എരിവും പുളിയും

അവധി തീരാൻ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ഊണുകഴിഞ്ഞ്‌ ഭാര്യയുമായി സൊറ പറയുമ്പോൾ ടൈഗറുടെ മുരൾച്ച കേട്ടു, മുരൾച്ച ശ്രദ്ധിച്ചു, വളരെ അമർഷം വരുമ്പോഴേ അവൻ മുരളാറുളളൂ. പിരിവുകാരായിരിക്കും.

രസചരട്‌ മുറിഞ്ഞതിലുളള പരിഭവം ശ്രദ്ധിക്കാതെ അമർഷത്തോടെയാണെങ്കിലും ചുണ്ടത്തൊരു ചിരിയുമായി വാതിൽ തുറന്നു.

ഒൻപതു പേരിൽ ഏഴുപേരും പരിചയക്കാർ തന്നെ. വായനശാലക്കമറ്റി അംഗങ്ങൾ. അത്രയും സന്ദർശകരെ ഒരുമിച്ച്‌ പ്രതീക്ഷിച്ചില്ലാതിരുന്നതിനാൽ ഉപചരിച്ചിരുത്താൻ കഴിഞ്ഞില്ല. പിരിവിനായിരിക്കുമെന്ന്‌ ശങ്കിച്ചുകൊണ്ട്‌ ശമ്പളം കൂട്ടിക്കിട്ടാത്തതിനെക്കുറിച്ചും, പച്ചക്കറി ചന്തയിലെ പടവലങ്ങയുടെ വില കൂടിയതിനെക്കുറിച്ചും, പോക്കറ്റിൽ നിന്നും രൂപ പോക്കറ്റടിച്ചുപോയതുമൂലം തലേദിവസം ടൗണിൽ നിന്നും നടക്കേണ്ടി വന്നതിനെക്കുറിച്ചും തമാശരൂപത്തിൽ അവതരിപ്പിച്ചു.

ബുദ്ധിയുളളവരാണെങ്കിൽ ഇനി റസീറ്റ്‌ കുടിയെടുക്കില്ല. സംഭാഷണം അമ്മായിയച്ഛന്റെ അസുഖത്തെക്കുറിച്ചും, ഭാര്യയുടെ അനിയത്തിയുടെ നാത്തൂന്റെ അഡ്‌മിഷനെക്കുറിച്ചും ആയപ്പോൾ സംശയിച്ചു. ഇതെന്താ ഇങ്ങനെ അപ്പൊ പിരിവായിരിക്കില്ല ലക്ഷ്യം. കാര്യം നിസാരം.

അവർക്ക്‌ ഒരു പ്രശസ്‌ത സാഹിത്യകാരന്റെ ഒരു കഥ വേണം. പ്രതിഫലം കൊടുക്കാതെ. പണ്ടെന്നോ വായനശാലാ വാർഷികപ്പതിപ്പിൽ ഓർമ്മക്കുറിപ്പ്‌ എഴുതിയ കൂട്ടത്തിൽ കുറച്ച്‌ എരിവും പുളിയും കൂട്ടാൻ മേൽപ്പറഞ്ഞ സാഹിത്യകാരനോട്‌ വളരെ അടുപ്പമുളളപോലെയൊക്കെ എഴുതി പിടിപ്പിച്ചു.

ഇനി ഇപ്പൊ എന്താ ചെയ്‌ക. അന്ന്‌ എഴുതിയത്‌ കളളമാണെന്ന്‌ പറഞ്ഞാൽ ആരും വിശ്വസിക്കില്ല.

ഒരാഴ്‌ച കഴിഞ്ഞ്‌ എത്തിച്ചു തരാമെന്ന്‌ പറഞ്ഞ്‌ തടിത്തപ്പി. ഞാനൊരു കത്തയച്ചാൽ കഥ പോയിട്ട്‌ ഒരു മറുപടിപോലും അയക്കില്ലെന്ന കാര്യം ഉറപ്പാണ്‌. തലയിണ മന്ത്രത്തിലൂടെ ഭാര്യയോട്‌ പറഞ്ഞപ്പോൾ കാര്യം അവളേറ്റു. ആഴ്‌ച ഒന്ന്‌ കഴിയുന്നതിന്‌ മുമ്പൊരു കഥ കിട്ടി. കൂടെ ഒരു കുറിപ്പും ഇനിയും കത്തിടപാടുകൾ നടത്താൻ സന്തോഷമാണത്രേ. ഇന്ന്‌ വെളുപ്പിന്‌ ഞാനൊരു സ്വപ്‌നം കണ്ടു. സാഹിത്യകാരൻ എന്റെ വീട്ടിൽ സന്ദർശിക്കാൻ വരുന്നെന്ന്‌. സാഹിത്യകാരന്റെ സൃഷ്‌ടികളോട്‌ ഭാര്യക്ക്‌ താൽപര്യം വർധിക്കുന്നു. കൂടുതൽ കാണാൻ ശ്രമിക്കാതെ ഞാനെന്റെ തുടയിൽ അമർത്തി നുളളി.

Generated from archived content: story3_nov24_05.html Author: suresh_kanapilly

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here