എറണാകുളം ‘പ്രസ് ക്ലബിലെ ’നോട്ടം‘ ഫോട്ടോ പ്രദർശനം കണ്ടിറങ്ങി ’മേനക‘യിലേക്ക് ബസ് കയറാൻ പ്രസ്‌ക്ലബ് റോഡിലൂടെ നടക്കുമ്പോൾ, ചെറിയൊരു ചാറ്റൽമഴ പെയ്‌തിറങ്ങി. പോപ്പി കമ്പനിക്കാരുടെ ’മടക്കുകുട‘ ബാഗിലുണ്ടെങ്കിലും പുറത്തെടുക്കാൻ മിനക്കെട്ടില്ല. മോഹനേട്ടന്റെ ’ലെൻഡിംഗ് ലൈബ്രറി‘യുടെ അടുത്തെത്തിയപ്പോൾ അതാ നിൽക്കുന്നു ’എം.എം.മേനോൻ‘. തേടിയവള്ളി കാലിൽ ചുറ്റിയെന്നു പറഞ്ഞപോലെയായി. ’കാശി‘യുടെ ആന്തരീക, ബാഹ്യ, ആധ്യാത്മീക സൗന്ദര്യം ഒപ്പിയെടുത്ത് സ്വാംശീകരിച്ച് വായനക്കാരെ കൂട്ടിക്കൊണ്ട് പോയി ’കാശി‘ കാണിച്ചുകൊടുത്ത കഥാകാരൻ. ’കാശി‘യെന്ന നോവലിന്റെ കർത്താവ്. ’കാശി‘ രണ്ടാംവട്ടവും വായിച്ച ത്രില്ലിൽ നടക്കുമ്പോൾ തികച്ചും യാദൃശ്ചികമായി മോഹനേട്ടൻ പറഞ്ഞു. ’മേനോൻ സാർ മിക്ക വൈകുന്നേരങ്ങളിലും ഇവിടെ എത്താറുണ്ട്‘. ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ തന്റെ എറണാകുളം ജീവിത കാലഘട്ടത്തിൽ ഒരു കൊച്ചനുജനായി കണ്ടിരുന്ന മോഹനേട്ടൻ.
ബഷീറിന്റെ സൗഹൃദസദസിൽപ്പെട്ട രാമു കാര്യാട്ട്, പോഞ്ഞിക്കര റാഫി, പി.കെ.ബാലകൃഷ്ണൻ, എം.കെ.സാനു തുടങ്ങിയവരുമായി അടുത്തിടപഴകുവാൻ ഭാഗ്യം ലഭിച്ച മോഹനേട്ടൻ. ’കൈരളി‘ വാങ്ങാൻ ഓരോ വൈകുന്നേരങ്ങളിലും ചെല്ലുമ്പോൾ കിട്ടുന്ന ഓരോ ചെറിയ ഇടവേളകളിൽ സമകാലിക സാഹിത്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ എം.എം.മേനോന്റെ കൃതികളും വിമർശന വിധേയമാകാറുണ്ട്. ഒരു സൗഹൃദ ചർച്ച. പത്രത്തിന്റെ കാശ് വാങ്ങി ബാക്കി പൈസ തിരികെ തരുമ്പോൾ മോഹനേട്ടൻ പരിചയപ്പെടുത്തി ’മനസിലായോ?‘ എം.എം.മേനോനാണ്. പരിചയപ്പെട്ടപ്പോൾ മനസിലായി. പൊതുവെ സംസാരിക്കാൻ പിശുക്കു കാണിക്കാറുണ്ടെന്ന് അറിയപ്പെടുന്നുണ്ടെങ്കിലും ’കാശി‘യെക്കുറിച്ച് സംസാരിച്ചു തുടങ്ങിയപ്പോൾ കൊച്ചിയുടെ സ്വന്തം കഥാകാരൻ മേനോൻ വാചാലനായി. കാശി വായിച്ച് ഇങ്ങനെ ഓരോരുത്തർ ഒറ്റയായും കൂട്ടായും പരിചയപ്പെടാൻ വരുന്നുണ്ടത്രേ. ’കാലഭൈരവനും‘, ’വീരഭദ്രനും‘ ’പരമശിവന്റെ താകരമന്ത്രവും‘ ഒക്കെ മനസിൽ നിന്നും മായാതെ നിൽക്കുന്നു ഒരു മിത്തായി.
