്റെ വീണാട്ടം റസ്‌റ്റോറന്റിൽ അഭയം തേടേണ്ടിവരും. മസാലാ മറിയത്തിന് അരിശം വന്നാൽ വേണ്ടാത്തതൊക്കെ വിളിച്ചു പറയുമെങ്കിലും അവൾ വകതിരിവുളളവളാണ്. അത്രക്കുപോലും വകതിരിവ് തന്റെ ഭാര്യക്ക് ഇല്ലാതെ പോയല്ലോ എന്നോർത്ത് രാജഗോപാലൻ സങ്കടപ്പെട്ട് തലയിൽ കൈവെക്കാറുണ്ട്.
ഈ ഗതികേടിൽ നിന്നും ഒന്നു മാറി നിൽക്കണം. ഒരാഴ്‌ച സഹോദരിയുടെ വീട്ടിൽ ചെന്നു നിൽക്കാൻ രാജഗോപാലൻ തീരുമാനിച്ചു. സഹോദരിയുടെ വീട്ടിൽ കൂടുതൽ ദിവസം ചെന്നുനിൽക്കുന്ന പതിവ് രാജഗോപാലനില്ല. സഹോദരിക്ക് സംശയം തോന്നാതിരിക്കാൻ ‘വെളിച്ചെണ്ണക്കു ദാഹിച്ച വിളക്കുകൾ’ എന്ന സീരിയലിന് തിരക്കഥയെഴുതാന വന്നതാണെന്ന് പറഞ്ഞു വിശ്വസിപ്പിക്കാമെന്ന് രാജഗോപാലൻ കരുതി. ഒരുദിവസം എല്ലാം കെട്ടിപ്പെറുക്കി പുറപ്പെടാൻ നേരത്ത്, താൻ സുനാമി ബാധിച്ച സ്ഥലം സന്ദർശിക്കാൻ പോകയാണെന്നും സുനാമി എന്ന പേരിൽ ഒരു നോവൽ എഴുതണമെന്നും രാജഗോപാലൻ ഭാര്യയോടു പറഞ്ഞു.
‘ഞാൻ നിങ്ങളുടെ ഭാര്യയാണെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വില്ലേജ് ആഫീസിൽനിന്നും വാങ്ങിവെക്കണോ? – രാജഗോപാലന്റെ ഭാര്യ ചോദിച്ചു.
’അതെന്തിനാ?‘ -രാജഗോപാലന്റെ ചോദ്യം.
“അല്ല സുനാമി ബാധിച്ച സ്ഥലം സന്ദർശിക്കാൻ പോണതല്ലേ? സുനാമി ഇനിയും വരാൻ പാടില്ലെന്നില്ലല്ലോ? തിരിച്ചു വന്നില്ലെങ്കിൽ സർക്കാരിൽ നിന്നും വല്ല സഹായവും കിട്ടുകയാണെങ്കിൽ വാങ്ങിക്കാൻ, ആ സമയത്ത് ഞാൻ നിങ്ങളു്ണ ഭാര്യയാണെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റിന് ഓടി നടക്കേണ്ടല്ലോ.”
ഭാര്യയുടെ വിവരണം കേട്ട് രാജഗോപാലന് വല്ലാത്ത ദേഷ്യം വന്നെങ്കിലും ഒരക്ഷരം മിണ്ടിയില്ല.
സഹോദരിയുടെ വീട്ടിൽ ചെല്ലുമ്പോൾ അളിയൻ ഇറയത്തുതന്നെ ഇരിപ്പുണ്ടായിരുന്നു. രാജഗോപാലനെ കണ്ടപ്പോൾ ബഹുമാനം കാണിക്കണമല്ലോ എന്നു കരുതി അളിയൻ ചുവരിൽ തപ്പിപ്പിടിച്ച് എഴുന്നേൽക്കാൻ ശ്രമിച്ചു. എത്ര ശ്രമിച്ചിട്ടും ഒരിഞ്ചുപോലും മേല്‌പോട്ടു പൊങ്ങാൻ കഴിയാതെ അയാൾ ഇറയത്തേക്കുതന്നെ ഊർന്നിറങ്ങി. അളിയൻ ’വെളള‘ത്തിലാണെന്ന് രാജഗോപാലന് മനസ്സിലായി.
’ചേട്ടൻ ഇങ്ങോട്ടുതന്നെ വന്നതാണോ‘-രാജഗോപാലനോട് സഹോദരി.
’അതെ.‘
’രമേശനും പെണ്ണുമെല്ലാം അവിടെയുണ്ടോ?“
”ഇല്ല. അവർ പെണ്ണിന്റെ വീട്ടിലാണ്.“
”അതെന്തു പറ്റി? കുഴപ്പം വല്ലതുമുണ്ടായോ?“
”കുഴപ്പം ഉണ്ടെന്നു കരുതി പെണ്ണിനെ ഡോക്‌ടറെക്കൊണ്ടു പരിശോധിപ്പിച്ചു. ഒന്നും ഇല്ലെന്നാ ഡോക്‌ടർ പറഞ്ഞത്.“
”ആ കുഴപ്പത്തിന്റെ കാര്യമല്ല ചോദിച്ചത്, നിങ്ങൾ തമ്മിൽ വല്ല വഴക്കുമുണ്ടായോ എന്നാ?“
”അതുപിന്നെ ഒരു വീടല്ലേ, അല്ലറ ചില്ലറ വഴക്കൊക്കെ ഉണ്ടാകാതെ വരുമോ?“
അന്ന് അത്താഴത്തിനുശേഷം രാജഗോപാലൻ ഒരു മുറിക്കകത്ത് കയറിയിരുന്ന് കഥയെഴുതാൻ തുടങ്ങി. അപ്പോഴാണ് അളിയന്റെ വരവ്. വന്നുകയറിയ ഉടനേ അളിയൻ തുടങ്ങി ബഹളം!
