മദ്യം കഴിക്കാം സുഖിക്കാം നശിക്കാം!
അദ്ധ്വാനത്തിൻ ഫലമാകെത്തുലക്കാം!
വീടും പറമ്പും വിലക്കുകൊടുക്കാം
വീടില്ലാതായാൽ പെരുവഴിതെണ്ടാം
നഗ്നനായ് നിന്ന് നെറികേട് കാട്ടാം
നാണമെന്നുള്ളത് പാടേമറക്കാം
നല്ലതു നാക്കത്ത് തോന്നാതിരിക്കാം
എല്ലാം തെറിയിലൊതുക്കിനിറുത്താം
വീട്ടിലുള്ളോരുടെ സ്വൈരം കെടുത്താം
നാട്ടുകാരോട് വെറുപ്പുവാങ്ങിക്കാം
താതിന്നം തെയ്യന്നം പാടി നടക്കാം
കോലില്ലാ കോലിന്റെ കളിയും കളിക്കാം
ഭാര്യയെത്തല്ലാം തല്ലുന്നതിനുള്ള
കാരണമൊന്നും പറയാതിരിക്കാം
കൊച്ചുങ്ങൾ തല്ലിപ്പിടഞ്ഞു കരഞ്ഞാൽ
അച്ഛനാണെന്നുള്ള കാര്യം മറക്കാം
വീടിനു തീവെച്ചു വെല്ലുവിളിക്കാം
നാടാകെ ഞെട്ടും പ്രകാരം ചിരിക്കാം
തല്ലുകൊള്ളിത്തരം ചുമ്മാപറയാം
തല്ലുകൊണ്ടാലതും കൈനീട്ടിവാങ്ങാം
ഇത്തരം കോപ്രായം കാട്ടുവാൻ വേണ്ടി
മദ്യംകഴിച്ചു മദിക്കുന്ന കൂട്ടർ
വീടിനും നാടിനും ശാപമാണല്ലോ
രണ്ടുകാലുള്ള മൃഗങ്ങളാണല്ലോ!
Generated from archived content: poem7_dec27_07.html Author: tg_ayyappan_karumaloor