’കാശി‘യിൽ ഇപ്പോഴും ’കലിയുഗം‘ എത്തി നോക്കിയിട്ടില്ലത്രേ. അതോ, ആ പുണ്യ ഭൂമിയിലേക്ക് കടന്നുചെല്ലാനുള്ള ’പുണ്യം‘ കലിയുഗം ആർജ്ജിച്ചിട്ടില്ലായിരിക്കും. ഒരു മഹാപ്രളയത്തിനും, സുനാമിക്കും ’കാശി‘യെ നശിപ്പിക്കാൻ കഴിയില്ലത്രെ. ശിവഭഗവാന്റെ ’ജഡ‘യുടെ അങ്ങേയറ്റത്തല്ലേ ’കാശി‘ പുണ്യഭൂമി നിലകൊള്ളുന്നതുതന്നെ കാശിയുടെ പുണ്യം. എം.എം.മേനോൻ അനുവാചകഹൃദയത്തിലേയ്‌ക്ക് ഇറ്റിച്ചുതന്ന തീർത്ഥം ’കാശി‘. എപ്പോഴും തിരക്കിൽ നിന്നും സാഹിത്യസദസ്സുകളിൽ നിന്നും അകന്നു നിൽക്കാൻ ശ്രദ്ധ കാണിക്കുന്ന മേനോൻ. ’പെൻഷൻ പേപ്പർ‘ ശരിയാക്കാനുള്ള ഓരോ യാത്രകളിലും വായനക്കാർക്കും കൂടെ ’കാശി‘യിലേയ്‌ക്ക് ചെല്ലാതിരിക്കാൻ കഴിഞ്ഞില്ല. എന്നോ എപ്പോഴോ, എന്തിനോ നാടുവിട്ടു പോയ ’കാരണവരെ‘ കണ്ടെത്തുന്ന ചുമതല മേനോൻ ഒരു പരിധി കഴിഞ്ഞപ്പോൾ വായനക്കാരിലേക്ക് എടുത്തുവച്ചു തന്നു. വായനക്കാരന് സുഖകരമായ ഒരനുഭവം. എന്നാലും കാശൊന്നും ചെലവാകാതെ കാശിയിൽ പോകാൻ കഴിഞ്ഞില്ലേ? എന്നെങ്കിലും ഒരിക്കൽ ’കാശി‘യിൽ ഒന്നുപോയേ തീരൂ എന്ന് വായനക്കാരിൽ അപൂർവം പേരെങ്കിലും മനസിൽ കുറിച്ചിടുമ്പോൾ മേനോൻ കൃതാർത്ഥനാകുന്നു.!
എന്നോ നാടുവിട്ടുപോയ, കറങ്ങിത്തിരിഞ്ഞ് കാശിയിൽ എത്തിയ കുടുംബ കാരണവരെപ്പറ്റിയുള്ള കഥകൾ, വെളിപാടുകൾ. ’കാലഭൈരവന്‘ നിവേദ്യം വച്ചപ്പോൾ ഒരു സ്വപ്നംപോലെ ആ നടുക്കുന്ന സംഭവങ്ങളോരോന്നും തിരശീലയിൽ എന്നപോലെ മിന്നിത്തെളിഞ്ഞുവന്നപ്പോൾ കഥാനായകന് ശാന്തി ലഭിച്ചു. വായനക്കാരന്, അവൻ വരികൾക്കിടയിലൂടെ അന്വേഷിച്ചലഞ്ഞ സസ്‌പെൻസിന് ഒരറുതിയും. ’ഭഗീരഥൻ‘ ഭൂമിയിലേക്കെത്തിച്ച ’ഗംഗ‘യുടെ പ്രവാഹം പോലെ അഭംഗുരമായാണത്രേ ’കാശി‘ എന്ന നോവൽ എഴുതി പൂർത്തിയാക്കിയത്. അതൊരു തപസായിരുന്നത്രേ. ആ കാലത്തെ മനസിലേയ്‌ക്ക് ആവാഹിക്കുംപോലെ മേനോൻ സാറ് മൗനം പൂണ്ടു. ഷൺമുഖം റോഡിൽ നിന്നും കയറിവന്ന ’ടയോട്ട കാർ‘ ഹോൺമുഴക്കാതെ കടന്നുപോയി. മേഹനേട്ടന്റെ ലെൻഡിംഗ് ലൈബ്രറിയിൽ നിന്നും പുസ്‌തകവുമായി ഇറങ്ങിയ ടീനേജ് സുന്ദരി കോൺവെന്റ് ’ജംഗ്‌ഷൻ‘ ലാക്കാക്കി നടന്നു. മേനോൻസാറിന്റെ കൈത്തണ്ടയിൽ പറ്റിച്ചേർന്ന് കിടന്ന ’കാസിയോ‘ വാച്ച് പീ…പീ….ശബ്ദം പുറപ്പെടുവിച്ചു. അഞ്ചുമണി. കൊച്ചിൻ കോർപ്പറേഷന്റെ ’സൈറൺ‘ ഒരു ശംഖുനാദം പോലെ ആരോഹണാവരോഹണക്രമത്തിൽ മുഴങ്ങി.
മേനോൻ സാറിനോട് യാത്രചോദിച്ച് ’കൈരളി‘ മടക്കി ബാഗിൽവച്ച് ’സിലോൺ ബേക്ക് ഹൗസി‘ലെ ’ബിരിയാണി‘യുടെ മണം ശ്വസിച്ചുകൊണ്ട് മേനക ബസ്‌സ്‌റ്റോപ്പിലേക്ക് നടക്കുമ്പോൾ, മനസിൽ തീരുമാനിച്ചു. ഇനി ഒരുവട്ടം കൂടി ’കാശി‘യെന്ന നോവൽ വായിക്കണം.
Generated from archived content: story4_feb17_07.html Author: suresh_kanapilly