”ദേ, ചേട്ടൻ അകത്തിരുന്നു ‘വെളിച്ചെണ്ണക്കു ദാഹിച്ച വിളക്കുകൾ’ എഴുതുകയാണ്. ഒന്നു പതുക്കെ പറ.“
”എന്നെപ്പോലുളള പാവങ്ങൾ കളളിനു ദാഹിച്ചു നടക്കുമ്പോഴാണ് നിന്റെ ആങ്ങള വെളിച്ചെണ്ണക്കു ദാഹിച്ച വിളക്കുകൾ എഴുതുന്നത്!“
”വെളിച്ചെണ്ണക്കു ദാഹിച്ച വിളക്കല്ല, മണ്ണെണ്ണയ്‌ക്കു ദാഹിച്ച വിളക്കുകൾ എഴുതിയാലും എനിക്കൊരു ചുക്കുമില്ലടീ, ഫൂ..“
”നാണം കെട്ടവരോട് പറഞ്ഞിട്ടെന്താ കാര്യം?“
”ഒരു കാര്യോം ഇല്ല, എടീ, അതുകൊണ്ട് തന്നെയാ നിന്നോട് കമാന്ന് ഞാൻ മിണ്ടാത്തത്.“
എഴുതാനിരുന്ന രാജഗോപാലന് അളിയന്റെ ചവിട്ടുനാടകം കാരണം ഒരു വരിപോലും എഴുതാൻ കഴിഞ്ഞില്ല. രാജഗോപാലൻ എഴുതാനെടുത്ത കടലാസ് ചുരുട്ടി ബാഗിൽ വെച്ചശേഷം ഉറങ്ങാൻ കിടന്നു. അന്ന് ഒരു പോള കണ്ണടക്കാൻ രാജഗോപാലന് കഴിഞ്ഞില്ല. പിറ്റേദിവസം തിരിച്ചു പോരാമെന്ന് കരുതി കുളിച്ചു യാത്രയായി നിന്നപ്പോഴാണ് രാജഗോപാലൻ ഉടുത്തിരുന്ന മുണ്ട് രാജഗോപാലന്റെ അളിയൻ കണ്ടത്.
”അയ്യോ, ഇതെന്തു മുണ്ടാ അളിയൻ ഉടുത്തിരിക്കുന്നത്?- മുണ്ടിൽ സൂക്ഷിച്ചു നോക്കിക്കൊണ്ട് അളിയൻ ചോദിച്ചു.
“എന്തു മുണ്ടെങ്കിലും ആകട്ടെ നിങ്ങക്കെന്താ?” രാജഗോപാലന്റെ സഹോദരി പറഞ്ഞു.
“നിനക്കതു പറയാം. കമ്യൂണിസ്‌റ്റുകാരനായ അളിയൻ ഖദർമുണ്ടും ഉടുത്തുകൊണ്ടു പോകുന്നത് വല്ലവരും കണ്ടാൽ എനിക്കാ നാണക്കേട്.”
രാജഗോപാലന്റെ അളിയൻ ഓടി അകത്തു കയറി ഒരു പോളിസ്‌റ്റർ ഡബിൾ എടുത്തു കൊണ്ടുവന്ന് കൊടുത്തു.
എങ്ങനെയെങ്കിലും ഈ നശിപ്പിൽ നിന്നും രക്ഷപ്പെടണമെന്നു കരുതി രാജഗോപാലൻ, അളിയൻ കൊടുത്ത പോളിസ്‌റ്റർ മുണ്ടും ഉടുത്തുകൊണ്ട് തിടുക്കത്തിൽ വീടു വിട്ടിറങ്ങി!
ടൗണിൽ വന്ന് ബസിൽ നിന്നും ഇറങ്ങിയപ്പോൾ രാജഗോപാലനെ നോക്കി ആളുകൾ വായുപൊത്തിച്ചിരിക്കാൻ തുടങ്ങി. ‘ചക്രശ്വാസം’ മാസികയിൽ രാജഗോപാലൻ നർമ്മകഥകൾ എഴുതാറുണ്ട്. ചക്രശ്വാസം വായനക്കാർ തന്നെ തിരിച്ചറിഞ്ഞതുകൊണ്ട് ചിരിക്കുന്നതാണെന്നു രാജഗോപാലൻ കരുതി. ഓ! ഇതിനും വേണ്ടും ആളുകൾക്ക് തന്റെ പേര് പരിചയമുണ്ടല്ലോ എന്നോർത്ത് രാജഗോപാലൻ തല ഒന്നുകൂടി നിവർത്തിപ്പിടിച്ച്, കാലൻകുടയും കുത്തി മുന്നോട്ടു നടന്നു!
ടാക്‌സി സ്‌റ്റാന്റിൽ ചെന്നപ്പോൾ അവിടെ ഉണ്ടായിരുന്നവർ താഴേക്കു വിരൽ ചൂണ്ടി പൊട്ടിച്ചിരിക്കാൻ തുടങ്ങി. രാജഗോപാലൻ താഴേക്ക് നോക്കി. അയാൾ ഞെട്ടിപ്പോയി. കാരണം, രാജഗോപാലൻ ഉടുത്തിരുന്ന അളിയന്റെ പോളിസ്‌റ്റർ മുണ്ട് അരയിൽ ഉണ്ടായിരുന്നില്ല.
Generated from archived content: story1_apr11.html Author: tg_ayyappan_karumaloor
Click this button or press Ctrl+G to toggle between Malayalam and English